Fact Check: വിഴിഞ്ഞം തുറമുഖത്തെ പൂജയുടെ ചിത്രം വ്യാജമോ? സത്യമറിയാം
വിഴിഞ്ഞം ട്രയല്‍ റണ്‍ ഉദ്ഘാടന ദിവസം തുറമുഖത്ത് പൂജ നടന്നുവെന്ന അവകാശവാദത്തോടെ നിരവധി പേര്‍ ചിത്രം പങ്കുവെയ്ക്കുമ്പോള്‍ ചിത്രം എഡിറ്റ് ചെയ്ത് നിര്‍മിച്ചതാണെന്നാണ് മറ്റുചിലര്‍ അവകാശപ്പെടുന്നത്.
By - HABEEB RAHMAN YP | Published on 13 July 2024 6:09 PM GMTClaim: വിഴിഞ്ഞം തുറമുഖത്ത് ട്രയല്‍ റണ്‍ ഉദ്ഘാടന ദിവസം പൂജ നടത്തി.
Fact: ഉദ്ഘാടന ദിവസം പൂജ നടത്തിയെന്ന അവകാശവാദം അടിസ്ഥാനരഹിതം. അതേസമയം പ്രചരിക്കുന്ന ചിത്രം വ്യാജമല്ല; ചടങ്ങ് നടന്നത് ഉദ്ഘാടനത്തിന് ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണെന്ന് തുറമുഖ അധികൃതര്‍ സ്ഥിരീകരിച്ചു.
കേരളത്തിന്റെ സ്വപ്ന പദ്ധതിയായ വിഴിഞ്ഞം തുറമുഖത്തിന്റെ ട്രയല്‍റണ്‍ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് രാഷ്ട്രീയ വാഗ്വാദങ്ങള്‍ ഒരുവശത്ത് സജീവമായി തുടരുകയാണ്. പദ്ധതിയ്ക്കായി മുന്‍കൈയ്യെടുത്തത് യുഡിഎഫ് ആണെന്ന് പ്രതിപക്ഷവും ഇടതുപക്ഷത്തിന്റെ ശ്രമഫലമായാണ് പദ്ധതി യാഥാര്‍ത്ഥ്യമായതെന്ന് ഭരണപക്ഷവും പറയുന്നു. പ്രതിപക്ഷത്തെ ഉദ്ഘാടന ചടങ്ങിലേക്ക് ക്ഷണിക്കാത്തതും ചര്‍ച്ചയാവുകയാണ്. എന്നാല്‍ ഇതിനൊപ്പം ട്രയല്‍റണ്‍ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് തുറമുഖത്ത് ഹൈന്ദവാചാരപ്രകാരം പൂജ നടത്തിയെന്ന അവകാശവാദവുമായി നിരവധി പേര്‍ ഒരു ചിത്രം സമൂഹമാധ്യമങ്ങളില്‍ പങ്കുവെയ്ക്കുന്നുണ്ട്. മതാചാരപ്രകാരം പൂജ നടത്തിയതില്‍ സര്‍ക്കാറിനെ വിമര്‍ശിച്ചുകൊണ്ടാണ് മിക്ക പോസ്റ്റുകളും.
അതേസമയം ചിത്രം എഡിറ്റ് ചെയ്ത് നിര്‍മിച്ചതാണെന്ന അവകാശവാദത്തോടെ ചില ഓണ്‍ലൈന്‍ പോര്‍ട്ടലുകളടക്കം പോസ്റ്റുകള്‍ പങ്കുവെച്ചിട്ടുണ്ട്. വിഴിഞ്ഞത്ത് ഇങ്ങനെയൊരു സംഭവമേ നടന്നിട്ടില്ലെന്നും ഫോട്ടോഷോപ്പ് ഉപയോഗിച്ച് തയ്യാറാക്കിയ ചിത്രമാണിതെന്നുമാണ് അവകാശവാദം.
Fact-check:
പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും ഉദ്ഘാടന ദിവസമല്ല, അതിന് മുന്‍പ് മറ്റൊരു ദിവസം നടത്തിയ പൂജയുടെ ചിത്രമാണ് പ്രചരിക്കുന്നതെന്നും ന്യൂസ്മീറ്റര്‍ അന്വേഷണത്തില്‍ വ്യക്തമായി.
