മേക്കപ്പ് ഇല്ലാത്ത മമ്മൂട്ടി: പ്രചരിക്കുന്ന ചിത്രം എഡിറ്റ് ചെയ്തത്
മേക്കപ്പില്ലാത്ത മമ്മൂട്ടിയുടെ ചിത്രമെന്ന അടിക്കുറിപ്പോടെയാണ് അദ്ദേഹത്തിന്റെ പ്രായംതോന്നിക്കുന്ന ചിത്രം സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.
By - HABEEB RAHMAN YP | Published on 27 Oct 2023 11:57 PM ISTമമ്മൂട്ടിയുടെ ഏറെ പ്രായംതോന്നിക്കുന്ന ചിത്രം സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നു. മേക്കപ്പ് ഇല്ലാത്ത മമ്മൂട്ടി എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പങ്കുവെയ്ക്കുന്നത്. പ്രേംകൃഷ്ണന്‍ എന്നയാളുടെ പ്രൊഫൈലില്‍നിന്ന് പങ്കുവെച്ച ചിത്രത്തില്‍ ചുക്കിച്ചുളിഞ്ഞ മുഖവും നരബാധിച്ച തലമുടിയും കാണാം.
Abhinand K Narayanan എന്ന പ്രൊഫൈലില്‍നിന്നും ഇതേ ചിത്രം പങ്കുവെച്ചതായി കാണാം.
Fact-check:
ചിത്രങ്ങള്‍ പ്രായംതോന്നിക്കുന്ന രൂപത്തിലേക്ക് ഉള്‍പ്പെടെ വിവിധ രീതികളിലേക്ക് മാറ്റിയെടുക്കാന്‍ നിര്‍മിതബുദ്ധി സഹായത്തോടെ പ്രവര്‍ത്തിക്കുന്ന നിരവധി മൊബൈല്‍ ആപ്ലിക്കേഷനുകളും ഇന്‍റര്‍നെറ്റ് പ്ലാറ്റ്ഫോമുകളും ഇന്ന് ലഭ്യമാണ്. 2019 ലാണ് ഇന്ത്യയില്‍ ഇത്തരത്തില്‍ ഫെയ്സ് ആപ്പ് എന്ന മൊബൈല്‍ അപ്ലിക്കേഷന്‍ ജനശ്രദ്ധ നേടിയത്. അന്ന് സമൂഹമാധ്യമങ്ങളില്‍ സിനിമാതാരങ്ങളടക്കം നിരവധി പേര്‍ ഫെയ്സ് ആപ്പ് ഉപയോഗിച്ച് നിര്‍മിച്ച തങ്ങളുടെ പ്രായംചെന്ന ചിത്രങ്ങള്‍ പങ്കുവെച്ചിരുന്നു. ഇതുസംബന്ധിച്ച് ഇന്ത്യന്‍ എക്സ്പ്രസ് മലയാളം നല്‍കിയ റിപ്പോര്‍ട്ടാണ് ചുവടെ:
തുടര്‍ന്ന് വ്യക്തിഗത വിവരങ്ങള്‍ ഉള്‍പ്പെടെ ദുരുപയോഗം ചെയ്യപ്പെടാന്‍ ഇത്തരം ആപ്ലിക്കേഷനുകള്‍ കാരണമായേക്കാം എന്ന ചര്‍ച്ചകളും ഉയര്‍ന്നുവന്നിരുന്നു. ഇത്തരം ആപ്പുകളുടെ സുരക്ഷ സംബന്ധിച്ചും മാധ്യമറിപ്പോര്‍ട്ടുകള്‍ ലഭ്യമാണ്.
മമ്മൂട്ടിയുടെ മേക്കപ്പില്ലാത്ത ചിത്രം എന്നരീതിയില്‍ ചിത്രം പ്രചരിച്ചതോടെ അത് ഫെയ്സ് ആപ്പ് ഉപയോഗിച്ച് നിര്‍മിച്ചതാകാമെന്ന സൂചനയാണ് ആദ്യം ലഭിച്ചത്.
