‘കാടുപിടിച്ച്’ തലശ്ശേരി ജനറല്‍ ആശുപത്രി: വാസ്തവമറിയാം
കാടുപിടിച്ച് അപകടാവസ്ഥയിലായ ഒരു ബഹുനിലകെട്ടിടത്തിന്റെ ചിത്രമാണ് തലശ്ശേരി ഗവണ്മെന്റ് ജനറല്‍ ആശുപത്രിയുടേതെന്ന അടിക്കുറിപ്പോടെ പ്രചരിപ്പിക്കുന്നത്.
By - HABEEB RAHMAN YP | Published on 24 Sept 2023 11:58 PM ISTതലശ്ശേരി ഗവണ്മെന്റ് ആശുപത്രി ശോചനീയാവസ്ഥയിലെന്ന അടിക്കുറിപ്പോടെ സമൂഹമാധ്യമങ്ങളില്‍ പ്രചരണം. കാടുപിടിച്ച് അപകടാവസ്ഥയിലായ ഒരു കെട്ടിടത്തിന്റെ ചിത്രസഹിതമാണ് പ്രചരണം. മുഖ്യമന്ത്രിയുടെ നാട്ടില്‍, സ്പീക്കര്‍ എ എന്‍ ഷംസീറിന്റെ മണ്ഡലത്തില്‍ ഗവണ്മെന്റ് ആശുപത്രി ശോചനീയാവസ്ഥയില്‍ എന്നാണ് നല്കിയിരിക്കുന്ന വിവരണം.
ഹൈന്ദവഭാരതം എന്ന ഫെയ്സ്ബുക്ക് പേജില്‍ നിന്ന് പങ്കുവെച്ച ചിത്രമാണിത്. ആരോഗ്യമേഖലയില്‍ ഒന്നാംസ്ഥാനത്തുള്ള കേരളത്തിലെ ആശുപത്രിയുടെ അവസ്ഥ എന്ന് പരിഹസിച്ചും നിരവധി പേര്‍ ഇതേ ചിത്രം പങ്കുവെച്ചിട്ടുണ്ട്. വിവിധ ഇടത്-വിരുദ്ധ പ്രൊഫൈലുകളില്‍നിന്നും ചിത്രം പങ്കുവെച്ചതായി കാണാം.
Fact-check:
2017 ല്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ബിജെപി പാര്‍ട്ടി പരിപാടിയ്ക്കായി കേരളത്തിലെത്തിയപ്പോള്‍ കേരളത്തിലെ ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട് വിവാദ പ്രസ്താവന നടത്തിയിരുന്നു. ആരോഗ്യമേഖലയില്‍ കേരളം ഉത്തര്‍പ്രദേശിനെ മാതൃകയാക്കണമെന്നായിരുന്നു പരാമര്‍ശം. ഇതിനെത്തുടര്‍ന്ന് ദേശീയ വാര്‍ത്താചാനലായ ‘ഇന്ത്യാടുഡേ’ കേരളത്തിലെയും ഉത്തര്‍പ്രദേശിലെയും ആശുപത്രികളുടെ ഒരു താരതമ്യവീഡിയോ പ്രസിദ്ധീകരിച്ചത് ഏറെ ശ്രദ്ധേയമായിരുന്നു. ഇതിനായി അന്ന് തെരഞ്ഞെടുത്തത് തലശ്ശേരി ഗവണ്മെന്‍റ് ആശുപത്രിയായിരുന്നു.
ഏറെ ശ്രദ്ധേയമായ ഈ ആശുപത്രി കെട്ടിടത്തിന്റെ നിലവിലെ അവസ്ഥ ശോചനീയമായിട്ടുണ്ടെങ്കില്‍ തീര്‍ച്ചയായും അത് വാര്‍ത്തയാകേണ്ടതാണ്. തലശ്ശേരി ഗവണ്മെന്റ് ആശുപത്രിയുടെ ദൃശ്യങ്ങളും പ്രചരിക്കുന്ന ചിത്രവും തമ്മില്‍ പ്രകടമായ മാറ്റങ്ങള്‍ കണ്ടെത്തി. വസ്തുതാപരിശോധനയുടെ ആദ്യഘട്ടത്തില്‍ തലശ്ശേരി ഗവണ്മെന്റ് ആശുപത്രിയുടെ കൂടുതല്‍ ചിത്രങ്ങള്‍ ഗൂഗ്ള്‍ മാപ്പില്‍ പരിശോധിച്ചു. 2016 ല്‍ വി കെ സുജിത് പങ്കുവെച്ച ചിത്രം ലഭ്യമായി.
