വാഹനാപകടത്തിന് ശേഷം മന്ത്രി ശിവന്‍കുട്ടിയുടെ കാര്‍ നിര്‍ത്താതെ പോയോ? വാസ്തവമറിയാം
കഴിഞ്ഞ ദിവസം കൊട്ടാരക്കരയിലുണ്ടായ അപകടത്തില്‍ മന്ത്രി ശിവന്‍കുട്ടിയുടെ പൈലറ്റ് വാഹനം ആംബുലന്‍സില്‍ ഇടിക്കുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങളില്‍ മന്ത്രിയുടെ കാര്‍ പൈലറ്റ് വാഹനത്തെ മറികടന്ന് മുന്നോട്ട് പോകുന്നതായി കാണാം.
By - HABEEB RAHMAN YP | Published on 13 July 2023 11:06 PM ISTകൊട്ടാരക്കരയില്‍ മന്ത്രി വി. ശിവന്‍കുട്ടിയുടെ പൈലറ്റ് വാഹനം ആംബുലന്‍സില്‍ ഇടിച്ചുണ്ടായ അപകടത്തിന് ശേഷം മന്ത്രി വാഹനം നിര്‍ത്താതെ പോയെന്ന് സമൂഹമാധ്യമങ്ങളില്‍ പ്രചരണം. അപകടസ്ഥലത്തെ സിസിടിവി ദൃശ്യങ്ങള്‍ സഹിതമാണ് പ്രചരണം. ദൃശ്യങ്ങളില്‍ മന്ത്രിയുടെ വാഹനം അപകടത്തിന് ശേഷം പൈലറ്റ് വാഹനത്തെ മറികടന്ന് മുന്നോട്ട് പോകുന്നതും കാണാം.
മനസാക്ഷിയില്ലാതെയാണ് മന്ത്രി പ്രവര്‍ത്തിച്ചതെന്ന് ആരോപണവുമായി Suresh PO എന്ന ഫെയ്സ്ബുക്ക് പ്രൊഫൈലില്‍നിന്ന് ഈ ദൃശ്യങ്ങള്‍ പങ്കുവെച്ചിട്ടുണ്ട്.
മന്ത്രിയുടെത് തെറ്റായ സമീപനമാണെന്ന രൂക്ഷ വിമര്‍ശനത്തോടെ വിവിധ കോണ്‍ഗ്രസ് പ്രൊഫൈലുകളില്‍നിന്നും ദൃശ്യങ്ങള്‍ പങ്കുവെച്ചിട്ടുണ്ട്.
Fact-check:
വസ്തുതാ പരിശോധനയുടെ ആദ്യഘട്ടത്തില്‍ പ്രസ്തുത അപകടത്തെക്കുറിച്ചുള്ള മാധ്യമറിപ്പോര്‍ട്ടുകള്‍ പരിശോധിച്ചു. 2023 ജൂലൈ 12 ന് എംസി റോഡിൽ പുലമണിലാണ് അപകടമുണ്ടായത്. കോട്ടയത്തുനിന്നും തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന മന്ത്രിയുടെ വാഹനത്തിന് പൈലറ്റ് പോയ പൊലീസ് വാഹനമാണ് ആംബുലന്‍സില്‍ ഇടിച്ചത്. ആംബുലന്‍സ് മറിഞ്ഞെങ്കിലും അപകടത്തില്‍ ആര്‍ക്കും സാരമായ പരിക്കില്ലെന്ന് മലയാള മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു.
പങ്കുവെച്ച പോസ്റ്റുകളിലെ സിസിടിവി ദൃശ്യങ്ങളില്‍ മന്ത്രിയുടെ വാഹനം അപകടത്തില്‍പെട്ട പൈലറ്റ് വാഹനത്തെ മറികടന്ന് പോകുന്നത് കാണാം.
വിഷയം ചര്‍ച്ചയായതിന് പിന്നാലെ മന്ത്രി ഇക്കാര്യത്തില്‍ എന്തെങ്കിലും വിശദീകരണം നല്കിയോ എന്നറിയാനായി മന്ത്രിയുടെ ഫെയ്സ്ബുക്ക് പേജ് പരിശോധിച്ചു.
അപകടവിവരം മന്ത്രി തന്നെ ഫെയ്സ്ബുക്കില്‍ പങ്കുവെച്ചതായി കണ്ടു. കൂടെ ഏഷ്യാനെറ്റ് ന്യൂസിന്‍റെ ഒരു വാര്‍ത്തയുടെ ക്ലിപ്പും ചേര്‍ത്തിട്ടുണ്ട്. വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത ഏഷ്യാനെറ്റ് ന്യൂസ് കൊല്ലം റിപ്പോര്‍ട്ടര്‍, മന്ത്രി അപകടത്തിന് ശേഷം വാഹനം നിര്‍ത്തിയതായും സ്ഥിതിഗതികള്‍ വിലയിരുത്തിയതായും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. പത്ത് മിനുറ്റോളം അവിടെ അദ്ദേഹം ചെലവിട്ടെന്നാണ് റിപ്പോര്‍ട്ടിലുള്ളത്.
