നൃത്തമാസ്വദിക്കുന്ന നാടോടിപെണ്‍കുട്ടി: ദൃശ്യം സംസ്ഥാന സ്കൂള്‍ കലോത്സവത്തിലേതോ?
നൃത്തവേദിക്കരികെ ദൈന്യതയോടെ നില്‍ക്കുന്ന നാടോടി പെണ്‍കുട്ടിയുടെ ദൃശ്യങ്ങള്‍ കോഴിക്കോട്ട് നടന്ന 61-ാമത് സംസ്ഥാന സ്കൂള്‍ കലോത്സവത്തിന്‍റെ പശ്ചാത്തലത്തിലാണ് പ്രചരിക്കുന്നത്.
By - HABEEB RAHMAN YP | Published on 10 Jan 2023 2:28 PM GMTനൃത്തവേദിക്കരികെ ദൈന്യഭാവത്തോടെ നില്‍ക്കുന്ന നാടോടി പെണ്‍കുട്ടിയുടെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നു. കോഴിക്കോട്ട് നടന്ന 61-ാമത് സംസ്ഥാന സ്കൂള്‍ കലോത്സവത്തിന്‍റെ പശ്ചാത്തലത്തിലാണ് ജനുവരി 5-6 ദിവസങ്ങളിലായി ദൃശ്യങ്ങള്‍ വ്യാപകമായി പങ്കുവെക്കപ്പെട്ടത്. Red FM Malayalam വെരിഫൈഡ് പേജില്‍നിന്ന് സ്കൂള്‍ കലോത്സവത്തിന്‍റെ ടാഗുകള്‍ ചേര്‍ത്ത് പങ്കുവെച്ച വീഡിയോ 2500-ലധികം പേരാണ് പങ്കുവെച്ചത്.
സമാനമായ അടിക്കുറിപ്പുകളോടെ നിരവധി പേര്‍ ഇതേ വീഡിയോ പങ്കുവെച്ചതായി കാണാം. മിക്ക പോസ്റ്റുകളിലും ഉപയോഗിച്ചിരിക്കുന്ന വിവരണങ്ങളും കമന്‍റുകളുമൊക്കെ സംസ്ഥാന സ്കൂള്‍ കലോത്സവത്തിന്‍റെ പശ്ചാത്തലത്തിലുള്ളതാണ്.
Fact-check:
വസ്തുതാ പരിശോധനയുടെ ആദ്യഘട്ടത്തില്‍ വീഡിയോ സൂക്ഷ്മമായി പരിശോധിച്ചു. 30 സെക്കന്‍റ് ദൈര്‍ഘ്യമുള്ള വീഡിയോയുടെ മൂന്നാമത്തെ സെക്കന്‍റില്‍ കാണിക്കുന്ന വേദിയുടെ ദൃശ്യങ്ങളില്‍ "പ്പത്തൂര്‍ ഓഡിറ്റോ" എന്ന് വ്യക്തമായി കാണാം.
ഈ സൂചന ഉപയോഗിച്ച് നടത്തിയ തെരച്ചിലില്‍ ഇത് ഗുരുവായൂരിലെ മേല്‍പത്തൂര്‍ ഓഡിറ്റോറിയം ആണെന്ന് ഗൂഗ്ള്‍ മാപ്പിന്‍റെ സഹായത്തോടെ സ്ഥിരീകരിക്കാനായി.
ഇതോടെ പ്രചരിക്കുന്ന ദൃശ്യങ്ങള്‍ കോഴിക്കോട്ട് നടന്ന സംസ്ഥാന സ്കൂള്‍ കലോത്സവത്തിലേതല്ല എന്ന് വ്യക്തമായി. കോഴിക്കോട് നഗരത്തിലെ 24 വേദികളിലായാണ് ജനുവരി 3 മുതല്‍ 7 വരെ സംസ്ഥാന സ്കൂള്‍ കലോത്സവം സംഘടിപ്പിച്ചത്.
