പ്രതിപക്ഷ നേതാവിനെതിരെ യുവതിയുടെ അശ്ലീല പരാമർശം 24 ന്യൂസിൽ; പ്രചരിക്കുന്നത് എഡിറ്റ് ചെയ്ത് നിർമിച്ച വീഡിയോ
2021 ൽ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ച വീഡിയോ ആണ് 24 ന്യൂസിൻ്റെ മോണിംഗ് ഷോ പരിപാടിയുടെ വീഡിയോയിൽ എഡിറ്റ് ചെയ്ത് ചേർത്ത് പ്രചരിപ്പിക്കുന്നത് എന്ന് ന്യുസ്മീറ്റർ വസ്തുതാ പരിശോധനയിൽ വ്യക്തമായി.
By HABEEB RAHMAN YP Published on 13 Sep 2022 7:17 AM GMT24 ന്യൂസിൻ്റെ തൽസമയ പരിപാടിയിൽ പ്രതിപക്ഷ നേതാവ് വി. ഡി. സതീശനെതിരെ അശ്ലീല പരാമർശങ്ങളുമായി യുവതി പ്രതികരിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നു. മോണിങ് ഷോ പരിപാടിയില്‍ സ്പ്ലിറ്റ് സ്ക്രീനില്‍ ഇടതുവശത്ത് അവതാരകരും വലതുവശത്ത് യുവതിയുടെ വീഡിയോയും കാണാം. പ്രതിപക്ഷ നേതാവ് വി. ഡി. സതീശനെക്കുറിച്ച് പരാമർശിച്ച ശേഷം അവതാരകനായ ശ്രീകണ്ഠൻ നായർ അദ്ദേഹത്തിന് ഓണാശംസ നേരുന്നു. അവതാരകന് പ്രതികരണമെന്നോണം സ്ക്രീനിൻ്റെ വലതുവശത്ത് യുവതി അശ്ലീല പരാമർശം നടത്തുന്ന വീഡിയോ തുടര്‍ന്ന് കാണാം. Sini Joy എന്ന ഫെയ്സ്ബുക്ക് പ്രൊഫൈലില്‍നിന്ന് പങ്കുവെച്ച വീഡിയോ ഇതിനകം അഞ്ഞൂറിലധികം പേരാണ് പങ്കുവെച്ചിരിക്കുന്നത്. (മുന്നറിയിപ്പ്: വീഡിയോയുടെ ഉള്ളടക്കത്തില്‍ അശ്ലീല ഭാഷ ഉപയോഗിച്ചിരിക്കുന്നു).
ഇതിന്‍റെ വസ്തുത അറിയാതെ നിരവധിപേര്‍ പോസ്റ്റിന് താഴെ പ്രതികരിച്ചതും കാണാം.
Fact-check:
വസ്തുതാ പരിശോധനയുടെ ആദ്യഘട്ടത്തില്‍ തന്നെ വീഡിയോ എഡിറ്റ് ചെയ്ത് ചേര്‍ത്തതാണെന്ന് വ്യക്തമാക്കുന്ന ചില സൂചനകള്‍ ലഭിച്ചു. ഇത് പ്രഥമദൃഷ്ട്യാ സാമാന്യയുക്തിയില്‍ മനസ്സിലാക്കാവുന്ന കാര്യങ്ങളാണ്.
- ഒരു മുഖ്യധാരാ ദൃശ്യമാധ്യമമെന്ന നിലയ്ക്ക് ഒരു തത്സമയ പരിപാടിയില്‍ ഇത്തരമൊരു പ്രതികരണമുണ്ടായാല്‍ സെക്കന്‍റുകള്‍ക്കകം ദൃശ്യം പിന്‍വലിക്കാനോ ഓഡിയോ മ്യൂട്ട് ചെയ്യാനോ സാധിക്കും. ഇത് സംഭവിക്കാത്തത് വീഡിയോ വ്യാജമായി നിര്‍മിച്ചതാകാമെന്ന അനുമാനത്തിലേക്ക് നയിക്കുന്നു.
