തലശ്ശേരിയില്‍ യുവാവിന്‍റെ ചവിട്ടേറ്റ രാജസ്ഥാനി ബാലന്‍റെ ദൃശ്യങ്ങള്‍: വസ്തുതയറിയാം
തലശ്ശേരിയില്‍ കാറില്‍ ചാരി നിന്നതിന് യുവാവ് മര്‍ദിച്ച രാജസ്ഥാനി ബാലന്‍ ഗണേഷിന്‍റേതെന്ന തരത്തിലാണ് സമൂഹമാധ്യമങ്ങളില്‍ വീഡിയോയും ചിത്രങ്ങളും പ്രചരിക്കുന്നത്.
By - HABEEB RAHMAN YP | Published on 8 Nov 2022 6:50 AM GMTതലശ്ശേരിയില്‍ കാറില്‍ ചാരി നിന്നതിന് ഇതരസംസ്ഥാനക്കാരനായ ബാലന് ക്രൂരമായി മര്‍ദനമേറ്റ സംഭവം നമ്മെ ഞെട്ടിച്ചതാണ്. നവംബര്‍ മൂന്നിന് നടന്ന സംഭവത്തില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നതോടെ പ്രതിയായ പൊന്ന്യംപാലം സ്വദേശി മുഹമ്മദ് ഷിഹാദിനെ വധശ്രമം ഉള്‍പ്പെടെ കേസുകള്‍ ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന പരിക്കേറ്റ രാജസ്ഥാനി ബാലന്‍ ഗണേഷിനെ രാഷ്ട്രീയ നേതാക്കള്‍ ഉള്‍പ്പെടെ നിരവധി പേര്‍ സന്ദര്‍ശിക്കുകയും ചെയ്തു.
ഈ സംഭവത്തിന്‍റെ പശ്ചാത്തലത്തില്‍ പരിക്കേറ്റ ഗണേഷിന്‍റേതെന്ന അടിക്കുറിപ്പോടെ ചില ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. അടിമാലി എന്ന ഫെയ്സ്ബുക്ക് പേജില്‍ പങ്കുവെച്ച ചിത്രം നാലായിരത്തിലധികം പേര്‍ പങ്കുവെച്ചതായി കാണാം.
Daya Achu എന്ന ഫെയ്സ്ബുക്ക് പ്രൊഫൈലില്‍ നിന്ന് പങ്കുവെച്ചിരിക്കുന്ന വീഡിയോയിലെ സ്ക്രീന്‍ഷോട്ടാണ് മറ്റുള്ളവര്‍ പങ്കുവെച്ചിരിക്കുന്നതെന്നും കാണാം.
വ്യത്യസ്ത അടിക്കുറിപ്പുകളോടെ വിവിധ അക്കൗണ്ടുകളില്‍നിന്ന് നിരവധി പേര്‍ ഈ വീഡിയോ പങ്കുവെച്ചതായും വാട്സാപ്പ് ഉള്‍പ്പെടെ മാധ്യമങ്ങളിലും ചിത്രങ്ങള്‍ പ്രചരിക്കുന്നതായും കണ്ടെത്തി.
Fact-check:
വസ്തുതാപരിശോധനയുടെ ആദ്യഘട്ടത്തില്‍ ചിത്രവും വീഡിയോ കീഫ്രെയിമുകളും റിവേഴ്സ് ഇമേജ് സെര്‍ച്ചില്‍ പരിശോധിച്ചെങ്കിലും ഉറവിടം സംബന്ധിച്ച് വ്യക്തതയുള്ള വിവരങ്ങള്‍ ലഭിച്ചില്ല. എന്നാല്‍ വിവിധ ഫെയ്സ്ബുക്ക് പ്രൊഫൈലുകളില്‍നിന്ന് 2022 ഏപ്രില്‍ മുതല്‍ ഈ ദൃശ്യങ്ങള്‍ പങ്കുവെച്ചിട്ടുണ്ട്. ജൂലൈയില്‍ ഗുജറാത്തി ഭാഷയില്‍ അടിക്കുറിപ്പോടെ ട്വിറ്ററിലും ഈ ദൃശ്യങ്ങള്‍ പങ്കുവെച്ചിട്ടുണ്ട്.
തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന കുട്ടിയുടെ ചിത്രങ്ങള്‍ ശേഖരിച്ച് പ്രചരിക്കുന്ന ചിത്രവുമായി താരതമ്യം ചെയ്യാന്‍ തീരുമാനിച്ചു. നിയമസഭാ സ്പീക്കര്‍ എ.എന്‍ ഷംസീറും പ്രതിപക്ഷനേതാവ് വി.ഡി. സതീശനും ഉള്‍പ്പെടെ നേതാക്കള്‍ ആശുപത്രിയിലെത്തിയിരുന്നെങ്കിലും സന്ദര്‍ശനത്തിന്‍റെ ഫോട്ടോയില്‍ കുട്ടിയുടെ മുഖം മറച്ചാണ് പങ്കുവെച്ചിരിക്കുന്നത്.
കെപിപിസി പ്രസിഡന്‍റ് കെ. സുധാകരനും സിപിഐ കണ്ണൂര്‍ ജില്ലാ സെക്രട്ടറി എംവി ജയരാജനും ആശുപത്രിയിലെത്തി കുട്ടിയെ സന്ദര്‍ശിച്ചിരുന്നു. ഇതിന്‍റെ ചിത്രങ്ങള്‍ പ്രാദേശിക പത്രപ്രവര്‍ത്തകരില്‍നിന്നും ശേഖരിച്ചു. രണ്ട് വ്യത്യസ്ത ദിവസങ്ങളിലെടുത്ത ഈ ചിത്രങ്ങള്‍ പ്രചരിക്കുന്ന വീഡിയോയിലെ ദൃശ്യങ്ങളുമായി താരതമ്യം ചെയ്തു.
ചിത്രങ്ങള്‍ താരതമ്യം ചെയ്തതിലൂടെ പ്രചരിക്കുന്ന വീഡിയോയിലെ കുട്ടിയും ചികിത്സയിലിരിക്കുന്ന ഗണേഷും തമ്മില്‍ പ്രകടമായ വ്യത്യാസങ്ങള്‍ വ്യക്തമായി. മുഖഘടന, കണ്‍പുരികം, തലമുടി തുടങ്ങിയവ ശ്രദ്ധിച്ചാല്‍ ഈ വ്യത്യാസങ്ങള്‍ കൃത്യമായി മനസ്സിലാക്കാം. പ്രചരിക്കുന്ന ചിത്രത്തിലെ കുട്ടിയെക്കാള്‍ ചെറുപ്പമാണ് ഗണേഷ് എന്നും ചിത്രങ്ങളില്‍നിന്ന് അനുമാനിക്കാം.
Arjun Das എന്ന പ്രൊഫൈലില്‍നിന്ന് സ്പീക്കര്‍ എ.എന്‍ ഷംസീര്‍ കുട്ടിയെ സന്ദര്‍ശിച്ച സമയത്തെ വീഡിയോ പങ്കുവെച്ചിട്ടുണ്ട്. ഇതിലും ഗണേഷിന്‍റെ മുഖം വ്യക്തമായി കാണാം.
ഇതോടെ പ്രചരിക്കുന്ന ചിത്രങ്ങളിലെ കുട്ടി രാജസ്ഥാനി ബാലന്‍ ഗണേഷ് അല്ലെന്ന് വ്യക്തമായി.
Conclusion:
തലശ്ശേരിയില്‍ കാറില്‍ ചാരി നിന്നതിന് യുവാവിന്‍റെ ചവിട്ടേറ്റ രാജസ്ഥാനി ബാലന്‍ ഗണേഷിന്‍റേതെന്ന തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന ചിത്രങ്ങളും വീഡിയോ ദൃശ്യങ്ങളും തെറ്റിദ്ധരിപ്പിക്കുന്നതാണ്. ഇതിന്‍റെ ശരിയായ ഉറവിടം കണ്ടെത്താനായില്ലെങ്കിലും ചിത്രങ്ങളിലുള്ളത് രാജസ്ഥാനി ബാലന്‍ ഗണേഷ് അല്ലെന്ന് ന്യൂസ്മീറ്റര്‍ അന്വേഷണത്തില്‍ വ്യക്തമായി. ഗണേഷിന്‍റെ ആശുപത്രിയിലെ ദൃശ്യങ്ങളുമായി താരതമ്യം ചെയ്തതോടെ പ്രകടമായ വ്യത്യാസങ്ങള്‍ രണ്ട് ചിത്രങ്ങള്‍ തമ്മിലുമുണ്ടെന്ന് സ്ഥിരീകരിച്ചു.