‘കൗ ഹഗ് ഡേ’ വിവാദത്തില്‍ മന്ത്രി ചിഞ്ചുറാണിയും; പ്രൊഫൈല്‍ ചിത്രത്തിലെ വസ്തുതയറിയാം
സംസ്ഥാന ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി ഫെയ്സ്ബുക്ക് പ്രൊഫൈലില്‍ ചേര്‍ത്ത ചിത്രമാണ് വാലന്‍റൈന്‍സ് ഡേയില്‍ പശുക്കളെ ആലിംഗനം ചെയ്യാനുള്ള വിവാദ കേന്ദ്ര ആഹ്വാനത്തിന്‍റെ പശ്ചാത്തലത്തില്‍ ചര്‍ച്ചയായത്.
By - HABEEB RAHMAN YP | Published on 10 Feb 2023 5:52 PM GMTവാലന്‍റൈന്‍സ് ഡേയില്‍ പശുക്കളെ ആലിംഗനം ചെയ്യാനായി ‘കൗ ഹഗ് ഡേ’ ആചരിക്കാന്‍ കേന്ദ്ര മൃഗസംരക്ഷണ വകുപ്പ് ആഹ്വാനം ചെയ്തത് വലിയ വിവാദത്തിനും ചര്‍ച്ചകള്‍ക്കും വഴിവെച്ചിരുന്നു. വിവാദങ്ങളെത്തുടര്‍ന്ന് ഫെബ്രുവരി 10ന് വകുപ്പ് ഇത് പിന്‍വലിച്ച് ഉത്തരവിറക്കുകയും ചെയ്തു. എന്നാല്‍ ഈ പശ്ചാത്തലത്തില്‍ സംസ്ഥാന ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി തന്‍റെ ഫെയ്സ്ബുക്ക് പ്രൊഫൈലില്‍ ചേര്‍ത്ത ചിത്രം സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാവുകയാണ്. കേന്ദ്ര ആഹ്വാനത്തോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് മന്ത്രി ചിത്രം പങ്കുവെച്ചതെന്നാണ് വിമര്‍ശനം.
പ്രിയദര്‍ശിനി പായിപ്ര എന്ന ഫെയ്സ്ബുക്ക് അക്കൗണ്ടില്‍നിന്ന് പങ്കുവെച്ച കുറിപ്പില്‍ വിവാദ കേന്ദ്ര ആഹ്വാനത്തെ മന്ത്രി ചിഞ്ചുറാണി പിന്തുടരുന്നു എന്നാണ് ആരോപണം. നിരവധി ഫെയ്സ്ബുക്ക് അക്കൗണ്ടുകളില്‍നിന്ന് ഈ ചിത്രം സമാന അടിക്കുറിപ്പുകളോടെ പങ്കുവെയ്ക്കുന്നുണ്ട്.
Fact-check:
കേന്ദ്ര മൃഗസംരക്ഷണവകുപ്പിന്‍റെ വിവാദ ഉത്തരവിനെതിരെ വ്യാപക പരിഹാസമാണ് സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്. മന്ത്രി വി. ശിവന്‍കുട്ടി ഉള്‍പ്പെടെ പ്രമുഖര്‍ ഈ ആഹ്വാനത്തിനെതിരെ പരിഹാസവുമായി രംഗത്തുവന്നിരുന്നു. ഈ പശ്ചാത്തലത്തില്‍ മന്ത്രി ചിഞ്ചുറാണി ആഹ്വാനത്തോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് ചിത്രം പങ്കുവെയ്ക്കാന്‍ സാധ്യതയില്ലെന്ന അനുമാനമാണ് വസ്തുതാ പരിശോധനയ്ക്ക് പ്രേരിപ്പിച്ചത്.
വസ്തുതാ പരിശോധനയുടെ ആദ്യഘട്ടത്തില്‍ വിവാദ ആഹ്വാനം പരിശോധിച്ചു. ഫെബ്രുവരി ആറിനാണ് പ്രസിദ്ധീകരിച്ചതെങ്കിലും ഫെബ്രുവരി എട്ടിനാണ് ഇതുസംബന്ധിച്ച് മാധ്യമങ്ങളില്‍ വാര്‍ത്ത വന്നതെന്ന് വ്യക്തമായി. മിക്ക ദേശീയ-പ്രാദേശിക മാധ്യമങ്ങളും ഫെബ്രുവരി എട്ടിന് ഉച്ചകഴിഞ്ഞാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.
ദി ഹിന്ദു വൈകീട്ട് 6:53നും ഇന്ത്യാ ടുഡേ വൈകീട്ട് 4:54 നും ഡെക്കാന്‍ ഹെരാള്‍ഡ് രാത്രി 10:06നുമാണ് വാര്‍ത്ത നല്‍കിയത്.
മലയാളത്തില്‍ മാതൃഭൂമി ഉച്ചയ്ക്ക് 1:39നും മനോരമ ഉച്ചകഴിഞ്ഞ് 2:34നും ഏഷ്യാനെറ്റ് ന്യൂസ് ഉച്ചകഴിഞ്ഞ് 2:38നും മീഡിയവണ്‍ രാത്രി 9:54നുമാണ് ഓണ്‍ലൈനില്‍ വാര്‍ത്ത പ്രസിദ്ധീകരിച്ചത്.
