കൊല്ലത്ത് സൈനികന്റെ മുതുകില്‍ PFI എന്നെഴുതിയതാര്? വ്യാജ പരാതി ഏറ്റുപിടിച്ച് ചില മാധ്യമങ്ങളും
സെപ്തംബര്‍ 25 ന് രാവിലെയാണ് കൊല്ലത്ത് സൈനികനെ നിരോധിത സംഘടനയായ പോപ്പുലര്‍ഫ്രണ്ടിന്റെ പ്രവര്‍ത്തകര്‍ മര്‍ദിച്ചതായും മുതുകില്‍ PFI എന്ന് എഴുതിയതായും ജനം ടിവി റിപ്പോര്‍ട്ട് ചെയ്യുന്നത്.
By - HABEEB RAHMAN YP | Published on 27 Sept 2023 12:05 AM ISTകൊല്ലത്ത് സൈനികനെ മര്‍ദിക്കുകയും മുതുകില്‍ PFI എന്ന് എഴുതുകയും ചെയ്തതായി ജനം ടിവിയാണ് ആദ്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. ആദ്യറിപ്പോര്‍ട്ട് എന്ന അവകാശവാദത്തോടെ സെപ്തംബര്‍ 25 ന് രാവിലെ 6.50 ന് സ്ക്രീനില്‍ തിയതിയും സമയവും ഉള്‍പ്പെടുത്തിയായിരുന്നു വാര്‍ത്ത. കൊല്ലത്ത് പോപ്പുലര്‍ഫ്രണ്ട് പ്രവര്‍ത്തകര്‍ ജവാനെ മര്‍ദിച്ചുവെന്ന അടിക്കുറിപ്പോടെയാണ് വീഡിയോ റിപ്പോര്‍ട്ട് ഫെയ്സ്ബുക്കില്‍ പങ്കുവെച്ചിരിക്കുന്നത്.
കൂടാതെ ഹൈന്ദവഭാരതം എന്ന ഫെയ്സ്ബുക്ക് പേജിലും സമാന ഉള്ളടക്കത്തോടെ പോസ്റ്റ് പങ്കുവെച്ചതായി കാണാം.
Fact-check:
വസ്തുതാ പരിശോധനയുടെ ആദ്യഘട്ടത്തില്‍ വാര്‍ത്ത പുറത്തുവന്ന ദിവസം വിവിധ മാധ്യമങ്ങള്‍ നല്കിയ റിപ്പോര്‍ട്ടുകളാണ് പരിശോധിച്ചത്. സെപ്തംബര്‍ 25ന് വൈകീട്ട് 7.28 നാണ് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ ഈ വാര്‍ത്ത നല്കിയിരിക്കുന്നത്.
തന്നെ മര്‍ദിച്ചുവെന്നും മുതുകില്‍ പിഎഫ്ഐ എന്ന് എഴുതിയെന്നും സൈനികന്‍റെ പരാതിയില്‍ അന്വേഷണം ആരംഭിച്ചതായാണ് റിപ്പോര്‍ട്ട്. സൈനികന്‍ പരാതിപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് വാര്‍ത്ത. ആര് ആക്രമിച്ചുവെന്ന് പരാതിയില്‍ വ്യക്തമാക്കാത്തതിനാല്‍തന്നെ സ്ഥിരീകരിക്കാത്ത വിവരം ഉള്‍പ്പെടുത്താതെയാണ് വാര്‍ത്ത നല്കിയിരിക്കുന്നത്.
മലയാള മനോരമ ഓണ്‍ലൈനില്‍ 26 ന് പുലര്‍ച്ചെ 2.40ന് പ്രസിദ്ധീകരിച്ച വാര്‍ത്തയിലും സമാനമായ രീതിയിലാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ആരാണ് ആക്രമിച്ചതെന്ന് 25 ന് രാത്രിവരെ സ്ഥിരീകരിച്ച വിവരങ്ങള്‍ ലഭ്യമായിരുന്നില്ലെന്ന് ഇതില്‍നിന്നും വ്യക്തമാണ്. എന്നാല്‍ നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് കേരളത്തില്‍ നടത്തിയ തീവ്രവാദി ആക്രമണമെന്ന നിലയില്‍ 25ന് രാവിലെ മുതല്‍ ജനം ടിവി നല്കിയ വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ രാഷ്ട്രീയ നേതാക്കളടക്കം നിരവധി പേരാണ് സമൂഹമാധ്യമങ്ങളില്‍ അത്തരത്തില്‍ പ്രചരിപ്പിച്ചത്.
