2024 ജൂണ്‍ 25ന് രാജ്യസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ BJP നേതാവ് കെ സുരേന്ദ്രനെ പിന്തുണച്ച് പ്രതിപക്ഷനേതാവ് വി ഡി സതീശന്‍ രംഗത്തെത്തിയതായി സമൂഹമാധ്യമങ്ങളില്‍ പ്രചാരണം. കെ സുരേന്ദ്രന്‍ രാജ്യസഭ വഴി കേന്ദ്രമന്ത്രിയായാല്‍ അത് സംസ്ഥാനത്തിന് ഗുണം ചെയ്യുമെന്ന് വി ഡി സതീശന്‍ പ്രസ്താവന നടത്തിയെന്ന തരത്തില്‍ റിപ്പോര്‍ട്ടര്‍ ടിവിയുടെ വാര്‍ത്താ കാര്‍ഡിന്റെ രൂപത്തിലാണ് പ്രചാരണം. (Archive)
വി ഡി സതീശന്‍റെ ചിത്രസഹിതം തയ്യാറാക്കിയ കാര്‍ഡ് കോണ്‍ഗ്രസിനെ വിമര്‍ശിച്ചുകൊണ്ട് നിരവധി പേരാണ് പങ്കുവെച്ചിരിക്കുന്നത്. (Archive 1, Archive 2, Archive 3)
Fact-check:
പ്രചാരണം അടിസ്ഥാനരഹിതമാണെന്നും വി ഡി സതീശന്‍ ഇത്തരമൊരു പ്രസ്താവന നടത്തിയിട്ടില്ലെന്നും വസ്തുത പരിശാധനയില്‍ വ്യക്തമായി.
പ്രചരിക്കുന്ന കാര്‍ഡില്‍ നല്‍കിയിരിക്കുന്ന ചിത്രവും പ്രധാന ഉള്ളടക്കത്തിന് ഉപയോഗിച്ചിരിക്കുന്ന ഫോണ്ടും റിപ്പോര്‍ട്ടര്‍ ടിവിയുടെ പൊതുവില്‍ ഉപയോഗിക്കുന്ന ഘടനയോ ഡിസൈനോ അല്ലെന്നത് കാര്‍ഡ് വ്യാജമാകാമെന്നതിന്റെ ആദ്യസൂചനയായി. തുടര്‍ന്ന് കാര്‍ഡില്‍ കാണുന്ന തിയതിയില്‍ റിപ്പോര്‍ട്ടര്‍ ടി വി സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച വാര്‍ത്താ കാര്‍ഡുകള്‍ പരിശോധിച്ചതോടെ ഇതിന്റെ യഥാര്‍ത്ഥ കാര്‍ഡ് ലഭിച്ചു. (Archive)
തിരഞ്ഞെടുപ്പിന് പിന്നാലെ CPIM ന്റെ പരാജയം സംബന്ധിച്ച് LDF കണ്‍വീനര്‍ ഇ പി ജയരാജന്‍ നടത്തിയ പ്രസ്താവനയുമായി ബന്ധപ്പെട്ട് 2024 ജൂണ്‍ 7 നാണ് കാര്‍ഡ് പങ്കുുവെച്ചിരിക്കുന്നത്. ഇതിലെ പ്രധാന ഉള്ളടക്കവും ഇ പി ജയരാജന്റെ ചിത്രവും മാറ്റിയാണ് പ്രചരിക്കുന്ന കാര്‍ഡ് തയ്യാറാക്കിയിരിക്കുന്നതെന്ന് വ്യക്തമായി.
എഡിറ്റ് ചെയ്ത കാര്‍ഡില്‍ ഇ പി ജയരാജന്റെ ചിത്രത്തിന് മുകളിലായി പ്രതിപക്ഷ നേതാവിന്റെ ചിത്രം ചേര്‍ത്തതായി കാണാം. ഇത് അദ്ദേഹത്തിന്റെ ഫെയ്സ്ബുക്ക് അക്കൗണ്ടിലെ പ്രൊഫൈല്‍ ചിത്രമാണ്.
തുടര്‍ന്ന് വി ഡി നടത്തിയ പരിശോധനയില്‍ കെ സുരേന്ദ്രനുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ഇത്തരമൊരു പ്രസ്താവന നടത്തിയതായി മാധ്യമറിപ്പോര്‍ട്ടുകളൊന്നും കണ്ടെത്താനായില്ല. തിരഞ്ഞെടുപ്പിന് മുന്‍പ് സുരേന്ദ്രന്റെ വയനാട്ടിലെ സ്ഥാനാര്‍ത്ഥിത്വത്തെ പരിഹസിച്ച് വി ഡി സതീശന്‍ രംഗത്തെത്തിയിരുന്നു.
രാജ്യസഭ തിരഞ്ഞെടുപ്പിലേക്ക് കെ സുരേന്ദ്രന്‍ മത്സരിക്കുന്നതായി മാധ്യമറിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ പാര്‍ട്ടിയുടെ ഔദ്യോഗിക പ്രഖ്യാപനം ഇതുവരെ വന്നിട്ടില്ല. കേരളത്തില്‍നിന്ന് ഒഴിവുവരുന്ന മൂന്ന് സീറ്റുകളിലേക്ക് നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാന്‍ സമയപരിധി ഈ മാസം 13 ന് അവസാനിച്ചു. LDF സ്ഥാനാര്‍ത്ഥികളായി സിപിഐയുടെ പിപി സുനീറും, കേരള കോണ്‍ഗ്രസിന്റെ ജോസ് കെ മാണിയും UDF സ്ഥാനാര്‍ത്ഥിയായി മുസ്ലിം ലീഗിന്റെ അഡ്വ. ഹാരിസ് ബീരാനുമാണ് പത്രിക സമര്‍പ്പിച്ചത്. സുരേന്ദ്രനെ മറ്റേതെങ്കിലും സംസ്ഥാനത്തുനിന്ന് BJPയുടെ രാജ്യസഭ സീറ്റുകളില്‍ മത്സരിപ്പിക്കാന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തുന്നത്.
Conclusion:
രാജ്യസഭ വഴി കെ സുരേന്ദ്രന്‍ കേന്ദ്രമന്ത്രിയാകുന്നത് സംസ്ഥാനത്തിന് ഗുണകരമാണെന്ന് പ്രതിപക്ഷനേതാവ് പറഞ്ഞിട്ടില്ല. വിഡി സതീശന്‍ ഇത്തരത്തില്‍ പ്രസ്താവന നടത്തിയെന്ന തരത്തില്‍ റിപ്പോര്‍ട്ടര്‍ ടിവിയുടെ പേരില്‍ പ്രചരിക്കുന്ന വാര്‍ത്താകാര്‍ഡ് എഡിറ്റ് ചെയ്തതാണെന്ന് ന്യൂസ്മീറ്റര്‍ അന്വേഷണത്തില്‍ വ്യക്തമായി.