കുടുംബശ്രീയുടെ ‘തിരികെ സ്കൂളില്‍’ കാമ്പയിന്‍: പ്രചരണങ്ങളുടെ വസ്തുതയറിയാം
കാമ്പയിന്‍ സിപിഎമ്മിന്റെ തട്ടിപ്പാണെന്നും തങ്ങള്‍ പഠിച്ച സ്കൂളിലേക്കല്ലാതെ മറ്റൊരു സ്കൂളില്‍ കുടുംബശ്രീ അംഗങ്ങളെ നിര്‍ബന്ധമായി പറഞ്ഞുവിട്ട് പാര്‍ട്ടിയുടെ രാഷ്ട്രീയനേട്ടങ്ങളെക്കുറിച്ച് നേതാക്കള്‍ക്ക് സംസാരിക്കാന്‍ ഇടമൊരുക്കാനാണ് പദ്ധതിയെന്നുമാണ് പ്രചരിക്കുന്ന ആരോപണം.
By - HABEEB RAHMAN YP | Published on 17 Oct 2023 11:57 PM ISTകുടുംബശ്രീയുടെ ‘തിരികെ സ്കൂളില്‍’ കാമ്പയിനെതിരെ സമൂഹമാധ്യമങ്ങളില്‍ വ്യാജപ്രചരണം. കാമ്പയിന്‍ സിപിഎമ്മിന്റെ തട്ടിപ്പാണെന്നും രാഷ്ട്രീയനേട്ടങ്ങളെക്കുറിച്ച് നേതാക്കള്‍ക്ക് സംസാരിക്കാന്‍ ഇടമൊരുക്കാനാണ് പദ്ധതിയെന്നുമാണ് ആരോപണം.
Nisha Soman Thettayil എന്ന ഫെയ്സ്ബുക്ക് പ്രൊഫൈലില്‍നിന്ന് പങ്കുവെച്ച വീഡിയോയിലാണ് കാമ്പയിനെക്കുറിച്ച് ആരോപണം. തങ്ങള്‍ പഠിച്ച സ്കൂളിലേക്കല്ല, മറിച്ച് മറ്റൊരു സ്കൂളിലേക്കാണ് കുടുംബശ്രീ അംഗങ്ങളായ സ്ത്രീകളെ നിര്‍ബന്ധിച്ച് പറഞ്ഞയക്കുന്നതെന്നും സര്‍ക്കാറിന് വേണ്ടി അവരെ ഒരു ദിവസത്തെ ജോലി മാറ്റിവെച്ച് വേഷം കെട്ടിക്കുകയാണെന്നും വീഡിയോയില്‍ പറയുന്നു. ഗൃഹാതുര ഓര്‍മകള്‍ തിരിച്ചുകിട്ടാന്‍ മറ്റൊരു സ്കൂളിലെത്തിയാല്‍ സാധിക്കില്ലെന്നും വരാത്തവര്‍ക്ക് ശിക്ഷലഭിക്കുമെന്ന് ഭീഷണിയുണ്ടെന്നും വീഡിയോയില്‍ പറയുന്നു. പദ്ധതിയിലൂടെ സ്കൂളിനും കേരളത്തിലെ വിദ്യാഭ്യാസമേഖലയ്ക്കും എന്തുഗുണമുണ്ടായി എന്ന ചോദ്യവും അവര്‍ ഉന്നയിക്കുന്നു.
Fact-check:
'തിരികെ സ്കൂളില്‍' പദ്ധതിയിലൂടെ അവരവര്‍ പഠിച്ച സ്കൂളിലേക്കല്ല തിരിച്ച് പോകുന്നതെന്നും അതുകൊണ്ടുതന്നെ സഹപാഠികള്‍ക്കൊപ്പം സ്കൂളിലെ ഗൃഹാതുര ഓര്‍മകള്‍ ഓര്‍ത്തെടുക്കാന്‍ പദ്ധതി ഉപകരിക്കില്ലെന്നുമാണ് ആദ്യവിമര്‍ശനം. എന്നാല്‍ കുടുംബശ്രീയുടെ ‘തിരികെ സ്കൂളില്‍’ പദ്ധതിയുടെ പ്രഥമലക്ഷ്യം ഇതല്ലെന്ന് ആദ്യഘട്ട പരിശോധനയില്‍തന്നെ വ്യക്തമായി.
