ഹജ്ജ് യാത്രികര്‍ക്ക് KSRTC നിരക്കില്‍ ഇളവ് നല്‍കിയോ? വസ്തുതയറിയാം

മലപ്പുറത്തെ ഹജ്ജ് ക്യാമ്പ് വഴി സര്‍വീസ് നടത്തുന്ന KSRTC ബസ്സില്‍ 30 ശതമാനം നിരക്ക് ഇളവുണ്ടെന്ന അവകാശവാദത്തോടെയാണ് ചിത്രം സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.

By -  HABEEB RAHMAN YP |  Published on  24 May 2023 10:07 PM IST
ഹജ്ജ് യാത്രികര്‍ക്ക് KSRTC നിരക്കില്‍ ഇളവ് നല്‍കിയോ? വസ്തുതയറിയാം

ഹജ്ജ് തീര്‍ഥാടനത്തില്‍ പങ്കെടുക്കുന്നതിന്റെ ഭാഗമായി ഹജ്ജ് ക്യാമ്പിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് KSRTC ടിക്കറ്റ് നിരക്കില്‍ 30 ശതമാനം ഇളവ് അനുവദിക്കുന്നുവെന്ന് സമൂഹമാധ്യമങ്ങളില്‍ പ്രചരണം. ബസ്സിന്റെ മുന്നിലെ ഗ്ലാസില്‍ ഒട്ടിച്ച പോസ്റ്ററിന്റെ ചിത്രസഹിതമാണ് പ്രചരണം.

രാഖി കെട്ടിയ കൂട്ടുകാര്‍, വന്ദേമാതരം പരപ്പ തുടങ്ങിയ ഫെയ്സ്ബുക്ക് പേജുകളില്‍നിന്ന് പങ്കുവെച്ച ചിത്രങ്ങള്‍ക്കൊപ്പം, മറ്റു മതവിഭാഗങ്ങള്‍ക്ക് ഇത്തരം ആനുകൂല്യങ്ങള്‍ നല്‍കാത്തത് എന്തുകൊണ്ടെന്ന വിമര്‍ശനവും ഉന്നയിക്കുന്നു.


Fact-check:

വസ്തുതാ പരിശോധനയുടെ ആദ്യഘട്ടത്തില്‍ കെഎസ്ആര്‍ടിസി, 30 ശതമാനം തുടങ്ങിയ കീവേഡുകള്‍ ഉപയോഗിച്ച് നടത്തിയ തെരച്ചിലില്‍ ചില മാധ്യമറിപ്പോര്‍ട്ടുകള്‍ ലഭ്യമായി. KSRTC പുതുതായി ഏറ്റെടുത്ത റൂട്ടുകളില്‍ 140 കിലോമീറ്ററിലധികം ദൈര്‍ഘ്യമുള്ളവയില്‍ 30 ശതമാനം നിരക്ക് ഇളവ് നല്‍കുന്നതായി വാര്‍ത്ത മിക്ക മുഖ്യധാരാ മാധ്യമങ്ങളിലും 2023 ഏപ്രില്‍ 13-14 തിയതികളിലായി പ്രസിദ്ധീകരിച്ചിട്ടുണ്ട്.



സ്വകാര്യ ബസ്സുകളുടെ അനധികൃത സര്‍വീസ് തടയാനും യാത്രക്കാരെ ആകര്‍ഷിക്കാനും വേണ്ടിയാണ് നിരക്കിളവ് നടപ്പാക്കുന്നതെന്ന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

സ്വകാര്യബസ്സുകള്‍ കുത്തകയാക്കിയ റൂട്ടുകള്‍ KSRTC ഏറ്റെടുത്തതിന് പിന്നാലെ സ്വകാര്യ ബസ്സുകള്‍ കോടതി ഉത്തരവിന്‍റെ പിന്‍ബലത്തോടെ സര്‍വീസ് തുടരുകയും ഇത് KSRTCയ്ക്ക് വന്‍ സാമ്പത്തിക പ്രതിസന്ധി സൃഷടിക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് തീരുമാനമെന്ന് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു. 223 സൂപ്പര്‍ക്ലാസ് സര്‍വീസുകള്‍ക്കാണ് ഇളവ്.



