ലോക്സഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ആഹ്വാനം ചെയ്തതായി സമൂഹമാധ്യമങ്ങളില്‍ പ്രചാരണം. കൈരളി ന്യൂസ് സംപ്രേഷണം ചെയ്ത മുഖ്യമന്ത്രിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ പ്രസംഗത്തിന്റെ വീഡിയോ സഹിതമാണ് പ്രചാരണം. (Archive)
പിണറായി വിജയനുപോലും യാഥാര്‍ത്ഥ്യം മനസ്സിലായെന്നും കോണ്‍ഗ്രസും കമ്മ്യൂണിസ്റ്റും ബിജെപിയ്ക്കെതിരെ ഒരുമിക്കുന്നുവെന്നും വിവരണങ്ങളോടെ നിരവധി പേരാണ് ഈ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പങ്കുവെയ്ക്കുന്നത്. (Archive 1, Archive 2, Archive 3)
Fact-check:
പ്രചാരണം അടിസ്ഥാനരഹിതമാണെന്നും പ്രചരിക്കുന്ന വീഡിയോ അപൂര്‍ണമാണെന്നും ന്യൂസ്മീറ്റര്‍ അന്വേഷണത്തില്‍ വ്യക്തമായി.
വസ്തുത പരിശോധനയുടെ ആദ്യഘട്ടത്തില്‍ പ്രചരിക്കുന്ന വീഡിയോ വിശദമായി പരിശോധിച്ചു.
മുഖ്യമന്ത്രിയുടെ സംസാരം ഈ വീഡിയോയില്‍ ഇപ്രകാരമാണ്.
“ആര്‍ക്കും ഭൂരിപക്ഷമില്ലാത്ത അവസ്ഥയാണ് ഈ തിരഞ്ഞെടുപ്പില്‍ വരാന്‍ പോകുന്നത്. അപ്പോ ഏറ്റവും കൂടുതല്‍ അംഗബലമുള്ള പാര്‍ട്ടി ഏതാണോ ആ പാര്‍ട്ടിയുടെ നേതാവിനെയാണ് മന്ത്രിസഭ രൂപീകരിക്കാന്‍ വിളിക്കുക. രാഹുല്‍ ഗാന്ധിയെ വിളിക്കണമെങ്കില്‍ കോണ്‍ഗ്രസ് ഏറ്റവുമധികം അംഗബലമുള്ള പാര്‍ട്ടിയാകണം. ഇവിടെ മത്സരിക്കുന്ന കോണ്‍ഗ്രസുകാരെയെല്ലാം അതിന് ജയിപ്പിക്കാന്‍ തയ്യാറാകണം. ഇവിടുത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വിജയിച്ചില്ലെങ്കിലും രണ്ടുകൂട്ടരും ബിജെപിയ്ക്ക് എതിരാണല്ലോ. അപ്പോ പ്രധാനമന്ത്രിയായി വരാന്‍ സാധ്യതയുള്ള, മന്ത്രിസഭ രൂപീകരിക്കാന്‍ സാധ്യതയുള്ള കക്ഷിക്ക് വിജയമുറപ്പാക്കണം.”
ഇതിന് ശേഷം കൈരളി ഇടവേളയ്ക്കായി അവരുടെ ലോഗോ ആനിമേഷന്‍ നല്‍കിയതാണ് കാണാനാവുന്നത്.
പ്രസംഗത്തിന്റെ യഥാര്‍ത്ഥ സാഹചര്യം മനസ്സിലാക്കുന്നതിനായി ഇതിന്റെ പൂര്‍ണപതിപ്പ് ശേഖരിക്കാന്‍ ശ്രമിച്ചു. ഇടുക്കി കട്ടപ്പനയില്‍ നടന്ന മുഖ്യമന്ത്രിയുടെ തിരഞ്ഞടുപ്പ് പ്രചാരണ പ്രസംഗത്തിന്റെ വീഡിയോ ആണെന്ന് സ്ക്രീനില്‍ നല്‍കിയിരിക്കുന്ന വിവരങ്ങളില്‍നിന്ന് വ്യക്തമാണ്. ഇതനുസരിച്ച് സിപിഐഎം ഇടുക്കി ജില്ലാകമ്മിറ്റിയുടെ ഫെയ്സ്ബുക്ക് പേജ് പരിശോധിച്ചതോടെ പ്രസ്തുത പ്രസംഗത്തിന്റെ പൂര്‍ണപതിപ്പ് തത്സമയം പങ്കുവെച്ചത് ലഭ്യമായി.