പദ്ധതിയെക്കുറിച്ചുള്ള വിശദാംശങ്ങളാണ് ആദ്യം ശേഖരിച്ചത്. ഇതുമായി ബന്ധപ്പെട്ട് 2023 സെപ്തംബര്‍ 5ന് പുറത്തിറക്കിയ ഗവണ്‍മെന്‍റ് സര്‍ക്കുലര്‍ ലഭ്യമായി.
25 വര്‍ഷം പിന്നിട്ട കുടുംബശ്രീ സംഘടനാ സംവിധാനത്തെ ശക്തിപ്പെടുത്താന്‍ പരമ്പരാഗത പരിശീലന പരിപാടികളില്‍നിന്ന് വ്യത്യസ്തമായി വിദ്യാഭ്യാസവകുപ്പുമായി ചേര്‍ന്ന് നടപ്പാക്കുന്ന കാമ്പയിനാണ് ‘തിരികെ സ്കൂളില്‍’. അതുകൊണ്ടുതന്നെ കാമ്പയിന്റെ ഉദ്ദേശം പ്രചരിക്കുന്ന വീഡിയോയില്‍ പറയുന്നപോലെ ഒരു പൂര്‍വവിദ്യാര്‍ഥിസംഗമം അല്ലെന്നും, കുടുംബശ്രീയുടെ പരിശീലനപരിപാടി ക്രിയാത്മകമായി നടപ്പാക്കുകയാണ് ഉദ്ദേശമെന്നും വ്യക്തമാണ്.
അവധിദിവസങ്ങളില്‍ രാവിലെ 9.30 മുതല്‍ 4.30 വരെയാണ് ക്ലാസുകള്‍ എന്ന് സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു. അതുകൊണ്ടുതന്നെ മറ്റുജോലികള്‍ മാറ്റിവെച്ച് ക്ലാസുകളില്‍ പങ്കെടുക്കേണ്ടിവരുന്നു എന്ന ആരോപണത്തിനും പ്രസക്തിയില്ല. കൂടാതെ ഏതെങ്കിലും കാരണവശാല്‍ പങ്കെടുക്കാന്‍ പറ്റാത്തവര്‍ക്ക് മറ്റ് സ്കൂളുകളില്‍ പിന്നീട് പങ്കെടുക്കാന്‍ അവസരമുണ്ടെന്നും വ്യക്തമാക്കുന്നു. കാമ്പയിനിന്റെ സംഘാടനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വിശദമായി പ്രതിപാദിക്കുന്ന മാര്‍ഗരേഖയും ലഭ്യമായി.
പരിശീലനപരിപാടിയുടെ ഉള്ളടക്കം സംബന്ധിച്ച സൂചനകളും സര്‍ക്കുലറിലുണ്ട്. റിസോഴ്സ് പേഴ്സണ്‍മാരുടെ തിരഞ്ഞടുപ്പ് സംബന്ധിച്ച ഭാഗത്ത് വിവിധ വിഷയങ്ങളില്‍ ക്ലാസുകള്‍ സംഘടിപ്പിക്കുമെന്ന് വ്യക്തമാക്കുന്നു.
പരിശീലനപരിപാടിയുടെ ഉള്ളടക്കത്തെക്കുറിച്ച് കൂടുതല്‍ അറിയാനായി കുടുംബശ്രീ അധികൃതരുമായി ബന്ധപ്പെട്ടു. പരിശീലനപരിപാടിയുടെ ഉള്ളടക്കം സംബന്ധിച്ച് തയ്യാറാക്കിയ ചില മാര്‍ഗരേഖകള്‍ അവര്‍ ന്യൂസ്മീറ്ററുമായി പങ്കുവെച്ചു.
ഇതോടെ കുടുംബശ്രീ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കാന്‍ ലക്ഷ്യമിട്ടുള്ള പരിശീലന പരിപാടിയാണ് കാമ്പെയിനിലൂടെ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമായി. പദ്ധതിയുടെ ലക്ഷ്യങ്ങള്‍ കൃത്യമായി ഇതില്‍ പ്രതിപാദിക്കുന്നുണ്ട്.
പ്രായമായ സ്ത്രീകളെ യൂണിഫോം ഉള്‍പ്പെടെ വേഷംകെട്ടിക്കുന്നു എന്നതായിരുന്നു വീഡിയോയിലെ മറ്റൊരു ആരോപണം. എന്നാല്‍ യൂണിഫോം നിര്‍ബന്ധമാണെന്ന തരത്തില്‍ നിര്‍ദേശങ്ങളൊന്നും സര്‍ക്കുലറുകളില്‍ കണ്ടില്ല. മാത്രവുമല്ല, സംഘാടനവുമായി ബന്ധപ്പെട്ട മാര്‍ഗരേഖയില്‍ അയല്‍ക്കൂട്ടത്തിന് താല്പര്യമുണ്ടെങ്കില്‍ മാത്രം യൂണിഫോം ധരിക്കാവുന്നതാണ് എന്ന് പ്രത്യേകം പരാമര്‍ശിക്കുന്നു.
