ആലപ്പുഴയില്‍ ക്രൈസ്തവരുടെ ജപമാല റാലിയ്ക്കിടെ കെഎസ്ആര്‍ടിസി ബസ്സുകള്‍ വിശ്വാസികള്‍ക്ക് സൗജന്യയാത്ര അനുവദിച്ചതായി സമൂഹമാധ്യമങ്ങളില്‍ പ്രചാരണം. കൃപാസനം ജപമാല റാലിയില്‍ പങ്കെടുത്തവര്‍ക്ക് ദേശീയപാത വരെ സൗജന്യയാത്ര എന്ന സ്റ്റിക്കര്‍ പതിച്ച ഒരു കെഎസ്ആര്‍ടിസി ബസ്സിന്റെ ചിത്രമാണ പ്രചരിക്കുന്നത്. ക്രൈസ്തവര്‍ക്കായി പത്ത് കിലോമീറ്റര്‍ സൗജന്യയാത്ര അനുവദിച്ചുവെന്നും ശബരിമലയില്‍ എന്തുകൊണ്ട് സൗജന്യയാത്ര അനുവദിക്കുന്നില്ലെന്നുമാണ് ചിത്രത്തിനൊപ്പം നല്‍കിയിരിക്കുന്ന വിവരണം.
Fact-check:
പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും കെഎസ്ആര്‍ടിസി ഇത്തരത്തില്‍ പ്രത്യേക വിഭാഗത്തിനായി സൗജന്യയാത്ര അനുവദിച്ചിട്ടില്ലെന്നും ന്യൂസ്മീറ്റര്‍ അന്വേഷണത്തില്‍ വ്യക്തമായി.
പ്രചരിക്കുന്ന ചിത്രത്തിനൊപ്പം നല്‍കിയിരിക്കുന്ന കുറിപ്പിലെ ആലപ്പുഴ മാരാരിക്കുളം എന്ന സൂചനയുടെ അടിസ്ഥാനത്തില്‍ ആലപ്പുഴയിലെ കൃപാസനം അധികൃതരുമായാണ് ആദ്യം സംസാരിച്ചത്. പ്രചാരണം അടിസ്ഥാനരഹിതമാണെന്നും കെഎസ്ആര്‍ടിസിയുടേത് സൗജന്യയാത്ര ആയിരുന്നില്ലെന്നും കൃപാസനം അസിസ്റ്റന്റ് ഡയറക്ടര്‍ തങ്കച്ചന്‍ പനയ്ക്കല്‍ ഞങ്ങളോട് വ്യക്തമാക്കി:
“പ്രചാരണം തീര്‍ത്തും അടിസ്ഥാനരഹിതമാണ്. എല്ലാവര്‍ഷവും ഒക്ടോബറിലെ അവസാനത്തെ ശനിയാഴ്ചയാണ് ജപമാല റാലി നടക്കുന്നത്. ഇതിനായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നായി നിരവധി വിശ്വാസികള്‍ എത്തിച്ചേരാറുണ്ട്. കൃപാസനം മുതല്‍ അര്‍ത്തുങ്കല്‍ പള്ളി വരെ ഏകദേശം 15 കിലോമീറ്റര്‍ ദൂരമാണ് ജപമാല റാലി. ഇത്രയും ദൂരം നടന്ന് അര്‍ത്തുങ്കലിലെത്തുന്ന വിശ്വാസികള്‍ക്ക് തിരിച്ച് ദേശീയപാതവരെ ബസ്സ് സജ്ജീകരിച്ചത് കൃപാസനം നേരിട്ടാണ്. ഇതിനായി കെഎസ്ആര്‍ടിസിയുടെ പത്ത് ബസ്സുകളാണ് ആദ്യഘട്ടത്തില്‍ ബുക്ക് ചെയ്തത്. കെഎസ്ആര്‍ടിസി സ്വകാര്യ പരിപാടികള്‍ക്കായി ബസ്സുകള്‍ വാടകയ്ക്ക് നല്‍കാറുണ്ടല്ലോ. ഇത്തരത്തില്‍ വാടക നല്കി ബുക്ക് ചെയ്ത ബസ്സുകളിലാണ് സ്റ്റിക്കര്‍ പതിച്ചത്. അത് വിശ്വാസികള്‍ക്കുവേണ്ടി കൃപാസനം ഒരുക്കിയ സൗജന്യയാത്രയാണ്, അല്ലാതെ കെഎസ്ആര്‍ടിസിയുടെ സൗജന്യയാത്രയല്ല.”
