തിരൂരില്‍ വന്ദേഭാരത് ട്രെയിനിന് നേരെ കല്ലേറ്; പ്രചരിക്കുന്ന വ്യാജ ചിത്രങ്ങളും സന്ദേശങ്ങളും
2023 മെയ് ഒന്നിന് തിരൂരിന് സമീപം വന്ദേഭാരത് ട്രെയിനിന് നേരെ കല്ലേറുണ്ടായതുമായി ബന്ധപ്പെട്ടാണ് വ്യാജ ചിത്രങ്ങളും അവകാശവാദങ്ങളും സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.
By - HABEEB RAHMAN YP | Published on 8 May 2023 4:18 PM ISTClaim: തിരൂരില്‍ വന്ദേഭാരത് ട്രെയിനിന് നേരെ കല്ലേറ്
Fact: പ്രചരിക്കുന്നത് ആന്ധ്രയിലെ വിശാഖപട്ടണത്ത് ജനുവരിയില്‍ ഉണ്ടായ സംഭവത്തിന്റെ ദൃശ്യങ്ങള്‍
ഏപ്രില്‍ 25 ന് പ്രധാനമന്ത്രി നരേന്ദ്രമോദി തിരുവനന്തപുരത്ത് കേരളത്തിന്‍റെ വന്ദേഭാരത് ട്രെയിന്‍ ഫ്ലാഗ് ഓഫ് ചെയ്തതിന് പിന്നാലെ ട്രെയിനുമായി ബന്ധപ്പെട്ട് നിരവധി വാര്‍ത്തകളും പ്രചരണങ്ങളുമാണ് സമൂഹമാധ്യമങ്ങളില്‍. സര്‍വീസ് തുടങ്ങി ഒരാഴ്ചയ്ക്കകം ട്രെയിനിന് നേരെയുണ്ടായ കല്ലേറും വലിയ മാധ്യമവാര്‍ത്തയായിരുന്നു. തിരൂര്‍ റെയില്‍വേ സ്റ്റേഷന്‍ പരിസരത്തുവെച്ചാണ് ഓടിക്കൊണ്ടിരുന്ന ട്രെയിനിന് നേരെ കല്ലേറുണ്ടായത്. കല്ലേറില്‍ ചെയര്‍ കാര്‍ കംപാര്‍ട്ടുമെന്‍റിന്‍റെ ചില്ലിനാണ് കേടുപാടുണ്ടായത്.
ഇതിന് പിന്നാലെയാണ് കല്ലേറില്‍ തകര്‍ന്ന ട്രെയിന്‍ വിന്‍ഡോയുടെ ചിത്രങ്ങളും കല്ലെറിഞ്ഞയാളെ പിടികൂടി എന്ന അവകാശവാദങ്ങളും സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ച് തുടങ്ങിയത്.
Shafeeque Kannoor എന്ന ഫെയ്സ്ബുക്ക് അക്കൗണ്ടില്‍നിന്ന് പങ്കുവെച്ച ചിത്രത്തില്‍ തകര്‍ന്ന വിന്‍ഡോയുടെ ചിത്രത്തിനൊപ്പം ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ഇതുമായി ബന്ധപ്പെട്ട് പിടിയിലായി എന്ന സന്ദേശവും കാണാം.
തിരൂരില്‍ കല്ലേറില്‍ കേടുപാടു സംഭവിച്ച ട്രെയിനിന്‍റെ ചിത്രങ്ങളെന്ന അടിക്കുറിപ്പോടെ ഇതേ ചിത്രം വ്യാപകമായി പങ്കുവെച്ചതും കാണാം.
Fact-check:
വസ്തുതാ പരിശോധനയുടെ ആദ്യഘട്ടത്തില്‍ പ്രചരിക്കുന്ന പോസ്റ്റിലെ ചിത്രം പരിശോധിച്ചു. ചിത്രത്തിലെ ഗ്ലാസ് പൂര്‍ണമായും തകര്‍ന്നതായി കാണാം. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് വിവിധ മലയാള മാധ്യമങ്ങള്‍ നല്‍കിയ വാര്‍ത്തകള്‍ക്കൊപ്പമുള്ള ചിത്രങ്ങള്‍ പരിശോധിച്ചതോടെ ഇത്രയും സാരമായ കേടുപാടുകള്‍ ഉണ്ടായിട്ടില്ലെന്ന് വ്യക്തമായി. ചില്ലില്‍ വിള്ളല്‍ സംഭവിക്കുകയാണ് ചെയ്തതെന്ന് മാതൃഭൂമി മെയ് ഒന്നിന് നല്‍കിയ വാര്‍ത്തയില്‍ ചിത്രസഹിതം വ്യക്തമാക്കുന്നു.
