ഫെയ്സ്ബുക്ക് അല്‍ഗരിതം: പോസ്റ്റുകള്‍ കാണണമെങ്കില്‍ കമന്‍റിടണോ?
ഫെയ്സ്ബുക്കിന്‍റെ പുതിയ അല്‍ഗരിതമനുസരിച്ച് പരമാവധി 25 പേരുടെ പോസ്റ്റ് മാത്രമാണ് കാണാനാവുകയെന്നും ഇത് മറികടക്കാനും പോസ്റ്റുകള്‍ തുടര്‍ന്ന് കാണാനും സുഹൃത്തുക്കളുടെ പോസ്റ്റുകള്‍ക്ക് താഴെ കുത്തോ കോമയോ മറ്റ് കമന്‍റുകളോ ഇടണമെന്നുമുള്ള സന്ദേശമാണ് വ്യാപകമായി പ്രചരിക്കുന്നത്.
By HABEEB RAHMAN YP Published on 13 Jan 2023 6:44 PM GMTഫെയ്സ്ബുക്കില്‍ പങ്കുവെയ്ക്കുന്ന സന്ദേശങ്ങളും ചിത്രങ്ങളും ദൃശ്യങ്ങളുമെല്ലാം സുഹൃത്തുക്കള്‍ക്ക് കാണുന്നത് പരിമിതപ്പെടുത്തുന്ന തരത്തില്‍ പുതിയ അല്‍ഗരിതം പ്രാബല്യത്തില്‍ വന്നുവെന്നും ഇത് മറികടക്കാന്‍ പോസ്റ്റുകള്‍ക്ക് താഴെ കമന്‍റ് ചെയ്യണമെന്നും നിരവധി സന്ദേശങ്ങളാണ് ഫെയ്സ്ബുക്കില്‍ ഏതാനും ദിവസങ്ങളായി പ്രചരിക്കുന്നത്. പങ്കുവെയ്ക്കുന്ന പോസ്റ്റുകള്‍ കാണുന്നവരുടെ എണ്ണം 25 ആയി പരിമിതപ്പെടുത്തിയതായും ഓരോരുത്തര്‍ക്കും സുഹൃത്തുക്കളില്‍ 25 പേര്‍ പങ്കുവെയ്ക്കുന്ന ഉള്ളടക്കം മാത്രമേ കാണാനാവൂ എന്നും അവകാശപ്പെടുന്നവയാണ് പ്രചരിക്കുന്ന സന്ദേശങ്ങള്‍. പങ്കുവെയ്ക്കുന്ന പോസ്റ്റുകള്‍ ഇനി കാണണമെങ്കില്‍ ഈ സന്ദേശത്തിനു താഴെ കമന്‍റ് രേഖപ്പെടുത്തണമെന്നും ആവശ്യപ്പെടുന്നു.
KL-29 Family എന്ന ഫെയ്സ്ബുക്ക് അക്കൗണ്ടില്‍നിന്നും പങ്കുവെച്ച പോസ്റ്റിന് താഴെ രണ്ടായിരത്തി അഞ്ഞൂറോളം പേരാണ് കമന്‍റ് ചെയ്തിരിക്കുന്നത്. നിരവധി പേര്‍ ഇതേ സന്ദേശം കോപ്പി ചെയ്ത് സ്വന്തം അക്കൗണ്ടുകളില്‍ പങ്കിട്ടതായി കാണാം.
