കൊല്ലം ശാസ്താംകോട്ടയിലെ ശ്രീ ധർമശാസ്താ ക്ഷേത്രം പരമ്പരാഗതമായി വാനരസദ്യയ്ക്ക് പേരുകേട്ട ക്ഷേത്രമാണെന്നും ഇവിടെ അച്ചടക്കത്തോടെ നിരനിരയായി കുരങ്ങുകള്‍ സദ്യയുണ്ണുന്നത് കാണാമെന്നും അവകാശവാദത്തോടെ പ്രചരിക്കുന്ന സന്ദേശത്തിനൊപ്പം നല്‍കിയിരിക്കുന്ന ചിത്രത്തില്‍ നിരനിരയായി വാഴയിലയില്‍ സദ്യ കഴിക്കുന്ന ധാരാളം കുരങ്ങന്മാരെയും ഇരുവശങ്ങളിലുമായി നിലയുറപ്പിച്ച പൊലീസുകാരെയും കാണാം.
Fact Check:
പ്രചരിക്കുന്ന സന്ദേശത്തിനൊപ്പം നല്‍കിയിരിക്കുന്ന ചിത്രം യഥാര്‍ത്ഥമല്ലെന്ന് അന്വേഷണത്തില്‍ കണ്ടെത്തി.
ചിത്രം സൂക്ഷ്മമായി പരിശോധിച്ചതോടെ ഇതില്‍ നല്‍കിയിരിക്കുന്ന ക്ഷേത്ര പശ്ചാത്തലം ശാസ്താംകോട്ട ക്ഷേത്രത്തിന്റേതല്ലെന്ന സൂചന ലഭിച്ചു. മാത്രവുമല്ല, കുരങ്ങന്മാര്‍ അച്ചടക്കത്തോടെ നിരനിരയായി കഴിക്കുന്നുവെന്ന അവകാശവാദയും ഇരുവശങ്ങളിലായി നിലയുറപ്പിച്ച പൊലീസുകാരുമെല്ലാം യുക്തിസഹമല്ലെന്ന സൂചനലഭിച്ചു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ചിത്രത്തില്‍ ചില പിശകുകളും കണ്ടെത്തി. നിരനിരയായി ഭക്ഷണം കഴിക്കുന്ന കുരങ്ങന്മാരില്‍ ചിലരുടെ മുഖം അവ്യക്തമാണ്. ചില കുരങ്ങന്മാര്‍ക്ക് കൈയ്യില്ലെന്നതും കാണാം. ഇതോടെ ചിത്രം എഐ ഉപയോഗിച്ച് നിര്‍മിച്ചതാകാമെന്ന സൂചന ലഭിച്ചു.
ഇതിന്റെ അടിസ്ഥാനത്തില്‍ ചിത്രം എഐ നിര്‍മിതമാണോ എന്ന് പരിശോധിച്ചു. ഹൈവ് മോഡറേഷന്‍ എന്ന വെബ്സൈറ്റ് ഉപയോഗിച്ച് നടത്തിയ പരിശോധനയില്‍ 97 ശതമാനത്തിലധികം എഐ ചിത്രമാകാനുള്ള സാധ്യതയാണ് കണ്ടെത്തിയത്.
തുടര്‍ന്ന് വാസ്ഇറ്റ്എഐ എന്ന മറ്റൊരു വെബ്സൈറ്റിലും പരിശോധിച്ചു. ഇതിലും ചിത്രം എഐ നിര്‍മിതമാണെന്ന ഫലമാണ് ലഭിച്ചത്.
ഇതോടെ പ്രചരിക്കുന്ന ചിത്രം യഥാര്‍ത്ഥമല്ലെന്നും എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് നിര്‍മിച്ചതാണെന്നും വ്യക്തമായി.
എന്നാല്‍ സന്ദേശത്തില്‍ പറയുന്ന വാനരസദ്യ യഥാര്‍ത്ഥമാണ്. ഇത് സംബന്ധിച്ച് നടത്തിയ പരിശോധനയില്‍ കേരള വിനോദസഞ്ചാരവകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റില്‍ ഇതിന്റെ വിശദവിവരങ്ങള്‍ സഹിതം കുറിപ്പ് നല്‍കിയതായി കണ്ടെത്തി.
രാവണ നിഗ്രഹത്തിനു ശേഷം അയോദ്ധ്യയിലേക്ക് മടങ്ങവേ വാനര പടയിലെ ഒരു സംഘത്തെ ശാസ്താവിന്റെ തോഴരായി ശാസ്താംകോട്ടയില്‍ നിയോഗിച്ചെന്ന ഐതിഹ്യത്തിന്റെ അടിസ്ഥാനത്തിലാണ് 50 വര്‍ഷത്തിലേറെയായി വാനരസദ്യ നടത്തുന്നതെന്ന് കുറിപ്പില്‍ പറയുന്നു.
ദി ഹിന്ദു ഉള്‍പ്പെടെ വിവിധ മാധ്യമറിപ്പോര്‍ട്ടുകളിലും വാനരസദ്യക്കുറിച്ച് വാര്‍ത്തകള്‍ നല്‍കിയതായി കണ്ടെത്തി.
എന്നാല്‍ ഈ റിപ്പോര്‍ട്ടുകളിലെ ചിത്രങ്ങളിലൊക്കെ ക്ഷേത്രത്തിന് മുന്നിലല്ലാതെ മറ്റൊരിടത്ത് സദ്യ നല്‍കുന്നതായാണ് കാണുന്നത്. മാത്രവുമല്ല, നിരനിരയായിരുന്ന സദ്യ കഴിക്കുന്നതിന് പകരം മൃഗങ്ങളുടെ സ്വാഭാവികരീതിയിലാണ് കുരങ്ങന്മാര്‍ സദ്യ കഴിക്കുന്നതെന്നും ചിത്രങ്ങള്‍ വ്യക്തമാക്കുന്നു.
ഇതോടെ പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും ചിത്രം യഥാര്‍ത്ഥമല്ലെന്നും വ്യക്തമായി.
Conclusion:
വാനരസദ്യയുടെ ചിത്രമെന്ന തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന ചിത്രം എഐ സങ്കേതങ്ങളുപയോഗിച്ച് നിര്‍മിച്ചതാണെന്ന് അന്വേഷണത്തില്‍ വ്യക്തമായി.