Fact Check: കള്ളപ്പണ വിവാദത്തില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ പ്രതിപക്ഷ നേതാവ് തള്ളിപ്പറഞ്ഞോ? വീഡിയോയുടെ വാസ്തവം
പാലക്കാട് ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് യുഡിഎഫിനെതിരെ ഉയര്‍ന്ന കള്ളപ്പണ ആരോപണത്തില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പ്രതിപക്ഷ നേതാവ് രംഗത്തെത്തിതയതായി അവകാശപ്പെട്ടുകൊണ്ടാണ് വി ഡി സതീശന്റെ വാര്‍ത്താസമ്മേളനത്തിലെ ചില ഭാഗങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.
By - HABEEB RAHMAN YP | Published on 9 Nov 2024 9:06 AM ISTClaim: പാലക്കാട് യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തിലിനെ പരസ്യമായി വിമര്‍ശിച്ച് പ്രതിപക്ഷനേതാവ് വി ഡി സതീശന്‍.
Fact: പ്രചാരണം അടിസ്ഥാനരഹിതം. പ്രചരിക്കുന്നത് പ്രതിപക്ഷനേതാവിന്റെ വാര്‍ത്താസമ്മേളനത്തിലെ അപൂര്‍ണമായ ഭാഗം; വി ഡി സതീശന്‍ വിമര്‍ശിക്കുന്നത് സിപിഐഎം സ്ഥാനാര്‍ഥിയെയും മന്ത്രി എംബി രാജേഷിനെയും.
പാലക്കാട് നിയമസഭ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉയര്‍ന്ന കള്ളപ്പണ വിവാദത്തിന് വലിയ മാധ്യമശ്രദ്ധ ലഭിച്ചതിന് പിന്നാലെ ഇതുമായി ബന്ധപ്പെട്ട് യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പ്രതിപക്ഷ നേതാവ് രംഗത്തെത്തിയതായി സമൂഹമാധ്യമങ്ങളില്‍ പ്രചാരണം. വി ഡി സതീശന്റെ വാര്‍ത്താസമ്മേളനത്തിലെ വീഡിയോ ഉപയോഗിച്ചാണ് അവകാശവാദം. ‘രാഹുല്‍ മാങ്കൂട്ടത്തില്‍ സ്വയം പരിഹാസ്യനായി നില്‍ക്കുകയാണ്’ എന്ന് പ്രതിപക്ഷനേതാവ് പറഞ്ഞതായാണ് സെക്കന്റുകള്‍ മാത്രം ദൈര്‍ഘ്യമുള്ള വീഡിയോ സഹിതം പ്രചാരണം.
Fact-check:
പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും പ്രതിപക്ഷ നേതാവ് യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പ്രസ്താവന നടത്തിയിട്ടില്ലെന്നും വസ്തുത പരിശോധനയില്‍ വ്യക്തമായി.
പ്രചരിക്കുന്ന വീഡിയോയുടെ ആകെ ദൈര്‍ഘ്യം 12 സെക്കന്റ് മാത്രമാണ്. പ്രതിപക്ഷനേതാവിന്റെ വാര്‍ത്താസമ്മേളനത്തിലെ ഒരു വാക്യം മാത്രമാണ് വീഡിയോയില്‍. “അതെല്ലാം രാഹുല്‍ മാങ്കൂട്ടത്തില്‍ കൃത്യമായി മറുപടി പറഞ്ഞ്, സ്വയം പരിഹാസ്യനായി നില്‍ക്കുകയാണ്”എന്നാണ് വി ഡി സതീശന്‍ പറയുന്നത്. ആറ് സെക്കന്റ് മാത്രം ദൈര്‍ഘ്യമുള്ള ഈ ഭാഗം രണ്ടുതവണ ആവര്‍ത്തിച്ച് ഇതിനൊപ്പം രാഹുലിന്റെയും ഷാഫി പറമ്പിലിന്റെയും ചിത്രങ്ങള്‍ ചേര്‍ത്ത് എഡിറ്റ് ചെയ്ത വീഡിയോയാണ് പ്രചരിക്കുന്നത്.
യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ രാഹുല്‍ മാങ്കൂട്ടത്തിലിനെ പ്രതിപക്ഷനേതാവ് വിമര്‍ശിച്ചാല്‍ അത് വാര്‍ത്തയാകുമെന്നതില്‍ സംശയമില്ലെന്നിരിക്കെ ഒരു മാധ്യമത്തിലും ഇത്തരമൊരു റിപ്പോര്‍ട്ടും കണ്ടെത്താനായില്ല.
