Fact Check: BJP-യെ മൂന്നാമതെത്തിക്കാന്‍ ഇടതുപക്ഷവുമായി ചേരുമെന്ന് കെ മുരളീധരന്‍ പറഞ്ഞോ? സത്യമറിയാം

കെ മുരളീധരനെ തൃശൂര്‍ ലോക്സഭാ മണ്ഡലത്തിലെ UDF സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് അദ്ദേഹം തെരഞ്ഞെുപ്പില്‍ BJP-യ്ക്കെതിരെ ഇടതുപക്ഷവുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് പറഞ്ഞതായി അവകാശപ്പെടുന്ന വാര്‍ത്താകാര്‍ഡ് ഏഷ്യാനെറ്റ് ന്യൂസിന്റെ പേരില്‍ പ്രചരിക്കുന്നത്.

By -  HABEEB RAHMAN YP |  Published on  9 March 2024 9:25 PM IST
Fact Check: BJP-യെ മൂന്നാമതെത്തിക്കാന്‍ ഇടതുപക്ഷവുമായി ചേരുമെന്ന് കെ മുരളീധരന്‍ പറഞ്ഞോ? സത്യമറിയാം

കോണ്‍ഗ്രസ് ആദ്യഘട്ട സ്ഥാനാര്‍ത്ഥിപ്പട്ടിക പുറത്തുവിട്ടതോടെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ തൃശൂര്‍ മണ്ഡലത്തില്‍ ശക്തമായ ത്രികോണമത്സരം ഉറപ്പായിരിക്കുകയാണ്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മുന്‍മുഖ്യമന്ത്രി കെ കരുണാകരന്റെ മകനും മുതിര്‍‍ന്ന കോണ്‍ഗ്രസ് നേതാവുമായ കെ മുരളീധരന്‍ എത്തിയതിന് പിന്നാലെ പ്രചാരണപ്രവര്‍ത്തനങ്ങളും സജീവമായി. സമൂഹമാധ്യമങ്ങളിലും പ്രചാരണം സജീവമാണ്. ഇക്കൂട്ടത്തില്‍ ചില വ്യാജപ്രചാരണങ്ങളുമുണ്ടെന്നതാണ് വസ്തുത.

കെ മുരളീധരന്റേതെന്ന അവകാശവാദത്തോടെ ഏഷ്യാനെറ്റ് ന്യൂസിന്റെ വാര്‍ത്താകാര്‍ഡില്‍ ഒരു പ്രസ്താവനയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ബിജെപിയെ മൂന്നാംസ്ഥാനത്തെത്തിക്കാനായി ഇടതുപക്ഷവുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുമെന്ന ധ്വനിയോടെയുള്ള പ്രസ്താവനയ്ക്കൊപ്പം കോണ്‍ഗ്രസ് - സിപിഐഎം ബന്ധം ആരോപിച്ച് വ്യത്യസ്ത വിവരണങ്ങളോടെ നിരവധി പേരാണ് ഈ കാര്‍ഡ് പങ്കുവെച്ചിരിക്കുന്നത്.



Fact-check:

പ്രചരിക്കുന്ന ന്യൂസ്കാര്‍‍ഡ് വ്യാജമായി തയ്യാറാക്കിയതാണെന്ന് ന്യൂസ്മീറ്റര്‍ അന്വേഷണത്തില്‍ വ്യക്തമായി.

ഏഷ്യാനെറ്റ് ന്യൂസിന്റേ ന്യൂസ്കാര്‍ഡെന്ന രീതിയില്‍ പ്രചരിക്കുന്ന കാര്‍ഡിന്റെ വസ്തുതയാണ് ആദ്യം പരിശോധിച്ചത്. ഇതിലുപയോഗിച്ചിരിക്കുന്ന അക്ഷരങ്ങള്‍ പ്രഥമദൃഷ്ട്യാ ഏഷ്യാനെറ്റിന്റെ ഫോണ്ട് അല്ലെന്ന് വ്യക്തമായി. കൂടാതെ, കെ മുരളീധരന്‍ എന്നെഴുതിയിരിക്കുന്ന ഫോണ്ടും മറ്റക്ഷരങ്ങളും വ്യത്യസ്തമാണെന്നും കാണാം. കൂടാതെ ‘ഒറ്റക്കെട്ടായി’, ‘സ്ഥാനത്തെത്തിക്കും’ തുടങ്ങിയ വാക്കുകളിലെ അക്ഷരത്തെറ്റും ഇത് വ്യാജമായി നിര്‍മിച്ചതാകാമെന്നതിന്റെ സൂചനയായി.

തുടര്‍ന്ന് ഏഷ്യാനെറ്റ് ന്യൂസിന്റെ സമൂഹമാധ്യമ പ്ലാറ്റ്ഫോമുകള്‍ പരിശോധിച്ചതോടെ ഇതിന്റെ യഥാര്‍ത്ഥ കാര്‍ഡ് കണ്ടെത്തി.



ലീഗിന് ആറ് സീറ്റിന് അര്‍ഹതയുണ്ടെന്ന കെ മുരളീധരന്റെ പ്രസ്താവന 2024 ഫെബ്രുവരി 21 ന് ഏഷ്യാനെറ്റ് ന്യൂസ് പങ്കുവെച്ച വാര്‍ത്താ കാര്‍ഡ് എഡിറ്റ് ചെയ്താണ് പ്രചരിക്കുന്ന കാര്‍ഡ് ഉണ്ടാക്കിയതെന്ന് വ്യക്തമായി.