വസ്തുതാപരിശോധനയുടെ ആദ്യഘട്ടത്തില്‍ മമ്മൂട്ടി ഫാന്‍സ് കേരള ഫെയ്സ്ബുക്ക് പേജ് പരിശോധിച്ചു. പ്രചരിക്കുന്ന ചിത്രത്തിന്റെ ഒറിജിനല്‍ എന്ന അടിക്കുറിപ്പോടെ Koyakkutty Salim എന്ന വ്യക്തി Baiju Baiju എന്നയാളുടെ ഫെയ്സ്ബുക്ക് പോസ്റ്റ് പങ്കുവെച്ചതായി കണ്ടെത്തി. പ്രചരിക്കുന്ന ചിത്രത്തിലെ അതേ വസ്ത്രമാണ് ഇതിലും മമ്മൂട്ടി ധരിച്ചിരിക്കുന്നതെന്ന് കാണാം.
തുടര്‍ന്ന് ചില കീവേഡുകള്‍ ഉപയോഗിച്ച് ഫെയ്സ്ബുക്കില്‍ പരിശോധിച്ചതോടെ ഇത്തരത്തില്‍ കൂടുതല്‍ പേര്‍ ‘ഒറിജിനല്‍’ ചിത്രം പങ്കുവെച്ചതായി കണ്ടെത്തി. ഇക്കൂട്ടത്തില്‍ വെരിഫൈഡ് അക്കൗണ്ടുള്ള റോബര്‍ട്ട് കുര്യാക്കോസിന്റെ പോസ്റ്റ് കണ്ടെത്തി. മമ്മൂട്ടിയുടെ PRO ആണെന്നും അദ്ദേഹത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കെയര്‍ ആന്‍റ് ഷെയര്‍ ഫൗണ്ടേഷന്‍റെ ഡയറക്ടറാണെന്നും പ്രൊഫൈലില്‍ നല്കിയിട്ടുണ്ട്. പ്രചരിക്കുന്ന ചിത്രവും ഒറിജിനല്‍ ചിത്രവും പങ്കുവെച്ച് അദ്ദേഹം ഇത് ഫോട്ടോഷോപ്പില്‍ എഡിറ്റ് ചെയ്തതാണെന്ന് വ്യക്തമാക്കുന്നു.
എന്നാല്‍ ഫോട്ടോഷോപ്പിന്റെ സാധാരണ പതിപ്പുകളിലൊന്നും നേരിട്ട് ഇത്തരം ഫില്‍ട്ടറുകള്‍ ഉപയോഗിക്കാന്‍ സാധിക്കില്ലെന്ന് കണ്ടെത്താനായി. അതുകൊണ്ടുതന്നെ ചിത്രം ഫെയ്സ് ആപ്പില്‍ പരിശോധിക്കാന്‍ തീരുമാനിച്ചു. റോബര്‍ട്ട് കുര്യാക്കോസ് പങ്കുവെച്ച ഒറിജിനല്‍ ചിത്രം ഉപയോഗിച്ച് ഫെയ്സ് ആപ്പിലെ Age Filter വഴി മാറ്റം വരുത്തിയതോടെ പ്രചരിക്കുന്ന ചിത്രത്തിന് സമാനമായ ഫലമാണ് ലഭിച്ചത്.
ഇതോടെ പ്രചരിക്കുന്നത് ഫെയ്സ് ആപ്പ് ഉപയോഗിച്ച് എഡിറ്റ് ചെയ്തതാണെന്ന് വ്യക്തമായി.
Conclusion:
മേക്കപ്പില്ലാത്ത മമ്മുൂട്ടിയുടെ ചിത്രമെന്ന അടിക്കുറിപ്പോടെ പ്രചരിക്കുന്ന അദ്ദേഹത്തിന്റെ പ്രായംതോന്നിക്കുന്ന ചിത്രം എഡിറ്റ് ചെയ്തതാണെന്ന് ന്യൂസ്മീറ്റര്‍ അന്വേഷണത്തില്‍ കണ്ടെത്തി. ഫെയ്സ് ആപ്പിലെ Age Filter ഉപയോഗിച്ചാണ് മാറ്റം വരുത്തിയതെന്നും വ്യക്തമായി.