ഇതോടെ പ്രചരിക്കുന്ന വീഡിയോയില്‍ പറയുന്ന കാര്യങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് വ്യക്തമായി.
ഒക്ടോബര്‍ ഒന്നിന് തുടങ്ങിയ പദ്ധതിയെക്കുറിച്ച് അതില്‍ പങ്കെടുത്തവര്‍തന്നെ പങ്കുവെച്ച അനുഭവങ്ങള്‍ വിവിധ മാധ്യമറിപ്പോര്‍ട്ടുകളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇതില്‍നിന്നും പങ്കാളിത്തംകൊണ്ട് ശ്രദ്ധേയമാണ് പരിപാടിയെന്ന് ബോധ്യമായി.
മീഡിയവണ്‍ റിപ്പോര്‍ട്ടിന് പുറമെ ഏഷ്യാനെറ്റ് ന്യൂസ്, മാതൃഭൂമി ന്യൂസ്, മനോരമ ന്യൂസ്, 24 ന്യൂസ് തുടങ്ങി ഒട്ടുമിക്ക വാര്‍ത്താമാധ്യമങ്ങളും കാംപെയ്ന്‍ ആഘോഷമാക്കുന്ന കുടുംബശ്രീ അംഗങ്ങളെക്കുറിച്ച് പോസിറ്റീവ് റിപ്പോര്‍ട്ടുകളാണ് നല്കിയിരിക്കുന്നത്. മിക്ക ദൃശ്യങ്ങളിലും യൂണിഫോം ധരിച്ചല്ല സ്ത്രീകള്‍ ക്ലാസ്സുകളിലെത്തിയതെന്നും കാണാം.
കൂടാതെ മന്ത്രി എംബി രാജേഷ് കാംപെയ്നുമായി ബന്ധപ്പെട്ട് പരിപാടിയില്‍ പങ്കെടുത്ത ഏതാനും പേരുടെ പ്രതികരണങ്ങള്‍ ഉള്‍പ്പെടുന്ന വീഡിയോയും ഫെയ്സ്ബുക്കില്‍ പങ്കുവെച്ചിട്ടുണ്ട്. സന്തോഷത്തോടെയുള്ള പ്രതികരണങ്ങളാണ് വീഡിയോയില്‍.
പദ്ധതിയുടെ മലപ്പുറം ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ച മന്ത്രി വി അബ്ദുറഹ്മാന്‍ ഫെയ്സ്ബുക്കില്‍ പങ്കുവെച്ച ചിത്രം കാമ്പെയിനിലെ വലിയ പങ്കാളിത്തം വ്യക്തമാക്കുന്നു.
കുടുംബശ്രീയുടെ ഫെയ്സ്ബുക്ക് പേജിലും കാമ്പയിന്റെ നിരവധി ചിത്രങ്ങള്‍ പങ്കുവെച്ചതായി കാണാം.
Conclusion:
കുടുംബശ്രീയുടെ ‘തിരികെ സ്കൂളില്‍’ കാമ്പെയിനുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന ആരോപണങ്ങള്‍ വ്യാജമാണെന്ന് ന്യൂസ്മീറ്റര്‍ അന്വേഷണത്തില്‍ കണ്ടെത്തി. കുടുംബശ്രീ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കാന്‍ നടത്തുന്ന പരിശീലനപരിപാടിയ്ക്ക് പരമ്പരാഗത രീതികള്‍ക്ക് പകരം വിദ്യാഭ്യാസവകുപ്പുമായി ചേര്‍ന്ന് നൂതനാശയങ്ങളോടെ നടപ്പാക്കുകയാണ് കാമ്പെയിനിലൂടെ ലക്ഷ്യമിടുന്നത്. കാമ്പെയിനില്‍ പങ്കാളിത്തം ശ്രദ്ധേയമാണെന്നും പങ്കെടുത്തവരുടെ പ്രതികരണം പോസിറ്റീവ് ആണെന്നും ന്യൂസ്മീറ്റര്‍ അന്വേഷണത്തില്‍ വ്യക്തമായി.