ഇടുക്കി ലോക്സഭ മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി അഡ്വ. ജോയ്സ് ജോര്‍ജിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ കട്ടപ്പനയില്‍ 2024 ഏപ്രില്‍ 3 ന് മുഖ്യമന്ത്രി നടത്തിയ പ്രസംഗമാണിത്. വീഡിയോയുടെ 52:32 സമയം മുതല്‍ മുഖ്യമന്ത്രി പറയുന്നത് ഇപ്രകാരമാണ്:
“2019-ല്‍ ലോക്‌സഭ തിരഞ്ഞെടുപ്പ് നടക്കുമ്പോള്‍ ബിജെപി ഗവണ്മെന്റ് ഒരുവട്ടം പൂര്‍ത്തിയാക്കി രണ്ടാംവട്ടത്തിലേക്കാണ് ജനവിധി തേടുന്നത്. അത് വലിയ ആപത്താണെന്ന് പൊതു അഭിപ്രായം വന്നു, നമുക്കെല്ലാം ആ അഭിപ്രായം തന്നെയാണ്. ഇവിടെ രാഹുല്‍ഗാന്ധി മത്സരിക്കാന്‍ വന്നു, വയനാട്ടില്‍. കോണ്‍ഗ്രസുകാര്‍ വ്യാപകമായി പ്രചരിപ്പിച്ചു, രാഹുല്‍ഗാന്ധിയാണ് അടുത്ത പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നത്. അതിന്റേതായ ഒരു പ്രത്യേകത ഉണ്ടാക്കാന്‍ അവര്‍ ശ്രമിച്ചു. ഒരു ഘട്ടമായപ്പോള്‍ കോണ്‍ഗ്രസുകാരുടെ പ്രചരണത്തിന്റെ രീതി മാറി. ആര്‍ക്കും ഭൂരിപക്ഷമില്ലാത്ത അവസ്ഥയാണ് ഈ തിരഞ്ഞെടുപ്പില്‍ വരാന്‍ പോകുന്നത്. അപ്പോ ഏറ്റവും കൂടുതല്‍ അംഗബലമുള്ള പാര്‍ട്ടി ഏതാണോ ആ പാര്‍ട്ടിയുടെ നേതാവിനെയാണ് മന്ത്രിസഭ രൂപീകരിക്കാന്‍ വിളിക്കുക.”
തുടര്‍ന്ന് 2019 ല്‍ LDFനേറ്റ തിരിച്ചടിയെക്കുറിച്ച് സംസാരിക്കുന്ന മുഖ്യമന്ത്രി അത് ഇടതുപക്ഷത്തിനെതിരായ ജനവികാരംകൊണ്ടല്ലെന്നും വ്യക്തമാക്കുന്നുണ്ട്. ഇതോടെ പ്രചരിക്കുന്ന വീഡിയോയുടെ ആദ്യഭാഗം എഡിറ്റ് ചെയ്ത് കളഞ്ഞതുകൊണ്ടാണ് കോണ്‍ഗ്രസിന് പിന്തുണനല്‍കണമെന്ന തരത്തില്‍ തോന്നുന്നതെന്ന് വ്യക്തമായി. കൈരളി ചാനല്‍ തത്സമയ സംപ്രേഷണത്തിനിടെ ഇടവേള നല്‍കിയതിനാല്‍ അവസാനഭാഗവും അപൂര്‍ണമായി.
Conclusion:
മുഖ്യമന്ത്രി പിണറായി വിജയന്‍ ലോക്സഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് പിന്തുണ നല്‍കാന്‍ ആഹ്വാനം ചെയ്യുന്നുവെന്ന വിവരണത്തോടെ പ്രചരിക്കുന്ന കൈരളി ചാനലിന്റെ വീഡിയോ അപൂര്‍ണമാണ്. മുഖ്യമന്ത്രി സംസാരിക്കുന്നത് 2019 ലെ ലോക്സഭ തിരഞ്ഞെടുപ്പിനെക്കുറിച്ചാണെന്നും കോണ്‍ഗ്രസിനെ പിന്തുണയ്ക്കാന്‍ ആഹ്വാനം ചെയ്തിട്ടില്ലെന്നും ന്യൂസ്മീറ്റര്‍ അന്വേഷണത്തില്‍ വ്യക്തമായി.