Fact-check:
വസ്തുതാപരിശോധനയുടെ ആദ്യഘട്ടത്തില്‍ തന്നെ പ്രചരിക്കുന്ന സന്ദേശത്തിലെ ചിലകാര്യങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് വ്യക്തമായ സൂചനകള്‍ ലഭിച്ചു. അതില്‍ പ്രധാനം പങ്കുവെക്കുന്ന പോസ്റ്റ് 25 പേര്‍ക്ക് മാത്രമേ കാണാനാവൂ അഥവാ 25 പോസ്റ്റുകള്‍ മാത്രമേ ഒരാളുടെ ഫെയ്സ്ബുക്ക് ഫീഡില്‍ കാണാനാവൂ എന്ന അവകാശവാദമാണ്. ഈ സന്ദേശം പങ്കുവെച്ച പോസ്റ്റുകളില്‍ പോലും മണിക്കൂറുകള്‍ക്കകം 25-ലധികം കമന്‍റുകള്‍ പ്രത്യക്ഷപ്പെട്ടതുതന്നെ ഈ അവകാശവാദം തെറ്റാണെന്ന് വ്യക്തമാക്കുന്നു.
കൂടാതെ പ്രചരിക്കുന്ന മലയാളത്തിലുള്ള സന്ദേശത്തിലെ ചില ഭാഗങ്ങളിലെ ഘടനാപരവും ഭാഷാപരവുമായ പ്രശ്നങ്ങള്‍ ഇതേ സന്ദേശം ഇംഗ്ലീഷില്‍നിന്നോ മറ്റു ഭാഷകളില്‍നിന്നോ വിവര്‍ത്തനം ചെയ്തതാകാമെന്ന സൂചനയും നല്‍കി.
തുടര്‍ന്ന് ഈ സൂചനകള്‍ പ്രകാരം കീവേഡുകള്‍ ഉപയോഗിച്ച് നടത്തിയ തെരച്ചിലില്‍ ഇതേ സന്ദേശം നാലുവര്‍ഷങ്ങള്‍ക്കുമുന്‍പ് ഇംഗ്ലീഷില്‍ പ്രചരിച്ചിരുന്നതായി കണ്ടെത്തി. 2017 ഡിസംബറില്‍ പ്രചരിച്ച സന്ദേശത്തില്‍ ഫെയ്സ്ബുക്ക് പോസ്റ്റുകള്‍ 26 പേര്‍ക്ക് മാത്രമേ കാണാനാവൂ എന്ന അവകാശവാദമാണ് ഉണ്ടായിരുന്നത്. അന്താരാഷ്ട്രമാധ്യമങ്ങളില്‍ ഇത് വസ്തുതാവിരുദ്ധമാണെന്ന് വ്യക്തമാക്കി പ്രസിദ്ധീകരിച്ച ലേഖനങ്ങളും ലഭ്യമായി.
വൈറല്‍ സന്ദേശത്തിലെ അവകാശവാദം തെറ്റാണെന്ന് വാഷിങ്ടണ്‍ പോസ്റ്റ് 2018 ഫെബ്രുവരി 7-ന് പ്രസിദ്ധീകരിച്ച ലേഖനത്തില്‍ വ്യക്തമാക്കുന്നു.
2017-ല്‍ ഫെയ്സ്ബുക്ക് അല്‍ഗരിതത്തില്‍ വരുത്തിയ മാറ്റത്തിന്‍റെ പശ്ചാത്തലത്തില്‍ പ്രചരിച്ച വ്യാജ സന്ദേശമാണിതെന്ന് ഫോബ്സ് 2018 ഫെബ്രുവരി 8-ന് പ്രസിദ്ധീകരിച്ച ലേഖനത്തിലും കാണാം.
തുടര്‍ന്ന് 2019 ല്‍ ഫെയ്സ്ബുക്ക് തന്നെ ഈ വിഷയത്തില്‍ നല്‍കിയ വിശദീകരണവും ലഭിച്ചു. ഫെയ്സ്ബുക്ക് അള്‍ഗരിതം പോസ്റ്റുകള്‍ 25ഓ 26ഓ പേരില്‍ പരിമിതപ്പെടുത്തുന്നുവെന്നും ഇത് മറികടക്കാന്‍ കമന്‍റു ചെയ്യണമെന്നും ആവശ്യപ്പെടുന്ന സന്ദേശം 2017 അവസാനം മുതല്‍ പ്രചരിക്കുന്ന പശ്ചാത്തലത്തിലാണ് വിശദീകരണമെന്നും Meta വ്യക്തമാക്കുന്നു.
