Fact Check: കുഞ്ചന്‍ നമ്പ്യാര്‍ സ്മാരകം അടച്ചുപൂട്ടി പകരം പൊന്നാനിയില്‍ അറബി പഠനകേന്ദ്രം? പ്രചാരണത്തിന്റെ സത്യമറിയാം
പാലക്കാട്ടെ കുഞ്ചന്‍ നമ്പ്യാര്‍ സ്മാരകം അടച്ചുപൂട്ടിയെന്ന വാര്‍ത്താ കാര്‍ഡും പൊന്നാനിയില്‍ അറബിഭാഷാ പഠനകേന്ദ്രം ആരംഭിക്കുമെന്ന് ഉന്നതവിദ്യാഭ്യാസമന്ത്രി പറഞ്ഞുവെന്ന വാര്‍ത്താ കാര്‍ഡും ചേര്‍ത്താണ് മതസ്പര്‍ധ പടര്‍ത്തുന്ന തരത്തില്‍ പ്രചാരണം.
By - HABEEB RAHMAN YP | Published on 26 Jan 2025 11:22 PM ISTClaim: കുഞ്ചന്‍ നമ്പ്യാര്‍ സ്മാരകം അടച്ചുപൂട്ടി പകരം അറബി ഭാഷാ പഠനകേന്ദ്രം സ്ഥാപിക്കാനൊരുങ്ങി സര്‍ക്കാര്‍.
Fact: പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നത്; പ്രചരിക്കുന്ന വാര്‍ത്താകാര്‍ഡുകള്‍ ഒരുവര്‍ഷം പഴയതാണെന്നും കുഞ്ചന്‍ നമ്പ്യാര്‍ സ്മാരകം നിലവില്‍ സുഗമമായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും അറബിഭാഷാ പഠനകേന്ദ്രം ഇതുവരെ തുടങ്ങിയിട്ടില്ലെന്നും അന്വേഷണത്തില്‍ കണ്ടെത്തി.
പാലക്കാട് ലക്കിടിയില്‍ പ്രവര്‍ത്തിക്കുന്ന കുഞ്ചന്‍ നമ്പ്യാര്‍ സ്മാരകം അടച്ചുപൂട്ടിയെന്നും പകരം മലപ്പുറം പൊന്നാനിയില്‍ ഷെയ്ഖ് സെയ്നുദ്ദീന്‍ മഖ്ദൂമിന്റെ പേരില്‍ അറബി ഭാഷാ പഠനകേന്ദ്രം ആരംഭിക്കാനൊരുങ്ങുകയാണ് സര്‍ക്കാറെന്നും സമൂഹമാധ്യമങ്ങളില്‍ പ്രചാരണം. കുഞ്ചന്‍ സ്മാരകം സാമ്പത്തിക പ്രതിസന്ധി മൂലം അടച്ചുവെന്ന വാര്‍ത്താ കാര്‍ഡും അറബി ഭാഷാ പഠനകേന്ദ്രവുമായി ബന്ധപ്പെട്ട ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. ആര്‍ ബിന്ദുവിന്റെ പ്രസ്താവനയെക്കുറിച്ചുള്ള വാര്‍ത്താ കാര്‍ഡും ചേര്‍ത്താണ് പ്രചാരണം.
Fact-check:
പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും ഇരുകേന്ദ്രങ്ങളും തമ്മില്‍ പരസ്പര ബന്ധമില്ലെന്നും പ്രചരിക്കുന്ന വാര്‍ത്താ കാര്‍ഡുകള്‍ ഒരുവര്‍ഷം പഴയതാണെന്നും അന്വേഷണത്തില്‍ കണ്ടെത്തി.
പ്രചരിക്കുന്ന വാര്‍ത്താ കാര്‍ഡുകളാണ് ആദ്യം പരിശോധിച്ചത്. കുഞ്ചന്‍ നമ്പ്യാര്‍ സ്മാരകവുമായി ബന്ധപ്പെട്ട വാര്‍ത്താകാര്‍ഡ് ഒരു പ്രാദേശിക ഓണ്‍ലൈന്‍ ചാനലിന്റേതാണ്.ഇതില്‍ 2024 ജനുവരി 17 എന്ന തിയതി കാണാം. ഈ തിയതിയും കീവേഡുകളും ഉപയോഗിച്ച് നടത്തിയ തിരച്ചിലില്‍ ചില റിപ്പോര്‍ട്ടുകള്‍ ലഭിച്ചു. മനോരമ ന്യൂസ് ഓണ്‍ലൈന്‍ 2024 ജനുവരി 18 ന് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ ശമ്പള പ്രതിസന്ധി കാരണം അടച്ചുപൂട്ടിയ സ്മാരകം തുറന്നു പ്രവര്‍ത്തിക്കാന്‍ തുടങ്ങിയതായാണ് വാര്‍ത്ത. സ്മാരകം തുറന്നെങ്കിലും കലാപീഠം അടഞ്ഞുകിടക്കുകയാണെന്നും റിപ്പോര്‍ട്ടിലുണ്ട്.
തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ 2024 ഫെബ്രുവരി 6ന് പ്രസിദ്ധീകരിച്ച മറ്റൊരു റിപ്പോര്‍ട്ടിലും കലാപീഠത്തിലെ പ്രതിസന്ധി തുടരുന്നതായി വാര്‍ത്തയുണ്ട്. ഇതോടെ കലാപീഠവും സ്മാരകവും രണ്ട് വ്യത്യസ്ത സംരംഭങ്ങളാണെന്ന സൂചന ലഭിച്ചു.
ഇക്കാര്യത്തില്‍ കൂടുതല്‍ സ്ഥിരീകരണത്തിനായി കുഞ്ചന്‍ നമ്പ്യാര്‍ സ്മാരക ഭരണസമിതി അംഗം സതീശനുമായി ഫോണില്‍ സംസാരിച്ചു. അദ്ദേഹത്തിന്റെ പ്രതികരണം:
“സാംസ്കാരിക വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിച്ചുവരുന്ന സ്ഥാപനമാണ് കുഞ്ചന്‍ നമ്പ്യാര്‍ സ്മാരകം. പൊതുജനങ്ങള്‍ക്ക് പ്രവേശനമുള്ള ഈ സ്മാരകത്തിന്റെ നടത്തിപ്പിനായി സര്‍ക്കാര്‍ പ്രതിവര്‍ഷം അഞ്ചുലക്ഷം രൂപ ഗ്രാന്‍ഡ് അനുവദിക്കാറുണ്ട്. എന്നാല്‍ ഈ സ്മാരകത്തോട് ചേര്‍ന്ന് ഒരു കലാപീഠവും പ്രവര്‍ത്തിച്ചുവരുന്നുണ്ട്. ഇത് നേരിട്ട് സാംസ്കാരിക വകുപ്പിന്റെ കുഞ്ചന്‍ സ്മാരക പദ്ധതിയുടെ ഭാഗമല്ല. അതുകൊണ്ടുതന്നെ കലാപീഠത്തിലെ അധ്യാപകര്‍ക്ക് അവിടെ പഠിക്കുന്ന വിദ്യാര്‍ത്ഥികളുടെ ഫീ ഉപയോഗിച്ചും സ്മാരകത്തിന്റെ നടത്തിപ്പിന് അനുവദിക്കുന്ന ഗ്രാന്‍ഡ് ഉപയോഗിച്ചുമാണ് ശമ്പളം നല്‍കിവന്നിരുന്നത്. ഇതിലാണ് കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ ഒരു പ്രതിസന്ധിയുണ്ടായത്. ഇതിന്റെ ഭാഗമായി കലാപീഠത്തിലെ അധ്യയനം മാത്രമാണ് മുടങ്ങിയത്; സ്മാരകം അടച്ചിടേണ്ടി വന്നിട്ടില്ല. മാത്രവുമല്ല, പ്രതിസന്ധി മറികടക്കാന്‍ വിദ്യാര്‍ത്ഥികളെയും രക്ഷിതാക്കളെയും വിളിച്ചുചേര്‍ത്ത് ഫീ വര്‍ധിപ്പിക്കുകയും ചെയ്തു. നിലവില്‍ സാംസ്കാരിക വകുപ്പിന് കീഴിലെ സ്മാരകത്തില്‍ അധ്യാപക തസ്തിക ഇല്ലാത്തതിനാലാണ് സര്‍ക്കാര്‍ വഴി അധ്യാപകര്‍ക്ക് ശമ്പളം നല്‍കാനാവാത്തത്. എന്നാല്‍ കഴിഞ്ഞ ഒക്ടോബറില്‍ സര്‍ക്കാര്‍ അധികമായി പത്തുലക്ഷം രൂപ ഗ്രാന്‍ഡ് അനുവദിക്കുകയും ചെയ്തിരുന്നു. നിലവില്‍ യാതൊരുവിധ പ്രതിസന്ധിയും നിലനില്‍ക്കുന്നില്ലെന്ന് മാത്രമല്ല, സ്മാരകവും കലാപീഠവും സുഗമമായി പ്രവര്‍ത്തിച്ചുവരുന്നുണ്ട്.”
