രണ്ടുലക്ഷം പുതിയ സംരംഭങ്ങളിലെ പ്രതിശീര്‍ഷ നിക്ഷേപം 626 രൂപയോ? സമൂഹമാധ്യമ പ്രചരണങ്ങളുടെ വാസ്തവം
പത്രവാര്‍ത്തയില്‍ പരാമര്‍ശിച്ച തുകയെന്നോണം അക്കത്തിലെഴുതിയ സംഖ്യയെ രണ്ട്ലക്ഷം കൊണ്ട് ഹരിച്ച് കിട്ടുന്ന 626 രൂപ 85 പൈസയാണോ പ്രതീശീര്‍ഷ നിക്ഷേപമെന്ന പരിഹാസത്തോടയാണ് പ്രചരണം.
By - HABEEB RAHMAN YP | Published on 3 Jan 2024 11:58 AM GMTകേരളസര്‍ക്കാറിന്റെ സംരംഭകവര്‍ഷം പദ്ധതി ഒന്നരവര്‍ഷം കൊണ്ട് രണ്ട് ലക്ഷം സംരംഭങ്ങളെന്ന നേട്ടം കൈവരിച്ചതിന് പിന്നാലെ സമൂഹമാധ്യമങ്ങളില്‍ വ്യാജപ്രചരണം. രണ്ടുലക്ഷം സംരംഭങ്ങളും ഇതുവഴി 12,500 കോടിയിലധികം രൂപയുടെ നിക്ഷേപവും കൈവരിക്കാനായെന്ന് വ്യവസായമന്ത്രി പി രാജീവിനെ ഉദ്ധരിച്ച് പ്രസദ്ധീകരിച്ച പത്രവാര്‍ത്ത സഹിതമാണ് പ്രചരണം. ആകെ നിക്ഷേപത്തുകയെ രണ്ടുലക്ഷം കൊണ്ട് ഹരിച്ചാല്‍ ലഭിക്കുന്നത് 626 രൂപ 85 പൈസയാണെന്നും ഇതാണ് പ്രതിശീര്‍ഷ നിക്ഷേപത്തുകയെന്നുമാണ് വാദം. ഈ തുക ഉപയോഗിച്ച് രണ്ടുലക്ഷം പേര്‍ എന്ത് സംരംഭമാണ് ആരംഭിച്ചതെന്ന ചോദ്യത്തോടയാണ് സമൂഹമാധ്യമങ്ങളിലെ പ്രചരണം.
Fact-check:
പ്രചരണം അടിസ്ഥാനരഹിതമാണെന്നും കണക്കുകളിലെ അക്കങ്ങള്‍ ഉപയോഗിച്ച് തെറ്റിദ്ധരിപ്പിക്കുകയാണ് പോസ്റ്റില്‍ ചെയ്യുന്നതെന്നും പ്രാഥമിക പരിശോധനയില്‍ വ്യക്തമായി.
മലയാള മനോരമ പത്രത്തില്‍ പ്രസിദ്ധീകരിച്ച വാര്‍ത്തയാണ് പ്രചരിക്കുന്ന പോസ്റ്റില്‍ ചേര്‍ത്തിരിക്കുന്നതെന്ന് പേജിന് മുകളില്‍ നല്‍കിയിരിക്കുന്ന ഇ-മെയില്‍ അഡ്രസില്‍നിന്ന് മനസ്സിലാക്കി. തുടര്‍ന്ന് മനോരമ ഓണ്‍ലൈനില്‍ 2023 ഡിസംബര്‍ 30ന് പ്രസിദ്ധീകരിച്ച ഈ വാര്‍ത്ത കണ്ടെത്തി.
രണ്ട് ലക്ഷം പുതിയ സംരംഭങ്ങള്‍ ആരംഭിച്ചെന്നും ഇതുവഴി 12,537 കോടി രൂപയുടെ നിക്ഷേപവും 4.3 ലക്ഷം തൊഴിലവസരങ്ങളുമുണ്ടായെന്നും മന്ത്രി അറിയിച്ചതായാണ് റിപ്പോര്‍ട്ട്. നിക്ഷേപതുകയെ രണ്ടുലക്ഷം കൊണ്ട് ഹരിച്ച് പ്രതിശീര്‍ഷ നിക്ഷേപത്തുക കണ്ടെത്തുന്നു എന്ന രീതിയിലാണ് പ്രചരിക്കുന്ന പോസ്റ്റ്. എന്നാല്‍ 12,537 കോടിയ്ക്ക് പകരം പ്രചരിക്കുന്ന പോസ്റ്റില്‍ നല്കിയിരിക്കുന്നത് 12 കോടി 53 ലക്ഷത്തി 70,000 ആണെന്ന് കാണാം.
