അന്തരിച്ച ടെലിവിഷന്‍ താരം സുബി സുരേഷിന്‍റെ അവസാനവീഡിയോ എന്ന വിവരണത്തോടെ തന്‍റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് സുബി വിശദീകരിക്കുന്ന വീഡിയോ വിവിധ ഓണ്‍ലൈന്‍ മാധ്യമങ്ങളിലടക്കം വ്യാപകമായി പ്രചരിക്കുന്നു.
സുബി സുരേഷിന്‍റെ അകാല വിയോഗം കഴിഞ്ഞ ദിവസം ഏറെ വേദനയോടെയാണ് മലയാളികള്‍ കേട്ടത്. കരള്‍സംബന്ധമായ അസുഖത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്ന അവര്‍ ഫെബ്രുവരി 22നാണ് മരണത്തിന് കീഴടങ്ങിയത്. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെ പ്രമുഖര്‍ അവരുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തിയിരുന്നു.
എന്നാല്‍ സുബിയുടെ അവസാന വീഡിയോ എന്ന തലക്കെട്ടോടെ ഒരു വീഡിയോ ഏതാനും ദിവസങ്ങളായി സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
തന്‍റെ രോഗാവസ്ഥയെക്കുറിച്ച് അവര്‍ വിശദീകരിക്കുന്ന ഒരു ഭാഗമാണ് വിവിധ ഓണ്‍ലൈന്‍ മാധ്യമങ്ങളിലുള്‍പ്പെടെ പ്രചരിക്കുന്നത്. Focus News TV എന്ന ഫെയ്സ്ബുക്ക് പേജില്‍നിന്ന് പങ്കുവെച്ച വീഡിയോയില്‍ സുബി സുരേഷിന്‍റെ അവസാനവാക്കുകള്‍ എന്ന തരത്തിലാണ് ഇത് അവതരിപ്പിച്ചിരിക്കുന്നത്.
വസ്തുതാ പരിശോധനയുടെ ആദ്യഘട്ടത്തില്‍ പ്രചരിക്കുന്ന വീഡിയോയുടെ യഥാര്‍ത്ഥ പതിപ്പ് അന്വേഷിച്ചു. ടിവി അവതാരകയും വ്ലോഗറുമായ സുബി സുരേഷ് സ്വയം റെക്കോഡ് ചെയ്ത ഈ വീഡിയോയുടെ പൂര്‍ണരൂപം അവരുടെ യൂട്യൂബ് ചാനലില്‍ കണ്ടെത്താനായി.
ഇത് 2022 ജൂലൈ 25 നാണ് പങ്കുവെച്ചിരിക്കുന്നതെന്ന് കാണാം. 15 മിനുറ്റിലധികം ദൈര്‍ഘ്യമുള്ള വീഡിയോ അമ്മയുടെ പിറന്നാളിനോടനുബന്ധിച്ച് ചെയ്തതാണ്. തുടര്‍ന്ന് ആരോഗ്യ പ്രശ്നങ്ങളെക്കുറിച്ച് അവര്‍ സംസാരിക്കുന്നത് വീഡിയോയുടെ ആറാം മിനുറ്റ് മുതലാണ്.
ഈ വീഡിയോ പങ്കുവെച്ചതിന് ശേഷവും നിരവധി വീഡിയോകള്‍ അവര്‍ അവരുടെ യൂട്യൂബ് ചാനലില്‍ തന്നെ പങ്കുവെച്ചിട്ടുണ്ട്.
പ്രചരിക്കുന്ന ദൃശ്യങ്ങള്‍ ഉള്‍പ്പെടുന്ന വീഡിയോയ്ക്ക് ശേഷം 22 വീഡിയോകള്‍ സ്വന്തം ചാനലില്‍ സുബി പങ്കുവെച്ചതായി കാണാം. ഏറ്റവമൊടുവില്‍ പങ്കുവെച്ചിരിക്കുന്നത് റാഞ്ചിയില്‍ വെച്ച് അവിടെയുള്ള ചന്തകളെക്കുറിച്ച് ചെയ്ത വ്ലോഗാണ്. ഇത് ഫെബ്രുവരി 5-നാണ് പങ്കുവെച്ചിരിക്കുന്നതെന്നും കാണാം.
ഇതോടെ സുബി സുരേഷിന്‍റെ അവസാന വീഡിയോ എന്ന അടിക്കുറിപ്പോടെ പ്രചരിക്കുന്ന വീഡിയോ പഴയതാണെന്ന് വ്യക്തം.
Conclusion:
അന്തരിച്ച ടെലിവിഷന്‍ താരം സുബി സുരേഷിന്‍റെ അവസാന വീഡിയോ എന്ന അടിക്കുറിപ്പോടെ പ്രചരിക്കുന്ന ദൃശ്യങ്ങള്‍ അവര്‍ 2022 ജൂലൈയില്‍ പങ്കുവെച്ച വീഡിയോയിലേതാണെന്ന് ന്യൂസ്മീറ്റര്‍ അന്വേഷണത്തില്‍ വ്യക്തമായി. ഇതിന് ശേഷവും പൂര്‍ണ ആരോഗ്യത്തോടെ 22 വീഡിയോകള്‍ സുബി ചെയ്തതായും കണ്ടെത്തി. അവസാനം പങ്കുവെച്ചത് യാത്രയ്ക്കിടെ ഫെബ്രുവരി 5ന് റാഞ്ചിയില്‍നിന്ന് പകര്‍ത്തിയ ദൃശ്യങ്ങളാണ്.