ഏഷ്യാനെറ്റ് ന്യൂസ് സംപ്രേഷണം ചെയ്ത വാര്‍ത്തയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടെ ചാനല്‍ എക്സിക്യൂട്ടീവ് എഡിറ്റര്‍ സിന്ധു സൂര്യകുമാര്‍ ആശുപത്രിയിലാണെന്നും പൊലീസിന്‍റെ ചോദ്യം ചെയ്യലിന് ഹാജരായില്ലെന്നും വാര്‍ത്തകള്‍ വന്നിരുന്നു. ഇതിന് പിന്നാലെയാണ് സിന്ധു സൂര്യകുമാറിന്‍റേതെന്ന തരത്തില്‍ ചിത്രം സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. കേസില്‍ ചോദ്യംചെയ്യലിന് ഹാജരാകാന്‍ പൊലീസ് ആവശ്യപ്പെട്ടതിന് പിന്നാലെ നെഞ്ചുവേദനയെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു എന്നാണ് അവകാശവാദം.
Prasoon Raj Venkata എന്ന ഫെയ്സ്ബുക്ക് അക്കൗണ്ടില്‍നിന്ന് പങ്കുവെച്ച ആശുപത്രിക്കിടക്കയില്‍ കഴിയുന്ന സ്ത്രീയുടെ ചിത്രത്തിനൊപ്പം ഈ അവകാശവാദം പരിഹാസരൂപേണ ഉള്‍പ്പെടുത്തിയതായി കാണാം.
പോരാളി ഷാജി എന്ന ഫെയ്സ്ബുക്ക് പേജില്‍ Giri Pathanamthita എന്ന അക്കൗണ്ടില്‍നിന്നും ഇതേചിത്രം പങ്കുവെച്ചിട്ടുണ്ട്.
Fact-check:
ഏഷ്യാനെറ്റ് ന്യൂസിനെതിരായ കേസന്വേഷണം പുരോഗമിക്കുന്ന ഘട്ടങ്ങളില്‍ എക്സിക്യൂട്ടീവ് എഡിറ്റര്‍ സിന്ധു സൂര്യകുമാര്‍ ആശുപത്രിയിലാണെന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ പ്രചരിക്കുന്ന ചിത്രത്തിലെ മുഖം വ്യക്തമല്ലാത്തതും നെഞ്ചുവേദന മൂലം ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്നും പരിഹാസരൂപേണയുള്ള ഉള്ളടക്കം സംശയമുളവാക്കി.
വസ്തുതാ പരിശോധനയുടെ ആദ്യഘട്ടത്തില്‍ നടത്തിയ റിവേഴ്സ് ഇമേജ് പരിശോധനയില്‍ ഈ ചിത്രം വൈ എസ് ആര്‍ തെലങ്കാന പാര്‍ട്ടി പ്രസിഡന്‍റ് വൈ എസ് ശര്‍മിളയാണെന്ന് വ്യക്തമാക്കുന്ന മാധ്യമറിപ്പോര്‍ട്ടുകള്‍ ലഭിച്ചു.
2022 ഡിസംബര്‍ 11 ന് NDTV പ്രസിദ്ധീകരിച്ച വാര്‍ത്തയില്‍ നല്‍കിയിരിക്കുന്നത് ഇതേ ചിത്രമാണെന്ന് വ്യക്തം. അനിശ്ചിതകാല നിരാഹാര സമരത്തിനിടെ ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് പൊലീസ് അവരെ ആശുപത്രിയിലേക്ക് മാറ്റിയതുമായി ബന്ധപ്പെട്ട വാര്‍ത്തയാണിത്.
ദി സ്റ്റേറ്റ്സ്മാന്‍, വണ്‍ഇന്ത്യ തുടങ്ങിയവയുടെ ഓണ്‍ലൈന്‍ വാര്‍ത്താ പോര്‍ട്ടലുകളിലും ഇതേദിവസം ഈ വാര്‍ത്ത പ്രസിദ്ധീകരിച്ചതായി കാണാം.
ഇതോടെ പ്രചരിക്കുന്ന ചിത്രത്തിലുള്ളത് സിന്ധു സൂര്യകുമാറല്ലെന്ന് വ്യക്തമായി.
തുടര്‍ന്ന് ഏഷ്യാനെറ്റ് ന്യൂസിലെ ചില മാധ്യമപ്രവര്‍ത്തകരുമായി ബന്ധപ്പെട്ടു. സിന്ധു സൂര്യകുമാര്‍ ഒരു ശസ്ത്രക്രിയയെത്തുടര്‍ന്ന് ആശുപത്രിയിലാണെന്നും അവധിയിലാണെന്നും അവര്‍ വ്യക്തമാക്കി.
Conclusion:
ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ടതിന് പിന്നാലെ നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച സിന്ധു സൂര്യകുമാറിന്‍റേതെന്ന അടിക്കുറിപ്പോടെ പ്രചരിക്കുന്ന ചിത്രം തെറ്റിദ്ധരിപ്പിക്കുന്നതാണ്. സിന്ധു സൂര്യകുമാര്‍ ഒരു ശസ്ത്രക്രിയയെത്തുടര്‍ന്ന് അവധിയിലാണെങ്കിലും പ്രചരിക്കുന്ന ചിത്രം തെലങ്കാനയിലെ വൈ എസ് ആര്‍ പാര്‍ട്ടി പ്രസിഡന്‍റ് വൈ എസ് ശര്‍മിളയുടേതാണെന്ന് ന്യൂസ്മീറ്റര്‍ അന്വേഷണത്തില്‍ വ്യക്തമായി.