കാസര്‍കോട്ട് മുസ്ലീം വിദ്യാര്‍ഥിനികളെ ഓണാഘോഷത്തില്‍നിന്ന് വിലക്കിയെന്ന് വ്യാജപ്രചരണം
യൂനിഫോം ധരിക്കാതെ സ്കൂളിലെത്തിയ വിദ്യാര്‍ഥിനികളെ പിടിഎ അംഗങ്ങള്‍ ഉള്‍പ്പെടെ ഇടപെട്ട് തിരിച്ചയക്കുകയാണ് ചെയ്തതെന്നും പ്രസ്തുത വിഷയത്തില്‍ സാമുദായികമോ മതപരമോ ആയി യാതൊന്നുമില്ലെന്നും അധികൃതര്‍ വ്യക്തമാക്കി. സംഭവത്തില്‍ സാമുദായിക വിദ്വേഷം പരത്തുന്ന സന്ദേശം പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ജില്ലാ പൊലീസ് മേധാവി ന്യൂസ്മീറ്ററിനോട് പ്രതികരിച്ചു.
By HABEEB RAHMAN YP Published on 7 Sept 2022 8:49 AM ISTകാസര്‍കോട് സ്കൂളില്‍ മുസ്ലിം വിദ്യാര്‍ഥിനികളെ ഓണാഘോഷത്തില്‍ പങ്കെടുക്കുന്നതില്‍നിന്ന് വിലക്കിയെന്ന് വ്യാജപ്രചരണം. മുസ്ലിം കുട്ടികള്‍ ഓണം ആഘോഷിക്കാന്‍ പാടില്ലെന്നും അത് നിഷിദ്ധമാണെന്നും പറഞ്ഞ് സ്കൂളില്‍നിന്ന് ഇറക്കിവിട്ടെന്നാണ് പ്രചരിക്കുന്ന വാര്‍ത്ത. ഒരുകൂട്ടം പെണ്‍കുട്ടികള്‍ നടന്നുനീങ്ങുന്ന വീഡിയോ ആണ് ഇതോടൊപ്പം പങ്കുവെച്ചിരിക്കുന്നത്. "നാളെ മംഗലം കഴിച്ച് പോവേണ്ടതല്ലേ, ഒരു മടിയുമില്ലാത്ത, ലജ്ജയില്ലാത്ത പെണ്ണുങ്ങള്‍" എന്നീ രണ്ട് വാക്യങ്ങളും വീഡിയോയ്ക്ക് കൂടെയുള്ള ഓഡിയോയില്‍ കേള്‍ക്കാം. എന്നാല്‍ ഓണാഘോഷവുമായി ബന്ധപ്പെട്ടാണ് സംഭവമെന്ന് പ്രത്യക്ഷത്തില്‍ വ്യക്തമാക്കുന്ന യാതൊന്നും വീഡിയോയിലില്ല. @Jian6602 എന്ന ട്വിറ്റര്‍ അക്കൗണ്ടില്‍ പങ്കുവെച്ച വീഡിയോ ആണ് വാര്‍ത്തയില്‍ നല്‍കിയിരിക്കുന്നതെന്ന് അന്വേഷണത്തില്‍ വ്യക്തമായി. "ഓണാഘോഷം നിഷിദ്ധമാണെന്ന് പറഞ്ഞ് കേരളത്തില്‍ ജിഹാദികള്‍ ഗവണ്‍മെന്‍റ് സ്കൂളിലെ വിദ്യാര്‍ഥികളുടെ ഓണാഘോഷം തടഞ്ഞു" എന്ന അടിക്കുറിപ്പോടെയാണ് ട്വിറ്ററില്‍ വീഡിയോ പ്രചരിക്കുന്നത്.