The Hindu വും ഇതേ വാര്‍ത്ത ഏപ്രില്‍ 14ന് പ്രസിദ്ധീകരിച്ചിട്ടുണ്ട്.



ഔദ്യോഗിക സ്ഥിരീകരണത്തിനായി KSRTC യുടെ വെരിഫൈഡ് ഫെയ്സ്ബുക്ക് പേജ് പരിശോധിച്ചു. 2023 ഏപ്രില്‍ 13ന് ഇക്കാര്യങ്ങള്‍ വിശദീകരിച്ചുകൊണ്ട് നല്കിയ പോസ്റ്റ് ലഭിച്ചു.



ഇതോടെ 30 ശതമാനം നിരക്കിളവ് KSRTC നല്‍കിയിരിക്കുന്നത് 140 കിലോമീറ്ററിലധികം ദൈര്‍ഘ്യമുള്ള പുതുതായി ആരംഭിച്ച 223 സര്‍വീസുകള്‍ക്കാണെന്ന് വ്യക്തമായി.

പ്രചരിക്കുന്ന ചിത്രത്തില്‍നിന്ന് ബസ്സ് മലപ്പുറം, പെരിന്തല്‍മണ്ണ, മണ്ണാര്‍ക്കാട് വഴി പാലക്കാട്ടേക്ക് പോകുന്നതാണെന്ന് വ്യക്തമാണ്. 140 കിലോമീറ്ററിലധികം ദൈര്‍ഘ്യം വരുന്ന 223 ടേക്ക് ഓവര്‍ സര്‍വീസുകളില്‍ ഒന്നായിരിക്കാം ഇത്.

ഇതുകൂടാതെ പ്രത്യേക മതവിഭാഗങ്ങള്‍ക്കായി യാതൊരു ഇളവും നല്‍കുന്നില്ലെന്ന് KSRTC അധികൃതരും വ്യക്തമാക്കി.


Conclusion:

ഹജ്ജ് യാത്രികര്‍ക്ക് ഹജ്ജ് ക്യാമ്പിലേക്ക് യാത്രചെയ്യാന്‍ KSRTC 30 ശതമാനം നിരക്ക് ഇളവ് അനുവദിക്കുന്നു എന്ന തരത്തില്‍ പ്രചരിക്കുന്ന സന്ദേശം വ്യാജമാണ്. ഏപ്രില്‍ 13 മുതല്‍ ടേക്ക് ഓവര്‍ റൂട്ടുകളില്‍ KSRTC അനുവദിച്ച ഇളവു സംബന്ധിച്ച സ്റ്റിക്കര്‍ പതിച്ച, മലപ്പുറം ഹജ്ജ് ക്യാമ്പ് വഴി സര്‍വീസ് നടത്തുന്ന ബസ്സിന്‍റെ ചിത്രമാണ് തെറ്റിദ്ധരിപ്പിക്കുന്ന തരത്തില്‍ പങ്കുവെയ്ക്കുന്നത്. നിലവില്‍ സംസ്ഥാനത്തൊട്ടാകെ 223 ടേക്ക് ഓവര്‍ റൂട്ടുകളില്‍ KSRTC ഈ ഇളവ് അനുവദിക്കുന്നുണ്ടെന്നും ഇതിന് ഹജ്ജുമായി യാതൊരു ബന്ധവുമില്ലെന്നും ന്യൂസ്മീറ്റര്‍ അന്വേഷണത്തില്‍ വ്യക്തമായി.

Claim Review:KSRTC offers 30 percent discount for Hajj pilgrims in Kerala
Claimed By:Social Media Users
Claim Reviewed By:NewsMeter
Claim Source:Facebook
Claim Fact Check:False
Next Story