സെപ്തംബര്‍ 26 ന് ഉച്ചയോടെയാണ് സംഭവത്തില്‍ വഴിത്തിരിവുണ്ടാകുന്നത്. രണ്ട്ദിവസം തുടര്‍ച്ചയായ അന്വേഷണത്തിന് പിന്നാലെ സൈനികന്‍ കൊല്ലം സ്വദേശി ഷൈന്‍ കുമാര്‍ തന്റെ സുഹൃത്ത് ജോഷിയെക്കൊണ്ടാണ് മുതുകില്‍ പിഎഫ്ഐ എന്ന് എഴുതിച്ചതെന്ന് പൊലീസ് കണ്ടെത്തി. സെപ്തംബര്‍ 26ന് ഉച്ചയ്ക്ക് ഒരുമണിയോടെ മലയാളമനോരമയും മാതൃഭൂമിയും ഓണ്‍ലൈനില്‍ ഈ വാര്‍ത്ത പ്രസിദ്ധീകരിച്ചു.
പ്രശസ്തനാകാന്‍ വേണ്ടിയാണ് ഇങ്ങനെ ചെയ്തതെന്നും ഇതുവഴി ഉയര്‍ന്ന തസ്തികയില്‍ ജോലി ലഭിക്കാനാണ് ശ്രമിച്ചതെന്നും സൈനികന്റെ സുഹൃത്ത് ജോഷി പൊലീസിന് മൊഴി നല്കി. തന്നെക്കൊണ്ട് ചെയ്യിപ്പിച്ചതാണെന്ന് പൊലീസിന് മുന്നില്‍ ഏറ്റുപറയുന്ന ജോഷിയുടെ ദൃശ്യങ്ങളും മാധ്യമങ്ങള്‍ സംപ്രേഷണം ചെയ്തു.
സംഭവത്തില്‍ സൈനികനായ ഷൈന്‍ കുമാറിനെയും സുഹൃത്ത് ജോഷിയെയും പൊലീസ് അറസ്റ്റ് ചെയ്തു. വര്‍ഗീയകലാപമുണ്ടാക്കാന്‍ ശ്രമം ഉള്‍പ്പെടെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് കേസ്. ഇതുസംബന്ധിച്ച് കൊട്ടാരക്കര എ എസ് പി പ്രതാപന്‍ നായരുടെ പ്രതികരണവും മാധ്യമങ്ങളില്‍ ലഭ്യമാണ്.
ഇതോടെ മനപ്പൂര്‍വം ഉണ്ടാക്കിയെടുത്ത വ്യാജപരാതിയാണിതെന്നും പോപ്പുലര്‍ഫ്രണ്ട് പ്രവര്‍ത്തകര്‍ ആക്രമിച്ചു എന്ന അവകാശവാദത്തിന് അടിസ്ഥാനമില്ലെന്നും വ്യക്തമായി.
നിരോധിത സംഘടനയിലെ വ്യക്തികള്‍ ഒരു സൈനികനെ ആക്രമിച്ചുവെന്ന പ്രചരണം കേരളത്തിലെ രാഷ്ട്രീയ പശ്ചാത്തലത്തില്‍ സാമുദായിക ധ്രുവീകരണത്തിനും വര്‍ഗീയവിദ്വേഷത്തിനും ഇടനല്കുന്നതാണ്. ഇത് തിരിച്ചറിഞ്ഞ് പൂര്‍ണമായും സ്ഥിരീകരിച്ചതിന് ശേഷം മാത്രം ഇത്തരം വാര്‍ത്തകള്‍ നല്കേണ്ടതും നല്കിയ വാര്‍ത്ത തെറ്റെന്ന് തിരിച്ചറിയുന്ന നിമിഷം അത് തിരുത്തേണ്ടതും തെറ്റായ വാര്‍ത്ത പിന്‍വലിക്കേണ്ടതും മാധ്യമങ്ങളുടെ ഉത്തരവാദിത്തമാണ്.
Conclusion:
കൊല്ലത്ത് സൈനികനെ നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ടിന്റെ പ്രവര്‍ത്തകര്‍ മര്‍ദിച്ചുവെന്നും മുതുകില്‍ പിഎഫ്ഐ എന്ന് എഴുതിയെന്നുമുള്ള വാര്‍ത്ത അടിസ്ഥാനരഹിതമാണ്. സൈനികന്‍ ഉന്നയിച്ച പരാതിയില്‍ പോലും ആരാണ് ആക്രമിച്ചതെന്ന് വ്യക്തമാക്കിയിരുന്നില്ല. പിന്നീട് ഇത് വ്യാജ പരാതിയാണെന്ന് പൊലീസ് സ്ഥിരീകരിക്കുകയും ചെയ്തു.