ഇതോടെ കലാപീഠത്തിലെ ശമ്പളവുമായി ബന്ധപ്പെട്ട സാമ്പത്തിക പ്രതിസന്ധിമൂലം പഠനം തടസ്സപ്പെട്ടതാണ് സ്മാരകം അടച്ചുപൂട്ടിയെന്ന തരത്തില്‍ പ്രചാരണത്തിലേക്ക് നയിച്ചതെന്നും നിലവില്‍ സ്മാരകവും കലാപീഠവും സുഗമമായി പ്രവര്‍ത്തിച്ചുവരുന്നുവെന്നും വ്യക്തമായി.
തുടര്‍ന്ന് പൊന്നാനിയില്‍ ആരംഭിക്കുന്ന അറബി ഭാഷാ പഠനകേന്ദ്രവുമായി ബന്ധപ്പെട്ട വാര്‍ത്ത പരിശോധിച്ചു. ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. ആര്‍ ബിന്ദുവിന്റെ പ്രസ്താവനയാണ് വാര്‍ത്തയ്ക്ക് ആധാരം. ഇതോടെ കേന്ദ്രം സാംസ്കാരിക വകുപ്പിന്റെ കീഴിലല്ലെന്നും ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴിലാണെന്നും ഇരുകേന്ദ്രങ്ങളും തമ്മില്‍ ബന്ധമില്ലെന്നും വ്യക്തമായി.
തിരുവനന്തപുരം കേരള സര്‍വകലാശാലയില്‍ നടന്ന രാജ്യാന്തര സെമിനാറിനിടെയാണ് 2024 ജനുവരിയില്‍ മന്ത്രി ഡോ. ആര്‍ ബിന്ദു അറബിപഠനകേന്ദ്രവുമായി ബന്ധപ്പെട്ട പ്രഖ്യാപനം നടത്തിയത്. ഇതുസംബന്ധിച്ച് മാധ്യമറിപ്പോര്‍ട്ടുകള്‍ ലഭിച്ചു. മന്ത്രി തന്നെ 2024 ജനുവരി 18ന് ഫെയ്സ്ബുക്ക് കുറിപ്പായി ഇക്കാര്യം പങ്കുവെച്ചതായും കണ്ടെത്തി.
ഈ കേന്ദ്രത്തിന്റെ നിലവിലെ സ്ഥിതിയാണ് തുടര്‍ന്ന് അന്വേഷിച്ചത്. പൊന്നാനി എംഎല്‍എ നന്ദകുമാറുമായി സംസാരിച്ചതോടെ കേന്ദ്രം ഇതുവരെ ആരംഭിച്ചിട്ടില്ലെന്നും തിരൂരിലെ മലയാളം സര്‍വകലാശാലയാണ് കേന്ദ്രത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതെന്നും അറിയിച്ചു. തുടര്‍ന്ന് തിരൂര്‍ മലയാള സര്‍വകലാശാലയിലെ തുഞ്ചത്തെഴുത്തച്ഛന്‍ ഭാഷാ പഠനകേന്ദ്രം ഡയറക്ടര്‍ ഡോ. കെ എം അനിലുമായി ഫോണില്‍ സംസാരിച്ചു. അദ്ദേഹത്തിന്റെ പ്രതികരണം:
“ഷെയ്ഖ് സെയ്നുദ്ദീന്‍ മഖ്ദൂമിന്റെ പേരില്‍ അറബിഭാഷാ പഠനകേന്ദ്രം ആരംഭിക്കുമെന്ന് കഴിഞ്ഞ വര്‍ഷം ജനുവരിയിലാണ് ഉന്നതവിദ്യാഭ്യാസമന്ത്രി പ്രഖ്യാപിച്ചത്. തുടര്‍ന്ന് മലയാളം സര്‍വകലാശാലയുടെ സ്കില്‍ ഓഫ് എക്സലന്‍സിന് കീഴില്‍ ഇത് നടപ്പാക്കാന്‍ ധാരണയായി. എന്നാല്‍ ഇതുവരെ ഇതിനായി പ്രത്യേക ബജറ്റ് വിഹിതമോ തുകയോ ലഭിച്ചിട്ടില്ല. അതുകൊണ്ടുതന്നെ കെട്ടിടം ഉള്‍പ്പെടെ അടിസ്ഥാന