കൊച്ചി ജലമെട്രോ ബോട്ടുകള്‍ കേന്ദ്രത്തിന്റേതോ? അയോധ്യയിലേക്കുള്ള ബോട്ടുകള്‍ക്ക് പിന്നിലെ വാസ്തവമറിയാം
കൊച്ചി ജലമെട്രോ കേന്ദ്രം മുന്‍കൈയ്യെടുത്ത് പൂര്‍ത്തിയാക്കിയ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ സംയുക്ത പദ്ധതിയാണെന്നും കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ 50 ശതമാനം വീതം തുക പദ്ധതിക്കായി ചെലവഴിച്ചുമെന്നുമാണ് അവകാശവാദം. കൊച്ചിന്‍ ഷിപ്-യാര്‍ഡ് നിര്‍മിച്ച രണ്ട് ജലമെട്രോ ബോട്ടുകള്‍ അയോധ്യയിലേക്ക് കൊണ്ടുപോകുന്നതിന്റെ പശ്ചാത്തലത്തിലാണ് പ്രചരണം.
By - HABEEB RAHMAN YP | Published on 10 Jan 2024 12:36 PM GMTഅയോധ്യ രാമക്ഷേത്രത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് അയോധ്യയില്‍ ജലമെട്രോസര്‍വീസ് ആരംഭിക്കുന്നുവെന്നും ഇതിനായി കൊച്ചിന്‍ ഷിപ്-യാര്‍ഡ് നിര്‍മിച്ച രണ്ട് ജലമെട്രോ ബോട്ടുകള്‍ അയോധ്യയിലേക്ക് കൊണ്ടുപോകുന്നുവെന്നും വാര്‍ത്തകളുണ്ടായിരുന്നു. ഈ പശ്ചാത്തലത്തിലാണ് കൊച്ചി ജലമെട്രോ വീണ്ടും ചര്‍ച്ചകളില്‍ നിറയുന്നത്. 2023 ഏപ്രില്‍ 25ന് പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് കൊച്ചി ജലമെട്രോ നാടിന് സമര്‍പ്പിച്ചത്. ഇതിന് പിന്നാലെതന്നെ പദ്ധതി കേന്ദ്രസര്‍ക്കാറിന്റേതാണെന്നും സംസ്ഥാന സര്‍ക്കാറിന്റേതാണെന്നും വാദങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. അയോധ്യയിലേക്ക് കൊച്ചിന്‍ ഷിപ്-യാര്‍ഡ് ബോട്ടുകള്‍ നിര്‍മിച്ച് നല്‍കിയതോടെ ഈ പ്രചരണങ്ങള്‍ വീണ്ടും സജീവമാവുകയാണ്.
4th Estate എന്ന ഫെയ്സ്ബുക്ക് പേജില്‍നിന്ന് 2023 ജനുവരി ഏഴിന് പങ്കുവെച്ച പോസ്റ്റില്‍ കൊച്ചി മെട്രോയുടെ ബോട്ടുകള്‍ അയോധ്യയിലേക്ക് കൊണ്ടുപോയതുമായി ബന്ധപ്പെട്ട യാഥാര്‍ഥ്യം വിശദീകരിക്കുകയാണെന്ന അവകാശവാദത്തോടെ ഒരു വീഡിയോ ലിങ്കാണ് പങ്കുവെച്ചിരിക്കുന്നത്. കേന്ദ്രം പണംമുടക്കി നിര്‍മിക്കുന്ന ബോട്ട് അയോധ്യയിലേക്ക് കൊണ്ടുപോകുന്നതില്‍ എന്താണ് തെറ്റെന്നും ദേശാഭിമാനി വാര്‍ത്തയുടെ പശ്ചാത്തലത്തില്‍ ചോദിക്കുന്നുണ്ട്.
പോസ്റ്റിനൊപ്പം നല്കിയിരിക്കുന്ന യൂട്യൂബ് ലിങ്കില്‍, കൊച്ചി വാട്ടര്‍ മെട്രോ പദ്ധതി കേന്ദ്രസര്‍ക്കാര്‍ മുന്‍കൈയ്യെടുത്ത് നടപ്പാക്കിയതാണെന്നും കേന്ദ്രവും സംസ്ഥാനവും 50 ശതമാനം വീതമാണ് മുതല്‍മുടക്കിയതെന്നും അവകാശപ്പെടുന്നു.