ഈ വീഡിയോയ്ക്കൊപ്പം മലപ്പുറം ജില്ലയിലെ വണ്ടൂര്‍ ഗവ. ഗേള്‍സ് ഹയര്‍സെക്കന്‍ററി സ്കൂളിലെ വിദ്യാര്‍ഥിനികളുടെ ഓണാഘോഷത്തിന്‍റെ വീഡിയോകൂടി ചേര്‍ത്ത് സാമുദായിക സ്പര്‍ധയും മതവിദ്വേഷവും ജനിപ്പിക്കുന്ന അടിക്കുറിപ്പും ഉള്ളടക്കവും ഉള്‍പ്പെടെയാണ് Malayalam NEWJ എന്ന ഫെയ്സ്ബുക്ക് പേജില്‍ ഇത് വാര്‍ത്തയായി നല്‍കിയിരിക്കുന്നത്. 'ഓണാഘോഷത്തിനെത്തിയ മുസ്ലിം കുട്ടികളെ ഓടിച്ച് നാട്ടുകാര്‍' എന്നാണ് നല്‍കിയിരിക്കുന്ന തലക്കെട്ട്.
B4blaze Videos എന്ന ഫെയ്സ്ബുക്ക് പേജില്‍ വീഡിയോ നല്‍കിയിരിക്കുന്നത് 'മുസ്ലിം കുട്ടികളുടെ ഓണാഘോഷത്തിന് വിലക്കുമായി സ്കൂള്‍' എന്ന തലക്കെട്ടോടെയാണ്.
ഇത് കൂടാതെ നിരവധി പേര്‍ സ്വന്തം നിലയ്ക്ക് അടിക്കുറിപ്പുകള്‍ ചേര്‍ത്ത് ഇതേ വീഡിയോ പങ്കുവെച്ചതായും കണ്ടെത്തി. ഇതില്‍ പലതും സാമുദായിക സ്പര്‍ധയും മതവിദ്വേഷവും ജനിപ്പിക്കുന്ന തരത്തിലുള്ളതാണ്.
Fact check:
പങ്കുവെച്ച വീഡിയോയുടെ അടിക്കുറിപ്പുകളിലെ വൈരുദ്ധ്യം, വളരെക്കുറഞ്ഞ സമയദൈര്‍ഘ്യത്തില്‍ വ്യക്തമാകാത്ത പശ്ചാത്തലം തുടങ്ങിയ ഘടകങ്ങള്‍ പ്രഥമദൃഷ്ട്യാ സംശയമുളവാക്കി. കൂടാതെ, ട്വിറ്ററില്‍ പങ്കുവെച്ച വീഡിയോയില്‍ പള്ളിക്കര സ്കൂള്‍ എന്ന് എഴുതിയതായും എന്നാല്‍ ഫെയ്സ്ബുക്കില്‍ പങ്കുവെച്ച വീഡീയോകളില്‍ കാസര്‍കോട് ഗവണ്‍മെന്‍റ് ഹയര്‍സെക്കന്‍ററി സ്കൂള്‍ എന്ന് പ്രതിപാദിക്കുന്നതായും കണ്ടു. റിവേഴ്സ് ഇമേജ് സെര്‍ച്ചില്‍ സാങ്കേതിക പരിമിതിമൂലം വിശദാംശങ്ങള്‍ ശേഖരിക്കാവാത്തതിനെ തുടര്‍ന്ന് പോസ്റ്റുകളില്‍ പ്രതിപാദിച്ച രണ്ട് സ്കൂള്‍ പരിധികളിലെ പൊലീസ് സ്റ്റേഷനുകളില്‍ ബന്ധപ്പെട്ടു.
കാസര്‍കോട് ടൗണ്‍ പൊലീസ് സ്റ്റേഷനിലെ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ പി. അജിത് കുമാറുമായി സംസാരിച്ചു. കാസര്‍കോട് ഗവ. ഹയര്‍സെക്കന്‍ററി സ്കൂളുമായി ബന്ധപ്പെട്ട് ഇത്തരത്തില്‍ പരാതികള്‍ ഒന്നുംതന്നെ ലഭിച്ചിട്ടില്ലെന്ന് അദ്ദേഹം ന്യൂസ്മീറ്ററിനോട് സ്ഥിരീകരിച്ചു.
