Fact Check: എന്‍ കെ പ്രേമചന്ദ്രന്‍ മുഖ്യമന്ത്രിയ്ക്കെതിരെ നടത്തിയ പ്രസ്താവനയുടെ വാര്‍ത്ത മീഡിയവണ്‍ പിന്‍വലിച്ചോ?

പാർലമെന്റ് പാസാക്കിയ പൗരത്വഭേദഗതി നിയമം സംസ്ഥാനത്ത് എങ്ങനെ നടപ്പാക്കാതിരിക്കുമെന്നും ഈ വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജന്‍ പച്ചക്കള്ളം പറയുകയാണെന്നും പറഞ്ഞ എന്‍ കെ പ്രേമചന്ദ്രന്‍റെ പ്രതികരണം മീഡിയവണ്‍‍ സമൂഹമാധ്യമ അക്കൗണ്ടുകളില്‍നിന്ന് നീക്കം ചെയ്തുവെന്നാണ് പ്രചാരണം.

By -  HABEEB RAHMAN YP |  Published on  1 April 2024 5:23 PM IST
Fact Check: എന്‍ കെ പ്രേമചന്ദ്രന്‍ മുഖ്യമന്ത്രിയ്ക്കെതിരെ നടത്തിയ പ്രസ്താവനയുടെ വാര്‍ത്ത മീഡിയവണ്‍ പിന്‍വലിച്ചോ?
Claim: മുഖ്യമന്ത്രിയ്ക്കെതിരായ എന്‍ കെ പ്രേമചന്ദ്രന്‍റെ പ്രസ്താവനയുടെ വാര്‍ത്ത മീഡിയവണ്‍ നീക്കം ചെയ്തു.
Fact: മീഡിയവണ്‍ ഇതുമായി ബന്ധപ്പെട്ട് നല്‍കിയ വീഡിയോ റിപ്പോര്‍ട്ടുകള്‍ സമൂഹമാധ്യമങ്ങളിലും വിശദമായ വാര്‍ത്ത മീഡിയവണ്‍ വെബ്സൈറ്റിലും ഇപ്പോഴും ലഭ്യമാണ്.

ലോക്സഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനൊപ്പം സംസ്ഥാനത്ത് ഭരണ - പ്രതിപക്ഷ ആരോപണങ്ങളും പ്രത്യാരോപണങ്ങളും സജീവമാവുകയാണ്. മീഡിയവണ്‍ ടിവിയുടെ ‘ദേശീയപാത’ എന്ന പരിപാടിയില്‍ കൊല്ലം യുഡിഎഫ് സ്ഥാനാര്‍ത്ഥി എന്‍ കെ പ്രേമചന്ദ്രന്‍ മുഖ്യമന്ത്രിയ്ക്കെതിരായി പ്രസ്താവന നടത്തിയിരുന്നു. പരിപാടിയുടെ അവതാരകനും ചാനലിന്റെ എഡിറ്ററുമായ പ്രമോദ് രാമന്‍ നയിക്കുന്ന പരിപാടിയില്‍ പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട ചോദ്യത്തിനായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഇതിനുപിന്നാലെ മീഡിയവണ്‍ ഫെയ്സ്ബുക്കില്‍ പങ്കുവെച്ച ഈ വാര്‍ത്ത മീഡിയവണ്‍ പിന്നീട് നീക്കം ചെയ്തുവെന്നാണ് സമൂഹമാധ്യമങ്ങളിലെ പ്രചാരണം. (Archive)




പോസ്റ്റ് പിന്‍വലിച്ചത് രാഷ്ട്രീയ സമ്മര്‍ദം മൂലമാണെന്നും മീഡിയവണ്‍ പക്ഷപാതിത്വം കാണിക്കുന്നുവെന്നും ഉള്‍പ്പെടെ ആരോപണങ്ങളുമായി നിരവധി പേരാണ് ഈ പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. (Archive 1, Archive 2, Archive 3)


Fact-check:

പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും എന്‍ കെ പ്രേമചന്ദ്രന്റെ പ്രതികരണവുമായി ബന്ധപ്പെട്ട ഉള്ളടക്കം മീഡിയവണിന്റെ സമൂഹമാധ്യമ അക്കൗണ്ടുകളിലും വെബ്സൈറ്റിലും ഇപ്പോഴും ലഭ്യമാണെന്നും ന്യൂസ്മീറ്റര്‍ അന്വേഷണത്തില്‍ വ്യക്തമായി.