പ്രചരിക്കുന്ന വീഡിയോയിലെ വാര്‍ത്താസമ്മേളനത്തിന്റെ ഭാഗം അപൂര്‍ണമായതിനാല്‍ ഇതിന്റെ പൂര്‍ണരൂപം കണ്ടത്താനാണ് ആദ്യം ശ്രമിച്ചത്. 24 ന്യൂസ് 2024 നവംബര്‍ എട്ടിന് രാവിലെ പതിനൊന്നരയോടെ സംപ്രേഷണം ചെയ്ത തത്സമയ വാര്‍ത്താസമ്മേളനത്തിലെ ദൃശ്യങ്ങളാണിതെന്ന് സ്ക്രീനിലെ തിയതിയും സമയവും പരിശോധിച്ചതില്‍നിന്ന് വ്യക്തമായി. തുടര്‍ന്ന് ഈ സൂചന ഉപയോഗിച്ച് നടത്തിയ പരിശോധനയില്‍ ഇതിന്റെ എഡിറ്റ് ചെയ്ത ഭാഗം 24 ന്യൂസ് യൂട്യൂബില്‍ പങ്കുവെച്ചതായി കണ്ടെത്തി.
ദിവ്യയുടെ ജാമ്യവുമായി ബന്ധപ്പെട്ട ആരോപണങ്ങളാണ് വി ഡി സതീശന്‍ ഉന്നയിക്കുന്നത്. ഇത് വീഡിയോയ്ക്ക് ചാനല്‍ നല്‍കിയ തലക്കെട്ടില്‍നിന്നും വ്യക്തമാണ്. 3 മിനുറ്റ് ദൈര്‍ഘ്യമുള്ള ഈ വീഡിയോയില്‍ പ്രതിപക്ഷ നേതാവ് ഈ വിഷയം സംസാരിച്ചതിന് പിന്നാലെയാണ് മാധ്യമപ്രവര്‍ത്തകര്‍ പാലക്കാട്ടെ കള്ളപ്പണവുമായി ബന്ധപ്പെട്ട ആരോപണങ്ങളില്‍ ചോദ്യങ്ങള്‍ ഉന്നയിക്കുന്നത്. ഇതിന്റെ ഉള്ളടക്കം താഴെ വായിക്കാം:
മാധ്യമപ്രവര്‍ത്തകന്‍: രാഹുല്‍ മാങ്കൂട്ടത്തില്‍ നേരത്തെ പറഞ്ഞത് അദ്ദേഹം സ്ഥലത്ത് ഉണ്ടായിരുന്നില്ലെന്നാണ്, എന്നാല്‍ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ വ്യക്തമാകുന്നത് രാഹുല്‍ മാങ്കൂട്ടത്തില്‍ ഈ സമയം അവിടെ ഉണ്ടായിരുന്നു എന്നാണ്.
വി ഡി സതീശന്‍: ഇത് ഇന്ന് വീണ്ടും ഇത് ചര്‍ച്ചയാക്കാന്‍ വേണ്ടിയുള്ള ചോദ്യമാണ്. അതൊക്കെ രാഹുല്‍മാങ്കൂട്ടത്തില്‍ കൃത്യമായി മറുപടി പറഞ്ഞിട്ടുണ്ട്, രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മറുപടിയെടുത്ത് നോക്കിയാല്‍ മതി.
മാധ്യമപ്രവര്‍ത്തകന്‍: പാലക്കാട്ട് രാഹുല്‍ മാങ്കൂട്ടത്തിലും ഷാഫി പറമ്പിലും മറ്റ് പ്രവര്‍ത്തകരുമൊക്കെ പരസ്പരവിരുദ്ധമായാണ് കാര്യങ്ങള്‍ പറയുന്നത്…
വി ഡി സതീശന്‍: എന്ന് നിങ്ങള്‍ക്ക് തോന്നിയതാണ്. ഞങ്ങള്‍ക്കാര്‍ക്കും തോന്നിയില്ല. പരസ്പര വിരുദ്ധമായിട്ട് പറഞ്ഞതാരാ? പാര്‍ട്ടി ജില്ലാ സെക്രട്ടറിയും മന്ത്രിയും.. എംബി രാജേഷും പറഞ്ഞു ഇത് ഭയങ്കരമായി കള്ളപ്പണമാണ് അവിടെ ഒളിച്ചുവെച്ചിരിക്കുന്നത്… അതാണ്, പ്രശ്നമാണെന്ന് പറഞ്ഞു… അവിടത്തെ സ്ഥാനാര്‍ത്ഥി പറഞ്ഞതെന്താ? സ്ഥാനാര്‍ത്ഥി പറഞ്ഞത് ഷാഫി പറമ്പില്‍ പൊലീസിനെ വിളിച്ച് പറഞ്ഞതാണ്, ഉടനെ നാടകമുണ്ടാക്കിയതാണെന്ന് പറഞ്ഞു. ആദ്യം അവിടുത്തെ പ്രശ്നം തീര്‍ത്തിട്ട് എന്നോട് ചോദിക്കാന്‍ വാ…
മാധ്യമപ്രവര്‍ത്തകന്‍: സിസിടിവി ദൃശ്യവും ഇവര്‍ പറയുന്നതും വൈരുദ്ധ്യമാണ് സര്‍.
