നവകേരളസദസ്സിന് മുഖ്യമന്ത്രിയ്ക്കും മന്ത്രിമാര്‍ക്കും യാത്രചെയ്യാന്‍ ആഢംബര ബസ്സ് നിര്‍മിക്കുന്നുവെന്ന വാര്‍ത്തകള്‍ പുറത്തുവന്നതോടെ പ്രതിപക്ഷം ഉള്‍പ്പെടെ ഇതിനെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. സമൂഹമാധ്യമങ്ങളിലും ഇത് വലിയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കി. ഈ സാഹചര്യത്തിലാണ് ബസ്സിന്റെ ചിത്രമെന്ന അവകാശവാദത്തോടെ ചില ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചുതുടങ്ങിയത്.
Fact-check:
കാസറഗോഡ് മുതല്‍ തിരുവനന്തപുരം വരെ നിശ്ചയിച്ചിരിക്കുന്ന നവകേരള സദസ്സിന്റെ ഭാഗമായി മുഖ്യമന്ത്രിയും മന്ത്രിമാരും വിവിധ കേരളത്തിലെ എല്ലാ ജില്ലകളിലും പര്യടനം നടത്തുന്നുണ്ട്. എന്നാല്‍ കേരളത്തിലെ റോഡുകളിലെ യാത്രയ്ക്ക് അനുയോജ്യമായ വാഹനമല്ല പ്രചരിക്കുന്ന ചിത്രങ്ങളിലുള്ളത് എന്നത് പ്രചരിക്കുന്ന ചിത്രങ്ങള്‍ വ്യാജമായിരിക്കാമെന്നതിന്റെ ആദ്യ സൂചനയായി.
പ്രചരിക്കുന്ന ചിത്രങ്ങളിലൊന്നില്‍ നല്കിയിരിക്കുന്ന InspiringDesignsNet എന്ന എഴുത്ത് ഇത് ഒരു ഡിസൈന്‍ ആയിരിക്കാമെന്നതിന്റെ സൂചനകള്‍ നല്കി. ഇതുപ്രകാരം ഈ പേര് ഗൂഗ്ളില്‍ തിരഞ്ഞതോടെ വെബ്സൈറ്റ് ലഭ്യമായി. പ്രചരിക്കുന്ന ചിത്രമടക്കം സമാനചിത്രങ്ങള്‍ ഉള്‍പ്പെടുത്തി 2023 ജൂലൈയില്‍ പ്രസിദ്ധീകരിച്ച ലേഖനം ലഭിച്ചു.
വെബ്സൈറ്റില്‍ കമ്പനിയെക്കുറിച്ച് പരിചയപ്പെടുത്തുന്നത് ഒരു വെര്‍ച്വല്‍ ഡിസൈന്‍ കമ്പനി എന്ന നിലയ്ക്കാണ്. ഭാവി അധിഷ്ഠിതമാക്കി വിവിധ രംഗങ്ങളില്‍ സാങ്കല്‌പിക ഡിസൈനുകള്‍ ഉള്‍പ്പെടെ നിരവധി ചിത്രങ്ങള്‍ വെബ്സൈറ്റില്‍ നല്കിയിരിക്കുന്നതായി കാണാം.
വെബ്സൈറ്റില്‍ നല്കിയിരിക്കുന്ന സമൂഹമാധ്യമ അക്കൗണ്ട് വിവരങ്ങള്‍ പ്രകാരം പരിശോധിച്ചതോടെ ഫെയ്സ്ബുക്ക്, ഇന്‍സ്റ്റഗ്രാം ഉള്‍പ്പെടെ സമൂഹമാധ്യമ അക്കൗണ്ടുകളും ലഭിച്ചു. ഈ പ്ലാറ്റ്ഫോമുകളിലും പ്രചരിക്കുന്ന ചിത്രം ഉള്‍പ്പെടെ സമാനമായ നിരവധി ചിത്രങ്ങള്‍ പങ്കുവെച്ചതായി കാണാം. ഇവയെല്ലാം ഡിജിറ്റല്‍ ചിത്രങ്ങളാണെന്നും യഥാര്‍ത്ഥമല്ലെന്നും വ്യക്തമാക്കുന്നുണ്ട്.
തുടര്‍ന്ന് പ്രചരിക്കുന്ന ചിത്രത്തിനൊപ്പം നല്കിയ അടിക്കുറിപ്പ് പ്രകാരം നവകേരള സദസ്സിനായി തയ്യാറാക്കിയ വാഹനത്തിന്റെ ചിത്രങ്ങള്‍ ശേഖരിക്കാന്‍ ശ്രമിച്ചു. 2023 നവംബര്‍ 17ന് വൈകീട്ട് ബംഗലൂരുവിലെ യാര്‍ഡില്‍നിന്ന് ബസ്സ് കേരളത്തിലേക്ക് പുറപ്പെടുന്നതിന്റെ ദൃശ്യങ്ങള്‍ ചില മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ചതായി കണ്ടെത്തി.
മാതൃഭൂമി ന്യൂസ് ഉള്‍പ്പെടെ വിവിധ മാധ്യമങ്ങള്‍ ഈ വാര്‍ത്ത ദൃശ്യങ്ങള്‍ സഹിതം നല്കിയതായി കാണാം. ബംഗലൂരുവില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ ബസ്സിന്റെ ചെലവ് ഒരുകോടിയോളം രൂപയാണെന്ന് നേരത്തെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. മന്ത്രിമാര്‍ സ്വന്തം വാഹനങ്ങളില്‍ യാത്രചെയ്യുന്നതിന്റെ ചെലവ് ചുരുക്കാനാണ് എല്ലാവര്‍ക്കുമായ ഒരു ബസ്സ് തയ്യാറാക്കുന്നതെന്ന് മന്ത്രി ആന്റണി രാജു നേരത്തെ വിശദീകരിച്ചിരുന്നു.
ഇതോടെ പ്രചരിക്കുന്ന ചിത്രങ്ങള്‍ക്ക് നവകേരളയാത്രയുമായി യാതൊരു ബന്ധവുമില്ലെന്ന് വ്യക്തമായി.
Conclusion:
നവകേരളയാത്രയ്ക്കായി ഒരുകോടിയിലധികം രൂപ ചെലവില്‍ നിര്‍മിക്കുന്ന ബസ്സിന്റെ ചിത്രമെന്ന അടിക്കുറിപ്പോടെ പ്രചരിക്കുന്ന ചിത്രങ്ങള്‍ യഥാര്‍ഥമല്ലെന്നും കമ്പ്യൂട്ടര്‍ ഉപയോഗിച്ച് ഡിസൈന്‍ ചെയ്തതാണെന്നും ന്യൂസ്മീറ്റര്‍ അന്വേഷണത്തില്‍ വ്യക്തമായി. നവകേരള സദസ്സിനായി ഉപയോഗിക്കുന്ന ബസ്സ് ബംഗലൂരുവില്‍നിന്ന് നവംബര്‍ 17ന് വൈകീട്ട് കേരളത്തിലേക്ക് പുറ്പ്പെട്ടതായും ഈ ബസ്സിന് പ്രചരിക്കുന്ന ചിത്രങ്ങളുമായി യായൊരു സാമ്യവുമില്ലെന്നും ന്യൂസ്മീറ്റര്‍ കണ്ടെത്തി.