Fact-check:
കൊച്ചി വാട്ടര്‍മെട്രോ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ സംയുക്ത പദ്ധതിയാണെന്ന വാദമാണ് ആദ്യം പരിശോധിച്ചത്. ഈ വാദം അടിസ്ഥാനരഹിതമാണെന്നും പദ്ധതി കേരളസര്‍ക്കാര്‍ നേരിട്ടും ജര്‍മന്‍ ബാങ്കില്‍നിന്ന് വായ്പ സ്വീകരിച്ചുമാണ് പൂര്‍ത്തീകരിച്ചതമെന്നും വ്യക്തമായി. കേരളസര്‍ക്കാറിന്റെയും കേന്ദ്രസര്‍ക്കാറിന്റെയും ഉള്‍പ്പെടെ വിവിധ വെബ്സൈറ്റുകളില്‍നിന്ന് ഇത് സ്ഥിരീകരിക്കാനായി.
പ്രസ്‍ ഇന്‍ഫര്‍മേഷന്‍ ബ്യൂറോ 2020 സെപ്തംബറില്‍ നല്‍കിയ കേന്ദ്രനഗരവികസന മന്ത്രാലയത്തിന്റെ പത്രക്കുറിപ്പില്‍ കൊച്ചി ജലമെട്രോയുടെ പദ്ധതിച്ചെലവിനാവശ്യമായ 747 കോടി രൂപ ജര്‍മന്‍ ബാങ്കായ KFW ആണ് നല്‍കുന്നതെന്ന് വ്യക്തമാക്കുന്നു.
കേന്ദ്രസാമ്പത്തിക മന്ത്രാലയം മികച്ച പദ്ധതികളുടെ പട്ടികയില്‍ കൊച്ചി ജലമെട്രോയെ ഉള്‍പ്പെടുത്തിയതായും കണ്ടെത്തി. പദ്ധതിനിര്‍വഹണത്തെക്കുറിച്ച് നല്‍കിയ വിവരങ്ങളില്‍ ബോട്ടുകളുടെയും ടെര്‍മിനലുകളുടെയും നിര്‍മാണത്തിനാവശ്യമായ തുക ജര്‍മന്‍ ബാങ്കായ KFWയും ഭൂമി ഏറ്റെടുക്കലും നികുതിയും ഉള്‍പ്പെടെ മറ്റ് ചെലവുകള്‍ കേരള സര്‍ക്കാറുമാണ് വഹിക്കുന്നതെന്ന് വ്യക്തമാക്കുന്നു.
ജര്‍മന്‍ ബാങ്കായ KfW ന്റെ വെബ്സൈറ്റിലും കേരളത്തിന് വായ്പ അനുവദിച്ചതുമായി ബന്ധപ്പെട്ട പത്രക്കുറിപ്പ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇന്‍റര്‍സ്റ്റേറ്റ് കൗണ്‍സില്‍ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച പദ്ധതിയുടെ വിശദമായ സാമ്പത്തിക രൂപരേഖയില്‍ 85 മില്യണ്‍ യൂറോ ജര്‍മന്‍ ബാങ്കില്‍നിന്ന് വായ്പയായും 102.4 കോടി രൂപ കേരളസര്‍ക്കാറിന്റെ വിഹിതമായും 65 കോടി രൂപ പൊതു-സ്വകാര്യ പങ്കാളിത്തത്തോടെയുമാണ് ലഭ്യമാക്കുന്നതെന്ന് വ്യക്തമാക്കുന്നു.
കേരളീയവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ എടുത്തുപറഞ്ഞ നേട്ടങ്ങളിലൊന്നായിരുന്നു കൊച്ചി മെട്രോയും ജലമെട്രോയും. കേരളീയം വെബ്സൈറ്റിലും പദ്ധതിയ്ക്കായി വിനിയോഗിച്ച തുകയുടെ കണക്ക് കൃത്യമായി വ്യക്തമാക്കുന്നുണ്ട്.
ഇതോടെ പദ്ധതിയില്‍ കേന്ദ്രവിഹിതമുണ്ടെന്ന വാദം അടിസ്ഥാനരഹിതമാണെന്ന് വ്യക്തമായി. പൂര്‍ണമായും കേരളസര്‍ക്കാര്‍ പദ്ധതിയായ കൊച്ചി ജലമെട്രോ ജര്‍മന്‍ ബാങ്കിന്റെ സാമ്പത്തിക വായ്പയോടുകൂടിയാണ് പൂര്‍ത്തിയാക്കിയതെന്ന് സ്ഥിരീകരിച്ചു.