വി ഡി സതീശന്‍: അതെല്ലാം രാഹുല്‍ മാങ്കൂട്ടത്തില്‍ കൃത്യമായി മറുപടി പറഞ്ഞ്… സ്വയം പരിഹാസ്യനായി നില്‍ക്കുകയാണ്. എന്തായാലും മന്ത്രി എംബി രാജേഷാണ് ഈ വനിതാ നേതാക്കന്മാരുടെ മുറി റെയ്ഡ് ചെയ്യാന്‍ എസ്പിയെ വിളിച്ച് പറഞ്ഞത്. ഒരു സംശയവും അക്കാര്യത്തിലില്ല. മന്ത്രിയും അളിയനുകൂടി ചേര്‍ന്നുണ്ടാക്കിയ തിരക്കഥയാണ്. നിങ്ങള്‍ എന്നോട് ചോദ്യം ചോദിക്കുന്നതിന് മുന്‍പ്…
ഇവിടെ വെച്ച് വാര്‍ത്താ അവതാരകന്‍ ഇടപെട്ട് വാര്‍ത്താസമ്മേളനത്തിന്റെ തത്സമയ സംപ്രേഷണം ഉപസംഹരിക്കുന്നു. ഈ വാര്‍ത്താസമ്മേളനത്തില്‍നിന്ന് പ്രതിപക്ഷനേതാവ് രാഹുല്‍ മാങ്കൂട്ടത്തിലിനെ വിമര്‍ശിച്ചിട്ടില്ലെന്ന് വ്യക്തമാണ്. ‘സ്വയം പരിഹാസ്യനായി നില്‍ക്കുന്നു’ എന്ന് അദ്ദേഹം പറഞ്ഞത് പരസ്പരവിരുദ്ധമായ ആരോപണങ്ങളുന്നയിച്ച സിപിഐഎം ജില്ലാ സെക്രട്ടറിയെയും സ്ഥാനാര്‍ത്ഥിയെയും മന്ത്രി എംബി രാജേഷിനെയുമാണ്.
ചേലക്കരയില്‍ നടത്തിയ ഈ വാര്‍ത്താ സമ്മേളനത്തിന്റ ദൈര്‍ഘ്യമേറിയ തത്സമയ പതിപ്പ് പ്രതിപക്ഷനേതാവിന്റെ ഫെയ്സ്ബുക്ക് പേജില്‍ പങ്കുവെച്ചതായി കണ്ടെത്തി. ചാനലില്‍ സംപ്രേഷണം ചെയ്തതിന് ശേഷമുള്ള ഭാഗങ്ങളും ഇതില്‍ ലഭ്യമാണ്.
കുഴല്‍പ്പണ വിവാദം ബിജെപിയില്‍ പ്രശ്നങ്ങള്‍ സൃഷ്ടിച്ചതിന് പിന്നാലെ കെ സുരേന്ദ്രനെ രക്ഷിക്കാനും കോണ്‍ഗ്രസിനെ ഉപയോഗിച്ച് ബാലന്‍സ് ചെയ്യാനും വേണ്ടി സിപിഐഎം ഉണ്ടാക്കിയ തിരക്കഥയാണിതെന്നും അത് അവര്‍ക്കുതന്നെ തിരിച്ചടിയായെന്നും വി ഡി സതീശന്‍ തുടര്‍ന്ന് ആരോപിക്കുന്നുണ്ട്.
ഇതോടെ പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് വ്യക്തമായി.
Conclusion:
പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പാലക്കാട് യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തിലിനെ കള്ളപ്പണവിവാദത്തില്‍ പരസ്യമായി വിമര്‍ശിച്ചുവെന്ന തരത്തില്‍ പ്രചരിക്കുന്ന വീഡിയോ തെറ്റിദ്ധരിപ്പിക്കുന്നതാണ്. വാര്‍ത്താസമ്മേളനത്തിലെ ഒരു വാക്യം മാത്രം അടര്‍ത്തിമാറ്റിയാണ് പ്രചാരണമെന്നും പ്രതിപക്ഷനേതാവ് വിമര്‍ശിച്ചത് സിപിഐഎമ്മിനെയാണെന്നും അന്വേഷണത്തില്‍ വ്യക്തമായി.