ഗവര്‍ണര്‍ക്ക് ക്രിസ്മസ് കോടി നല്‍കി മന്ത്രി മുഹമ്മദ് റിയാസ്: പ്രചരിക്കുന്ന ചിത്രത്തിന്റെ യാഥാര്‍ത്ഥ്യം
മന്ത്രി മുഹമ്മദ് റിയാസും ശിവന്‍കുട്ടിയും ചേര്‍ന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് പുടവ നല്കുന്ന ചിത്രമാണ് സര്‍ക്കാര്‍ - ഗവര്‍ണര്‍ പോരിന്റെ പശ്ചാത്തലത്തില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.
By - HABEEB RAHMAN YP | Published on 19 Dec 2023 11:55 PM ISTസര്‍ക്കാര്‍ - ഗവര്‍ണര്‍ പോര് രൂക്ഷമായിരിക്കുന്ന ഘട്ടത്തിലാണ് ക്രിസ്മസ് ആഘോഷിക്കാന്‍ ഏഴുലക്ഷം രൂപ അനുവദിച്ചതിന് പിന്നാലെ ഗവര്‍ണര്‍ക്ക് ക്രിസ്മസ് കോടി സമ്മാനിക്കുന്ന മന്ത്രി മുഹമ്മദ് റിയാസിന്റെ ചിത്രം എന്ന വിവരണത്തോടെ സമൂഹമാധ്യമങ്ങളില്‍ പ്രചരണം.
പശ്ചാത്തലം
സര്‍വകലാശാല നിയമനങ്ങളുമായും സെനറ്റ് അംഗങ്ങളുടെ നോമിനേഷനുമായും ബന്ധപ്പെട്ട് കേരള സര്‍ക്കാറും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും തമ്മില്‍ വലിയ അഭിപ്രായവ്യത്യാസങ്ങള്‍ക്കും വാക്പോരിനും സാഹചര്യമൊരുങ്ങിയിരുന്നു. കേരള സര്‍വകലാശാല സെനറ്റിലേക്ക് ഗവര്‍ണര്‍ ചിലരെ ശിപാര്‍ശ ചെയ്ത നടപടി ഹൈക്കോടതി സ്റ്റേ ചെയ്തതോടെ SFI ഉള്‍പ്പെടെ വിദ്യാര്‍ത്ഥിസംഘടനകള്‍ ഗവര്‍ണറുടെ ഏകപക്ഷീയ നടപടിക്കെതിരെ പ്രകടമായ പ്രതിഷേധങ്ങള്‍ ആരംഭിച്ചു. കേരളത്തിലെ സര്‍വകലാശാലകളില്‍ കാലുകുത്താന്‍ ചാന്‍സലര്‍കൂടിയായ ഗവര്‍ണറെ അനുവദിക്കില്ലെന്ന് SFI പ്രഖ്യാപിച്ചതിന് പിന്നാലെയാണ് സ്വകാര്യ വിവാഹചടങ്ങില്‍ പങ്കെടുക്കാന്‍ കോഴിക്കോടെത്തിയ ഗവര്‍ണര്‍ കാലിക്കറ്റ് സര്‍വകലാശാല ഗസ്റ്റ് ഹൗസില്‍ മൂന്ന് ദിവസം താമസിക്കുന്നത്. ഇതോടെ SFI കാംപസില്‍ ഗവര്‍ണര്‍ക്കെതിരെ ബാനറുകള്‍ ഉയര്‍ത്തുകയും പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുകയും ചെയ്തു. മാധ്യമങ്ങള്‍ക്കുമുന്നിലെത്തി സര്‍ക്കാറിനെയും മുഖ്യമന്ത്രിയെയും ഗവര്‍ണര്‍ രൂക്ഷമായി വിമര്‍ശിച്ചതോടെ സര്‍ക്കാര്‍ - ഗവര്‍ണര്‍ പോര് കൂടുതല്‍ സങ്കീര്‍ണമായി.
Fact-check:
ഓണാഘോഷത്തിന്റെ ഭാഗമായി കേരളസര്‍ക്കാര്‍ ഗവര്‍ണര്‍ക്ക് ഓണക്കോടി സമ്മാനിക്കുന്ന ചിത്രമാണ് ക്രിസ്മസ്കോടി എന്ന അടിക്കുറിപ്പോടെ പ്രചരിക്കുന്നത്. നവകേരള സദസ്സ് നടന്നുകൊണ്ടിരിക്കെ മന്ത്രിമാരാരും തിരുവനന്തപുരത്ത് ഇല്ലെന്നത് പ്രചരിക്കുന്ന ചിത്രം മറ്റേതെങ്കിലും സാഹചര്യത്തിലേതാകാമെന്നതിന്റെ ആദ്യസൂചനയായി. ഇന്ന് (19/12/2023) കൊല്ലം ജില്ലയിലായിരുന്നു നവകേരളസദസ്സിന്റെ പര്യടനം. കൂടാതെ ചിത്രത്തിലുള്ളത് ഓണക്കോടിയായി നല്കുന്ന പുടവയാണ്. ക്രിസ്മസിന് ഇത്തരമൊരു പതിവില്ലാത്തതിനാല്‍ ഓണവുമായി ബന്ധപ്പെട്ട് ഏതാനും കീവേഡുകള്‍ ഉപയോഗിച്ച് പരിശോധിച്ചു.