പള്ളിക്കര സ്കൂള്‍ പരിധിയിലെ ബേക്കല്‍ പൊലീസ് സ്റ്റേഷനിലെ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ യു.പി. വിപിനെ ന്യൂസ്മീറ്റര്‍ ബന്ധപ്പെട്ടു. വീഡിയോ ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും എന്നാല്‍ സ്കൂളുമായി ബന്ധപ്പെട്ട് ഇത്തരം പരാതികള്‍ ഒന്നും ലഭിച്ചിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ജില്ലാ പൊലീസ് മേധാവി നേരിട്ട് അന്വേഷണം നടത്തുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു.
തുടര്‍ന്ന് കാസര്‍കോട് ജില്ലാ പൊലീസിന്‍റെ ഫെയ്സ്ബുക്ക് പേജ് പരിശോധിച്ചു. പ്രചരിക്കുന്ന സന്ദേശം വ്യാജമാണെന്നും മതവിദ്വേഷം പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും അറിയിച്ചുകൊണ്ട് പങ്കുവെച്ച പോസ്റ്റ് കാണാനായി.
സംഭവത്തില്‍ കൂടുതല്‍ വ്യക്തതയ്ക്കായി കാസര്‍കോട് ജില്ലാ പൊലീസ് മേധാവി ഡോ. വൈഭവ് സക്സേനയെ ന്യൂസ്മീറ്റര്‍ ഫോണില്‍ ബന്ധപ്പെട്ടു. സ്കൂളില്‍ യൂനിഫോം ധരിക്കാതെ എത്തിയ വിദ്യാര്‍ഥികളെ തിരിച്ചയച്ച സംഭവത്തെയാണ് മതവിദ്വേഷം പടര്‍ത്തുന്ന രീതിയില്‍ പ്രചരിപ്പിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. അദ്ദേഹവുമായി നടത്തിയ സംഭാഷണത്തിലെ പ്രസക്തഭാഗങ്ങള്‍ ചുവടെ:
"സ്കൂളിലെ ഓണാഘോഷ പരിപാടിയ്ക്ക് യൂനിഫോം ധരിക്കാതെ എത്തിയ വിദ്യാര്‍ഥികളെ അധ്യാപകരും പിടിഎ അംഗങ്ങളും ചേര്‍ന്ന് തിരിച്ചയച്ചു. ഇതിന് സാമുദായിക ഛായ നല്‍കി മതവിദ്വേഷം ജനിപ്പിക്കുന്ന രീതിയില്‍ പ്രചരിപ്പിക്കുന്നവരുടെ ലക്ഷ്യം വേറെയാണ്. സ്കൂളിലെ സംഭവത്തിന് മതവുമായി യാതൊരു ബന്ധവുമില്ല. വസ്തുതാ വിരുദ്ധമായ പ്രചരണം നടത്തുന്നവര്‍ക്കെതിരെ ഇതിനകം അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും."
പ്രസ്തുത വിഷയം ജില്ലാ ഭരണകൂടത്തിന്‍റെ ശ്രദ്ധയില്‍ പെടുത്തിയതായും പൊലീസ് മേധാവി അറിയിച്ചു. ജില്ലാ കലക്ടറുടെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജില്‍നിന്ന് ഇതുസംബന്ധിച്ച് പങ്കുവെച്ച പോസ്റ്റും ലഭിക്കുകയുണ്ടായി.
