നേര് ‘പറഞ്ഞിട്ട്’ പത്താണ്ട് - മീഡിയവണ്‍ കാര്‍ഡ് എഡിറ്റ് ചെയ്ത് പ്രചരണം

മീ‍ഡിയവണ്‍ ചാനല്‍ പത്താം വാര്‍ഷികത്തോടനുബന്ധിച്ച് സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച കാര്‍ഡിലെ അടിക്കുറിപ്പ് എ‍ഡിറ്റ് ചെയ്താണ് വ്യാജപ്രചരണം.

By -  HABEEB RAHMAN YP |  Published on  16 Feb 2023 4:34 PM GMT
നേര് ‘പറഞ്ഞിട്ട്’ പത്താണ്ട് - മീഡിയവണ്‍ കാര്‍ഡ് എഡിറ്റ് ചെയ്ത് പ്രചരണം

മീഡിയവണ്‍ പത്താം വാര്‍ഷികത്തോടനുബന്ധിച്ച് തയ്യാറാക്കി സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചതെന്ന തരത്തില്‍ കാര്‍ഡ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നു. ഇതിലെ ‘നേര് പറഞ്ഞിട്ട് പത്താണ്ട്’ എന്ന വാചകമാണ് വലിയരീതിയില്‍ പരിഹസിക്കപ്പെടുന്നത്. പത്ത് വര്‍ഷമായി കള്ളപ്രചരണം നടത്തുന്ന ചാനല്‍ അത് സ്വയം തുറന്നു പറയുന്നു എന്നതരത്തില്‍ ചാനലിനെ വ്യാപകമായി അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലാണ് സമൂഹമാധ്യമങ്ങളില്‍ നിരവധി പേര്‍ ഈ കാര്‍ഡ് പങ്കുവെയ്ക്കുന്നത്.




Midhun Kumar S എന്ന ഫെയ്സ്ബുക്ക് അക്കൗണ്ടില്‍നിന്ന് ഫെബ്രുവരി 12ന് പങ്കുവെച്ച കാര്‍ഡിനൊപ്പം നല്‍കിയ അടിക്കുറിപ്പില്‍ ചാനലിനെ ശക്തമായി വിമര്‍ശിക്കുന്നുമുണ്ട്. നിരവധി പേര്‍ ഈ കാര്‍ഡ് ഫെയ്സ്ബുക്കിലും വാട്സാപ്പിലും പങ്കുവെച്ചതായി കണ്ടെത്തി.


Fact-check:

പത്തുവര്‍ഷത്തിനകം ശ്രദ്ധേയമായ നിരവധി വാര്‍ത്തകളും വാര്‍ത്താധിഷ്ഠിത പരിപാടികളും അവതരിപ്പിച്ച ദൃശ്യമാധ്യമമാണ് മീഡിയവണ്‍. നിരവധി മാധ്യമപുരസ്കാരങ്ങളും ചാനല്‍ കരസ്ഥമാക്കിയിട്ടുണ്ട്. ‘നേര് പറഞ്ഞിട്ട് പത്താണ്ട്’ എന്നൊരു അടിക്കുറിപ്പ് നല്‍കി അബദ്ധം പിണയാന്‍ യാതൊരു സാധ്യതയുമില്ലെന്നതിനാല്‍ പ്രഥമദൃഷ്ട്യാ കാര്‍ഡ് വ്യാജമോ എഡിറ്റ് ചെയ്തതോ ആവാമെന്ന് വ്യക്തമായി.

വസ്തുതാ പരിശോധനയുടെ ആദ്യഘട്ടത്തില്‍ മീഡിയവണിന്‍റെ വെരിഫൈഡ് ഫെയ്സ്ബുക്ക് പേജില്‍ പരിശോധിച്ചു. ഇതോടെ മീഡിയവണ്‍ ഫെബ്രുവരി 9ന് പങ്കുവെച്ച യഥാര്‍ത്ഥ കാര്‍ഡ് കണ്ടെത്താനായി.


രണ്ട് ചിത്രങ്ങളും താരതമ്യം ചെയ്താല്‍ പ്രചരിക്കുന്ന ചിത്രം എഡിറ്റ് ചെയ്തതാണെന്ന് വ്യക്തമാകും. നേര് പറഞ്ഞ് പത്താണ്ട് എന്ന വാചകം നല്‍കിയ സ്ഥാനത്ത് മറ്റൊരു ഫോണ്ടില്‍ നേര് പറഞ്ഞിട്ട് പത്താണ്ട് എന്ന് എഴുതി ചേര്‍ത്തതായി കാണാം. താഴെ ലോഗോയിലും ‘പറഞ്ഞിട്ട്’ എന്ന വാക്കിന്‍റെ ഫോണ്ട് ശ്രദ്ധിച്ചാല്‍ ഇക്കാര്യം മനസ്സിലാക്കാം. സമാനമായി നിറത്തിലുള്ള പശ്ചാത്തലവും നല്‍കിയതിനാല്‍ പലരും ഇത് യഥാര്‍ത്ഥമാണെന്ന് തെറ്റദ്ധരിച്ചിരിക്കാം.