മന്ത്രിയുടെ ഓഫീസില്‍ ബന്ധപ്പെട്ടപ്പോഴും അപകടശേഷം വാഹനം നിര്‍ത്താതെ പോയി എന്ന ആരോപണം വസ്തുതാവിരുദ്ധമാണെന്ന് അറിയിച്ചു. അപകടത്തെത്തുടര്‍ന്ന് വാഹനം മുന്നോട്ട് നിര്‍ത്തിയശേഷം പുറത്തിറങ്ങി അപകടാവസ്ഥ നിരീക്ഷിക്കുകയും ഉദ്യോഗസ്ഥര്‍ക്ക് ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്ത ശേഷമാണ് മന്ത്രി യാത്രതുടര്‍ന്നതെന്ന് ഓഫീസ് അറിയിച്ചു.
കൂടുതല്‍ വ്യക്തതയ്ക്കായി വിവിധ ചാനലുകള്‍ ഇതുമായി ബന്ധപ്പെട്ട് നല്‍കിയ വാര്‍ത്തകള്‍ പരിശോധിച്ചു. മിഡിയവണ്‍ യൂട്യൂബ് ചാനലില്‍ നല്കിയ റിപ്പോര്‍ട്ടില്‍ മറ്റൊരു ആംഗിളില്‍നിന്നുള്ള സിസിടിവി ദൃശ്യങ്ങള്‍ കാണാം.
മന്ത്രി വാഹനം നിര്‍ത്തി നിര്‍ദേശങ്ങള്‍ നല്‍കി മടങ്ങി എന്ന അടിക്കുറിപ്പോടെ പങ്കുവെച്ച വീഡിയോയില്‍ മന്ത്രിയുടെ വാഹനത്തിന്‍റെ പിന്‍ഭാഗത്തുനിന്നുള്ള ദൃശ്യങ്ങള്‍ കാണാം. നേരത്തെ പ്രചരിച്ച ദൃശ്യങ്ങള്‍ മന്ത്രിയുടെ വാഹനത്തിന് പോകേണ്ട റോഡിലെ ക്യാമറയിലേതാണെന്നും ആ ക്യാമറ പിന്നിട്ട് വാഹനം മുന്നോട്ട് നിര്‍ത്തിയതാണെന്നും വ്യക്തം.
ഇതോടെ വാഹനം നിര്‍ത്താതെ പോയി എന്ന അവകാശവാദം തെറ്റാണെന്ന് വ്യക്തമായി.
തുടര്‍ന്ന് ദൃശ്യങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിച്ചു. വാഹനം നിര്‍ത്തിയ ശേഷം മന്ത്രി വാഹനത്തില്‍നിന്നിറങ്ങുന്നതും അല്‍പദൂരം പിന്നോട്ട് വരുന്നതും കാണാം. തുടര്‍ന്ന് കൂടെയുള്ള ഉദ്യോഗസ്ഥരോട് കാര്യങ്ങള്‍ സംസാരിച്ച ശേഷം തിരിച്ച് വാഹനത്തില്‍ കയറി പോകുന്നതും ഈ ദൃശ്യങ്ങളില്‍ വ്യക്തം. ഒരുമിനിറ്റില്‍ താഴെ സമയം മാത്രമാണ് മന്ത്രി അപകടസ്ഥലത്ത് തുടര്‍ന്നതെന്ന് സിസിടിവിയിലെ സമയത്തില്‍നിന്നും മനസ്സിലാക്കാം.
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി രാഹുല്‍ മാങ്കൂട്ടത്തില്‍ ഇതേ ദൃശ്യങ്ങള്‍ ഫെയ്സ്ബുക്ക് പേജില്‍ പങ്കുവെച്ചതായി കണ്ടു. മന്ത്രി അപകടത്തില്‍ പെട്ടവരുടെ അടുത്ത് വരാന്‍ പോലും തയ്യാറായില്ലെന്ന് ദൃശ്യങ്ങളില്‍ വ്യക്തമാണെന്ന് അദ്ദേഹം ആരോപിക്കുന്നു.
Conclusion:
മന്ത്രി വി. ശിവന്‍കുട്ടിയുടെ പൈലറ്റ് വാഹനം ആംബുലന്‍സില്‍ ഇടിച്ചുണ്ടായ അപകടത്തിനു പിന്നാലെ മന്ത്രി കാര്‍ നിര്‍ത്താതെ പോയി എന്ന പ്രചരണം തെറ്റാണെന്ന് ന്യൂസ്മീറ്റര്‍ അന്വേഷണത്തില്‍ വ്യക്തമായി. എന്നാല്‍ വാഹനത്തില്‍നിന്ന് പുറത്തിറങ്ങിയ മന്ത്രി ഒരു മിനുറ്റോളം സമയം മാത്രമാണ് അവിടെ ചെലവഴിച്ചത്. ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശങ്ങള്‍ നല്കിയശേഷം അദ്ദേഹം യാത്ര തുടരുകയായിരുന്നു.