യഥാര്‍ത്ഥത്തില്‍ പ്രതിശീര്‍ഷ നിക്ഷേപം എന്ന സങ്കല്പം തന്നെ ഇവിടെ അപ്രസക്തമാണ്. കാരണം, രണ്ട് ലക്ഷം നിക്ഷേപങ്ങള്‍ സമൂഹത്തിലെ വ്യത്യസ്ത വിഭാഗം ജനങ്ങളുടേതാണ്. ഇവര്‍ ഒരു സംഘം അല്ല. അതുകൊണ്ടുതന്നെ ഓരോ സംരംഭവും വ്യത്യസ്തമായിരിക്കും. അതിന്റെ നിക്ഷേപവും വ്യത്യസ്ത തുകയുടേതായിരിക്കുമെന്ന് അനുമാനിക്കാം. എങ്കിലും 12,537 കോടി രൂപയെ രണ്ട് ലക്ഷം കൊണ്ട് ഹരിച്ചാല്‍ കിട്ടുക ആറ് ലക്ഷത്തി 26,850 രൂപയാണ്.
സംരംഭങ്ങളുടെയും നിക്ഷേപങ്ങളുടെയും കണക്കുകള്‍ സംബന്ധിച്ച് കൂടുതല്‍ വിവരശേഖരണത്തിനായി മാധ്യമറിപ്പോര്‍ട്ടുകള്‍ പരിശോധിച്ചു. ഇതോടെ മലയാള മനോരമയില്‍ ഡിസംബര്‍ 30 ന് പ്രസിദ്ധീകരിച്ചത് 2023 ഡിസംബര്‍ 29 വരെയുള്ള കണക്കാണെന്ന് വ്യക്തമായി. ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍സ് വിഭാഗം വെബ്സൈറ്റില്‍ ഈ പത്രക്കുറിപ്പ് ഡിസംബര്‍ 29ന് പ്രസിദ്ധീകരിച്ചതായി കാണാം.
ഡിസംബര്‍ 28 ന് വൈകീട്ട് മന്ത്രി പി. രാജീവ് ഫെയ്സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ 12,500 കോടി രൂപയുടെ നിക്ഷേപം നേടിയതായി പരാമര്‍ശിക്കുന്നു.
ഇതോടെ സംരംഭകവര്‍ഷം പദ്ധതിയുടെ ഭാഗമായി രണ്ട്ലക്ഷത്തിലധികം സംരംഭങ്ങള്‍ സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തതായും ഇതുവഴി 12,500 കോടിയിലധികം രൂപ നിക്ഷേപമുണ്ടായതായും വ്യക്തമായി. ഓരോ ദിവസവും പുതിയ സംരംഭങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്നതിനനുസരിച്ച് ഈ തുകയില്‍ മാറ്റം വരാമെന്നും വ്യക്തം.
