ലോക്സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി മനോരമ ന്യൂസ് നടത്തിയ പ്രീ-പോള്‍ സര്‍വേയയില്‍ UDF 20 സീറ്റുകളിലും തോല്‍ക്കുമെന്ന് പ്രവചിച്ചതായി സമൂഹമാധ്യമങ്ങളില്‍ പ്രചാരണം. മനോരമ ന്യൂസിന്റെ പ്രീ-പോള്‍ സര്‍വേ ഫലപ്രഖ്യാപന അവതരണത്തിന്റെ സ്ക്രീന്‍ ചിത്രങ്ങള്‍ക്കൊപ്പമാണ് പ്രചാരണം. LDF മുഴുവന്‍ സീറ്റും നേടുമെന്ന് ഫലം വന്നതായാണ് സ്ക്രീനില്‍. (Archive)
മനോരമയെ പരിഹസിച്ചും കുറ്റപ്പെടുത്തിയുമെല്ലാം നിരവധി പേര്‍ ഈ ചിത്രങ്ങള്‍ പങ്കുവെയ്ക്കുന്നുണ്ട്. (Archive 1, Archive 2, Archive 3)
Fact-check:
പ്രചാരണം അടിസ്ഥാനരഹിതമാണെന്നും മനോരമ ന്യൂസ് പ്രീ-പോള്‍ സര്‍വേയില്‍ ഇത്തരമൊരു ഫലപ്രവചനം ഉണ്ടായിട്ടില്ലെന്നും ന്യൂസ്മീറ്റര്‍ അന്വേഷണത്തില്‍ വ്യക്തമായി.
പ്രഥമദൃഷ്ട്യാ യഥാര്‍ത്ഥമെന്ന് തോന്നിയേക്കാമെങ്കിലും ചിത്രത്തിലുപയോഗിച്ചിരിക്കുന്ന ഫോണ്ടുകളും നിറങ്ങളും അവയുടെ ക്രമീകരണവുമെല്ലാം യഥാര്‍ത്ഥ ഗ്രാഫിക്സില്‍നിന്ന് വ്യത്യസ്തമാണെന്ന് സൂക്ഷ്മമായ പരിശോധനയില്‍ കാണാം. മാത്രവുമല്ല, രണ്ടാമത്തെ ചിത്രത്തില്‍ ഗ്രാഫിക്സിന്റെ പ്രതിബിംബത്തില്‍ മറ്റൊരു ഉള്ളടക്കമാണ് കാണാനാവുന്നത്.
ഈ സൂചനകളെല്ലാം ചിത്രം എഡിറ്റ് ചെയ്ത് നിര്‍മിച്ചതായേക്കാമെന്ന സൂചന നല്‍കി. എങ്കിലും ആദ്യം മനോരമ ന്യൂസ് പ്രീപോള്‍ സര്‍വേ ഫലം പരിശോധിച്ചു. മനോരമ ഓണ്‍ലൈനില്‍ നല്‍കിയ റിപ്പോര്‍ട്ട് പ്രകാരം 13 സീറ്റില്‍ UDFന് ഉറപ്പായ വിജയവും 3 സീറ്റുകളില്‍ കടുത്ത മത്സരവുമാണ് സര്‍വേയില്‍ പ്രവചിച്ചിരിക്കുന്നത്.
തുടര്‍ന്ന് മനോരമ ന്യൂസ് യൂട്യൂബ് ചാനലില്‍ പങ്കുവെച്ച വീഡിയോകള്‍ പരിശോധിച്ചു. 2024 ഏപ്രില്‍ 12ന് പങ്കുവെച്ച പ്രീപോള്‍ സര്‍വേ അന്തിമഫലത്തിന്റെ അവതരണ വീഡിയോയിലും UDF ന് ഉറപ്പായ 13 സീറ്റുകളും ഒപ്പത്തിനൊപ്പം എത്തിയേക്കാവുന്ന 3 സീറ്റുകളും അട്ടിമറി സാധ്യതയുള്ള 3 സീറ്റുകളുമാണ് പ്രവചിച്ചതെന്ന് സ്ഥിരീകരിച്ചു.
ഇതോടെ പ്രചരിക്കുന്ന സ്ക്രീന്‍ ചിത്രങ്ങള്‍ വ്യാജമാകാമെന്നതിന്റെ വ്യക്തമായ സൂചന ലഭിച്ചു. പ്രീ-പോള്‍ സര്‍വേ ഫലത്തിന്റെ അവതരണ വീഡിയോ 29 ഭാഗങ്ങളായി രണ്ടുദിവസങ്ങളിലായാണ് പങ്കുവെച്ചിരിക്കുന്നത്. ഇതില്‍ കേന്ദ്രത്തിന്റെ നേട്ടങ്ങളെക്കുറിച്ച് പറയുന്ന 18-ാമത്തെയും പത്തനംതിട്ട മണ്ഡലത്തെക്കുറിച്ച് പറയുന്ന 19-ാമത്തെയും വീഡിയോകളില്‍നിന്നുള്ള ഭാഗങ്ങളാണ് പ്രചരിക്കുന്ന ചിത്രത്തില്‍ ഉപയോഗിച്ചിരിക്കുന്നതെന്ന് കണ്ടെത്തി.
ഇതോടെ പ്രചാരണം വ്യാജമാണെന്നും മനോരമ ന്യൂസിന്റെ യഥാര്‍ത്ഥ സര്‍വേഫലം വ്യത്യസ്തമാണെന്നും വ്യക്തമായി.
Conclusion:
മനോരമ ന്യൂസ് തിരഞ്ഞെടുപ്പ് പ്രീ-പോള്‍ സര്‍വേഫലമെന്ന തരത്തില്‍ പ്രചരിക്കുന്ന ചിത്രങ്ങള്‍ എഡിറ്റ് ചെയ്ത് നിര്‍മിച്ചതാണെന്നും യഥാര്‍ത്ഥ പ്രീ-പോള്‍ സര്‍വേഫലത്തില്‍ UDF ന് മനോരമ 13 ഉറപ്പായ സീറ്റുകളും 3 സാധ്യതാസീറ്റുകളും പ്രവചിച്ചിട്ടുണ്ടെന്നും ന്യൂസ്മീറ്റര്‍ അന്വേഷണത്തില്‍ വ്യക്തമായി.