വസ്തുത പരിശോധനയുടെ രണ്ടാം ഘട്ടത്തില്‍ പ്രചരിക്കുന്ന പോസ്റ്റിലെ അവകാശവാദമനുസരിച്ച് എന്തെങ്കിലും പ്രസ്താവന കെ മുരളീധരന്‍ നടത്തിയിട്ടുണ്ടോ എന്ന് പരിശോധിച്ചു. കീവേഡുകള്‍‌ ഉപയോഗിച്ച് നടത്തിയ പരിശോധനയില്‍ തൃശൂരില്‍ ബിജെപിയെ മൂന്നാം സ്ഥാനത്തേക്ക് തള്ളിവിടുമെന്ന് കെ മുരളീധരന്‍ പറഞ്ഞതായി മീഡിയവണ്‍ ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്തതായി കണ്ടു.



എന്നാല്‍ കോണ്‍ഗ്രസിന്റെ സിറ്റിങ് സീറ്റായ തൃശൂര്‍ നിലനിര്‍ത്തുമെന്നും ബിജെപി മൂന്നാംസ്ഥാനത്തേക്ക് പിന്തള്ളപ്പെടുമെന്നുമാണ് അദ്ദേഹം പറഞ്ഞതെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാണ്. പ്രചരിക്കുന്ന പോസ്റ്റില്‍ പലരും ആരോപിക്കുന്നതുപോലെ യുഡിഎഫ്-എല്‍ഡിഎഫ് ധാരണയെക്കുറിച്ച് സൂചനപോലും റിപ്പോര്‍ട്ടുകളിലില്ല.

തുടര്‍ന്ന് സമാനമായ റിപ്പോര്‍ട്ട് കെ മുരളീധരനുമായുള്ള അഭിമുഖം സഹിതം ഏഷ്യാനെറ്റ് ന്യൂസ് പങ്കുവെച്ചതായി കണ്ടെത്തി.


നേമം പോലെയല്ല തൃശൂരെന്നും ശക്തമായ ത്രികോണമത്സരം നടക്കുന്ന മണ്ഡലത്തില്‍ കോണ്‍ഗ്രസ് ശക്തമായ മത്സരം കാഴ്ചവെച്ച് സിറ്റിങ് സീറ്റ് നിലനിര്‍ത്തുമെന്നുമാണ് അദ്ദേഹം ആവര്‍ത്തിക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസിന്റെ തന്നെ മറ്റൊരു യൂട്യൂബ് റീലില്‍ പങ്കുവെച്ച വീഡിയോയില്‍ മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കവെ കെ മുരളീധരന്‍ ‘'എ ക്ലാസ് മണ്ഡലങ്ങളിലടക്കം ബിജെപിയെ മൂന്നാം സ്ഥാനത്തെത്തിക്കും' എന്ന് പറഞ്ഞതായി കാണാം.


ഇടതുപക്ഷത്തിന് മേല്‍ക്കൈയുള്ള മണ്ഡലങ്ങളില്‍പോലും യുഡിഎഫ് ശക്തമായ മത്സരം കാഴ്ചവെച്ച് ബിജെപിയെ മൂന്നാംസ്ഥാനത്തേക്ക് പിന്തള്ളുമെന്നാണ് ഈ പ്രസ്താവനകളിലൂടെ അദ്ദേഹം വ്യക്തമാക്കുന്നത്.

മാതൃഭൂമി ന്യൂസിന് നല്‍കിയ മറ്റൊരു അഭിമുഖത്തില്‍ ‘മത്സരം കോണ്‍ഗ്രസും ബിജെപിയും തമ്മിലല്ല, കോണ്‍ഗ്രസും ഇടതുപക്ഷവും തമ്മിലാണെ’ന്ന് അദ്ദേഹം ആവര്‍ത്തിക്കുന്നതും ഇതിനെ സാധൂകരിക്കുന്നു.

ഇതോടെ പ്രചരിക്കുന്ന പ്രസ്താവന അടിസ്ഥാനരഹിതമാണന്ന് വ്യക്തമായി.


Conclusion:

ഇടതുപക്ഷവുമായി ധാരണയുണ്ടാക്കി ബിജെപി യെ തോല്പിക്കുമെന്ന തരത്തില്‍ കെ മുരളീധരന്‍ പ്രസ്താവന നടത്തിയതായി ഏഷ്യാനെറ്റ് ന്യൂസിന്റെ വാര്‍ത്താകാര്‍ഡിന്റെ രൂപത്തില്‍ പ്രചരിക്കുന്ന സന്ദേശം വ്യാജമാണെന്ന് ന്യൂസ്മീറ്റര്‍ അന്വേഷണത്തില്‍ വ്യക്തമായി. കെ മുരളീധരന്‍ ഇത്തരത്തില്‍ പ്രസ്താവന നടത്തിയിട്ടില്ലെന്നും, ബിജെപിയെ മൂന്നാംസ്ഥാനത്തെത്തിക്കാനായി ഇടതുപക്ഷത്തിന് മേല്‍ക്കൈയ്യുള്ള മണ്ഡലങ്ങളിലടക്കം യുഡിഎഫ് ശക്തമായ മത്സരം കാഴ്ചവെക്കുമെന്ന പ്രതികരണത്തെ വളച്ചൊടിച്ചാണ് പ്രചാരണമെന്നും വ്യക്തമായി.

Claim Review:News card shows K Muraleedharan said that UDF will defeat BJP to third position aligning with LDF
Claimed By:Social Media Users
Claim Reviewed By:NewsMeter
Claim Source:Facebook
Claim Fact Check:False
Next Story