പ്രധാനമന്ത്രി കൊച്ചിയില്‍; പ്രചരിക്കുന്നത് 2017ല്‍ സണ്ണി ലിയോണ്‍ കൊച്ചിയിലെത്തിയ ചിത്രം
ബോളിവുഡ് താരം സണ്ണി ലിയോണ്‍ 2017 ഓഗസറ്റില്‍ സ്വകാര്യ സ്ഥാപനത്തിന്‍റെ ഉദ്ഘാടന ചടങ്ങിനായി കൊച്ചിയിലെത്തിയ സമയത്തെ ചിത്രമാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദര്‍ശനത്തിന്‍റെ പശ്ചാത്തലത്തില്‍ പങ്കുവെച്ചിരിക്കുന്നത്.
By - HABEEB RAHMAN YP | Published on 25 April 2023 11:31 AM GMTപ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കേരള സന്ദര്‍ശനത്തിന്‍റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രിയെ കാണാന്‍ കൊച്ചിയില്‍ തടിച്ചുകൂടിയ ആള്‍ക്കൂട്ടമെന്ന അടിക്കുറിപ്പോടെ ചിത്രം സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നു.
കുരുക്ഷേത്ര എന്ന ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്ന് പങ്കുവെച്ച ചിത്രത്തിനൊപ്പം “രാഷ്ട്രീയ പിതാവ് മോദിജിയെ ഒരുനോക്ക് ദര്‍ശിക്കാന്‍ ജനസാഗരമായി കൊച്ചി നഗരം” എന്ന അടിക്കുറിപ്പ് ചേര്‍ത്തതായി കാണാം. (ആര്‍ക്കൈവ്ഡ് ലിങ്ക്)
The DeshBhakt എന്ന ട്വിറ്റര്‍ അക്കൗണ്ടില്‍നിന്നും സമാന അടിക്കുറിപ്പോടെ ഈ ചിത്രം പങ്കുവെച്ചിട്ടുണ്ട്. ട്വിറ്റര്‍ ഹാന്‍ഡില്‍ പരിശോധിച്ചപ്പോള്‍ ഇതൊരു ആക്ഷേപഹാസ്യ അക്കൗണ്ടാണെന്ന് മനസ്സിലാക്കാനായി. എങ്കിലും ഇത് സത്യമാണെന്ന് ധരിച്ചും നിരവധി പേര്‍ ഇത് പങ്കുവെയ്ക്കുന്നുണ്ട്. (ആര്‍ക്കൈവ്ഡ് ലിങ്ക്)
Fact-check:
സമൂഹമാധ്യമങ്ങളില്‍ വളരെയേറെ പ്രചരിച്ച ചിത്രമായതിനാല്‍ ഒറ്റ നോട്ടത്തില്‍ തന്നെ ഇത് സണ്ണി ലിയോണ്‍ പങ്കെടുത്ത കൊച്ചിയിലെ പരിപാടിയുടേത് ആണെന്ന് വ്യക്തമായി. എങ്കിലും വസ്തുതാ പരിശോധനയുടെ ഘടനാപരമായ ഉള്ളടക്കത്തിനായി വിശദമായ പരിശോധിക്കാം.
2023 ഏപ്രില്‍ 24, 25 തിയതികളില്‍ ദ്വിദിന സന്ദര്‍ശനത്തിനായാണ് പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിലെത്തിയത്. ഇതുസംബന്ധിച്ച് വിശദമായ മാധ്യമറിപ്പോര്‍ട്ടുകളും ലഭ്യമാണ്. 24 ന് വൈകീ്ട്ട് കൊച്ചിയിലെത്തിയ പ്രധാനമന്ത്രി തേവര എസ് എച്ച് കോളജില്‍ സംഘടിപ്പിച്ച ‘യുവം 2023’ കോണ്‍ക്ലേവില്‍ പങ്കെടുത്തു. ഇതിന് മുന്നോടിയായി കൊച്ചിയില്‍ നടത്തിയ റോഡ് ഷോയില്‍ ആയിരക്കണക്കിന് പേര്‍ പ്രധാനമന്ത്രിയെ കാണാനെത്തിയിരുന്നു.
