കേരളത്തിലെ റോഡുകളുടെ ശോചനീയാവസ്ഥ വ്യക്തമാക്കുന്നതെന്ന അടിക്കുറിപ്പോടെ ഒരു ചിത്രം സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നു. പൊട്ടിപ്പൊളിഞ്ഞ റോഡില്‍ രൂപപ്പെട്ട വലിയ ഗര്‍ത്തങ്ങളില്‍ നിറഞ്ഞ മഴവെള്ളത്തില്‍ കുട്ടികള്‍ കളിക്കുന്നതും ഒരു സ്ത്രീ പാത്രം കഴുകുന്നതും ഉള്‍പ്പെടുന്നതാണ് ചിത്രം. ന്യൂയോര്‍ക്ക് മോഡലെന്നും ഡച്ച് മോഡലെന്നും കേരള സര്‍ക്കാറിനെ പരിഹസിച്ച് നിരവധി പേരാണ് ചിത്രം സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിരിക്കുന്നത്.
Fact-check:
പ്രചരിക്കുന്നത് യഥാര്‍ത്ഥ ചിത്രമല്ലെന്നും നിര്‍മിതബുദ്ധി ഉപയോഗിച്ച് തയ്യാറാക്കിയ ചിത്രമാണെന്നും ന്യൂസ്മീറ്റര്‍ അന്വേഷണത്തില്‍ വ്യക്തമായി.
പ്രഥമദൃഷ്ട്യാ ചിത്രത്തില്‍ നിറയെ അസ്വാഭാവികമായ ഘടകങ്ങള്‍ കാണാം. മുന്നോട്ടുചലിക്കുന്ന ട്രക്കിന് മുന്നിലെ ഗര്‍ത്തത്തില്‍ പാത്രം കഴുകുന്ന സ്ത്രീതന്നെ ഉദാഹരണം. കൂടാതെ ചിത്രത്തിലെ പ്രകടമായ ചില അപൂര്‍ണതകളും യുക്തിരാഹിത്യവും ചിത്രം നിര്‍മിതബുദ്ധി ഉപയോഗിച്ച് തയ്യാറാക്കിയതാകാമെന്ന സാധ്യതകള്‍ക്ക് ബലമേകി.
ചിത്രത്തില്‍ ട്രക്കിന്റെ വലതുവശത്ത് റോഡരികിലൂടെ നടക്കുന്ന വ്യക്തിയുടെ കാല്‍പാദങ്ങള്‍ അദൃശ്യമാണ്. ട്രക്കിന് തൊട്ടരികില്‍ വലതുവശത്ത് മുന്നോട്ടുവരുന്ന സ്കൂട്ടറില്‍ ഡ്രൈവറില്ലെന്നതും ശ്രദ്ധേയം. ട്രക്കിന്റെ നമ്പര്‍ ബോര്‍ഡിന് ഇന്ത്യയിലെ വാഹനങ്ങളുടെ നമ്പറിങ് രീതിയുമായി സാമ്യമില്ലെന്ന് മാത്രമല്ല, ഇതിലെ അക്കങ്ങള്‍ അവ്യക്തമവുമാണ്. വലതുവശത്ത് ഒരു കുഴിയില്‍ നില്‍ക്കുന്ന കുട്ടിയുടെ കാലുകള്‍ അപൂര്‍ണമാണെന്ന് കാണാം. കൂടാതെ ട്രക്കിന്റെ മറുവശത്തായി സ്കൂട്ടറില്‍ ഇരിക്കുന്ന രണ്ടുപേരുടെയും കാലുകള്‍ സ്കൂട്ടര്‍ നിര്‍ത്തിയിട്ടിരിക്കുമ്പോഴും റോഡില്‍ സ്പര്‍ശിച്ചിട്ടില്ലെന്നതും കാണാം. മാത്രവുമല്ല, ചിത്രത്തിലെ ഒട്ടുമിക്ക ആളുകളുടെയും മുഖങ്ങളും അവ്യക്തമാണ്.
ഇത്രയും സൂചനകളില്‍നിന്ന് തന്നെ ചിത്രം നിര്‍മിതബുദ്ധി ഉപയോഗിച്ച് തയ്യാറാക്കിയതാകാമെന്ന് വ്യക്തമായി. തുടര്‍ന്ന് AI ചിത്രങ്ങള്‍ തിരിച്ചറിയുന്ന ചില ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളിലും പരിശോധിച്ചു. ഹൈവ് മോഡറേഷന്‍ എന്ന വെബ്സൈറ്റില്‍നിന്ന് ചിത്രം 99 ശതമാനവും നിര്‍മിതബുദ്ധി ഉപയോഗിച്ച് തയ്യാറാക്കിയതാകാമെന്ന ഫലമാണ് ലഭിച്ചത്.
ഇതോടെ ചിത്രം നിര്‍മിതബുദ്ധി സങ്കേതമുപയോഗിച്ച് തയ്യാറാക്കിയതാണെന്ന് വ്യക്തമായി. അതേസമയം ചിത്രത്തിന്റെ യഥാര്‍ത്ഥ പതിപ്പോ ആരാണിത് തയ്യാറാക്കിയതെന്നോ സംബന്ധിച്ച വിവരങ്ങള്‍ കണ്ടെത്താനായില്ല.
എന്നാല്‍ ഏതാനും ആഴ്ചകള്‍ക്കുമുന്‍പ് ഗുജറാത്തിലെ റോഡെന്ന അവകാശവാദത്തോടെ ഹിന്ദിയില്‍ നിരവധി പേര്‍ ഈ ചിത്രം എക്സിലും ത്രെഡ്സിലും ഉള്‍പ്പെടെ പങ്കുവെച്ചിരുന്നതായി അന്വേഷണത്തില്‍ കണ്ടെത്തി.
Conclusion:
റോഡിലെ വെള്ളം നിറഞ്ഞ നിറയെ ഗര്‍ത്തങ്ങളില്‍ കുട്ടികള്‍ കളിക്കുന്ന ചിത്രം കേരളത്തിലെ റോഡുകളുടെ ശോചനീയാവസ്ഥ കാണിക്കുന്നതല്ല. ഇത് നിര്‍മിതബുദ്ധി സാങ്കേതികവിദ്യ ഉപയോഗിച്ച് തയ്യാറാക്കിയ ചിത്രമാണെന്ന് ന്യൂസ്മീറ്റര്‍ അന്വേഷണത്തില്‍ വ്യക്തമായി.