ഹരിതകര്‍മസേനയ്ക്ക് വീടുകളിലെ മാലിന്യശേഖരണത്തിന് പണം നല്‍കണോ? വസ്തുതയറിയാം
തദ്ദേശ സ്ഥാപനങ്ങളുടെ സേവനങ്ങള്‍ ലഭിക്കണമെങ്കില്‍ ഹരിതകര്‍മ്മസേനയ്ക്ക് ഉപഭോക്തൃ ഫീസ് നല്‍കിയതിന്‍റെ രസിതി ആവശ്യമില്ലെന്ന വിവരാവകാശരേഖയും ചില പത്രവാര്‍ത്തകളും ഉള്‍പ്പെടെയാണ് മാലിന്യശേഖരണത്തിന് പണം നല്‍കേണ്ടതില്ലെന്ന പ്രചരണം.
വസ്തുതാ പരിശോധനയുടെ ആദ്യഘട്ടത്തില്‍ പങ്കുവെച്ചിരിക്കുന്ന വിവരാവകാശ രേഖ വിശദമായി പരിശോധിച്ചു. ഇതിലെവിടെയും ഹരിതകര്‍മസേനയ്ക്ക് സേവനങ്ങള്‍ക്ക് യൂസര്‍ഫീ നല്‍കേണ്ടതില്ലെന്ന് പറയുന്നില്ല. മറിച്ച്, തദ്ദേശസ്ഥാപനങ്ങളിലെ സേവനങ്ങള്‍ക്ക് ഈ രസീതി നിര്‍ബന്ധമാണെന്ന ഉത്തരവ് നിലവിലില്ലെന്ന് മാത്രമാണ് പറയുന്നതെന്ന് വ്യക്തമാണ്.
തുടര്‍ന്ന് നടത്തിയ കീവേഡ് പരിശോധനയില്‍ നിലവില്‍ പ്രചരിക്കുന്നത് വ്യാജ സന്ദേശമാണെന്നും യൂസര്‍ഫീ നല്‍കേണ്ടതാണെന്നും വ്യക്തമാക്കുന്ന വിവിധ മാധ്യമവാര്‍ത്തകള്‍ ലഭ്യമായി.
മലയാള മനോരമയുംമാതൃഭൂമിയും ഉള്‍പ്പെടെ വിവിധ മാധ്യമങ്ങള്‍ ഇതുസംബന്ധിച്ച് മന്ത്രി എംബി രാജേഷ് നല്‍കിയ വിശദീകരണവും പ്രസിദ്ധീകരിച്ചിട്ടുണ്ട്. തെറ്റിദ്ധാരണയുണ്ടാക്കുന്ന തരത്തില്‍ വിവരാവകാശ മറുപടി നല്‍കിയ ഉദ്യോഗസ്ഥനോട് വിശദീകരണം തേടുമെന്നും വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചതായി മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇതൊരു പുതിയ നടപടിക്രമം അല്ലെന്നും വര്‍ഷങ്ങളായി നിലനില്‍ക്കുന്നതാണെന്നും വ്യക്തമാക്കുന്ന രേഖകളും ലഭിച്ചു. 14-ാം നിയമസഭയുടെ 2018 ജൂണിലെ സമ്മേളനത്തില്‍ വി.ഡി സതീശന്‍, അനില്‍ അക്കര, ഷാഫി പറമ്പില്‍, സണ്ണി ജോസഫ് എന്നിവരുടെ ചോദ്യത്തിന് അന്നത്തെ തദ്ദേശവകുപ്പ് മന്ത്രി എ. സി. മൊയ്തീന്‍ നല്‍കിയ മറുപടിയില്‍ ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്.