ഒഴിഞ്ഞ കേസരകള്‍ നോക്കി ജനത്തിരക്കിനെക്കുറിച്ച് മുഖ്യമന്ത്രി: ആലപ്പുഴ നവകേരളസദസ്സിലെ വീഡിയോയുടെ വാസ്തവം
നവകേരളസദസ്സിലെ വലിയ ജനപങ്കാളിത്തത്തെക്കുറിച്ച് പറയുന്ന മുഖ്യമന്ത്രിയുടെ ശബ്ദത്തിനൊപ്പം ആളൊഴിഞ്ഞ സദസ്സ് പ്രചരിക്കുന്ന വീഡിയോയില്‍ കാണാം.
By - HABEEB RAHMAN YP | Published on 18 Dec 2023 6:56 PM GMTനവകേരള സദസ്സ് പര്യടനം തുടരുന്ന പശ്ചാത്തലത്തില്‍ നിരവധി വിമര്‍ശനങ്ങള്‍ക്കും ട്രോളുകള്‍ക്കുമൊപ്പം വ്യാജസന്ദേശങ്ങളും വ്യാപകമാണ്. പരിപാടിയിലെ ജനപങ്കാളിത്തത്തെക്കുറിച്ചാണ് ഇവയിലേറെയും. ആളൊഴിഞ്ഞ കസേരകളുടെ ദൃശ്യങ്ങള്‍ക്കൊപ്പം മുഖ്യമന്ത്രി പരിപാടിയിലെ ജനത്തിരക്കിനെക്കുറിച്ച് പ്രസംഗിക്കുന്നതെന്ന വിവരണത്തോടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
Fact-check:
പ്രചരിക്കുന്ന വീഡിയോയും പശ്ചാത്തല ശബ്ദമായി കേള്‍ക്കുന്ന മുഖ്യമന്ത്രിയുടെ പ്രസംഗവും വ്യത്യസ്തമാണെന്നും ഇവ എഡിറ്റ് ചെയ്ത് സംയോജിപ്പിച്ചതാണെന്നും ന്യൂസ്മീറ്റര്‍ അന്വേഷണത്തില്‍ കണ്ടെത്തി. വീഡിയോ സൂക്ഷ്മമായി നിരീക്ഷിച്ചാല്‍ സ്ക്രീനില്‍ കാണുന്ന മുഖ്യമന്ത്രിയുടെ ചുണ്ടനക്കവും പശ്ചാത്തലശബ്ദവും വേറിട്ട് നില്‍ക്കുന്നതായി കാണാം.
വസ്തുതാ പരിശോധനയുടെ ആദ്യഘട്ടത്തില്‍ പ്രചരിക്കുന്ന വീഡിയോയുടെ സ്ഥലം തിരിച്ചറിയാന്‍ ശ്രമങ്ങള്‍ നടത്തി. ഇതിനായി വീഡിയോയിലെ shinu__g എന്ന വാട്ടര്‍മാര്‍ക്ക് സൂചനയായി ഉപയോഗിച്ച് ഇന്‍സ്റ്റഗ്രാമില്‍നിന്ന് ഇതിന്റെ വ്യക്തതയുള്ള വീഡിയോ കണ്ടെത്തി.
ഈ വീഡിയോയില്‍നിന്നും ഇത് ആലപ്പുഴ ജില്ലയിലെ കുട്ടനാട് മണ്ഡലത്തിലെ നവകേരള സദസ്സാണെന്ന് വ്യക്തമായി. വേദിയിലെ ഡിജിറ്റല്‍ ഡിസ്പ്ലേയില്‍ കുട്ടനാട് മണ്ഡലം എന്ന് എഴുതിയിരിക്കുന്നതായി കാണാം.
തുടര്‍ന്ന് കുട്ടനാട് മണ്ഡലത്തിലെ നവകേരള സദസ്സിന്റെ ദൃശ്യങ്ങള്‍ക്കായി മുഖ്യമന്ത്രിയുടെ ഫെയ്സ്ബുക്ക് പേജ് പരിശോധിച്ചു. 2023 ഡിസംബര്‍ 15ന് വൈകീട്ട് പങ്കുവെച്ച തത്സമയ ദൃശ്യങ്ങള്‍ ലഭിച്ചു.
വേദിയുടെ പശ്ചാത്തലത്തില്‍നിന്ന് പ്രചരിക്കുന്ന വീഡിയോ ആലപ്പുഴ കുട്ടനാട്ടിലേതാണെന്ന് ഇതോടെ സ്ഥിരീകരിക്കാനായി. തുടര്‍ന്ന് 28 മിനുറ്റ് 35 സെക്കന്റ് ദൈര്‍ഘ്യമുള്ള മുഖ്യമന്ത്രിയുടെ പ്രസംഗം പൂര്‍ണമായി കേട്ടു. ഇതിലെവിടെയും പ്രചരിക്കുന്ന വീഡിയോയില്‍ പറയുന്ന പരാമര്‍ശം ഇല്ലെന്ന് ബോധ്യമായി.