കാണുന്ന പോസ്റ്റുകളുടെ എണ്ണം 25-ല്‍ പരിമിതപ്പെടുത്തിയിട്ടില്ലെന്നും ഫീഡ് സ്ക്രോള്‍ ചെയ്യുന്നതിനനുസരിച്ച് കൂടുതല്‍ പേരുടെ പോസ്റ്റുകള്‍ കാണാനാവുമെന്നും ഇതില്‍ പറയുന്നു. ഫെയ്സ്ബുക്കിലൂടെ നാം കൂടുതല്‍ ആശയവിനിമയം നടത്തുന്നവരുടെ പോസ്റ്റുകള്‍ക്കാണ് കൂടുതല്‍ പ്രാധാന്യം ലഭിക്കുക. അതുകൊണ്ട് ഇവ ആദ്യം കാണാനാവും.
ഇതോടെ പ്രചരിക്കുന്ന സന്ദേശത്തില്‍ അവകാശപ്പെടുന്നതുപോലെ പങ്കുവെയ്ക്കുന്ന ഉള്ളടക്കം കാണാവുന്നവരുടെ പരിധി 25 പേരിലേക്ക് പരിമിതപ്പെടുത്തി എന്നത് അടിസ്ഥാനരഹിതമാണെന്ന് വ്യക്തമായി.
തുടര്‍ന്ന് മലയാളത്തില്‍ ഇപ്പോള്‍ ഈ സന്ദേശം പ്രചരിക്കുന്നതിന്‍റെ സാഹചര്യത്തെക്കുറിച്ച് അന്വേഷിച്ചു. മലയാളം കീവേഡുകള്‍ ഉപയോഗിച്ച് നടത്തിയ തെരച്ചിലില്‍ ഇതേ സന്ദേശം 2020 ല്‍ വ്യാപകമായി പ്രചരിച്ചിരുന്നതായി കണ്ടെത്തി. കേരള പൊലീസ് ഇതുമായി ബന്ധപ്പെട്ട് 2020 ജനുവരി ഏഴിന് നല്‍കിയ ഫെയ്സ്ബുക്ക് പോസ്റ്റും ലഭിച്ചു.
സന്ദേശം വീണ്ടും പ്രചരിച്ചുതുടങ്ങിയ പശ്ചാത്തലത്തില്‍ ഇതേ സന്ദേശം കേരള പൊലീസ് ഫെയ്സ്ബുക്ക് പേജില്‍ 2023 ജനുവരി 11ന് വീണ്ടും പങ്കുവെച്ചിട്ടുണ്ട്.
ഇതോടെ ഇപ്പോള്‍ പ്രചരിക്കുന്ന സന്ദേശം 2020 ല്‍ തന്നെ പ്രചരിച്ചിരുന്നുവെന്നും ഉള്ളടക്കം അടിസ്ഥാനരഹിതമാണെന്നും വ്യക്തമായി.
വസ്തുതാ പരിശോധനയുടെ അവസാനഘട്ടത്തില്‍ സന്ദേശത്തില്‍ പറയുന്ന ‘അല്‍ഗരിത’ത്തെക്കുറിച്ച് അന്വേഷിച്ചു. എങ്ങനെയാണ് ഫെയ്സ്ബുക്കില്‍ ഓരോരുത്തരും ഉള്ളടക്കം കാണുന്നത് എന്നത് വ്യക്തമാക്കുന്ന വിവിധ ലേഖനങ്ങള്‍ ലഭ്യമായി.
മെറ്റയുടെ ഔദ്യോഗിക വെബ്സൈറ്റില്‍ നല്‍കിയ വിവരങ്ങള്‍ പ്രകാരം നാല് ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ് ഓരോ ഉപയോക്താവിനും ഫെയ്സ്ബുക്കില്‍ വിവിധ ഉള്ളടക്കങ്ങള്‍ ലഭ്യമാക്കുന്നത്.