കെഎസ്ആര്‍ടിസി ബസ്സുകള്‍ വിവാഹം, വിനോദയാത്ര തുടങ്ങി വിവിധ സ്വകാര്യ ആവശ്യങ്ങള്‍ക്ക് വാടക നിരക്കില്‍ നല്‍കാറുണ്ട്. ഇതുസംബന്ധിച്ച മാധ്യമറിപ്പോര്‍ട്ടുകളും ലഭ്യമാണ്.
തുടര്‍ന്ന് കെഎസ്ആര്‍ടിസി ആലപ്പുഴ ഡിപ്പോയുമായി ബന്ധപ്പെട്ടു. സംഭവവുമായി ബന്ധപ്പെട്ട് അവരുടെ പ്രതികരണം:
“ജപമാല റാലിയില്‍ പങ്കെടുത്ത വിശ്വാസികള്‍ക്കായി കെഎസ്ആര്‍ടിസി സൗജന്യയാത്ര ഒരുക്കിയെന്ന തരത്തില്‍ നടക്കുന്ന പ്രചാരണം അടിസ്ഥാനരഹിതമാണ്. പരിപാടിയുടെ സംഘാടകരാണ് ബസ്സുകള്‍ വാടകയ്ക്കെടുത്തത്. ഒരുലക്ഷത്തി 64,000 രൂപയാണ് പന്ത്രണ്ട് ബസ്സുകള്‍ക്കായി കൃപാസനം അധികൃതര്‍ അടച്ചത്. പന്ത്രണ്ട് ഓര്‍ഡിനറി ബസ്സുകള്‍ അര്‍ത്തുങ്കല്‍ മുതല്‍ ദേശീയപാത വരെ ഏകദേശം നാല് കിലോമീറ്റര്‍ ദൂരമാണ് ഇത്തരത്തില്‍ സര്‍വീസ് നടത്തിയത്. സ്വകാര്യ പരിപാടികള്‍ക്ക് വാടകയ്ക്ക് നല്‍കുന്നതില്‍ പാലിക്കുന്ന ചട്ടങ്ങള്‍ പ്രകാരമാണ് കൃപാസനം അധികൃതര്‍ക്കും ബസ്സുകള്‍ വിട്ടുനല്‍കിയത്. സ്റ്റിക്കര്‍ ഉള്‍പ്പെടെ തയ്യാറാക്കിയത് സംഘാടകര്‍ തന്നെയാണ്. മറിച്ചുള്ള പ്രചാരണങ്ങള്‍ അടിസ്ഥാനരഹിതമാണ്.”
ഇതോടെ പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് വ്യക്തമായി.
Conclusion:
ആലപ്പുഴയില്‍ ക്രൈസ്തവരുടെ ജപമാല റാലിയില്‍ പങ്കെടുത്തവര്‍ക്കായി കെഎസ്ആര്‍ടിസി സൗജന്യ ബസ് സര്‍വീസ് നടത്തിയെന്ന പ്രചാരണം അടിസ്ഥാനരഹിതമാണ്. സംഘാടകര്‍ പണമടച്ച് ബസ്സുകള്‍ ബുക്ക് ചെയ്താണ് വിശ്വാസികള്‍ക്കായി സൗജന്യയാത്രയൊരുക്കിയത്.