വിദ്യാര്‍ത്ഥികള്‍ സ്കൂളില്‍നിന്ന് വെള്ളിയാഴ്ചകളില്‍ മതപരമായ ചടങ്ങുകള്‍ക്കായി പുറത്തുപോകുന്നത് കര്‍ശനമായി നിരോധിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞതായി സമൂഹമാധ്യമങ്ങളില്‍ പ്രചാരണം. മന്ത്രിയുടെ ചിത്രമടങ്ങുന്ന കാര്‍ഡില്‍ എഴുതിത്തയ്യാറാക്കിയ സന്ദേശമാണ് പ്രചരിക്കുന്നത്.
Fact-check:
പ്രചാരണം അടിസ്ഥാനരഹിതമാണെന്നും മന്ത്രി ശിവന്‍കുട്ടി ഇത്തരമൊരു പ്രസ്താവന നടത്തിയിട്ടില്ലെന്നും അന്വേഷണത്തില്‍ കണ്ടെത്തി.
പ്രചരിക്കുന്ന ചിത്രം ഒരു വാര്‍ത്താകാര്‍ഡ് രൂപത്തിലാണെങ്കിലും ഏതെങ്കിലും വാര്‍ത്താമാധ്യമത്തിന്റെ ലോഗോയോ വിവരങ്ങളോ മറ്റോ ഇതില്‍ കാണാനായില്ല. മാത്രവുമല്ല, ഇത്തരമൊരു പ്രസ്താവന നടത്തിയാല്‍ അത് വലിയ വാര്‍ത്തയാകേണ്ടതാണ്. ഈ സാഹചര്യത്തില്‍ കീവേഡുകള്‍ ഉപയോഗിച്ച് നടത്തിയ പരിശോധനയില്‍ മന്ത്രി ന്യൂസ് 18 കേരളം ചാനലിന് നല്‍കിയ ഒരു അഭിമുഖം കണ്ടെത്തി. “സ്‌കൂളിൽ നിന്ന് മതം ഔട്ട്? വിപ്ലവകരമായ നീക്കവുമായി സർക്കാർ” എന്ന തലക്കെട്ടില്‍ 2025 ജൂലൈ 3 നാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
സര്‍ക്കാര്‍ സ്കൂളുകളില്‍ മതാചാരപ്രകാരം നടത്തുന്ന ചടങ്ങുകളില്‍ മാറ്റം കൊണ്ടുവരുന്നതിനെക്കുറിച്ച് സര്‍ക്കാര്‍ ഗൗരവമായി ആലോചിക്കുന്നുവെന്നാണ് മന്ത്രി പറയുന്നത്. ഈശ്വരപ്രാര്‍ത്ഥനയടക്കം കാര്യങ്ങളെല്ലാം ഏതെങ്കിലും പ്രത്യേക മതസ്ഥര്‍ക്ക് താല്പര്യമുള്ളതോ ഇല്ലാത്തതോ ആയ തരത്തില്‍ ഉള്‍പ്പെടുത്തുന്നത് ശരിയല്ലെന്ന അഭിപ്രായമാണ് മന്ത്രി പങ്കുവെച്ചത്. അഭിമുഖം പൂര്‍ണമായി പരിശോധിച്ചതോടെ ഇതില്‍ സ്കൂളിനകത്തെ കാര്യം മാത്രമാണ് മന്ത്രി പറയുന്നതെന്നും ഏതെങ്കിലും പ്രത്യേക മതവിഭാഗത്തെക്കുറിച്ച് പ്രത്യേകം പരാമര്‍ശിക്കുന്നില്ലെന്നും കണ്ടെത്തി.
ഇതോടെ പ്രചാരണം അടിസ്ഥാനരഹിതമാണെന്ന സൂചന ലഭിച്ചു. തുടര്‍ന്ന് മന്ത്രി വി ശിവന്‍കുട്ടിയുടെ ഫെയ്സ്ബുക്ക് പേജ് പരിശോധിച്ചു. ഇതോടെ പ്രചാരണം വ്യാജമാണെന്ന് മന്ത്രിതന്നെ സ്ഥിരീകരിച്ചതായി അദ്ദേഹത്തിന്റെ ഫെയ്സ്ബുക്ക് കുറിപ്പില്‍ കണ്ടെത്തി.
സ്ഥിരീകരണത്തിനായി മന്ത്രിയുടെ ഓഫീസില്‍ ബന്ധപ്പെട്ടു. പ്രചാരണം അടിസ്ഥാനരഹിതമാണെന്നും വ്യാജപ്രചാരണത്തിനെതിരെ ഡിജിപിയ്ക്ക് പരാതി നല്‍കുമെന്നും മന്ത്രിയുടെ ഓഫീസ് അറിയിച്ചു.
Conclusion:
സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ വെള്ളിയാഴ്ചകളില്‍ മതപരമായ ചടങ്ങുകള്‍ക്ക് സ്കൂളിന് പുറത്തുപോകരുതെന്ന് മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞതായി നടക്കുന്ന പ്രചാരണം വസ്തുതാവിരുദ്ധമാണ്. മന്ത്രി ഇങ്ങനെ പറഞ്ഞിട്ടില്ലെന്നും സ്കൂളില്‍ മതപരമായ ചടങ്ങുകള്‍ ഒഴിവാക്കുന്നതിനെക്കുറിച്ചാണ് മന്ത്രി സംസാരിച്ചതെന്നും മന്ത്രിയുെടെ ഓഫീസ് സ്ഥിരീകരിച്ചു. വ്യാജപ്രചാരണത്തിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും മന്ത്രിയുടെ ഓഫീസ് അറിയിച്ചു.
Update:
വ്യാജപ്രചാരണത്തിനെതിരെ ഡിജിപിയ്ക്ക് പരാതി നല്‍കിയതായി മന്ത്രി വി ശിവന്‍കുട്ടി ഫെയ്സ്ബുക്ക് കുറിപ്പില്‍ അറിയിച്ചു.