ഓരോരുത്തരും പിന്തുടരുന്ന സുഹൃത്തുക്കളുടെയും ഫെയ്സ്ബുക്ക് പേജുകളിലെയും ഉള്ളടക്കത്തിനാണ് ആദ്യപരിഗണന. ഇവയാണ് ഫെയ്സ്ബുക്ക് തുറന്നാല്‍ ഏറ്റവുമാദ്യം കാണാനാവുക.
രണ്ടാമതായി സുഹൃത്തുക്കളില്‍ / പേജുകളില്‍ നാം കൂടുതല്‍ ബന്ധപ്പെടുന്നവരുടെ ഉള്ളടക്കത്തിന് കൂടുതല്‍ പ്രാധാന്യം ലഭിക്കുന്നു. ഒപ്പം പോസ്റ്റ് പങ്കുവെച്ച സമയവും പരിഗണിക്കപ്പെടുന്നു.
മൂന്നാമതായി ഓരോരുത്തരും വിവിധ പോസ്റ്റുകളില്‍ ചെലവിടുന്ന സമയം അടിസ്ഥാനപ്പെടുത്തി ഓരോരുത്തര്‍ക്കും ലഭ്യമാക്കുന്ന ഉള്ളടക്കം നിര്‍ണയിക്കുന്നു. ഇതില്‍ നാം സ്ഥിരമായി കമന്‍റുകള്‍ രേഖപ്പെടുത്തുന്ന (ഇന്‍ററാക്ട് ചെയ്യുന്ന) പോസ്റ്റുകള്‍ക്ക് പ്രാധാന്യം ലഭിക്കുന്നു. ഒപ്പം പൂര്‍ണമായി കാണുന്ന വീഡിയോ, വിവിധ ഉള്ളടക്കങ്ങള്‍ക്കൊപ്പം കാണിക്കുന്ന സര്‍വേകളില്‍ നാം നല്‍കുന്ന വിവരങ്ങള്‍ എന്നിവയുടെ അടിസ്ഥാനത്തിലും നമുക്ക് അനുയോജ്യമായ പോസ്റ്റുകള്‍ ഫെയ്സ്ബുക്ക് തെരഞ്ഞെടുക്കുന്നു.
മേല്‍പറഞ്ഞ വിവിധ ഘടകങ്ങള്‍ക്കൊപ്പം ചില പ്രവചനങ്ങളുടെകൂടി അടിസ്ഥാനത്തില്‍ ഓരോ ഉള്ളടക്കത്തിനും വ്യത്യസ്ത സ്കോര്‍ നിര്‍ണയിക്കുകയും അവ ഉപയോക്താക്കളിലെത്തിക്കുകയും ചെയ്യുന്നു. ഈ റാങ്കിങുമായി ബന്ധപ്പെട്ട കൂടുതല്‍ വിശദമായ കുറിപ്പുകളും മെറ്റയുടെ വെബ്സൈറ്റില്‍ ലഭ്യമാണ്.
ഫെയ്സ്ബുക്ക് അല്‍ഗരിതത്തില്‍ തുടര്‍ച്ചയായി വിവിധ മാറ്റങ്ങള്‍ കൊണ്ടുവരാറുണ്ട്. എന്നാല്‍ ഒരു ഘട്ടത്തിലും കാണുന്ന പോസ്റ്റുകളുടെ എണ്ണം 25-ലേക്ക് പരിമിതപ്പെടുത്തിയിട്ടില്ല. 2015 മുതല്‍ വിവിധ ഘട്ടങ്ങളില്‍ ഫെയ്സ്ബുക്ക് അല്‍ഗരിതത്തില്‍ വന്ന മാറ്റങ്ങളെക്കുറിച്ച് ഇവിടെ വായിക്കാം.
