കേരളത്തിലെ റോഡുകളുടെ ശോചനീയാവസ്ഥയെ പരിഹസിച്ച് റോഡില്‍ ഞാറു നടുന്ന ഒരാളുടെ ചിത്രം സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നു. പൊട്ടിപ്പൊളിഞ്ഞ് ചെളിനിറഞ്ഞ ഒരു റോഡില്‍ ഒരാള്‍ ഞാറു നടുന്ന ചിത്രമാണ് പ്രചരിക്കുന്നത്. ‘കേരളത്തിലെ റോഡുകള്‍ എത്ര മനോഹരം’ എന്ന പരിഹാസത്തോടെയാണ് നിരവധി പേര്‍ ചിത്രം പങ്കുവെച്ചിരിക്കുന്നത്.
Fact-check:
പ്രചാരണം അടിസ്ഥാനരഹിതമാണെന്നും ഈ ചിത്രം കേരളത്തില്‍നിന്നുള്ളതല്ലെന്നും ന്യൂസ്മീറ്റര്‍ അന്വേഷണത്തില്‍ വ്യക്തമായി.
വസ്തുത പരിശോധനയുടെ ഭാഗമായി ചിത്രം സൂക്ഷ്മമായി പരിശോധിച്ചതോടെ ചിത്രത്തില്‍ റോഡരികിലെ കടയുടെ ബോര്‍ഡ് മലയാളത്തിലല്ലെന്നു വ്യക്തമായി. ഇത് ചിത്രം കേരളത്തില്‍നിന്നുള്ളതല്ലെന്നതിന്റെ ആദ്യ സൂചനയായി.
തുടര്‍ന്ന് ചിത്രം റിവേഴ്സ് ഇമേജ് സെര്‍ച്ച് ഉപയോഗിച്ച് പരിശോധിച്ചതോടെ ദി ലോജിക്കല്‍ ഇന്ത്യന്‍ എന്ന മാധ്യമ വെബ്സൈറ്റില്‍ 2015 നവംബര്‍ 17ന് ഈ ചിത്രം പ്രസിദ്ധീകരിച്ചതായി കണ്ടെത്തി. ഉത്തരാഖണ്ഡിലെ ബാല്‍വകോട്ട് പ്രദേശത്തെ ധര്‍ചുള എന്ന മേഖലയിലെ പൊട്ടിപ്പൊളിഞ്ഞ റോഡില്‍ പ്രവീണ്‍ കോഷിയാരി എന്നയാള്‍ നടത്തിയ ഒറ്റയാള്‍ പ്രതിഷേധമെന്ന നിലയിലാണ് റിപ്പോര്‍ട്ട്. ചിത്രത്തിന്റെയും വിവരത്തിന്റെയും സ്രോതസ്സായി ഉത്തരാഖണ്ഡ് ന്യൂസ് നെറ്റ്വര്‍ക്കിന്റെ വെബ്സൈറ്റ് ലിങ്കും ചേര്‍ത്തതായി കാണാം.
ഈ സൂചന ഉപയോഗിച്ച് നടത്തിയ പരിശോധനയില്‍ ഈ റിപ്പോര്‍ട്ടിനടിസ്ഥാനമായ യഥാര്‍ത്ഥ വാര്‍ത്ത 2015 ജൂലൈ 16ന് ഉത്തരാഖണ്ഡ് ന്യൂസ് എന്ന പ്രാദേശിക വാര്‍ത്താ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചതായി കണ്ടെത്തി. പ്രചരിക്കുന്ന ചിത്രവും റിപ്പോര്‍ട്ടില്‍ കാണാം.
ഇതോടെ ചിത്രത്തിന് ഒന്‍പത് വര്‍ഷത്തിലധികം പഴക്കമുണ്ടെന്നും കേരളവുമായി യാതൊരു ബന്ധവുമില്ലെന്നും വ്യക്തമായി. 2015 ന് ശേഷം പല വര്‍ഷങ്ങളിലായി വ്യത്യസ്ത അവകാശവാദങ്ങളോടെ ഈ ചിത്രം പ്രചരിച്ചിരുന്നതായും അന്വേഷണത്തില്‍ കണ്ടെത്തി.
Conclusion:
പൊട്ടിപ്പൊളിഞ്ഞ റോഡില്‍ ഞാറ് നട്ട് പ്രതിഷേധിക്കുന്ന ചിത്രം ഉത്തരാഖണ്ഡില്‍നിന്നുള്ളതാണ്. ഈ ചിത്രത്തിന് ഒന്‍പത് വര്‍ഷത്തിലേറെ പഴക്കമുണ്ടെെന്നും കേരളവുമായി യാതൊരു ബന്ധവുമില്ലെന്നും അന്വേഷണത്തില്‍ സ്ഥിരീകരിച്ചു.