പ്രചരിക്കുന്ന പോസ്റ്റിലെ പ്രതിശീര്‍ഷ നിക്ഷേപം സംബന്ധിച്ച കണക്ക് തെറ്റാണെന്ന് വ്യക്തമായെങ്കിലും പ്രതിശീര്‍ഷ നിക്ഷേപത്തുകയെന്ന സങ്കല്പത്തിന് പോലും പ്രസക്തിയുണ്ടോ എന്ന് സ്ഥിരീകരിക്കുന്നതിനായി വ്യവസായമന്ത്രി പി. രാജീവിന്റെ ഓഫീസുമായി ബന്ധപ്പെട്ടു. പ്രതികരണം ഇങ്ങനെ:
”ഒരു വ്യക്തിയോ ഒരുസംഘം വ്യക്തികളോ ചേര്‍ന്നു തുടങ്ങുന്നതാണ് ഓരോ സംരംഭവും. ഇത് ഓരോന്നും വ്യത്യസ്തമാണ്. ഇത്തരത്തില്‍ രണ്ട് ലക്ഷത്തിലധികം സംരംഭങ്ങള്‍ 2022 ഏപ്രില്‍ 1 മുതല്‍ 2023 ഡിസംബര്‍ 30 വരെ രജിസ്റ്റര്‍ ചെയ്തുവെന്നാണ് ഞങ്ങള്‍ നല്‍കിയ കണക്ക്. ഇതുപ്രകാരം 12,500 കോടിയിലധികം രൂപയുടെ നിക്ഷേപവുമുണ്ടായി. നിക്ഷേപത്തുക ഓരോ സംരംഭത്തിനുമനുസരിച്ച് മാറാം. 50,000ത്തില്‍ കുറഞ്ഞ രൂപയുടെ നിക്ഷേപവും അഞ്ചുലക്ഷത്തിലധികം രൂപയുടെ നിക്ഷേപവുമുണ്ട്. ഇത് സംരംഭങ്ങളുടെ സ്വഭാവവും ചെലവും മേഖലയുമെല്ലാം അടിസ്ഥാനമാക്കിയാണ്. പ്രതിശീര്‍ഷ നിക്ഷേപം എന്ന രീതിയില്‍ തുക കാണിക്കുന്നതില്‍ അര്‍ത്ഥമില്ല. പ്രചരിക്കുന്ന പോസ്റ്റുകളില്‍ നല്‍കിയിരിക്കുന്ന തുക പോലും തെറ്റാണ്.”
രണ്ടുലക്ഷത്തിലേറെ നിക്ഷേപങ്ങളില്‍ വിവിധ മേഖലകളിലെ കണക്കുകള്‍ ഓഫീസില്‍നിന്ന് ഞങ്ങളുമായി പങ്കുവെച്ചു. സംരംഭകമേഖല തിരിച്ചുള്ള കണക്ക് ചുവടെ.
സമാനമായി ജില്ലാടിസ്ഥാനത്തിലുള്ള കണക്കും സ്ത്രീ-പുരുഷ സംരംഭകരുടെ കണക്കും ലഭ്യമാണ്.
ഏറ്റവും പുതിയ കണക്കുകള്‍ക്കായി സംരംഭകവര്‍ഷത്തിന്റെ വെബ്സൈറ്റ് പരിശോധിക്കാനും ഓഫീസില്‍നിന്ന് നിര്‍ദേശിച്ചു. 2022-23 സാമ്പത്തികവര്‍ഷത്തെയും 2023-24 സാമ്പത്തികവര്‍ഷത്തെയും കണക്കുകള്‍ വെബ്സൈറ്റില്‍ ലഭ്യമാണ്. ഇപ്രകാരം 2024 ജനുവരി 3 വൈകീട്ട് 5 മണിവരെ ആകെ രണ്ട് ലക്ഷത്തി 5,999 സംരംഭങ്ങളും 12,861.49 കോടി രൂപയുടെ നിക്ഷേപവും നാല് ലക്ഷത്തി 39,483 തൊഴിലവസരങ്ങളുമുണ്ടായതായി കാണാം.
ഇതോടെ പ്രചരിക്കുന്ന അവകാശവാദത്തിന് വസ്തുതാപരമായോ യുക്തിപരമായോ യാതൊരു അടിസ്ഥാനവുമില്ലെന്ന് വ്യക്തമായി.
Conclusion:
സംരംഭകവര്‍ഷത്തിന്റെ ഭാഗമായി സംസ്ഥാനത്ത് രണ്ടുലക്ഷത്തിലേറെ സംരംഭങ്ങളിലൂടെ നേടിയ നിക്ഷേപത്തുകയുടെ പ്രതിശീര്‍ഷ കണക്ക് 626 രൂപ 85 പൈസയാണെന്ന അവകാശവാദം പൂര്‍ണമായും തെറ്റാണെന്ന് ന്യൂസ്മീറ്റര്‍ അന്വേഷണത്തില്‍ വ്യക്തമായി. കൂടാതെ ഓരോ സംരംഭവും വ്യത്യസ്തമാണെന്നും 50,000 രൂപയ്ക്കു താഴെയും അഞ്ച് ലക്ഷം രൂപയ്ക്കു മുകളിലുമുള്ള സംരംഭങ്ങള്‍ ഇക്കൂട്ടത്തിലുണ്ടെന്നും വ്യവസായമന്ത്രിയുടെ ഓഫീസ് ന്യൂസ്മീറ്ററിനോട് സ്ഥിരീകരിച്ചു.