മാത്യു കുഴല്‍നാടന്‍റെ വീട്ടിലെ റവന്യൂ പരിശോധന: പ്രചരിക്കുന്ന ചിത്രത്തിന്‍റെ വസ്തുതയറിയാം

അനധികൃതമായി നിലം മണ്ണിട്ട് നികത്തിയെന്ന ആരോപണത്തില്‍ വിജിലന്‍സ് നിര്‍ദേശപ്രകാരം റവന്യൂവകുപ്പ് മാത്യു കുഴല്‍നാടന്‍റെ വീടിന് പരിസരത്ത് പരിശോധന നടത്തിയിരുന്നു. ഇത് സര്‍ക്കാരിന്‍റെ പ്രതികാര നടപടിയാണെന്ന അവകാശവാദത്തോടെ കുടുംബത്തെ ദ്രോഹിക്കുന്നു എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പ്രചരിക്കുന്നത്.

By -  HABEEB RAHMAN YP |  Published on  20 Aug 2023 10:47 PM IST
മാത്യു കുഴല്‍നാടന്‍റെ വീട്ടിലെ റവന്യൂ പരിശോധന: പ്രചരിക്കുന്ന ചിത്രത്തിന്‍റെ വസ്തുതയറിയാം

മാത്യു കുഴല്‍നാടനെതിരെ നടക്കുന്ന റവന്യൂ വകുപ്പ് അന്വേഷണം സര്‍ക്കാരിന്‍റെ പ്രതികാര നടപടിയാണെന്നും പരിശോധനയുടെ ഭാഗമായി പ്രായമായ അമ്മയെയും സഹോദരിയെയും ദ്രോഹിക്കുന്നുവെന്നുമുള്ള അടിക്കുറിപ്പോടെ ഒരു ചിത്രം സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നു. ഒരു വീടിനു മുന്നില്‍ ഒരു യുവതി ഗേറ്റിന് പുറത്ത് തടിച്ചുകൂടിയ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുന്ന ചിത്രമാണിത്. .യുവതിയുടെ പിന്നിലായി ഏതാനും പൊലീസുകാരെയും കാണാം.




Musthafa Musthafa എന്ന ഫെയ്സ്ബുക്ക് അക്കൗണ്ടില്‍നിന്ന് പങ്കുവെച്ചിരിക്കുന്ന ചിത്രത്തിനൊപ്പം നല്‍കിയ വിവരണത്തില്‍ കെ എം ഷാജിയുടെ വീട്ടില്‍ മുന്‍പ് നടന്ന പരിശോധനയെക്കുറിച്ചും മുഖ്യമന്ത്രിയുടെ മകള്‍ക്കുനേരെ ഉയര്‍ന്ന് സാമ്പത്തിക ആരോപണങ്ങളെക്കുറിച്ചുമെല്ലാം പറയുന്നുണ്ട്.


Fact-check:

വസ്തുതാ പരിശോധനയുടെ ആദ്യഘട്ടത്തില്‍ ചിത്രം റിവേഴ്സ് ഇമേജ് സംവിധാനം ഉപയോഗിച്ച് പരിശോധിച്ചു. ഇതോടെ 2020 നവംബര്‍ 5 ന് Onmanorama പ്രസിദ്ധീകരിച്ച ഒരു വാര്‍ത്തയാണ് ലഭ്യമായത്.


ബിനീഷ് കോടിയേരിയുടെ വീട്ടില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടത്തിയ റെയ്ഡിനിടെ ബന്ധുക്കളെ തടഞ്ഞുവെച്ചതുമായി ബന്ധപ്പെട്ട വാര്‍ത്തയാണ് ഓണ്‍മനോരമ നല്‍കിയിരിക്കുന്നത്. വാര്‍ത്തയ്ക്കൊപ്പം പ്രചരിക്കുന്ന ചിത്രത്തിലെ അതേ പശ്ചാത്തലത്തില്‍ ചില ചിത്രങ്ങളും കാണാം.

ലഭിച്ച സൂചനകള്‍ ഉപയോഗിച്ച് കീവേഡുകള്‍ ഉപയോഗിച്ച് പരിശോധിച്ചു. ഇതോടെ പ്രചരിക്കുന്ന അതേ ആംഗിളിലെ ചിത്രം ഉള്‍പ്പെടെ The Hindu 2020 നവംബര്‍ 5 ന് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടും ലഭിച്ചു.


ഇതോടെ പ്രചരിക്കുന്ന ചിത്രം 2020 നവംബറില്‍ CPIM നേതാവ് കോടിയേരി ബാലകൃഷ്ണന്‍റെ മകന്‍ ബിനീഷ് കോടിയേരിയുടെ വീട്ടില്‍ നടന്ന ഇ.ഡി റെയ്ഡിനിടയിലേതാണെന്ന് വ്യക്തമായി.

സമാന കീവേഡുകള്‍ ഉപയോഗിച്ച് യൂട്യൂബില്‍ പരിശോധിച്ചതോടെ ഈ സംഭവത്തിന്‍റെ കൂടുതല്‍ വീഡിയോ ദൃശ്യങ്ങളും ലഭ്യമായി.


2020 നവംബര്‍ 5 ന് മനോരമ ന്യൂസ് യൂട്യൂബ് ചാനലില്‍ നല്‍കിയ വീഡിയോയില്‍ ബിനീഷ് കോടിയേരിയുടെ വീട്ടിലെ റെയ്ഡിനിടെ രണ്ടരവയസ്സ് പ്രായമുള്ള കുഞ്ഞിനെ ഉള്‍പ്പെടെ തടഞ്ഞുവെച്ച നടപടിയ്ക്കെതിരെ കുടുംബാംഗങ്ങള്‍ മാധ്യമങ്ങളോട് പ്രതികരിക്കുന്നതാണ് ദൃശ്യങ്ങളില്‍.

ഇതോടെ പ്രചരിക്കുന്ന ചിത്രത്തിന് മാത്യു കുഴല്‍നാടന്റെ വീട്ടിലെ റവന്യൂ വകുപ്പ് പരിശോധനയുമായി യാതൊരു ബന്ധവുമില്ലെന്ന് വ്യക്തമായി.

മാത്യു കുഴല്‍നാടന്റെ വീട്ടിലെ റവന്യൂ പരിശോധനയുമായി ബന്ധപ്പെട്ട് മാതൃഭൂമിയും കേരള കൗമുദിയും ഉള്‍പ്പെടെ വിവിധ മാധ്യമങ്ങള്‍ നല്‍കിയ വാര്‍ത്തകളും ഇത് സാധൂകരിക്കുന്നു.


Conclusion:

മാത്യു കുഴല്‍നാടനെതിരായ വിജിലന്‍സ്-റവന്യൂ അന്വേഷണത്തിനിടെ കുടുംബത്തെ ദ്രോഹിക്കുന്നു എന്ന അടിക്കുറിപ്പോടെ പ്രചരിപ്പിക്കുന്ന ചിത്രം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് ന്യൂസ്മീറ്റര്‍ അന്വേഷണത്തില്‍ വ്യക്തമായി. ചിത്രം 2020 നവംബര്‍ 5 ന് ബിനീഷ് കോടിയേരിയുടെ വീട്ടില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടത്തിയ റെയ്ഡിനിടയിലേതാണെന്ന് ന്യൂസമീറ്റര്‍ കണ്ടെത്തി.

Claim Review:Photo during vigilance - revenue raid at Mathew Kuzhalnadan MLA’s home
Claimed By:Social Media Users
Claim Reviewed By:NewsMeter
Claim Source:Facebook
Claim Fact Check:False
Next Story