റോഡിനിരുവശവും നില്‍ക്കുന്ന ജനങ്ങളെ അഭിവാദ്യം ചെയ്ത് കേരളീയ വേഷത്തില്‍ നടന്നാണ് പ്രധാനമന്ത്രി റോഡ്ഷോ നടത്തിയത്. ഇതിന്‍റെ വീഡിയോ അദ്ദേഹം തന്നെ യൂട്യൂബില്‍ പങ്കുവെച്ചതായി കാണാം. ഏതാനും ദൂരം നടന്നശേഷം വാഹനത്തില്‍ കയറിയും അദ്ദേഹം യാത്ര തുടര്‍ന്നു. ANI പങ്കുവെച്ച പൂര്‍ണവീഡിയോയില്‍ ഇത് വ്യക്തമാണ്.
എന്നാല്‍ നിലവില്‍ പ്രചരിക്കുന്ന ചിത്രത്തില്‍നിന്ന് വ്യത്യസ്തമായ നിരവധി ഘടകങ്ങള്‍ വീഡിയോയില്‍നിന്ന് കാണാനാകും. സുരക്ഷയൊരുക്കുന്ന എസ്പിജി ഉദ്യോഗസ്ഥര്‍ക്കു നടുവിലാണ് പ്രധാനമന്ത്രിയുടെ വാഹനം. മാത്രവുമല്ല, ഇരുവശവും ബാരിക്കേഡുകള്‍ സ്ഥാപിച്ച് അതിനപ്പുറമാണ് ജനങ്ങള്‍ നിലയുറപ്പിച്ചിരിക്കുന്നത്. എന്നാല്‍ പ്രചരിക്കുന്ന ചിത്രത്തില്‍ വാഹനത്തിനുചുറ്റും തിങ്ങിനിറഞ്ഞ ആള്‍ക്കൂട്ടത്തെയാണ് കാണാനാവുന്നത്. മാത്രവുമല്ല, വാഹനവ്യൂഹത്തിലെ കറുത്ത കാറിന് പകരം പ്രചരിക്കുന്ന ചിത്രത്തില്‍ ഒരു വെള്ള വാഹനം മാത്രമാണുള്ളത്. ഇതില്‍നിന്നെല്ലാം ചിത്രം പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന്‍റേതല്ലെന്ന് വ്യക്തമാണ്.
റിവേഴ്സ് ഇമേജ് സെര്‍ച്ചിലൂടെ ചിത്രത്തിന്‍റെ യഥാര്‍ത്ഥ സാഹചര്യം സ്ഥിരീകരിക്കാനായി. 2017 ഓഗസ്റ്റില്‍ കൊച്ചിയില്‍ ഒരു സ്വകാര്യ സ്ഥാപനത്തിന്‍റെ ഉദ്ഘാടന ചടങ്ങിനെത്തിയ ബോളിവുഡ് താരം സണ്ണിലിയോണിനെ കാണാന്‍ ആളുകള്‍ തടിച്ചുകൂടിയതിന്‍റെ ചിത്രമാണിതെന്ന് വ്യക്തമായി. ഹിന്ദുസ്ഥാന്‍ ടൈംസ് ഈ ചിത്രം സഹിതം വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
ചിത്രത്തിന് ക്രെഡിറ്റ് നല്‍കിയിരിക്കുന്നത് ട്വിറ്ററിലാണെന്ന് കാണാം. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ സണ്ണി ലിയോണ്‍ തന്നെ അവരുടെ വെരിഫൈഡ് ട്വിറ്റര്‍ അക്കൗണ്ടില്‍നിന്ന് 2017 ഓഗസ്റ്റ് 17ന് ഈ ചിത്രം പങ്കുവെച്ചതായി കണ്ടെത്തി.
ഇതോടെ പ്രചരിക്കുന്ന ചിത്രം 2023 ഏപ്രിലില്‍ പ്രധാനമന്ത്രി കൊച്ചിയില്‍ വന്നതിന്‍റെയല്ലെന്ന് വ്യക്തമായി.
Conclusion:
പ്രധാനമന്ത്രിയുടെ കേരള സന്ദര്‍ശനത്തിന്‍റെ പശ്ചാത്തലത്തില്‍ പ്രചരിക്കുന്ന ചിത്രം 2017-ല്‍ സണ്ണി ലിയോണ്‍ കൊച്ചിയിലെത്തിയ സമയത്തേതാണെന്ന് ന്യൂസ്മീറ്റര്‍ അന്വേഷണത്തില്‍ വ്യക്തമായി.