Fact-check: കേരള ബജറ്റില്‍ ഹജ് തീര്‍ഥാടകര്‍ക്ക് ഒരുകോടി രൂപ അനുവദിച്ചോ? വാസ്തവമറിയാം

കേരളത്തില്‍നിന്ന് ഇത്തവണ ഹജ് കര്‍മത്തിന് പോകുന്ന 16,776 പേര്‍ക്കായി ഒരുകോടി രൂപ ബജറ്റില്‍ അനുവദിച്ചെന്നും ശബരിമല ഭക്തര്‍ക്കോ മറ്റ മതസ്ഥര്‍ക്കോ ഇത്തരത്തില്‍ സാമ്പത്തിക സഹായം അനുവദിച്ചില്ലെന്നുമാണ് സമൂഹമാധ്യമങ്ങളിലെ പ്രചാരണം.

By -  HABEEB RAHMAN YP |  Published on  8 Feb 2024 11:25 AM IST
Fact-check: കേരള ബജറ്റില്‍ ഹജ് തീര്‍ഥാടകര്‍ക്ക് ഒരുകോടി രൂപ അനുവദിച്ചോ? വാസ്തവമറിയാം

മന്ത്രി കെ എന്‍ ബാലഗോപാല്‍ അവതരിപ്പിച്ച 2024-25 സംസ്ഥാന ബജറ്റില്‍ ഹജ്ജ് തീര്‍ഥാടകര്‍ക്കായി ഒരുകോടി രൂപ അനുവദിച്ചെന്ന് സമൂഹമാധ്യമങ്ങളില്‍ പ്രചാരണം. കേരളത്തില്‍നിന്ന് ഇത്തവണ ഹജ് കര്‍മത്തിന് പോകുന്നത് 16,776 പേര്‍ മാത്രമാണെന്നും ഇവര്‍ക്കായി ബജറ്റില്‍ ഒരുകോടി രൂപ നല്‍കിയെന്നുമാണ് പ്രചാരണം. ചില പോസ്റ്റുകളില്‍ മറ്റ് മതസ്ഥര്‍ക്ക് അനുവദിക്കാതെ ഒരു വിഭാഗത്തിന് മാത്രം പണമനുവദിച്ചുവെന്ന ആരോപണവും കാണാം.




Fact-check:

കൈരളി ഓണ്‍ലൈന്‍ പ്രസിദ്ധീകരിച്ച വാര്‍ത്തയുടെ സ്ക്രീന്‍ഷോട്ടാണ് പ്രചരിക്കുന്ന പോസ്റ്റുകളില്‍ ഉപയോഗിച്ചിരിക്കുന്നതെന്ന് കണ്ടെത്തി. ആദ്യം ഈ വാര്‍ത്തയാണ് പരിശോധിച്ചത്.


നല്‍കിയിരിക്കുന്ന റിപ്പോര്‍ട്ടില്‍ ഹജ്ജ് തീര്‍ഥാടനത്തിന് ഒരുകോടി വകയിരുത്തിയെന്നും ഇത് കഴിഞ്ഞ വര്‍ഷത്തെ ബജറ്റ് വിഹിതത്തിന്റെ ഇരട്ടിയാണെന്നും മാത്രമാണ് നല്‍കിയിരിക്കുന്നത്; മറ്റ് വിശദാംശങ്ങളില്ല. തുടര്‍ന്ന് മറ്റ് മാധ്യമറിപ്പോര്‍ട്ടുകള്‍ പരിശോധിച്ചു. ഹജ്ജ് തീര്‍ഥാടനവുമായി ബന്ധപ്പെട്ട് കണ്ണൂര്‍ വിമാനത്താവളത്തില്‍ അടിസ്ഥാനസൗകര്യങ്ങള്‍ ഒരുക്കാനായി ഒരു കോടി രൂപ അനുവദിച്ചു എന്ന തരത്തിലാണ് മലയാള മനോരമയും മാതൃഭൂമിയും റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്.




കൂടുതല്‍ വ്യക്തതയ്ക്കായി ബജറ്റ് പ്രസംഗം പരിശോധിച്ചു. സംസ്ഥാന ധനകാര്യവകുപ്പിന്റെ വെബ്സൈറ്റില്‍ ബജറ്റ് പ്രസംഗത്തിന്റെ ഇംഗ്ലീഷ്, മലയാളം പതിപ്പുകള്‍ ലഭ്യമാണ്. ബജറ്റിലെ 478-ാമത് ഇനമായി ഹജ് തീര്‍ഥാടനവുമായി ബന്ധപ്പെട്ട് കണ്ണൂര്‍ വിമാനത്താവളത്തില്‍ സൗകര്യമൊരുക്കുന്നതിന് ഒരു കോടി രൂപ അനുവദിച്ചതായി പറയുന്നു.