ഇതോടെ മലയാള മനോരമ ഓണ്‍ലൈനില്‍ 2023 ഓഗസ്റ്റ് 19ന് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് ലഭ്യമായി. റിപ്പോര്‍ട്ടില്‍ ഈ ചിത്രവും നല്കിയിട്ടുണ്ട്.
ഓണാഘോഷപരിപാടിയുടെ സമാപനത്തോടനുബന്ധിച്ച് ഘോഷയാത്ര ഫ്ലാഗ് ഓഫ് ചെയ്യാന്‍ ഗവര്‍ണറെ നേരിട്ട് ക്ഷണിക്കാന്‍ ഓഗസ്റ്റ് 18ന് ഉച്ചയോടെ രാജ്ഭവനിലെത്തിയ മന്ത്രിമാരായ മുഹമ്മദ് റിയാസും ശിവന്‍കുട്ടിയുമാണ് ഓണക്കോടി സമ്മാനമായി നല്കിയതെന്ന് മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു. മാതൃഭൂമിയും ചിത്രസഹിതം ഈ വാര്‍ത്ത നല്കിയിട്ടുണ്ട്. മനോരമ ന്യൂസിന്റെ യൂട്യൂബ് ചാനലിലും ഈ ചിത്രങ്ങള്‍ ഉള്‍പ്പെടെ നല്കിയ വീഡിയോ വാര്‍ത്ത കാണാം. ഓണാഘോഷത്തോടനുബന്ധിച്ച് നടത്തിയ ഘോഷയാത്ര ഗവര്‍ണര്‍ ഫ്ലാഗ് ഓഫ് ചെയ്തതുമായി ബന്ധപ്പെട്ട വാര്‍ത്തകളും ലഭ്യമാണ്.
ഇതോടെ പ്രചരിക്കുന്ന ചിത്രത്തിന് നിലവിലെ സാഹചര്യവുമായി യാതൊരു ബന്ധവുമില്ലെന്നും ചിത്രം നാല് മാസത്തിലധികം പഴയതാണെന്നും വ്യക്തമായി.
തുടര്‍ന്ന് പോസ്റ്റില്‍ പറയുന്ന ഏഴുലക്ഷം രൂപയെക്കുറിച്ചുള്ള പരാമര്‍ശവും പരിശോധിച്ചു. ക്രിസ്മസ് ആഘോഷത്തിന് മുഖ്യമന്ത്രി ഏഴുലക്ഷം രൂപ നല്കിയെന്നാണ് അവകാശവാദം. ക്രിസ്മസ്, ഗവര്‍ണര്‍ തുടങ്ങിയ കീവേഡുകള്‍ ഉപയോഗിച്ച് പരിശോധിച്ചതോടെ 2023 ഡിസംബര്‍ 10ന് രാജ്ഭവന്‍ ക്രിസ്മസ് ആഘോഷം നടത്തിയിരുന്നതായും ഇതിന്റെ ചെലവിലേക്ക് ഏഴുലക്ഷം രൂപ സംസ്ഥാനസര്‍ക്കാര്‍ ഡിസംബര്‍ 8ന് തന്നെ അനുവദിച്ചിരുന്നതായും മാധ്യമ റിപ്പോര്‍ട്ടുകള്‍ ലഭ്യമായി.
എന്നാല്‍ നവകേരളസദസ്സ് നടക്കുന്നതിനാല്‍ മുഖ്യമന്ത്രിയോ മന്ത്രിമാരോ വിരുന്നില്‍ പങ്കെടുത്തിരുന്നില്ല. പണം അനുവദിക്കുന്നത് ഭരണസംവിധാനത്തിന്റെ ഭാഗമായി വരുന്ന സാങ്കേതിക രീതി മാത്രമാണെന്ന് അനുമാനിക്കാം. കൂടാതെ, സര്‍ക്കാര്‍ - ഗവര്‍ണര്‍ പോര് കുടുതല്‍ രൂക്ഷമാകുന്നതിന് മുന്‍പായിരുന്നു വിരുന്നെന്നും വ്യക്തമാണ്.
Conclusion:
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ സര്‍ക്കാരും വിദ്യാര്‍ത്ഥിസംഘടനയായ SFI യും പ്രതിഷേധം ശക്തമാക്കിയ സാഹചര്യത്തില്‍ ഗവര്‍ണര്‍ക്ക് മന്ത്രി മുഹമ്മദ് റിയാസ് ക്രിസ്മസ് കോടി സമ്മാനിക്കുന്നുവെന്ന വിവരണത്തോടെ പ്രചരിക്കുന്ന ചിത്രം പഴയതാണ്. ഓണാഘോഷവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ പരിപാടിയിലേക്ക് ഗവര്‍ണറെ ക്ഷണിക്കാനെത്തിയ മന്ത്രിമാര്‍ ഓണക്കോടി നല്കുന്ന ചിത്രമാണ് തെറ്റായ വിവരണത്തോടെ പ്രചരിപ്പിക്കുന്നതെന്ന് ന്യൂസ്മീറ്റര്‍ അന്വേഷണത്തില്‍ വ്യക്തമായി. അതേസമയം, ഗവര്‍ണര്‍ ഡിസംബര്‍ 10ന് രാജ്ഭവനിലൊരുക്കിയ ക്രിസ്മസ് വിരുന്നിന് സര്‍ക്കാര്‍ ഏഴുലക്ഷം രൂപ നേരത്തെ അനുവദിച്ചിരുന്നു.