ഇതോടെ പ്രചരിക്കുന്ന വീഡിയോയില്‍ പശ്ചാത്തലശബ്ദം മാറ്റി ഉപയോഗിച്ചതാകാമെന്നതിന്റെ സൂചനകള്‍ ലഭിച്ചു. തുടര്‍ന്ന് നടത്തിയ വിശദമായ പരിശോധനയില്‍ 2023 നവംബര്‍ 20ന് കണ്ണൂര്‍ ജില്ലയിലെ കല്യാശേരി മണ്ഡലം നവകേരളസദസ്സില്‍ സംസാരിക്കവെ മുഖ്യമന്ത്രി പറഞ്ഞ ഏതാനും വാക്യങ്ങളാണ് പ്രചരിക്കുന്ന വീഡിയോയില്‍ എഡിറ്റ് ചെയ്ത് ചേര്‍ത്തെന്ന് കണ്ടെത്തി.
വീഡിയോയുടെ 38 മിനുറ്റ് 11 സെക്കന്റ് മുതല്‍ മുഖ്യമന്ത്രി പറയുന്നത് ഇപ്രകാരമാണ്:
“മഞ്ചേശ്വരം മുതല്‍ ഇതുവരെ കണ്ട എല്ലാ പരിപാടികളിലും വലിയ ജനപങ്കാളിത്തം.. നമ്മുടെ മൈതാനങ്ങള്‍ നല്ലരീതിയില്‍ ഒരുക്കുകയാണ് സംഘാടകര്‍ ചെയ്തിട്ടുള്ളത്… കുറച്ച് ആളുകളുണ്ടാകുമെന്ന പ്രതീക്ഷയില്‍ നല്ല മൈതാനങ്ങള്‍ തന്നെയാണ് ഒരുക്കിയത്. പക്ഷേ ഒരുക്കുന്ന മൈതാനത്തിന് താങ്ങാന്‍ പറ്റാത്ത രീതിയിലുള്ള ജനസഞ്ചയം മൈതാനത്തിന് പുറത്ത് തടിച്ചുനില്‍ക്കുന്ന അവസ്ഥയാണ് എല്ലായിടങ്ങളിലും കാണാന്‍ കഴിയുന്നത്.”
ഇതോടെ ഇതിലെ ചില വാക്യങ്ങള്‍ ഒഴിവാക്കി ബാക്കി യോജിപ്പിച്ചാണ് പ്രചരിക്കുന്ന വീഡിയോയില്‍ ചേര്‍ത്തിരിക്കുന്നതെന്ന് വ്യക്തമായി. ഒഴിവാക്കിയ ഭാഗത്തിന്റെയും ബാക്കിയുള്ള ഭാഗത്തിന്റെയും ശബ്ദതരംഗത്തിന്റെ ചിത്രം:
നടുവിലെ ഭാഗം ഒഴിവാക്കി ബാക്കിഭാഗം യോജിപ്പിച്ചാല്‍ ലഭിക്കുന്ന അതേ വാക്യമാണ് പ്രചരിക്കുന്ന വീഡിയോയില്‍ ഉപയോഗിച്ചിരിക്കുന്നത്. പ്രചരിക്കുന്ന വീഡിയോയിലെയും ഈ വാക്യം ഒഴിവാക്കി യോജിപ്പിച്ച ശബ്ദത്തിന്റെയും ശബ്ദതരംഗ ചിത്രം താരതമ്യം ചെയ്തതോടെ ഇത് സ്ഥിരീകരിക്കാനായി.
Conclusion:
ആളൊഴിഞ്ഞ കസേരകള്‍ നോക്കി നവകേരളസദസ്സിലെ ജനത്തിരക്കിനെക്കുറിച്ച് പ്രസംഗിക്കുന്ന മുഖ്യമന്ത്രിയുടെ ദൃശ്യം എഡിറ്റ് ചെയ്തതാണെന്ന് ന്യൂസ്മീറ്റര്‍ അന്വേഷണത്തില്‍ വ്യക്തമായി. ഒരുമാസം മുന്‍പ് കല്യാശേരിയില്‍ നടന്ന നവകേരളസദസ്സിനിടെ മുഖ്യമന്ത്രിയുടെ പ്രസംഗത്തിലെ ചില ഭാഗങ്ങള്‍ ആലപ്പുള കുട്ടനാട്ടിലെ ദൃശ്യങ്ങള്‍ക്കൊപ്പം എഡിറ്റ് ചെയ്ത് ചേര്‍ത്തതാണെന്ന് ന്യൂസ്മീറ്റര്‍ കണ്ടെത്തി.