സൗകര്യങ്ങളൊന്നും ഇതുവരെ സജ്ജീകരിച്ചിട്ടില്ല. ഭാഷാപഠനകേന്ദ്രം തുടങ്ങാനായി നിലവില്‍ സര്‍വകലാശാല ന്യൂനപക്ഷവകുപ്പിന്റെ പൊന്നാനിയിലെ പരീക്ഷാ പരിശീലന കേന്ദ്രത്തിന്റെ ഭാഗമായ കെട്ടിടത്തില്‍ സ്ഥലം കണ്ടെത്തിയിട്ടുണ്ട്. അറബി, ജര്‍മന്‍ ഭാഷകളുമായി ആദ്യഘട്ടത്തില്‍ പരിശീലനം തുടങ്ങാനാണ് പദ്ധതി. പിന്നീട് മറ്റ് വിദേശഭാഷകളും ഉള്‍പ്പെടുത്തു. ഷെയ്ഖ് സൈനുദ്ദീന്‍ മഖ്ദൂമിന്റെ പേരില്‍ തന്നെയാവും കേന്ദ്രം. ഇതിന്റെ പ്രവര്‍ത്തനം 2025 ഫെബ്രുവരി-മാര്‍ച്ച് മാസത്തോടെ തുടങ്ങാനാണ് ഉദ്ദേശിക്കുന്നത്. സര്‍ക്കാറിന്റെ പത്ത്ലക്ഷം രൂപയുടെ ധനസഹായം അടിയന്തര ആവശ്യങ്ങള്‍ക്കായി ലഭിച്ചിട്ടുണ്ട്. കെട്ടിടം ഉള്‍പ്പെടെ അടിസ്ഥാനസൗകര്യങ്ങള്‍ക്ക് ഇനിയും തുക ലഭിക്കേണ്ടതുണ്ട്.”
ഇതോടെ അറബി ഭാഷാ പഠനകേന്ദ്രം ഇതുവരെ തുടങ്ങിയിട്ടില്ലെന്നും താല്‍ക്കാലിക കെട്ടിടത്തില്‍ കേന്ദ്രം തുടങ്ങാന്‍ നടപടികള്‍ പ്രാരംഭഘട്ടത്തിലാണെന്നും വ്യക്തമായി. പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും ഇതോടെ സ്ഥിരീകരിച്ചു.
Conclusion:
പാലക്കാട് ഒറ്റപ്പാലത്തെ കുഞ്ചന്‍ നമ്പ്യാര്‍ സ്മാരകവും പൊന്നാനിയില്‍ തുടങ്ങാനിരിക്കുന്ന അറബി ഭാഷാ പഠനകേന്ദ്രവും തമ്മില്‍ യാതൊരു ബന്ധവുമില്ല. ആദ്യത്തേത് സാംസ്കാരിക വകുപ്പിനു കീഴിലും രണ്ടാമത്തേത് ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴിലുമുള്ള സംരംഭങ്ങളാണ്. കുഞ്ചന്‍ സ്മാരകത്തോടു ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന കലാപീഠത്തിന്റെ പ്രവര്‍ത്തനങ്ങളാണ് 2024 ജനുവരി മുതല്‍ ഏതാനും മാസത്തേക്ക് മുടങ്ങിയത്. സ്മാരകത്തിന്റെ പ്രവര്‍ത്തനങ്ങളെ ഇത് ബാധിച്ചിട്ടില്ല. കൂടാതെ സ്മാരകവും കലാപീഠവും നിലവില്‍ സുഗമമായി പ്രവര്‍ത്തിക്കുന്നുണ്ട്. പൊന്നാനിയിലെ അറബിഭാഷാ പഠനകേന്ദ്രത്തിന്റെ പ്രവര്‍ത്തനങ്ങള്‍ പ്രാരംഭഘട്ടത്തിലാണ്. അടുത്തമാസം താല്ക്കാലിക കെട്ടിടത്തില്‍ കേന്ദ്രം തുടങ്ങാനാണ് പദ്ധതി. ഒരുവര്‍ഷം മുന്‍പത്തെ വാര്‍ത്തയാണ് നിലവിലെ സ്ഥിതി പരിഗണിക്കാതെ തെറ്റിദ്ധരിപ്പിക്കുന്ന തരത്തില്‍ പങ്കുവെയ്ക്കുന്നത്.