തുടര്‍ന്ന് നിലവില്‍ അയോധ്യയിലേക്ക് ജലമെട്രോ ബോട്ടുകള്‍ കൊണ്ടുപോകുന്നതുമായി ബന്ധപ്പെട്ട പരാമര്‍ശവും പരിശോധിച്ചു. കൊച്ചി ഷിപ്-യാര്‍ഡ് നിര്‍മിക്കുന്ന ബോട്ടുകള്‍ ഇന്‍ലാന്‍ഡ് വാട്ടര്‍വെയ്സ് അതോറിറ്റി ഓഫ് ഇന്ത്യ (IWAI) യാണ് അയോധ്യയില്‍ സര്‍വീസിനെത്തിക്കുന്നതെന്ന് വ്യക്തമായി. കൊച്ചി വാട്ടര്‍മെട്രോ ലിമിറ്റഡുമായോ (KWML) കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡുമായോ (KMRL) ഇതിന് ബന്ധമില്ല. കൊച്ചിന്‍ ഷിപ്-യാര്‍ഡ് ലിമിറ്റഡ് എന്ന പൊതുമേഖലാ സ്ഥാപനത്തിന് IWAI നല്കിയ കരാര്‍പ്രകാരമാണ് അയോധ്യയിലേക്കുള്ള ബോട്ടുകള്‍ നിര്‍മിക്കുന്നത്. പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ 2022 നവംബര്‍ 11 ലെ പത്രക്കുറിപ്പ് ഇത് വ്യക്തമാക്കുന്നു.
ഇതുമായി ബന്ധപ്പെട്ട് IWAI യ്ക്ക് കൊച്ചിന്‍ ഷിപ്-യാര്‍ഡ് നല്‍കിയ ടെന്‍ഡറിലും ഇക്കാര്യം വിശദീകരിക്കുന്നുണ്ട്.
അതേസമയം കൊച്ചി ജലമെട്രോയ്ക്കായി കൊച്ചിന്‍ ഷിപ്-യാര്‍ഡ് നിര്‍മിച്ച് നല്‍കേണ്ട 23 ബോട്ടുകളില്‍ 11 ബോട്ടുകള്‍ മാത്രമാണ് ഇതിനകം കൈമാറിയത്. ഇതിനിടെ കൊച്ചിയില്‍നിന്ന് അയോധ്യയിലേക്ക് ബോട്ടുകള്‍ നിര്‍മിച്ച് നല്‍കിയതാണ് വിവാദത്തിനിടയായത്. രണ്ടും വ്യത്യസ്ത പ്രൊജക്ടുകളാണെന്ന് വ്യക്തമാണ്. മാതൃഭൂമി ജനുവരി ഏഴിന് നല്‍കിയ റിപ്പോര്‍ട്ടില്‍ ഇക്കാര്യം വ്യക്തമാണ്.
രണ്ടും വ്യത്യസ്ത കരാറുകളാണെന്ന് കൊച്ചിന്‍ ഷിപ്-യാര്‍ഡ് അധികൃതര്‍ വ്യക്തമാക്കിയതായി ദി ഹിന്ദു റിപ്പോര്‍ട്ടിലും പറയുന്നു.
ഇതോടെ പ്രചരിക്കുന്ന സന്ദേശം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് വ്യക്തമായി.
Conclusion:
കൊച്ചിജലമെട്രോ പൂര്‍ണമായും സംസ്ഥാന സര്‍ക്കാര്‍ പദ്ധതിയാണെന്നും കേന്ദ്രസര്‍ക്കാര്‍ ഇതില്‍ പണം മുടക്കിയിട്ടില്ലെന്നും ന്യൂസ്മീറ്റര്‍ അന്വേഷണത്തില്‍ വ്യക്തമായി. ജര്‍മന്‍ ബാങ്കില്‍നിന്ന് വായ്പയെടുത്തും ബാക്കി തുക സംസ്ഥാന വിഹിതം ചേര്‍ത്തുമാണ് കേരളം പദ്ധതി പൂര്‍ത്തിയാക്കിയത്. അതേസമയം അയോധ്യയിലേക്ക് കൊച്ചിന്‍ഷിപ്-യാര്‍ഡ് നിര്‍മിച്ച് നല്‍കിയ മെട്രോ ബോട്ടുകള്‍ക്ക് കൊച്ചി ജലമെട്രോയുമായി ബന്ധമില്ലെന്നും അത് IWAI മുഖേന മറ്റൊരു കരാര്‍ പ്രകാരം നിര്‍മിച്ചതാണെന്നും ന്യൂസ്മീറ്റര്‍ അന്വേഷണത്തില്‍ സ്ഥിരീകരിച്ചു.