ചുരുക്കത്തില്‍, ഒരു പോസ്റ്റ് പങ്കുവെച്ചതുകൊണ്ടോ അതിന് കമന്‍റ് രേഖപ്പെടുത്തിയതുകൊണ്ടോ ഫെയ്സ്ബുക്കില്‍ ഓരോരുത്തര്‍ക്കും ലഭിക്കുന്ന ഉള്ളടക്കത്തിലോ പങ്കുവെയ്ക്കുന്ന പോസ്റ്റുകള്‍ വായിക്കപ്പെടുന്നവരുടെ എണ്ണത്തിലോ പെട്ടെന്നൊരു മാറ്റം സാധ്യമല്ല. സ്ഥിരമായി മികച്ച ഉള്ളടക്കം പങ്കുവെയ്ക്കുകയും അത് നിരവധിപേര്‍ വായിക്കുകയും കമന്‍റ് രേഖപ്പെടുത്തുകയും ചെയ്യുന്നുണ്ടെങ്കില്‍ സ്വാഭാവികമായും അത്തരം അക്കൗണ്ടുകള്‍ കൂടുതല്‍ പേരിലേക്കെത്തും. ഉപയോക്താവിന്‍റെ സ്ഥിരമായ ഉപയോഗക്രമം മനസ്സിലാക്കി അതിനനുസരിച്ച് പ്രതികരിക്കുന്ന ‘അല്‍ഗരിത’ത്തെ മറികടക്കാന്‍ കേവലം ഒരു കുത്തോ കോമയോ ഇട്ടതുകൊണ്ട് കാര്യമില്ലെന്നര്‍ത്ഥം.
ഇത്തരത്തില്‍ ഒരു പോസ്റ്റ് പങ്കുവെയ്ക്കുന്നതിലൂടെയോ അതില്‍ കമന്‍റ് രേഖപ്പെടുത്തുന്നതിലൂടെയോ പ്രൊഫൈലിന്‍റെയോ ആ വ്യക്തിയുടെ മറ്റു പോസ്റ്റുകളുടെയോ റീച്ചില്‍ പ്രകടമായ ഒരു മാറ്റവും കണ്ടെത്താനായിട്ടില്ലെന്ന് സൈബര്‍ രംഗത്തെ വിദഗ്ധരും ഗവേഷകരും ന്യൂസ്മീറ്ററിനോട് സ്ഥിരീകരിച്ചു.
Conclusion:
ഫെയ്സ്ബുക്കില്‍ പങ്കുവെയ്ക്കുന്ന ഉള്ളടക്കം കാണാനാവുന്നവരുടെ എണ്ണവും നമുക്ക് കാണാനാവുന്ന പോസ്റ്റുകളുടെ എണ്ണവും 25 ആയി പരിമിതപ്പെടുത്തുന്ന പുതിയ അല്‍ഗരിതം നിലവില്‍ വന്നുവെന്ന അവകാശവാദത്തോടെ പ്രചരിക്കുന്ന സന്ദേശം അടിസ്ഥാനരഹിതമാണ്. ഉപയോക്താവിന്‍റെ ഉപയോഗക്രമങ്ങളും ശീലങ്ങളും അടിസ്ഥാനപ്പെടുത്തിയാണ് കാണേണ്ട പോസ്റ്റുകള്‍ തീരുമാനിക്കപ്പെടുന്നത്. ഏതെങ്കിലും ഒരു പോസ്റ്റിനുതാഴെ കമന്‍റുകള്‍ രേഖപ്പെടുത്തിയതുകൊണ്ടുമാത്രം ഇതില്‍ മാറ്റം സാധ്യമല്ല. തുടര്‍ച്ചയായ ഉപയോഗക്രമവും താല്പര്യങ്ങളും അടിസ്ഥാനപ്പെടുത്തിയാണ് ഫെയ്സ്ബുക്ക് അല്‍ഗരിതം ഓരോ ഉപയോക്താവിന്‍റെയും ഉള്ളടക്കത്തിന്‍റെ Reach-ഉം Visibility-യും നിര്‍ണയിക്കുന്നത്.