മാതാപിതാക്കളെ കയറ്റാന്‍ റോഡരികില്‍ നിര്‍ത്തിയതിന് പൊലീസ് കാര്‍ കസ്റ്റഡിയിലെടുത്തെന്നും പിഴയീടാക്കിയെന്നും സമൂഹമാധ്യമങ്ങളില്‍ പ്രചാരണം. തമ്പാനൂരില്‍വെച്ച് നടന്ന സംഭവത്തിന്റെ ദൃശ്യങ്ങളെന്ന തരത്തിലാണ് വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. അകാരണമായി പൊലീസ് കാര്‍ കസ്റ്റിയിലെടുത്തുവെന്ന ആരോപണത്തോടെ പങ്കുവെച്ചിരിക്കുന്ന വീഡിയോയുടെ ആദ്യഭാഗത്ത് വാഹനത്തിന്റെ മുന്‍സീറ്റില്‍ ഇരിക്കുന്ന പൊലീസ് ഉദ്യോഗസ്ഥനെയും പിന്നീട് പൊലീസ് സ്റ്റേഷനിലെ ദൃശ്യങ്ങളും കാണാം.
Fact-check:
പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും തിരക്കേറിയ സ്ഥലത്ത് വാഹനം ഏറെസമയം നിര്‍ത്തിയിട്ടതിനാണ് നടപടിയെടുത്തതെന്നും അന്വേഷണത്തില്‍ വ്യക്തമായി.
പ്രചരിക്കുന്ന വീഡിയോയുടെ സത്യാവസ്ഥ അറിയുന്നതിനായി സ്റ്റേറ്റ് പൊലീസ് മീഡിയ സെന്ററുമായി ബന്ധപ്പെട്ടു. പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും റോഡരികില്‍ പാര്‍ക്ക് ചെയ്ത വാഹനം മാറ്റിയിടാന്‍ സ്ഥലത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥന്‍ ആവശ്യപ്പെട്ടിട്ടും അത് ചെയ്യാത്തതിനാലാണ് നടപടിയെടുത്തതെന്നും അവര്‍ വ്യക്തമാക്കി. സംഭവവത്തിന്റെ യഥാര്‍ത്ഥ ദൃശ്യങ്ങളടങ്ങുന്ന സിസിടിവി വീഡിയോ സ്റ്റേറ്റ് പൊലീസ് മീഡിയ സെന്ററിന്റെ ഫെയ്സ്ബുക്ക് പേജില്‍ പങ്കുവെച്ചിട്ടുണ്ടെന്നും അറിയിച്ചു.
പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് വ്യക്തമാക്കുന്ന സിസിടിവി ദൃശ്യങ്ങളില്‍ വാഹനം മാറ്റിയിടാന്‍ ആവര്‍ത്തിച്ച് ആവശ്യപ്പെടുന്ന പൊലീസ് ഉദ്യോഗസ്ഥനെ കാണാം. സിസിടിവി ദൃശ്യങ്ങളിലെ സമയമനുസരിച്ച് ഏകദേശം അഞ്ചുമിനിറ്റിലേറെ സമയം വാഹനം റോഡരികില്‍ നിര്‍ത്തിയിട്ടിട്ടുണ്ട്. ഇതിന് പിന്നാലെയാണ് പൊലീസ് കാറില്‍ കയറി സ്റ്റേഷനിലേക്ക് കൊണ്ടുപോകുന്നത്.
സംഭവത്തില്‍ വിശദമായ വിവരങ്ങള്‍ക്കായി തമ്പാനൂര്‍ പൊലീസ് സ്റ്റേഷനുമായി ഫോണില്‍ ബന്ധപ്പെട്ടു. സ്റ്റേഷനില്‍നിന്ന് ലഭിച്ച മറുപടി:
“ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും തിരക്കേറിയ റോഡില്‍നിന്ന് വാഹനം മാറ്റാന്‍ തയ്യാറാകാത്തതിനാലാണ് പിഴയീടാക്കിയത്. തമ്പാനൂര്‍ കെഎസ്ആര്‍ടിസി സ്റ്റാന്റിനിടുത്ത തിരക്കേറിയ സ്ഥലമായിരുന്നു അത്. വാഹനം മാറ്റിയിടാന്‍ പറഞ്ഞെങ്കിലും ഉടമ തയ്യാറായില്ല. പിന്നീട് സ്റ്റേഷനില്‍ വന്ന് പിഴയീടാക്കാനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് വിടുകയായിരുന്നു. സ്റ്റേഷനില്‍ ഏറെ സമയം മാതാപിതാക്കളെയടക്കം നിര്‍ത്തി എന്നും ആരോപണമുണ്ട്. ഇതും വാസ്തവവിരുദ്ധമാണ്. സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങളും ഇതിന് തെളിവായുണ്ട്. പാര്‍ക്കിങ് നിയമലംഘനത്തിന്റെ സ്വാഭാവിക നടപടി മാത്രമാണ് സ്വീകരിച്ചത്. മറിച്ചുള്ള പ്രചാരണങ്ങള്‍ വ്യാജമാണ്.”
ഇതോടെ പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് വ്യക്തമായി.
Conclusion:
തമ്പാനൂരില്‍ മാതാപിതാക്കളെ കയറ്റാന്‍ റോഡരികില്‍ കാര്‍ നിര്‍ത്തിയതിന് പൊലീസ് അകാരണമായി പിഴയീടാക്കിയെന്നും വാഹനം കസ്റ്റഡിയിലെടുത്തെന്നും സമൂഹമാധ്യമങ്ങളില്‍ നടക്കുന്ന പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണ്. തിരക്കേറിയ റോഡരികില്‍ അഞ്ചുമിനിറ്റിധികം കാര്‍ പാര്‍ക്ക് ചെയ്തതിനും ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും വാഹനം മാറ്റാത്തതിനുമാണ് നടപടി സ്വീകരിച്ചതെന്ന് പൊലീസ് അറിയിച്ചു.