ഇത് ഇന്ത്യാടുഡേ നല്കിയ ദൃശ്യങ്ങള്‍ക്ക് സമാനമാണ്. എന്നാല്‍ നിലവില്‍ പ്രചരിക്കുന്ന ചിത്രം ഇതില്‍നിന്നും ഏറെ വ്യത്യസ്തമാണെന്നും വ്യക്തമാണ്. ആശുപത്രിയുടെ നിലവിലെ അവസ്ഥ അറിയാനായി ഗൂഗ്ള്‍ മാപ്പിന്റെ സ്ട്രീറ്റ് വ്യൂ സംവിധാനമുപയോഗിച്ച് പരിശോധിച്ചു. 2023 മെയ് മാസത്തില്‍ അപ്ഡേറ്റ് ചെയ്ത ചിത്രങ്ങള്‍ ലഭ്യമായി.
പ്രചരിക്കുന്ന ചിത്രത്തില്‍ അഞ്ചുനില കെട്ടിടമാണ് കാണുന്നത്. എന്നാല്‍ ആശുപത്രിയുടെ ലഭ്യമായ ചിത്രങ്ങളില്‍നിന്ന് കെട്ടിടം മൂന്ന് നിലയാണെന്ന് വ്യക്തമായി. ഇതോടെ പ്രചരിക്കുന്ന ചിത്രം തലശ്ശേരി ഗവണ്മെന്റ് ആശുപ്ത്രിയുടേതല്ലെന്ന് സ്ഥിരീകരിക്കാനായി.
തുടര്‍ന്ന് പ്രചരിക്കുന്ന ചിത്രം കണ്ടെത്താന്‍ ശ്രമിച്ചു. ഇതിനായി കണ്ണൂരിലെ ചില പ്രാദേശിക മാധ്യമപ്രവര്‍ത്തകരുമായി ബന്ധപ്പെട്ടു. അവര്‍ നല്കിയ വിവരങ്ങള്‍ പ്രകാരം ഇത് ആശുപത്രിയുടെ സമീപത്തെ ടി ബി കോംപ്ലക്സ് എന്ന ബഹുനില കെട്ടിടമാണെന്ന് മനസ്സിലാക്കാനായി. ഈ സൂചനകള്‍ ലഭിച്ച് ഗൂഗ്ള്‍ മാപ്പ് വഴി നടത്തിയ പരിശോധനയില്‍ ആശുപത്രിയില്‍നിന്ന് 700 മീറ്റര്‍ മാത്രം അകലെയാണ് ഈ കെട്ടിടമെന്ന് വ്യക്തമായി.
തുടര്‍ന്ന് സ്ട്രീറ്റ് വ്യൂ സംവിധാനമുപയോഗിച്ച് കെട്ടിടത്തിന്റെ മുന്‍വശത്തെ ചിത്രം കണ്ടെത്തി. എംജി റോഡിലാണ് ഈ അഞ്ചുനില കെട്ടിടം.
കെട്ടിടത്തിന്റെ പുറകുവശത്തെ ചിത്രം ലഭ്യമല്ലാത്തതിനാല്‍ സ്ഥിരീകരണത്തിനായി നഗരസഭാ ചെയര്‍പേഴ്സണെ ബന്ധപ്പെട്ടു. ഇത് ആശുപത്രി കെട്ടിടമല്ലെന്ന് അവരും വ്യക്തമാക്കി.
Conclusion:
തലശ്ശേരി ഗവണ്മെന്റ് ആശുപത്രി കെട്ടിടത്തിന്റേതെന്ന അടിക്കുറിപ്പോടെ പ്രചരിക്കുന്ന ചിത്രം തലശ്ശേരി എംജി റോഡിലെ ടിബി കോംപ്ലക്സിന്റേതാണെന്ന് ന്യൂസ്മീറ്റര്‍ അന്വേഷണത്തില്‍ വ്യക്തമായി. ഇതിന് തലശ്ശേരി ഗവണ്മെന്റ് ആശുപത്രിയുമായി യാതൊരു ബന്ധവുമില്ലെന്നും സ്ഥിരീകരിച്ചു.