ഇതോടെ പ്രചരിക്കുന്ന അവകാശവാദങ്ങള്‍ തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും തുക അനുവദിച്ചത് തീര്‍ഥാടകര്‍ക്കല്ല, മറിച്ച് ​എംബാര്‍ക്കേഷന്‍ പോയിന്റായ കണ്ണൂര്‍ വിമാനത്താവളത്തില്‍ സൗകര്യമൊരുക്കുന്നതിനാണെന്ന് വ്യക്തമായി.

തീര്‍ഥാടനത്തിനായി സൗകര്യമൊരുക്കുന്നതിലെ മതവിവേചനവുമായി ബന്ധപ്പെട്ട അവകാശവാദങ്ങളാണ് തുടര്‍ന്ന് പരിശോധിച്ചത്. ബജറ്റ് പ്രസംഗം വിശദമായി പരിശോധിച്ചതിലൂടെ ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ടും സമാനമായ രീതിയില്‍ തുക അനുവദിച്ചതായി കണ്ടെത്തി. ബജറ്റിലെ 292-ാമത് ഇനമായി ശബരിമല ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്ക് 1.85 കോടി രൂപയാണ് വകയിരുത്തിയത്.


ഇതോടെ മതപരമായ വിവേചനമുണ്ടെന്ന വാദം അടിസ്ഥാനരഹിതമാണെന്ന് വ്യക്തമായി.

കേന്ദ്രസര്‍ക്കാറിന്റെ ന്യൂനപക്ഷ മന്ത്രാലയത്തിന് കീഴിലാണ് കേന്ദ്ര ഹജ്ജ് കമ്മിറ്റി പ്രവര്‍ത്തിക്കുന്നത്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍നിന്ന് ഓരോ വര്‍ഷവും ഹജ് കര്‍മത്തിന് പോകുന്നവരുടെ യാത്ര, വിദേശത്തെ താമസം ഉള്‍പ്പെടെ കാര്യങ്ങളില്‍ ജിദ്ദയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുകയാണ് കേന്ദ്ര ഹജ് കമ്മിറ്റിയുടെ പ്രവര്‍ത്തനം. കേന്ദ്ര ഹജ് കമ്മിറ്റി വഴി ഇത്തവണ കേരളത്തില്‍നിന്ന് 16,776 പേര്‍ക്കാണ് ഹജ് തീര്‍ഥാടനത്തിന് അവസരം ലഭിച്ചത്. ഓരോ സംസ്ഥാനത്തെയും തെരഞ്ഞെടുക്കപ്പെട്ട തീര്‍ഥാടകരുടെ യാത്ര ഏകോപിപ്പിക്കുന്നത് അതത് സംസ്ഥാനങ്ങളിലെ ഹജ് കമ്മിറ്റികള്‍ വഴിയാണ്. യാത്രാ-താമസം ഉള്‍പ്പെടെ എല്ലാ ചെലവുകളും വഹിക്കുന്നത് തീര്‍ഥാടകര്‍ തന്നെയാണ്. കൂടുതല്‍ വിശദാംശങ്ങള്‍ കേരള ഹജ് കമ്മിറ്റിയുടെ വെബ്സൈറ്റിലും ലഭ്യമാണ്.



Conclusion:

കേരള ബജറ്റില്‍ ഹജ് തീര്‍ഥാടകര്‍ക്ക് ഒരു കോടി രൂപ അനുവദിച്ചുവെന്ന പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണ്. തീര്‍ഥാടകരുടെ വ്യക്തിഗത ആവശ്യങ്ങള്‍ക്കല്ല, മറിച്ച് കേരളത്തിലെ എംബാര്‍ക്കേഷന്‍ പോയിന്റായ കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇതുമായി ബന്ധപ്പെട്ട അടിസ്ഥാന സൗകര്യമൊരുക്കുന്നതിനാണ് തുക വകയിരുത്തിയിരിക്കുന്നതെന്നും, സമാനമായി ശബരിമലയില്‍ വിമാനത്താവളവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്കും തുക വകയിരുത്തിയിട്ടുണ്ടെന്നും ന്യൂസ്മീറ്റര്‍ അന്വേഷണത്തില്‍ വ്യക്തമായി.

Claim Review:One Crore rupees is allocated for the Haj Pilgrims from Kerala in state budget.
Claimed By:Social Media Users
Claim Reviewed By:NewsMeter
Claim Source:Facebook
Claim Fact Check:Misleading
Next Story