സ്കൂളില്‍ നടന്ന സംഭവങ്ങളുടെ ഔദ്യോഗിക സ്ഥിരീകരണത്തിനായി കാസര്‍കോട് ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ ശ്രീമതി കെ.വി. പുഷ്പയെ ഫോണില്‍ ബന്ധപ്പെട്ടു. സംഭാഷണത്തിലെ പ്രസക്തഭാഗങ്ങള്‍:
"സെപ്തംബര്‍ രണ്ടിന് പള്ളിക്കര ഗവ. ഹയര്‍സെക്കന്‍ററി സ്കൂളില്‍ ഓണാഘോഷമായിരുന്നു. പരിപാടിയ്ക്ക് യൂനിഫോം ധരിക്കണമെന്ന് അധ്യാപകരും പിടിഎ യും ചേര്‍ന്ന് തീരുമാനം എടുത്തിരുന്നു. ഇത് പാലിക്കാതെ സ്കൂളിലെത്തിയ ഏതാനും വിദ്യാര്‍ഥികളെ തിരിച്ചയക്കുക മാത്രമാണ് സ്കൂള്‍ അധികൃതര്‍ ചെയ്ത്. സ്കൂളിന് പുറത്ത് ഇവര്‍ തിരിച്ചു പോകുന്ന സമയത്തോ മറ്റോ ആരോ എടുത്ത വീഡിയോ ആയിരിക്കാം തെറ്റായ അടിക്കുറിപ്പോടെ പ്രചരിപ്പിക്കുന്നത്. പ്രചരിക്കുന്ന വാദങ്ങള്‍ തീര്‍ത്തും വസ്തുതാ വിരുദ്ധമാണ്. യൂനിഫോം ധരിച്ചില്ല എന്നതിലപ്പുറം മതപരമോ സാമുദായികമോ ആയ യാതൊന്നും സംഭവത്തിന് പിന്നിലില്ല വര്‍ഗീയ ധ്രുവീകരണം ലക്ഷ്യമിട്ടാകാം ഇത്തരം വാദങ്ങള്‍ പ്രചരിപ്പിക്കുന്നത്."
ജില്ലാകലക്ടര്‍ ശ്രീമതി. ഭന്ദരി സ്വഗത് രണ്‍വീര്‍ചന്ദിനെ ഞങ്ങള്‍ ഫോണില്‍ വിളിച്ചു. തെറ്റായ അടിക്കുറിപ്പോടെ പങ്കുവെച്ച വീഡിയോ ആണെന്നും സംഭവത്തിന് മതപരമായ യാതൊരു പശ്ചാത്തലവുമില്ലെന്നും കലക്ടര്‍ വ്യക്തമാക്കി. വീഡിയോ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ അന്വേഷണത്തിനും നടപടിക്കും നിര്‍ദേശം നല്‍കിയതായും അവര്‍ അറിയിച്ചു.
ഇതോടെ പ്രചരിക്കുന്ന വീഡിയോയുടെ ഉള്ളടക്കവും നല്‍കിയിരിക്കുന്ന അടിക്കുറിപ്പുകളും വസ്തുതാ വിരുദ്ധമാണെന്ന് വ്യക്തമായി.
Conclusion:
കാസര്‍കോട് പള്ളിക്കര ഗവ. ഹയര്‍സെക്കന്‍ററി സ്കൂളില്‍ ഓണാഘോഷത്തിന് യൂനിഫോം ധരിക്കാതെ എത്തിയ വിദ്യാര്‍ഥികളെ തിരിച്ചയച്ച സംഭവത്തെയാണ് തെറ്റായ അടിക്കുറിപ്പോടെ പ്രചരിപ്പിക്കുന്നത്. പ്രസ്തുത സംഭവത്തിന് മതാചാരവുമായോ അത്തരം വിലക്കുകളുമായോ ബന്ധമില്ലെന്ന് അധികൃതര്‍ അറിയിച്ചു. പ്രചരിക്കുന്ന വീഡിയോകളില്‍ ചേര്‍ത്ത ഉള്ളടക്കവും അടിക്കുറിപ്പുകളും വസ്തുതാ വിരുദ്ധവും മതവിദ്വേഷം ജനിപ്പിക്കുന്നതുമാണ്.
Update:
09-09-2022 | 3.45pm
ന്യൂസ്മീറ്റര്‍ ഫാക്ട് ചെക്ക് സ്റ്റോറി പ്രസിദ്ധീകരിച്ചതിനെ തുടര്‍ന്ന് വസ്തുതാ പരിശോധനയില്‍ പ്രതിപാദിച്ച B4blaze Videos എന്ന ഫെയ്സ്ബുക്ക് പേജിന്‍റെ എഡിറ്റര്‍ 2022 സെപ്തംബര്‍ 9ന് ഞങ്ങളെ ഇ-മെയില്‍ വഴി ബന്ധപ്പെടുകയും അവര്‍ പങ്കുവെച്ച വീഡിയോക്കൊപ്പം ചേര്‍ത്ത അടിക്കുറിപ്പ് തിരുത്തിയതായി അറിയിക്കുകയും ചെയ്തു.