തുടര്‍ന്ന് പ്രചരിക്കുന്ന വീഡിയോയുടെ യാഥാര്‍ഥ്യം കണ്ടെത്താന്‍ ശ്രമിച്ചു. ഇതിനായി റിവേഴ്സ് ഇമേജ് സെര്‍ച്ച് വഴി പരിശോധിച്ചപ്പോള്‍ ഈ വീഡിയോ storiesbysreeraj എന്ന ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവെച്ചതായി കണ്ടു. വിവിധയിടങ്ങളില്‍ തെറ്റായ അടിക്കുറിപ്പോടെ ദൃശ്യങ്ങള്‍ പങ്കുവെക്കപ്പെട്ടതിന്‍റെ അടിസ്ഥാനത്തില്‍ നല്‍കിയ വിശദീകരണക്കുറിപ്പും കാണാം.
2023 ജനുവരി 3-ന് വൈകീട്ട് എട്ടരയോടെ ഗുരുവായൂരിലെ മേല്‍പത്തൂര്‍ ഓഡിറ്റോറിയത്തില്‍നിന്ന് ചിത്രീകരിച്ച ദൃശ്യങ്ങളാണിതെന്ന് പോസ്റ്റില്‍ വ്യക്തമാക്കുന്നു. തുടര്‍ന്ന് ശ്രീരാജിനെ ന്യൂസ്മീറ്റര്‍ ഫോണില്‍ ബന്ധപ്പെട്ടു. അദ്ദേഹം പ്രതികരിച്ചതിങ്ങനെ:
"ജനുവരി 3-ന് വൈകീട്ട് എട്ടരയോടെ ഒരു ഡാന്‍സ് സ്കൂളിലെ കുട്ടികളുടെ അരങ്ങേറ്റത്തിന്‍റെ ദൃശ്യങ്ങളെടുക്കാനാണ് മേല‍്പത്തൂര്‍ ഓഡിറ്റോറിയത്തിലെത്തിയത്. അപ്പോള്‍ പകര്‍ത്തിയ ഈ ദൃശ്യങ്ങളാണ് തെറ്റായ അടിക്കുറിപ്പുകളോടെ പ്രചരിച്ചത്. അതിനെത്തുടര്‍ന്നാണ് പിന്നീട് ഞാന്‍ തന്നെ കഴിഞ്ഞദിവസം കാര്യങ്ങള്‍ വിശദീകരിച്ച് വീണ്ടും ചിത്രം പങ്കുവെച്ചത്. ആര്‍ദി എന്നാണ് കുട്ടിയുടെ പേര്; രാജസ്ഥാന്‍ സ്വദേശിയാണ്. വേദിക്കരികെ ഹെയര്‍ബാന്‍റ് വില്‍ക്കുകയായിരുന്ന അവള്‍ നൃത്തം തുടങ്ങിയതോടെ അത് ആസ്വദിക്കുകയായിരുന്നു."
ഇതോടെ പ്രചരിക്കുന്ന ദൃശ്യങ്ങള്‍ക്ക് സംസ്ഥാന സ്കൂള്‍ കലോത്സവവുമായി യാതൊരു ബന്ധവുമില്ലെന്ന് വ്യക്തമായി. നാടോടി ബാലികയുടെ ദൈന്യതയുടെ വിവരണങ്ങളും സഹതാപ കമന്‍റുകളും പ്രചരിക്കുന്നത് തെറ്റായ പശ്ചാത്തലത്തിലാണ്. ഇതുമായി ബന്ധപ്പെട്ട് കൈരളി ന്യൂസ് തയ്യാറാക്കിയ റിപ്പോര്‍ട്ടും യൂട്യൂബില്‍ ലഭ്യമാണ്.
Conclusion:
നൃത്തവേദിക്കരികെ നില്‍ക്കുന്ന നാടോടിപെണ്‍കുട്ടിയുടെ വീഡിയോയ്ക്ക് കോഴിക്കോട്ട് നടന്ന സംസ്ഥാന സ്കൂള്‍ കലോത്സവവുമായി യാതൊരു ബന്ധവുമില്ലെന്ന് ന്യൂസ്മീറ്റര്‍ അന്വേഷണത്തില്‍ വ്യക്തമായി. ഇത് ഗുരുവായൂര്‍ മേല്‍പത്തൂര്‍ ഓഡിറ്റോറിയത്തില്‍ നടന്ന നൃത്ത അരങ്ങേറ്റ ചടങ്ങിനിടെ ആലപ്പുഴ സ്വദേശിയായ ശ്രീരാജ് ചിത്രീകരിച്ച ദൃശ്യങ്ങളാണ്.