ലോക്സഭ തിരഞ്ഞെടുപ്പില്‍ LDF-ഉം UDF-ഉം തമ്മില്‍ ശക്തമായ മത്സരം നടന്ന വടകര മണ്ഡലത്തില്‍ UDF സ്ഥാനാര്‍ത്ഥി ഷാഫി പറമ്പില്‍ ചെറിയ ഭൂരിപക്ഷത്തിനാണ് ജയിച്ചത്. ഇതിന് പിന്നാലെ പരാജയത്തിന് കാരണം ഹിന്ദു വോട്ടുകള്‍ കുറഞ്ഞതാണെന്നും തലശ്ശേരിയിലെ പ്രമുഖ മുസ്ലിം തറവാടിന്റെ പിന്തുണ ഹിന്ദു വോട്ടുകള്‍ അകലാന്‍ കാരണമായെന്നും LDF സ്ഥാനാര്‍ത്ഥി കെ കെ ശൈലജ പ്രതികരിച്ചതായാണ് പ്രചാരണം. കെ കെ ശൈലജയുടെ ചിത്രസഹിതം എഷ്യാനെറ്റ് ന്യൂസ് നല്‍കിയ വാര്‍ത്താ കാര്‍ഡിന്റെ രൂപത്തിലാണ് പ്രചാരണം. (Archive)
നിരവധി പേരാണ് ഈ വാര്‍ത്താകാര്‍ഡ് സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിരിക്കുന്നത്. (Archive 1, Archive 2,Archive 3)
Fact-check:
പ്രചാരണം അടിസ്ഥാനരഹിതമാണെന്നും കെ കെ ശൈലജ ഇത്തരമൊരു പ്രസ്താവന നടത്തിയിട്ടില്ലെന്നും ന്യൂസ്മീറ്റര്‍ അന്വേഷണത്തില്‍ വ്യക്തമായി.
പ്രചരിക്കുന്ന കാര്‍ഡില്‍ തിയതി നല്‍കിയിട്ടില്ലെന്നത് ഇത് എഡിറ്റ് ചെയ്തതാകാമെന്ന ആദ്യസൂചനയായി. കൂടാതെ പ്രധാന ഉള്ളടക്കത്തിന് നല്‍കിയിരിക്കുന്ന ഫോണ്ട് ഏഷ്യാനെറ്റ് ന്യൂസിന്റെ പൊതുവില്‍ ഉപയോഗിക്കുന്ന ഫോണ്ട് അല്ലെന്നും കാണാം.
തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഇതിന് സമാനമായ കാര്‍ഡ് ഏഷ്യാനെറ്റ് ന്യൂസിന്റെ സമൂഹമാധ്യമ പ്ലാറ്റ്ഫോമുകളില്‍ വോട്ടെണ്ണലിന് തലേദിവസം, അതായത് 2024 ജൂണ്‍ 3-ന് പങ്കുവെച്ചതായി കണ്ടെത്തി. കാര്‍ഡില്‍ ജൂണ്‍ 3 എന്ന തിയതിയും കാണാം. (Archive)
വടകര തന്നെ കൈവിടില്ലെന്നും തോല്‍ക്കണമെങ്കില്‍ അട്ടിമറി സംഭവിക്കണമെന്നും വോട്ടെണ്ണലിന്റെ തലേദിവസം കെ കെ ശൈലജ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചതിന്റെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ വാര്‍ത്താകാര്‍ഡാണിത്. ഈ കാര്‍ഡുമായി ബന്ധപ്പെട്ട വിശദമായ റിപ്പോര്‍ട്ട് ഏഷ്യാനെറ്റ് ന്യൂസിന്റെ വെബ്സൈറ്റിലും നല്‍കിയിട്ടുണ്ട്. കാര്‍ഡിലെ പ്രധാന വാചകങ്ങള്‍ മായ്ച്ച് പകരം എഴുതിച്ചേര്‍ത്ത് എഡിറ്റ് ചെയ്താണ് പ്രചാരണമെന്ന് ഇതോടെ വ്യക്തമായി.
തുടര്‍ന്ന് തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് ശേഷം കെ കെ ശൈലജ പരാജയവുമായി ബന്ധപ്പെട്ട് എന്തെങ്കിലും പ്രതികരണം നടത്തിയിട്ടുണ്ടോ എന്നും പരിശോധിച്ചു. 2024 ജൂണ്‍ 6ന് ഫെയ്സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പ് ലഭിച്ചു. ഇതില്‍ അവര്‍ വടകരയിലെ വോട്ടര്‍മാര്‍ക്ക് നന്ദി അറിയിക്കുകയും തുടര്‍ന്നും രാഷ്ട്രീയ-സാമൂഹ്യ പ്രവര്‍ത്തനങ്ങളില്‍ സജീവമാകുമമെന്ന് പറയുകയും ചെയ്യുന്നു. (Archive)
ഈ പ്രതികരണവുമായി ബന്ധപ്പെട്ട മാധ്യമറിപ്പോര്‍ട്ടുകളും ലഭിച്ചു. ഇതോടെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വടകര മണ്ഡലത്തില്‍ വോട്ടുകളുടെ ധ്രുവീകരണമുണ്ടായെന്ന തരത്തില്‍ ഒരു പ്രതികരണവും കെ കെ ശൈലജ നടത്തിയിട്ടില്ലെന്ന് വ്യക്തമായി.
Conclusion.
വടകരയില്‍ LDF ന് ഹിന്ദു വോട്ടുകള്‍ കുറഞ്ഞുവെന്നും ഇതിന് കാരണം തലശേരിയിലെ പ്രമുഖ മുസ്ലിം തറവാടിന്റെ പിന്തുണയാണെന്നും കെ കെ ശൈലജ പറഞ്ഞതായി പ്രചരിക്കുന്ന വാര്‍ത്താ കാര്‍ഡ് വ്യാജമാണ്. കെ കെ ശൈലജ ഇത്തരമൊരു പ്രസ്താവന നടത്തിയിട്ടില്ലെന്നും കാര്‍ഡ് എഡിറ്റ് ചെയ്തതാണെന്നും അന്വേഷണത്തില്‍ സ്ഥിരീകരിച്ചു.