പ്രചരിക്കുന്ന ചിത്രത്തില്‍ എന്‍ കെ പ്രേമചന്ദ്രന്റെ ചിത്രവും അദ്ദേഹത്തിന്റെ ഉദ്ധരണിയും സഹിതം ഒരു കാര്‍ഡ് കാണാം. 2024 മാര്‍ച്ച് 30 എന്ന തിയതിയും കാര്‍ഡില്‍ കാണാം. മീഡിയവണ്‍ ഫെയ്സ്ബുക്ക് പേജ് പരിശോധിച്ചതോടെ ഇതേ തിയതിയില്‍ സമാനമായ കാര്‍‍ഡ് പങ്കുവെച്ചതായി കണ്ടെത്തി. ഉച്ചയ്ക്ക് 1.04 ന് പങ്കുവെച്ചിരിക്കുന്ന കാര്‍ഡില്‍ പ്രചരിക്കുന്ന പോസ്റ്റിലെ കാര്‍ഡില്‍ നല്‍കിയ വാചകങ്ങളുമായി ചെറിയ വ്യത്യാസമുണ്ട്. അതേസമയം വാര്‍ത്തയുടെ ഉള്ളടക്കം ഒന്നാണ്. (Archive)


പൗരത്വനിയമവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പറയുന്നത് കല്ലുവെച്ച പച്ചക്കള്ളമാണെന്നും CAA നടപ്പാക്കില്ലെന്ന് പറയുന്നത് തെരഞ്ഞെടുപ്പ് സ്റ്റണ്ട് മാത്രമാണെന്നുമാണ് എന്‍ കെ പ്രേമചന്ദ്രന്‍റെ ആരോപണം. പാര്‍ലമെന്റ് പാസ്സാക്കിയ നിയമം എങ്ങനെ നടപ്പാക്കാതിരിക്കാനാവുമെന്നും അദ്ദേഹം ചോദിക്കുന്നു. ഇതെല്ലാം മീഡിയവണ്‍ പേജില്‍ ലഭ്യമായ കാര്‍ഡിലുണ്ട്.

തുടര്‍ന്ന് കാര്‍‍ഡിനൊപ്പം മീഡിയവണ്‍ പങ്കുവെച്ച ലിങ്ക് പരിശോധിച്ചു. വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച വിശദമായ വാര്‍ത്തയും ലഭിച്ചു. ഇതില്‍ എ‍ന്‍ കെ പ്രേമചന്ദ്രന്‍റെ ആരോപണങ്ങളും പ്രസ്താവനയുമെല്ലാം വിശദമായി നല്‍കിയിട്ടുണ്ട്.



തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ പ്രസ്തുത പരിപാടിയുടെ വീഡിയോ വാര്‍ത്ത മീഡിയവണ്‍ ഫെയ്സ്ബുക്ക്, യൂട്യൂബ് പേജുകളിലും പങ്കുവെച്ചതായി കണ്ടെത്തി.


പൗരത്വനിയമവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാക്കളാരും പാര്‍ലമെന്റില്‍ പ്രതികരിച്ചിട്ടില്ലെന്ന വാദം കല്ലുവെച്ച പച്ചക്കള്ളമാണെന്നും CAA കേരളത്തില്‍ നടപ്പാക്കില്ലെന്ന മുഖ്യമന്ത്രിയുടെ വാദം തെരഞ്ഞെടുപ്പ് സ്റ്റണ്ടാണെന്നും അദ്ദേഹം പറയുന്നുണ്ട്. കൂടാതെ പാര്‍ലമെന്റ് പാസ്സാക്കിയ നിയമം രാജ്യത്ത് ഒരു സംസ്ഥാനത്തിന് എങ്ങനെ നടപ്പാക്കാതിരിക്കാനാവുമെന്നും പ്രേമചന്ദ്രന്‍ ചോദിക്കുന്നു.

ഇതോടെ എന്‍ കെ പ്രേമചന്ദ്രന്‍റെ പ്രസ്താവനയുമായി ബന്ധപ്പെട്ട വാര്‍ത്ത മീഡിയവണ്‍ നീക്കം ചെയ്തുവെന്ന അവകാശവാദം അടിസ്ഥാനരഹിതമാണെന്ന് വ്യക്തമായി.

