ലോക്സഭ തിരഞ്ഞെടുപ്പിന്റെ അവസാനഘട്ട വോട്ടെടുപ്പ് പൂര്‍ത്തിയായതോടെ ജൂണ്‍ 1 ന് വൈകീട്ട് മുതല്‍ മാധ്യമസ്ഥാപനങ്ങളുടെ എക്സിറ്റ് പോളുകള്‍ പുറത്തുവന്നിരുന്നു. മിക്ക പ്രവചനങ്ങളിലും NDA യ്ക്കാണ് മുന്‍തൂക്കം. കേരളത്തില്‍ UDF നാണ് മിക്ക എക്സിറ്റ് പോളുകളും സാധ്യത പ്രവചിച്ചത്. 15 മുതല്‍ 18 വരെ സീറ്റുകളാണ് UDF ന് ദേശീയമാധ്യമങ്ങളുടെ എക്സിറ്റ് പോളില്‍ പ്രവചിച്ചത്.
ഇതിന് പിന്നാലെയാണ് മനോരമ ന്യൂസ് കേരളത്തില്‍ നടത്തിയ സര്‍വേയുടെ അടിസ്ഥാനത്തില്‍ പുറത്തുവിട്ട എക്സിറ്റ് പോളില്‍ LDF ന് വന്‍വിജയം പ്രവചിച്ചതായി പ്രചാരണം. (Archive)
ഇതാണ് കേരളചിത്രം എന്ന തലക്കെട്ടില്‍ വിഡി സതീശന്റെയും പിണറായി വിജയന്റെയും കെ സുരേന്ദ്രന്റെയും ചിത്രങ്ങള്‍ക്കൊപ്പം പ്രവചിച്ച സീറ്റുകളുടെ എണ്ണവും ചേര്‍ത്ത തരത്തിലുള്ള വാര്‍ത്താകാര്‍ഡ് നിരവധി പേരാണ് പങ്കുവെച്ചിരിക്കുന്നത്. (Archive 1, Archive 2, Archive 3)
Fact-check:
പ്രചാരണം അടിസ്ഥാനരഹിതമാണെന്നും മനോരമ ന്യൂസിന്റെ കാര്‍ഡ് എഡിറ്റ് ചെയ്ത് സീറ്റുകളുടെ എണ്ണത്തില്‍ മാറ്റം വരുത്തിയാണ് പ്രചാരണമെന്നും ന്യൂസ്മീറ്റര്‍ അന്വേഷണത്തില്‍ വ്യക്തമായി.
2024 ജൂണ്‍ 2 നായിരുന്നു മനോരമ ന്യൂസ് എക്സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവിട്ടത്. കീവേഡ് പരിശോധനയില്‍ ഇതുമായി ബന്ധപ്പെട്ട് മനോരമ ന്യൂസ് തന്നെ നല്‍കിയ റിപ്പോര്‍ട്ടുകള്‍ ലഭ്യമായി. “യുഡിഎഫിനു 16 മുതല്‍ 18 സീറ്റു വരെ; എല്‍ഡിഎഫിനു 2 –4; താമര വിരിയില്ല ?” എന്ന തലക്കെട്ടിലാണ് മനോരമ ന്യൂസ് റിപ്പോര്‍ട്ട്.
പ്രചരിക്കുന്ന കാര്‍ഡിലെ അതേ ഗ്രാഫിക്സ് ആണ് വെബ്സൈറ്റിലും നല്‍കിയിരിക്കുന്നത്. ഇതോടെ പ്രചരിക്കുന്ന ചിത്രം എഡിറ്റ് ചെയ്തതാകാമെന്ന വ്യക്തമായ സൂചന ലഭിച്ചു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ മനോരമ ന്യൂസ് ഫെയ്സ്ബുക്ക് പേജില്‍ പങ്കുവെച്ച വാര്‍ത്താ കാര്‍ഡ് ലഭിച്ചു. വെബ്സൈറ്റില്‍ ഉപയോഗിച്ച അതേ ചിത്രമാണ് കാര്‍ഡിലും നല്‍കിയിരിക്കുന്നത്. ഇതില്‍ UDFനും LDFനും നല്‍കിയിരിക്കുന്ന സീറ്റുകളുടെ എണ്ണം പരസ്പരം മാറ്റിയാണ് വ്യാജകാര്‍ഡ് നിര്‍മിച്ചിരിക്കുന്നതെന്ന് കാണാം. (Archive)
ഇതോടെ മനോരമ ന്യൂസിന്റെ എക്സിറ്റ് പോള്‍ പ്രകാരം UDF ന് 16 മുതല്‍ 18 വരെ സീറ്റുകളും LDFന് രണ്ട് മുതല്‍ നാല് വരെ സീറ്റുകളുമാണ് പ്രവചിച്ചിരിക്കുന്നതെന്നും അതുതന്നെയാണ് വാര്‍ത്താകാര്‍ഡില്‍ നല്‍കിയിരിക്കുന്നതെന്നും വ്യക്തമായി.
ഇതേ ഗ്രാഫിക്സ് മനോരമ ന്യൂസ് സംപ്രേഷണം ചെയ്ത എക്സിറ്റ് പോള്‍ പ്രത്യേക പരിപാടിയിലും ഉപയോഗിച്ചതായി കാണാം. ഇതിന്റെ വീഡിയോ യൂട്യൂബില്‍ ലഭ്യമാണ്.
ഇതോടെ പ്രചരിക്കുന്ന കാര്‍ഡ് എഡിറ്റ് ചെയ്ത് തയ്യാറാക്കിയതാണെന്ന് സ്ഥിരീകരിച്ചു.
Conclusion:
LDF ന് വന്‍വിജയം പ്രവചിച്ച മനോരമ ന്യൂസ് എക്സിറ്റ് പോളിന്റേതെന്ന അവകാശവാദത്തോടെ പ്രചരിക്കുന്ന വാര്‍ത്താകാര്‍ഡ് എഡിറ്റ് ചെയ്തതാണെന്നും മനോരമ എക്സിറ്റ് പോളില്‍ UDF നാണ് വിജയം പ്രവചിച്ചതെന്നും ന്യൂസ്മീറ്റര്‍ അന്വേഷണത്തില്‍ വ്യക്തമായി.