മീഡിയവണ്‍ പങ്കുവെച്ച കാര്‍ഡില്‍ നല്‍കിയ ഫോണ്ട് സ്ഥിരമായി ഉപയോഗിക്കുന്ന ഫോണ്ട് ആണെന്നും പ്രചരിക്കുന്ന കാര്‍ഡിലെ ഫോണ്ട് മീഡിയവണ്‍ ഉപയോഗിക്കാറില്ലെന്നും കാണാം.




തുടര്‍ന്ന് ഇതുമായി ബന്ധപ്പെട്ട് ചാനല്‍ സ്വീകരിച്ച വിവരങ്ങള്‍ക്കായി കോഴിക്കോട്ടെ മീഡിയവണ്‍ ഹെഡ്ക്വാര്‍ട്ടേഴ്സില്‍ ബന്ധപ്പെട്ടു. പ്രചരിക്കുന്ന കാര്‍‍ഡ് വ്യാജമാണെന്നും ഇത് പ്രചരിപ്പിച്ചവരിലൊരാളായ സി. രവിചന്ദ്രനെതിരെ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും അറിയാനായി. ഇതുസംബന്ധിച്ച് ചാനല്‍ വെബ്സൈറ്റില്‍ നല്കിയ വാര്‍ത്തയും ഞങ്ങളുമായി പങ്കുവെച്ചു.




സി. രവീന്ദ്രന്‍റെ ഫെയ്സ്ബുക്ക് അക്കൗണ്ട് ഒരു വെരിഫൈഡ് അക്കൗണ്ടാണ്. നിരവധി പേര്‍ പിന്തുടരുന്ന ഈ അക്കൗണ്ടില്‍നിന്നാണ് വ്യാജമായി നിര്‍മിച്ച കാര്‍ഡ് വ്യാപകമായി പങ്കുവെയ്ക്കപ്പെട്ടത്. എന്നാല്‍ താന്‍ പങ്കുവെയ്ക്കുന്നതിന് മുന്‍പുതന്നെ കാര്‍ഡ് പ്രചരിച്ചിരുന്നതായാണ് സി രവീന്ദ്രന്‍ അവകാശപ്പെടുന്നത്. പോസ്റ്റ് ഡിലീറ്റ് ചെയ്തശേഷം ഇത് വിശദീകരിച്ച് അദ്ദേഹം ഫെബ്രുവരി 14ന് ഒരു കുറിപ്പും നല്കിയിട്ടുണ്ട്.




ഇതോടെ പ്രചരിക്കുന്ന കാര്‍ഡ് വ്യാജമാണെന്ന് പൂര്‍ണമായും വ്യക്തമായി. ഫെബ്രുവരി പത്ത് മുതല്‍ ഇതേ കാര്‍ഡുകള്‍ വിവിധ അക്കൗണ്ടുകളില്‍നിന്ന് പ്രചരിച്ചതായി ന്യൂസ്മീറ്റര്‍ കണ്ടെത്തി.


Conclusion:

നേര് പറഞ്ഞിട്ട് പത്താണ്ട് എന്ന അടിക്കുറിപ്പോടെ മീഡിയവണ്‍ കാര്‍ഡ് നല്‍കിയിട്ടില്ലെന്ന് ന്യൂസ്മീറ്റര്‍ അന്വേഷണത്തില്‍ വ്യക്തമായി. ‘നേര് പറഞ്ഞ് പത്താണ്ട്’ എന്ന തലക്കെട്ടോടെ മീഡിയവണിന്‍റെ പത്താം വാര്‍ഷികത്തോടനുബന്ധിച്ച് ഫെബ്രുവരി 9ന് തയ്യാറാക്കിയ കാര്‍ഡാണ് എഡിറ്റ് ചെയ്ത് പ്രചരിപ്പിക്കുന്നതെന്ന് ന്യൂസ്മീറ്റര്‍ കണ്ടെത്തി.

Claim Review:MediaOne news card saying that the channel isn’t being truthful for last ten years
Claimed By:Social Media Users
Claim Reviewed By:NewsMeter
Claim Source:Facebook
Claim Fact Check:False
Next Story