മീഡിയവണ്‍ പേജില്‍ ലഭ്യമായ കാര്‍ഡും പ്രചരിക്കുന്ന പോസ്റ്റിലെ കാര്‍ഡും തമ്മിലെ ചെറിയ വ്യത്യാസങ്ങളെക്കുറിച്ചറിയാന്‍ മീഡിയവണ്‍ എഡിറ്റര്‍ പ്രമോദ് രാമനുമായി ഫോണില്‍ സംസാരിച്ചു. അദ്ദേഹത്തിന്റെ വിശദീകരണം ഇപ്രകാരമായിരുന്നു:

“ദേശീയപാത എന്ന പേരില്‍ തെരഞ്ഞെടുപ്പിന്റെ ഭാഗമായി മീഡിയവണ്‍ നടത്തിയ പ്രത്യേക പരിപാടിയുടെ ഭാഗമായാണ് എന്‍ കെ പ്രേമചന്ദ്രനുമായി സംസാരിച്ചത്. അദ്ദേഹം നടത്തിയ പ്രതികരണങ്ങള്‍ പൂര്‍ണമായും ചാനലില്‍ സംപ്രേഷണം ചെയ്യുകയും തുടര്‍ന്ന് വീഡിയോ ചാനലിന്റെ ഫെയ്സ്ബുക്ക്, യൂട്യൂബ് ചാനലുകളില്‍ പങ്കുവെക്കുകയും ചെയ്തു. വിശദമായ വാര്‍ത്ത വെബ്സൈറ്റിലുമുണ്ട്. മിക്ക വാര്‍ത്തകള്‍ക്കും വാര്‍ത്തയുടെ സംഗ്രഹം ഉപയോഗിച്ച് സമൂഹമാധ്യമങ്ങളില്‍ പങ്കുവെയ്ക്കുന്നതിനായി വാര്‍ത്താ കാര്‍ഡുകള്‍ തയ്യാറാക്കാറുണ്ട്. ഇത്തരത്തില്‍ ആദ്യം തയ്യാറാക്കി പങ്കുവെച്ച കാര്‍ഡില്‍‍ ‍ഉപയോഗിച്ച വാക്യങ്ങളില്‍ കൂടുതല്‍ വ്യക്തത വരുത്തുന്നതിനായി അതില്‍ ചെറിയ മാറ്റം വരുത്തിയിരുന്നു. അതുകൊണ്ടാണ് ആദ്യം പങ്കുവെച്ച ലിങ്ക് ഇപ്പോള്‍ ലഭ്യമല്ലാത്തതും ലഭ്യമായ കാര്‍ഡില്‍ ചെറിയ വ്യത്യാസം കാണുന്നതും. നേരത്തെ നല്‍കിയ വീഡിയോ ദൃശ്യങ്ങളൊന്നും പിന്‍വലിക്കുകയോ മാറ്റം വരുത്തുകയോ ചെയ്തിട്ടില്ല. ഇതുമായി ബന്ധപ്പെട്ട് മീഡിയവണ്‍ നല്‍കിയ ഒരു വാര്‍ത്തയും പിന്‍വലിക്കേണ്ട സാഹചര്യവും ചാനലിനില്ല. മറിച്ചുള്ള ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണ്. ”

ഇതോടെ പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് വ്യക്തമായി.


Conclusion:

പൗരത്വ നിയമഭേദഗതിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയ്ക്കെതിരെ എന്‍ കെ പ്രേമചന്ദ്രന്‍ നടത്തിയ വിമര്‍ശനങ്ങള്‍ ഉള്‍ക്കൊള്ളിച്ച് നല്‍കിയ വാര്‍ത്ത മീഡിയവണ്‍ നീക്കം ചെയ്തുവെന്ന അവകാശവാദം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് ന്യൂസ്മീറ്റര്‍ അന്വേഷണത്തില്‍ വ്യക്തമായി. ഇതുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച വീഡിയോ റിപ്പോര്‍ട്ടും വെബ്സൈറ്റ് വാര്‍ത്തയും ഓണ്‍ലൈനിലുണ്ട്. ആദ്യം പങ്കുവെച്ച കാര്‍ഡില്‍ കുടുതല്‍ വ്യക്തതയ്ക്കായി ചെറിയ മാറ്റം വരുത്തുക മാത്രമാണ് ചെയ്തതെന്നും സ്ഥിരീകരിച്ചു.

Claim Review:മുഖ്യമന്ത്രിയ്ക്കെതിരായ എന്‍ കെ പ്രേമചന്ദ്രന്‍റെ പ്രസ്താവനയുടെ വാര്‍ത്ത മീഡിയവണ്‍ നീക്കം ചെയ്തു.
Claimed By:Social Media Users
Claim Reviewed By:NewsMeter
Claim Source:Facebook
Claim Fact Check:False
Fact:മീഡിയവണ്‍ ഇതുമായി ബന്ധപ്പെട്ട് നല്‍കിയ വീഡിയോ റിപ്പോര്‍ട്ടുകള്‍ സമൂഹമാധ്യമങ്ങളിലും വിശദമായ വാര്‍ത്ത മീഡിയവണ്‍ വെബ്സൈറ്റിലും ഇപ്പോഴും ലഭ്യമാണ്.
Next Story