- 24 ന്യൂസ് ചാനലിന്‍റെ ലോഗോയ്ക്ക് താഴെ TWENTY FOUR എന്ന് ഇംഗ്ലീഷില്‍ എഴുതിയത് മുഴുവന്‍സമയവും കാണാവുന്ന തരത്തില്‍ മറ്റെല്ലാ ഉള്ളടക്കത്തിനും മേലെയാണ് ചാനല്‍ നല‍്കുന്നത്. എന്നാല്‍ ഈ വീഡിയോയില്‍ യുവതിയുടെ ദൃശ്യങ്ങള്‍മൂലം ലോഗോയുടെ താഴെയുള്ള ടെക്സ്റ്റ് മറയുന്നു. കൂടാതെ യുവതിയുടെ വീഡിയോയുടെ താഴെ ഭാഗത്ത് മറ്റൊരു വീഡിയോ ഉള്ളതായും സൂക്ഷ്മമായി നിരീക്ഷിച്ചാല്‍ കാണാനാവും.
- യുവതിയുടെ പ്രതികരണം തുടങ്ങിയതിന് ശേഷം പലവട്ടം ഇടതുവശത്തെ അവതാരകരുടെ വീഡിയോ ആവര്‍ത്തിച്ചുവരുന്നത് (ലൂപ് പ്ലേ) കാണാം. ഇതും വീഡിയോ എഡിറ്റ് ചെ്യ്തതാണെന്ന് വ്യക്തമാക്കി.
വസ്തുതാ പരിശോധനയുടെ രണ്ടാംഘട്ടത്തില്‍ യഥാര്‍ഥത്തില്‍ സംപ്രേഷണം ചെയ്യപ്പെട്ട വീഡിയോ കണ്ടെത്താന്‍ ശ്രമിച്ചു. അവതാരകരുടെ വസ്ത്രധാരണവും പശ്ചാത്തലവും നിരീക്ഷിച്ചപ്പോള്‍ ഇത് 24 ന്യൂസിന്‍റെ പ്രഭാത വാര്‍ത്താ പരിപാടിയായ മോണിങ് ഷോ ആണെന്ന് മനസ്സിലായി. ഓണാശംസ നേര്‍ന്നുകൊണ്ടുള്ള അവതരണവും പശ്ചാത്തലവും തിരുവോണനാളിലെ മോണിങ് ഷോ ആയിരിക്കാമെന്ന സൂചന നല്‍കി.
തുടര്‍ന്ന് 24 ന്യൂസിന്‍റെ യൂട്യൂബ് ചാനല്‍ പരിശോധിച്ചപ്പോള്‍ സെപ്തംബര്‍ എട്ടിന് അപ്-ലോഡ് ചെയ്ത പ്രസ്തുത വീഡിയോ ലഭിച്ചു.
ഒരുമണിക്കൂറും നാല്‍പ്പത് മിനിറ്റും ദൈര്‍ഘ്യമുള്ള വീഡിയോയില്‍ 43-ാം മിനിറ്റിലാണ് അവതാരകനായ ശ്രീകണ്ഠന്‍ നായര്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെക്കുറിച്ച് പ്രതിപാദിക്കുന്നതും അദ്ദേഹത്തിന് ആശംസ നേരുന്നതും. തുടര്‍ന്ന് 24 ന്യൂസ് റിപ്പോര്‍ട്ടര്‍ നവമി പ്രതിപക്ഷനേതാവിന്‍റെ വസതിയില്‍നിന്ന് തത്സമയം പ്രതികരിക്കുന്നതും അദ്ദേഹവുമായി സംസാരിക്കുന്നതുമാണ് ദൃശ്യങ്ങളില്‍.