തുടര്‍ന്ന് യൂട്യൂബില്‍ നടത്തിയ പരിശോധനയില്‍ സംഭവത്തിനുശേഷം യാത്രക്കാര്‍ പകര്‍ത്തിയ വീഡിയോ ദൃശ്യങ്ങള്‍ ഏഷ്യാനെറ്റ് ന്യൂസ് നല്‍കിയതായി കണ്ടെത്തി. ഇതില്‍നിന്നും പ്രചരിക്കുന്ന ചിത്രം കേരളത്തിലെ വന്ദേഭാരതിനു നേരെയുണ്ടായ കല്ലേറിന്‍റേതല്ലെന്ന് സ്ഥിരീകരിക്കാനായി.
തുടര്‍ന്ന് പ്രചരിക്കുന്ന ചിത്രത്തിന്‍റെ സ്രോതസ്സ് ആണ് പരിശോധിച്ചത്. ഇതിനായി റിവേഴ്സ് ഇമേജ് സെര്‍ച്ച് ടൂളുകള്‍ ഉപയോഗിച്ചു. ഇതോടെ 2023 ജനുവരി 11ന് ANI ട്വിറ്ററില്‍ പങ്കുവെച്ച വീഡിയോ ലഭിച്ചു. വീഡിയോയിലെ ദൃശ്യങ്ങളും പ്രചരിക്കുന്ന ചിത്രവും ഒന്നാണെന്ന് ഇതോടെ സ്ഥിരീകരിക്കാനായി.
ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് ഉദ്ഘാടനത്തിനൊരുങ്ങുന്ന വന്ദേഭാരത് എക്സ്പ്രസിന് നേരെയുണ്ടായ കല്ലേറ് എന്ന് വിവരണത്തില്‍ നല്‍കിയത് കാണാം. ഇതോടെ പ്രചരിക്കുന്ന ചിത്രം കേരളത്തിലേതല്ലെന്ന് വ്യക്തമായി. കീവേഡുകള്‍ ഉപയോഗിച്ച് നടത്തിയ പരിശോധനയില്‍ ഈ സംഭവം ഹിന്ദുസ്ഥാന്‍ ടൈംസ് ഉള്‍പ്പെടെ വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതായി കണ്ടെത്തി.
മാധ്യമ റിപ്പോര്‍ട്ടുകളില്‍നിന്ന് ഇത് ആദ്യത്തെ സംഭവമല്ലെന്നും വ്യക്തമാണ്. ഇതോടെ പ്രചരിക്കുന്ന ചിത്രങ്ങള്‍ക്ക് കേരളത്തില്‍ വന്ദേഭാരതിന് നേരെ നടന്ന കല്ലേറുമായി യാതൊരു ബന്ധവുമില്ലെന്ന് സ്ഥിരീകരിക്കാനായി.
തുടര്‍ന്ന് സംഭവവുമായി ബന്ധപ്പെട്ട് ആര്‍എസ്എസ് പ്രവര്‍ത്തകനെ പിടികൂടി എന്ന അവകാശവാദം പരിശോധിച്ചു. കീവേഡുകള്‍ ഉപയോഗിച്ച് നടത്തിയ പരിശോധനയില്‍ ഇത്തരത്തില്‍ വാര്‍ത്തകളൊന്നും കണ്ടെത്താനായില്ല. ഏറെ വാര്‍ത്താപ്രാധാന്യം നേടിയ സംഭവമായതിനാല്‍ പ്രതിയെ പിടികൂടിയാല്‍ അത് വാര്‍ത്തയാകുമെന്ന കാര്യത്തില്‍ സംശയമില്ല. എന്നാല്‍ അന്വേഷണം തുടരുകയാണെന്ന റിപ്പോര്‍ട്ടുകളാണ് ലഭിച്ചത്.
മറ്റ് മാധ്യമങ്ങളിലെ റിപ്പോര്‍ട്ടുകളില്‍നിന്നും അന്വേഷണം തുടരുകയാണെന്ന വിവരമാണ് ലഭിച്ചത്.
തുടര്‍ന്ന് സംഭവം നടന്ന പ്രദേശം ഉള്‍പ്പെടുന്ന താനൂര്‍,തിരൂര്‍ പൊലീസ് സ്റ്റേഷനുകളില്‍ ബന്ധപ്പെട്ടപ്പോഴും അന്വേഷണം പുരോഗമിക്കുന്നു എന്ന വിവരമാണ് ലഭിച്ചത്. ഇതോടെ പ്രചരിക്കുന്ന സന്ദേശത്തിലെ അവകാശവാദം വ്യാജമാണെന്ന് വ്യക്തമായി.
Conclusion:
തിരൂരില്‍ വന്ദേഭാരത് ട്രെയിനിന് നേരെ കല്ലേറുണ്ടായതുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന ചിത്രങ്ങള്‍ ആന്ധ്രയിലെ വിശാഖപട്ടണത്ത് ജനുവരിയില്‍ ഉണ്ടായ സംഭവത്തിന്‍റേതാണെന്ന് ന്യൂസ്മീറ്റര്‍ അന്വേഷണത്തില്‍ വ്യക്തമായി. സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ ആരെയും പൊലീസ് പിടികൂടിയിട്ടില്ലെന്നും സ്ഥിരീകരിച്ചു.