തുടര്‍ന്ന് മന്ത്രി ജെ. ചിഞ്ചുറാണിയുടെ ഫെയ്സ്ബുക്ക് പ്രൊഫൈല്‍ പരിശോധിച്ചു. ഫെബ്രുവരി എട്ടിന് രാവിലെ 8:51നാണ് മന്ത്രി ചിത്രം ചേര്‍ത്തിരിക്കുന്നതെന്ന് കാണാം. ഇത് കേന്ദ്ര ആഹ്വാനത്തിന്‍റെ ഭാഗമായി ചേര്‍ത്ത ചിത്രമല്ലെന്നതിന്‍റെ വ്യക്തമായ സൂചനയായി.
തുടര്‍ന്ന് കീവേഡുകള്‍ ഉപയോഗിച്ച് ഫെയ്സ്ബുക്കില്‍ നടത്തിയ പരിശോധനയില്‍ ചിത്രവുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ ചിലര്‍ വിശദീകരണം പങ്കുവെച്ചതായി കണ്ടു.
സ്വതന്ത്ര മാധ്യമപ്രവര്‍ത്തകനായ ടി സി രാജേഷ് ഫെയ്സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ ഈ ചിത്രം മലയാള മനോരമ ഫോട്ടോഗ്രാഫര്‍ പകര്‍ത്തിയതാണെന്നും സംസ്ഥാന ബജറ്റുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ചതാണെന്നും വ്യക്തമാക്കുന്നു.
മന്ത്രി ചിഞ്ചുറാണിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സൂര്യയും ഇതേ കാര്യം ഫെയ്സ്ബുക്കില്‍ പങ്കുവെച്ചതായി കാണാം.
ഇത് സ്ഥിരീകരിക്കുന്നതിനായി കേരള ബജറ്റ് അവതരണത്തിന് പിറ്റേന്ന്, ഫെബ്രുവരി 4ന് പ്രസിദ്ധീകരിച്ച മലയാള മനോരമ പത്രം ശേഖരിച്ചു. പത്രത്തില്‍ ബജറ്റുമായി ബന്ധപ്പെട്ട് നല്‍കിയ പ്രത്യേക കവറേജില്‍ വിവിധ വകുപ്പ് മന്ത്രിമാരുടെ ചിത്രങ്ങള്‍ അനുയോജ്യമായ പശ്ചാത്തലം ക്രമീകരിച്ച് നല്‍കിയത് കാണാം. മനോരമ ഫോട്ടോഗ്രാഫര്‍ RS Gopan ആണ് ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്.
ഇതോടെ ചിത്രം ബജറ്റ് പ്രത്യേക കവറേജിനായി മലയാള മനോരമ ഫോട്ടോഗ്രാഫര്‍ RS Gopan എടുത്തതാണെന്നും ഇത് ഫെബ്രുവരി നാലിന് പത്രത്തില്‍ പ്രസിദ്ധീകരിച്ചതാണെന്നും വ്യക്തമായി. ഫെബ്രുവരി പത്ത് മുതല്‍ നടക്കുന്ന സംസ്ഥാനതല ക്ഷീരസംഗമത്തിന്‍റെ പോസ്റ്ററിലും ഈ ചിത്രം ചേര്‍ത്തതായി കാണാം. ക്ഷീരവികസന വകുപ്പിന്‍റെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജില്‍ ഈ പോസ്റ്റര്‍ പങ്കുവെച്ചിട്ടുണ്ട്.
ഇതോടെ ചിത്രം കേന്ദ്ര ആഹ്വാനത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് എടുത്തതല്ലെന്നും ഇതുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ വരുന്നതിന് മുന്‍പേ ചേര്‍ത്തതാണെന്നും വ്യക്തമായി.
Conclusion:
മന്ത്രി ജെ ചിഞ്ചുറാണി ഫെയ്സ്ബുക്ക് പ്രൊഫൈലില്‍ ചേര്‍ത്ത ചിത്രം കേന്ദ്ര മൃഗസംരക്ഷണവകുപ്പിന്‍റെ വിവാദ ആഹ്വാനത്തിന്‍റെ പശ്ചാത്തലത്തിലുള്ളതല്ലെന്ന് ന്യൂസ്മീറ്റര്‍ അന്വേഷണത്തില്‍ വ്യക്തമായി. ചിത്രം ചേര്‍ത്തതിന് ശേഷമാണ് വിവാദ ആഹ്വാനവുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ ദേശീയ-പ്രാദേശിക മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ചത്. ചിത്രം മലയാള മനോരമയുടെ സംസ്ഥാന ബജറ്റ് പ്രത്യേക കവറേജിനായി RS Gopan എടുത്തതാണെന്നും ഇത് ഫെബ്രുവരി നാലിന് മനോരമയില്‍ പ്രസിദ്ധീകരിച്ച ചിത്രമാണെന്നും വസ്തുതാ പരിശോധനയില്‍ കണ്ടെത്തി.