ഇതില്‍നിന്നും യുവതി പ്രതിപക്ഷനേതാവിനെതിരെ അശ്ലീല പ്രതികരണം നടത്തുന്ന വീഡിയോ 24 ന്യൂസിന്‍റെ യഥാര്‍ത്ഥ വീഡിയോയ്ക്ക് മേലെ എഡിറ്റ് ചെയ്ത് ചേര്‍ത്തതാണെന്ന് വ്യക്തമായി.
യുവതിയുടെ വീഡിയോയുമായി ബന്ധപ്പെട്ട് നടത്തിയ പരിശോധനയില്‍ ഇത് പഴയ വീഡിയോ ആണെന്ന് വ്യക്തമായി. കീവേഡ്, റിവേഴ്സ് ഇമേജ് സെര്‍ച്ചുകളില്‍ പോരാളി സാബു എന്ന ഫെയ്സ്ബുക്ക് അക്കൗണ്ടില്‍ 2022 ജൂണ്‍ 9ന് ഇതേ വീഡിയോ പങ്കുവെച്ചതായി കണ്ടെത്തി. "വി.ഡി. സതീശനെതിരെ ലൈംഗീകാരോപണവുമായി സ്ത്രീ" എന്ന കുറിപ്പോടെയാണ് വീഡിയോ. (മുന്നറിയിപ്പ്: വീഡിയോയുടെ ഉള്ളടക്കത്തില്‍ അശ്ലീല ഭാഷ ഉപയോഗിച്ചിരിക്കുന്നു).
എന്നാല്‍ വീഡിയോയില്‍ പരാമര്‍ശിക്കുന്നത് എംഎല്‍എ എന്നായതിനാല്‍ വീഡിയോ അദ്ദേഹം പ്രതിപക്ഷ നേതാവാകുന്നതിന് മുന്‍പുള്ളതാവാമെന്ന അനുമാനത്തില്‍ നടത്തിയ പരിശോധനയില്‍ 2021 ല്‍ പങ്കുവെച്ച ഇതേ യുവതിയുടെ മറ്റൊരു വീഡിയോയും കണ്ടെത്തി. വി.ഡി സതീശനെതിരെ നടത്തിയ പരാമര്‍ശങ്ങള്‍ തന്നെക്കൊണ്ട് നിര്‍ബന്ധിച്ച് ചെയ്യിച്ചതാണെന്നാണ് വീഡിയോയില്‍ വിശദീകരിക്കുന്നത്.
ഈ വീഡിയോ 2021 നവംബറില്‍ പങ്കുവെച്ചതാണ്. അതിനാല്‍ വി.ഡി. സതീശനെതിരെ ആരോപണമുന്നയിക്കുന്ന വീഡിയോ ഇതിലും പഴയതാണെന്ന് വ്യക്തമായി.
പ്രതിപക്ഷനേതാവ് വി. ഡി. സതീശനെതിരെ ഒരു യുവതി അശ്ലീല ആരോപണങ്ങള്‍ 24 ന്യൂസ് തത്സമയ വാര്‍ത്താ ബുള്ളറ്റിനിലൂടെ ഉന്നയിച്ചു എന്ന് കാണിക്കുന്ന വീഡിയോ എഡിറ്റ് ചെയ്ത് നിര്‍മിച്ചതാണ്. 24 ന്യൂസ് മോണിങ് ഷോയുടെ വീഡിയോയ്ക്ക് മേലെ യുവതിയുടെ പഴയ വീഡിയോ എഡിറ്റ് ചെയ്ത് ചേര്‍ത്തതാണ്. മാത്രവുമല്ല, ഈ ആരോപണങ്ങള്‍ തന്നെക്കൊണ്ട് നിര്‍ബന്ധിച്ച് പറയിപ്പിച്ചതാണെന്ന് യുവതി തന്നെ 2021ല്‍ വ്യക്തമാക്കിയിട്ടുണ്ട്. അതുകൊണ്ട് പ്രചരിക്കുന്ന വീഡിയോ വസ്തുതാവിരുദ്ധവും തെറ്റിദ്ധരിപ്പിക്കുന്നതുമാണ്.