ശബരിമല അരവണ പ്ലാന്‍റില്‍ പുലിയിറങ്ങി എന്ന വിവരണത്തോടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നു. 13 സെക്കന്‍റ് മാത്രം ദൈര്‍ഘ്യമുള്ള വീഡിയോയില്‍ ഒരു പുലിയുടെ ദൃശ്യങ്ങള്‍ കാണാം. യന്ത്രസാമഗ്രികളുള്ള ഒരു മുറിയില്‍ ഗ്ലാസ് വിന്‍ഡോകള്‍ വഴി രക്ഷപ്പെടാന്‍ ശ്രമിക്കുകയാണ് പുലി.
വിവിധ ഫെയ്സ്ബുക്ക് അക്കൗണ്ടുകളില്‍നിന്നും വാട്സാപ്പിലും നിരവധി പേര്‍ ഈ വീഡിയോ പങ്കുവെയ്ക്കുന്നുണ്ട്.
Fact-check:
വസ്തുതാ പരിശോധനയുടെ ആദ്യഘട്ടത്തില്‍ വിവിധ വാര്‍ത്താ ചാനലുകളും ഓണ്‍ലൈന്‍ മാധ്യമങ്ങളും പരിശോധിച്ചെങ്കിലും ഇത്തരത്തില്‍ വാര്‍ത്ത കണ്ടെത്താനായില്ല. ശബരിമലയില്‍ ഇത്തരമൊരു സംഭവമുണ്ടായാല്‍ പ്രാദേശിക ചാനലുകളിലെങ്കിലും വാര്‍ത്ത വരാതിരിക്കില്ല എന്നത്, പ്രചരിക്കുന്ന വീഡിയോ ശബരിമലയിലേതല്ല എന്ന സൂചന നല്‍കി.
തുടര്‍ന്ന് നടത്തിയ റിവേഴ്സ് ഇമേജ് പരിശോധനയില്‍ ലഭിച്ച വിവിധ മാധ്യമ റിപ്പോര്‍ട്ടുകളില്‍നിന്ന് ഇത് തെലങ്കാനയില്‍ 2022 ഡിസംബറില്‍ നടന്ന സംഭവമാണെന്ന വാര്‍ത്തകള്‍ ലഭിച്ചു.
The News Minute റിപ്പോര്‍ട്ട് പ്രകാരം ഇത് 2022 ഡിസംബര്‍ 16ന് തെലങ്കാനയിലെ സംഗറെഡ്ഢി ജില്ലയിലെ ഹെറ്ററോ ഫാര്‍മസ്യൂട്ടിക്കല്‍സ് എന്ന മരുന്നുകമ്പനിയുടെ പ്ലാന്‍റില്‍ പുലി കയറിയ ദൃശ്യങ്ങളാണ്. രാത്രി പുലിയെ കണ്ട ഉടനെ പൊലീസിനെയും വനവകുപ്പ് അധികൃതരെയും വിവരമറിയിച്ചതിനെ തുടര്‍ന്ന് നാലു മണിക്കൂറിലധികം നീണ്ട പരിശ്രമത്തിനൊടുവിലാണ് പുലിയെ കീഴടക്കിയതെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
ന്യൂസ് മിനുറ്റ് വാര്‍ത്തയ്ക്കൊപ്പം നല്‍കിയ ചിത്രവും പ്രചരിക്കുന്ന വീഡിയോയിലെ സ്ക്രീന്‍ഷോട്ടും താരതമ്യം ചെയ്താല്‍ ഇത് രണ്ടും ഒരേ സ്ഥലമാണെന്ന് മനസ്സിലാക്കാം.
തുടര്‍ന്ന് വാര്‍ത്തയില്‍നിന്ന് ലഭിച്ച സൂചനകള്‍ പ്രകാരം നടത്തിയ കീവേഡ് സെര്‍ച്ചില്‍ സംഭവവുമായി ബന്ധപ്പെട്ട കൂടുതല്‍ മാധ്യമറിപ്പോര്‍ട്ടുകള്‍ ലഭ്യമായി.
തെലങ്കാന ടുഡേ, ഡെക്കാന്‍ ക്രോണിക്ക്ള്‍ തുടങ്ങിയ മാധ്യമങ്ങളും ഇതേ വിവരങ്ങള്‍ സഹിതം വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തതായി കാണാം. വിവിധ പ്രാദേശിക മാധ്യമങ്ങളുടെ വീഡിയോ വാര്‍ത്തകള്‍ യൂട്യൂബിലും ലഭ്യമാണ്.
ഇതോടെ പ്രചരിക്കുന്നത് തെലങ്കാനയിലെ മരുന്നു നിര്‍മാണ കമ്പനിയില്‍ 2022 ഡിസംബര്‍ 16ന് പുലി കയറിയ ദൃശ്യങ്ങളാണെന്നും ഇതിന് ശബരിമലയുമായി യാതൊരു ബന്ധവുമില്ലെന്നും വ്യക്തമായി. ഇത്തരത്തിലൊരു സംഭവം ശബരിമലയിലെ അരവണപ്ലാന്‍റില്‍ ഉണ്ടായിട്ടില്ലെന്ന് പത്തനംതിട്ടയിലെ പ്രാദേശിക മാധ്യമപ്രവര്‍ത്തകരും സ്ഥിരീകരിച്ചു.
തമിഴ്നാട്ടില്‍ ഗൂഢല്ലൂരിലെ ഒരു ഹോട്ടലില്‍ പുലി കയറിയ ദൃശ്യങ്ങള്‍ എന്ന അടിക്കുറിപ്പോടെ ഇതേ വീഡിയോ ഏതാനും ദിവസങ്ങള്‍ക്കുമുന്‍പ് സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നതായും അന്വേഷണത്തില്‍ കണ്ടെത്തി.
Conclusion:
ശബരിമല അരവണ നിര്‍മാണ പ്ലാന്‍റില്‍ പുലി കയറിയെന്ന വിവരണത്തോടെ പ്രചരിക്കുന്ന വീഡിയോയ്ക്ക് ശബരിമലയുമായി യാതൊരു ബന്ധവുമില്ലെന്ന് ന്യൂസ് മീറ്റര്‍ അന്വേഷണത്തില്‍ വ്യക്തമായി. 2022 ഡിസംബര്‍ 16ന് തെലങ്കാനയിലെ ഒരു മരുന്നുനിര്‍മാണശാലയില്‍ പുലി കയറിയ ദൃശ്യങ്ങളാണ് തെറ്റായ അടിക്കുറിപ്പോടെ പ്രചരിക്കുന്നതെന്ന് ന്യൂസ്മീറ്റര്‍ കണ്ടെത്തി.