ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായി കേരളത്തില്‍ ശബരിമല സന്ദര്‍ശിക്കാനെത്തിയത് ബിജെപി നേതാവ് കെ. സുരേന്ദ്രന്‍റെ നിര്‍ദേശപ്രകാരമെന്ന് ബിജെപിയിലെ തന്നെ വനിതാ നേതാവ് ശോഭാ സുരേന്ദ്രന്‍ വെളിപ്പെടുത്തിയതായി വാര്‍ത്ത സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നു. മനോരമ ഓണ്‍ലൈന്‍ നല്‍കിയ വാര്‍ത്തയുടെ സ്ക്രീന്‍ഷോട്ട് എന്ന തരത്തിലാണ് പ്രചരണം. 'തൃപ്തി ദേശായി ശബരിമല സന്ദര്‍ശിച്ചത് കെ സുരേന്ദ്രന്‍റെ നിര്‍ദേശപ്രകാരം: ശോഭ സുരേന്ദ്രന്‍' എന്നതാണ് പ്രചരിക്കുന്ന സ്ക്രീന്‍ഷോട്ടിലെ തലക്കെട്ട്. മനോരമ ഓണ്‍ലൈനിന്‍റെ ലോഗോയും കാണാം. വ്യത്യസ്ത അടിക്കുറിപ്പുകളോടെ ഈ സ്ക്രീന്‍ഷോട്ട് നിരവധി പേരാണ് സമൂഹമാധ്യമങ്ങളില്‍ പങ്കുവെയ്ക്കുന്നത്. Anil K Kattody എന്ന ഫെയ്സ്ബുക്ക് അക്കൗണ്ടില്‍ നിന്ന് പങ്കുവെച്ച സ്ക്രീന്‍ഷോട്ട് ഇതിനകം മുന്നൂറിലധികം പേര്‍ പങ്കുവെച്ചതായി കണ്ടെത്തി.
കൂടാതെ നിരവധി പേര്‍ വാട്സാപ്പിലും ഈ ചിത്രം പങ്കുവെയ്ക്കുന്നതായി കണ്ടെത്തി.
Background:
തൃപ്തി ദേശായിയുടെ ശബരിമല സന്ദര്‍ശനവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ കൊവിഡ് മഹാമാരിയ്ക്കും മുന്‍പുണ്ടായതാണ്. സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ 2018-ലാണ് തൃപ്തി ദേശായി ആദ്യമായി ശബരിമല സന്ദര്‍ശനത്തിനായി കേരളത്തിലെത്തിയത്. അന്ന് കൊച്ചി വിമാനത്താവളത്തില്‍ കനത്ത പ്രതിഷേധമുണ്ടായതായി ദേശീയ മാധ്യമങ്ങളിലടക്കം വാര്‍ത്ത വന്നതാണ്.
പിന്നീട് 2019-ലും അവര്‍ കേരളത്തിലെത്തിയിരുന്നു. പ്രതിഷേധത്തെതുടര്‍ന്ന് ദര്‍ശനത്തിനെത്താതെ തിരിച്ചുപോയ വാര്‍ത്ത ടൈംസ് ഓഫ് ഇന്ത്യ 2019 നവംബര്‍ 26ന് പ്രസിദ്ധീകരിച്ചിട്ടുണ്ട്.
Fact-check:
വസ്തുതാ പരിശോധനയുടെ ആദ്യഘട്ടത്തില്‍ പ്രചരിക്കുന്ന സ്ക്രീന്‍ഷോട്ട് വിശദമായി പരിശോധിച്ചു. ഇതില്‍ നല്‍കയിരിക്കുന്ന തിയതി 2020 നവംബര്‍ 20 ആണെന്ന് കാണാം.
2020-ല്‍ തന്നെ ഈ സ്ക്രീന്‍ഷോട്ട് പ്രചരിച്ചിരുന്നുവെന്നും വ്യാജമാകാന്‍ സാധ്യത കൂടുതലാണെന്നും മനസ്സിലായി. തലക്കെട്ടിന്‍റെ ഫോണ്ടും ബൈലൈനില്‍ 'മനോരമ ലേഖകന്‍' എന്നെഴുതിയതിന്‍റെ ഫോണ്ടും തമ്മിലെ വ്യത്യാസം മറ്റൊരു സൂചനയായി.
ലഭ്യമായ വിവരങ്ങളും തീയതിയും ഉപയോഗിച്ച് നടത്തിയ കീവേഡ് പരിശോധനയില്‍ സ്ക്രീന്‍ഷോട്ട് വ്യാജമാണെന്ന് കാണിച്ച് മലയാള മനോരമ ഓണ്‍ലൈനില്‍ 2020 നവംബര്‍ 21ന് പ്രസ്തുത സ്ക്രീന്‍ഷോട്ട് വ്യാജമാണെന്ന് അറിയിച്ച് നല്‍കിയ വാര്‍ത്ത കണ്ടെത്തി.
ഇതോടെ പ്രചരിക്കുന്ന ചിത്രം 2020 ല്‍ പ്രചരിച്ച വ്യാജ സ്ക്രീന്‍ഷോട്ട് ആണെന്ന് വ്യക്തമായി.
Conclusion:
തൃപ്തി ദേശായിയുടെ ശബരിമല സന്ദര്‍ശനനം കെ സുരേന്ദ്രന്‍റെ നിര്‍ദേശപ്രകാരമെന്ന് ശോഭ സുരേന്ദ്രന്‍ വെളിപ്പെടുത്തിയെന്ന തരത്തില്‍ പ്രചരിക്കുന്ന മനോരമയുടെ സ്ക്രീന്‍ഷോട്ട് വ്യാജമാണ്. ഇത് തലക്കെട്ട് എഡിറ്റ് ചെയ്ത് തയ്യാറാക്കിയതാണെന്നും 2020-ല്‍ തന്നെ ഇത് പ്രചരിച്ചിരുന്നുവെന്നും ന്യൂസ്മീറ്റര്‍ അന്വേഷണത്തില്‍ വ്യക്തമായി. മണ്ഡലകാലത്തിന്‍റെ പശ്ചാത്തലത്തില്‍ അതേ സ്ക്രീന്‍ഷോട്ട് വീണ്ടും പ്രചരിക്കുകയാണെന്ന് വ്യക്തം.