അയോധ്യ രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠ നിശ്ചയിച്ചിരിക്കുന്ന 2023 ജനുവരി 22 തിങ്കളാഴ്ച കേരളത്തില്‍ വൈദ്യുതി മുടക്കമെന്ന് സമൂഹമാധ്യമങ്ങളില്‍ പ്രചാരണം. ഇടുക്കിയിലെ പവര്‍ഹൗസില്‍ അറ്റകുറ്റപ്പണികളുണ്ടെന്നും അന്നേദിവസം വൈദ്യുതിവിതരണം ഉണ്ടാവില്ലെന്നുമാണ് പ്രചാരണം. അയോധ്യയിലെ പ്രാണപ്രതിഷ്ഠ തത്സമയം ടെലിവിഷനില്‍ കുട്ടികളെ കാണിക്കരുതെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി കെ ബിജു എറണാകുളത്ത് പറഞ്ഞതായി ജന്മഭൂമി നല്‍കിയ വാര്‍ത്തയുടെ ചിത്രത്തിനൊപ്പമാണ് പ്രചാരണം.
സന്ദേശത്തിന്റെ സ്ക്രീന്‍ ഷോട്ട് വാട്സാപ്പിലും വ്യാപകമായി പ്രചരിക്കുന്നതായി കണ്ടെത്തി. ഇതേ ഉള്ളടക്കം എക്സില്‍ ഇംഗ്ലീഷിലും നിരവധി പേര്‍ പങ്കുവെയ്ക്കുന്നുണ്ട്.
Fact-check:
ഇടുക്കി വൈദ്യുതനിലയത്തില്‍ അറ്റകുറ്റപ്പണിയുണ്ടെന്ന് KSEB അറിയിച്ചോ എന്നാണ് ആദ്യം പരിശോധിച്ചത്. ഇത്തരത്തില്‍ യാതൊരു അറിയിപ്പും ഔദ്യോഗിക സമൂഹമാധ്യമങ്ങളിലോ പത്രക്കുറിപ്പുകളിലോ കണ്ടെത്താനായില്ല. മാത്രവുമല്ല, ഇടുക്കിയില്‍ അറ്റകുറ്റപ്പണി ഉണ്ടെങ്കില്‍പോലും അത് സംസ്ഥാന വ്യാപകമായി വൈദ്യുതി നിലയ്ക്കാന്‍ കാരണമാവില്ലെന്നതും പ്രചാരണം വ്യാജമാകാമെന്നതിന്റെ സൂചനയായി.
തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ പ്രചാരണം വ്യാജമാണെന്ന് വൈദ്യുതിമന്ത്രി കെ കൃഷ്ണന്‍കുട്ടി ഫെയ്സ്ബുക്ക് കുറിപ്പില്‍ അറിയിച്ചതായി കണ്ടെത്തി.
തുടര്‍ന്ന് KSEB അധികൃതരുമായി ബന്ധപ്പെട്ടു. സന്ദേശത്തില്‍ പറയുന്നപോലെ സംസ്ഥാനവ്യാപകമായി വൈദ്യുതിവിതരണത്തെ ബാധിക്കുന്ന തരത്തിലുള്ള അറ്റകുറ്റപ്പണിളൊന്നും കേരളത്തിലെവിടെയും അന്നേദിവസത്തേക്ക് നിശ്ചയിച്ചിട്ടില്ലെന്ന് KSEB യും വ്യക്തമാക്കി.
ഇതോടെ വൈദ്യുതി മുടങ്ങുമെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് വ്യക്തമായി.
തുടര്‍ന്ന് പി കെ ബിജുവിന്റെ പ്രസ്താവനയുമായി ബന്ധപ്പെട്ട് അന്വേഷിച്ചു. ജന്മഭൂമി പത്രത്തിന്റെയും ജനം ടിവിയുടെയും വെബ്സൈറ്റുകളില്‍ മാത്രമാണ് റിപ്പോര്‍ട്ട് കാണാനായത്. റിപ്പോര്‍ട്ടിനൊപ്പം ദൃശ്യങ്ങളോ ചിത്രങ്ങളോ ഇല്ലെന്നതിനാലും മറ്റൊരു മാധ്യമവും ഇത്തരമൊരു വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാത്തതിനാലും ഈ റിപ്പോര്‍ട്ട് ആധികാരികമായി കണക്കിലെടുക്കാനായില്ല. എറണാകുളത്ത് ജനുവരി 6. 7 തിയതികളില്‍ നടന്ന KSTA ജില്ലാ സമ്മേളന വേദിയിലാണ് അദ്ദേഹത്തിന്റെ പരാമര്‍ശമെന്നാണ് വാര്‍ത്തയില്‍ നല്‍കിയിരിക്കുന്നത്. ഇക്കാര്യത്തില്‍ സ്ഥിരീകരണത്തിനായി KSTA ഭാരവാഹികളെ ബന്ധപ്പെട്ടു. പരിപാടിയില്‍ പങ്കെടുത്ത അവരില്‍ ചിലര്‍ വ്യക്തമാക്കിയത് ഇപ്രകാരമാണ്:
“പൊതുവായ രാഷ്ട്രീയകാര്യങ്ങളാണ് അദ്ദേഹം പ്രസംഗത്തില്‍ പരാമര്‍ശിച്ചത്. ചരിത്രപ്രാധാന്യത്തെക്കുറിച്ചും കുട്ടികളില്‍ ചരിത്രബോധമുണ്ടാക്കേണ്ടതിനെക്കുറിച്ചും അദ്ദേഹം പരാമര്‍ശിച്ചിരുന്നു. അതിനെ രാഷ്ട്രീയനേട്ടങ്ങള്‍ക്കായി വളച്ചൊടിച്ചാണ് ചില മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയത്. പ്രസംഗത്തിന്റെ ദൃശ്യങ്ങള്‍ നല്‍കാത്തത് ഇതുകൊണ്ടാവാം."
ഇതോടെ പി കെ ബിജുവിന്റെ പ്രസ്താവനയ്ക്കു പിന്നാലെ ആസൂത്രിതമായി കേരളത്തില്‍ അന്നേദിവസം വൈദ്യുതിമുടക്കമെന്ന തരത്തിലുള്ള അവകാശവാദങ്ങള്‍ക്ക് അടിസ്ഥാനമില്ലെന്ന് വ്യക്തമായി.