ലോക്സഭ തെരഞ്ഞെടുപ്പ് വിജ്ഞാപനത്തിന് പിന്നാലെ വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷനും ജില്ലാ ഭരണകൂടങ്ങളും ജനങ്ങളെ ആഹ്വാനം ചെയ്തിരുന്നു. സമ്മതിദാനാവകാശം വിനിയോഗിക്കുന്നതിനുള്ള അവസരത്തിനായി വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കേണ്ടത് അനിവാര്യമാണ്. ഓരോ തെരഞ്ഞെടുപ്പിനും മുന്നോടിയായി വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കുന്നതിന് നിശ്ചിത സമയം അനുവദിക്കാറുണ്ട്. എന്നാല്‍ 2024 ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ 2024 ഏപ്രില്‍ 4 വരെ സമയമുണ്ടെന്നാണ് സമൂഹമാധ്യമങ്ങളിലെ പ്രചാരണം. (Archive)
വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കുന്നതിനുള്ള വെബ്സൈറ്റ് വിവരങ്ങള്‍ സഹിതം നിരവധി പേര്‍ ഈ ചിത്രം പങ്കുവെച്ചിട്ടുണ്ട്. (Archive 1, Archive 2)
Fact-check:
പ്രചാരണം തെറ്റാണെന്നും 2024 ലോക്സഭ തെരഞ്ഞെടുപ്പിലേക്കുള്ള വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാനുള്ള അവസാനതിയതി 2024 മാര്‍ച്ച് 25 ആയിരുന്നുവെന്നും ന്യൂസ്മീറ്റര്‍ അന്വേഷണത്തില്‍ വ്യക്തമായി.
സുപ്രഭാതം ദിനപത്രത്തിന്റെ കോഴിക്കോട് എഡിഷനില്‍ 2024 മാര്‍ച്ച് 19 ന് പ്രസിദ്ധീകരിച്ച വാര്‍ത്തയാണിത്. കീവേഡുകള്‍ ഉപയോഗിച്ച് നടത്തിയ പരിശോധനയില്‍ വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കുന്നതുമായി ബന്ധപ്പെട്ട് മറ്റ് നിരവധി മാധ്യമറിപ്പോര്‍ട്ടുകള്‍ ലഭിച്ചു. പേര് ചേര്‍ക്കാനുള്ള അവസാന തിയതി ഇന്ന് എന്ന തലക്കെട്ടില്‍ മാധ്യമം വാര്‍ത്ത നല്‍കിയിരിക്കുന്നത് 2024 മാര്‍ച്ച് 25 നാണ്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കേരള സര്‍ക്കാറിന്റെ പബ്ലിക് റിലേഷന്‍സ് വിഭാഗം ഉള്‍പ്പെടെ 2024 മാര്‍ച്ച് 25 അവസാനതിയതിയാണെന്ന അറിയിപ്പ് നല്‍കിയതായി കണ്ടെത്തി.
തുടര്‍ന്ന് പ്രചരിക്കുന്ന വാര്‍ത്തയുടെ സ്ഥിരീകരണത്തിനായി കേരളത്തിലെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗളുമായി ഫോണില്‍ ബന്ധപ്പെട്ടു. അദ്ദേഹത്തിന്റെ പ്രതികരണം:
“ഈ പ്രചാരണം ശ്രദ്ധയില്‍പെട്ടിരുന്നു. അത് തീര്‍ത്തും വസ്തുതാവിരുദ്ധമാണ്. സ്ഥാനാര്‍ത്ഥികള്‍ക്ക് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തിയതിയുടെ പത്ത് ദിവസം മുന്‍പുവരെയാണ് പ്രസ്തുത തെരഞ്ഞെടുപ്പിലേക്ക് വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കുന്നതിന് അവസരം നല്‍കുന്നത്. സാങ്കേതികപരമായി പേര് ചേര്‍ക്കാനുള്ള വെബ്സൈറ്റ് ഇതിന് ശേഷവും ലഭ്യമായിരിക്കും. പക്ഷേ വോട്ടര്‍ പട്ടികയിലേക്ക് പരിഗണിക്കുന്നതിന് മുന്നോടിയായുള്ള നടപടിക്രമങ്ങള്‍ക്ക് സാവകാശം വേണമെന്നതിനാലാണ് പത്ത് ദിവസം നേരത്തെയെന്ന സമയക്രമം നിശ്ചയിച്ചിരിക്കുന്നത്. ഇതിന് ശേഷവും വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കുന്നതിനായി അപേക്ഷിക്കാം, പക്ഷേ ഈ തെരഞ്ഞെടുപ്പിലേക്ക് ചേര്‍ക്കപ്പെടില്ലെന്ന് മാത്രം. നിലവിലെ ലോക്സഭ തെരഞ്ഞെടുപ്പിലേക്ക് പേര് ചേര്‍ക്കാനുള്ള സമയം അവസാനിച്ചിട്ടുണ്ട്.”
തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍മാരായ വിവിധ ജില്ലകളിലെ ജില്ലാകലക്ടര്‍മാരും പ്രചാരണം തെറ്റാണെന്ന് വ്യക്തമാക്കിയതായി കണ്ടെത്തി. മാര്‍ച്ച് 25 വരെയാണ് വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ സമയമുണ്ടായിരുന്നതെന്ന് പാലക്കാട് ജില്ലാ കലക്ടര്‍ ഫെയ്സ്ബുക്ക് പേജില്‍ അറിയിച്ചിട്ടുണ്ട്.
തിരുവനന്തപുരം, എറണാകുളം ജില്ലാ കലക്ടര്‍മാരും പ്രചാരണം വസ്തുതാവിരുദ്ധമാണെന്ന് സ്ഥിരീകരിച്ച് കുറിപ്പ് പങ്കുവെച്ചതായി കാണാം.
പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് മലപ്പുറം ജില്ലാ കലക്ടറും ന്യൂസ്മീറ്ററിനോട് സ്ഥിരീകരിച്ചു.
Conclusion:
2024 ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കുന്നതിനുള്ള സമയപരിധി 2024 മാര്‍ച്ച് 25 ന് അവസാനിച്ചതായി ന്യൂസ്മീറ്റര്‍ അന്വേഷണത്തില്‍ വ്യക്തമായി. വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ ഏപ്രില്‍ 4 വരെ സമയമുണ്ടെന്ന തരത്തിലുള്ള പ്രചാരണം അടിസ്ഥാനരഹിതമാണ്.