വസ്തുത പരിശോധനയുടെ ആദ്യഘട്ടത്തില്‍ ചിത്രം സൂക്ഷ്മമായി പരിശോധിച്ചതോടെ ട്രയല്‍ റണ്ണിനായെത്തിയ സാന്‍ ഫെര്‍ണാന്‍ഡോ എന്ന മദര്‍ഷിപ്പല്ല പശ്ചാത്തലത്തിലുള്ളതെന്ന് സ്ഥിരീകരിച്ചു.
ചിത്രത്തിലുള്ളത് Ocean Prestige എന്ന ചെറുകപ്പലാണ്. ടഗ് എന്നറിയപ്പെടുന്ന ചെറുകപ്പലുകള്‍ മറ്റ് വലിയ കപ്പലുകളുടെ ദിശ ക്രമീകരിക്കാനും ബെര്‍ത്തിലേക്ക് അടുപ്പിക്കാനും മറ്റുമായി ഉപയോഗിക്കുന്നവയാണ്. ഈ ടഗ് ഉപയോഗിച്ചാണ് മദര്‍ഷിപ്പായ സാന്‍ ഫെര്‍ണാന്‍ഡോയെ വാട്ടര്‍ സല്യൂട്ട് നല്‍കി വരവേറ്റത്. ഇതുമായി ബന്ധപ്പെട്ട മാധ്യമറിപ്പോര്‍ട്ടുകളും ലഭ്യമാണ്.
ഇതോടെ പ്രചരിക്കുന്ന ചിത്രത്തിന്റെ പശ്ചാത്തലം വിഴിഞ്ഞം തുറമുഖം തന്നെയാണെന്ന് സൂചന ലഭിച്ചു. Ocean Prestige എന്ന വെസലിന്റെ കൂടുതല്‍ ചിത്രങ്ങളും ലൊക്കേഷന്‍ ഉള്‍പ്പെടെ കാര്യങ്ങളും പരിശോധിച്ചതോടെ ഇക്കാര്യം സ്ഥിരീകരിക്കാനായി.
തുടര്‍ന്ന് ഇത്തരമൊരു പൂജ ട്രയല്‍റണ്‍ ഉദ്ഘാടന ദിവസം തുറമുഖത്ത് നടന്നിട്ടുണ്ടോ എന്ന് പരിശോധിച്ചു. ട്രയല്‍റണ്‍ ഉദ്ഘാടന ദിവസവും തലേദിവസവും മാധ്യമങ്ങള്‍ക്ക് തുറമുഖത്തേക്ക് പ്രവേശനമുണ്ടായിരുന്നു. ഉദ്ഘാടന ചടങ്ങുമായി ബന്ധപ്പെട്ട് വിശദമായ റിപ്പോര്‍ട്ടുകള്‍ എല്ലാ മാധ്യമങ്ങളും നല്‍കിയതാണ്. ഈ സാഹചര്യത്തില്‍ ആദ്യഘട്ട സ്ഥിരീകരണത്തിനായി വിഴിഞ്ഞത്ത് നേരിട്ടെത്തിയ മാധ്യമപ്രവര്‍ത്തകനുമായി സംസാരിച്ചു. അദ്ദേഹത്തിന്റെ പ്രതികരണം:
“വിഴിഞ്ഞത്തെ ട്രയല്‍ റണ്‍ ഉദ്ഘാടന ദിവസവും തലേന്നും ഞാനടക്കം നിരവധി മാധ്യമപ്രവര്‍ത്തകര്‍ തുറമുഖത്തുണ്ടായിരുന്നു. എന്നാല്‍ ഈ ദിവസങ്ങളില്‍ ഇത്തരമൊരു ചടങ്ങ് നടന്നിട്ടില്ല. സ്വാഭാവികമായും ഇങ്ങനെയൊന്ന് അന്ന് നടന്നിരുന്നുവെങ്കില്‍ മാധ്യമങ്ങള്‍ അത് റിപ്പോര്‍ട്ട് ചെയ്യുമായിരുന്നു. ”
തുടര്‍ന്ന് മറ്റ് പല പോസ്റ്റുകളിലും അവകാശപ്പെടുന്നതുപോലെ ചിത്രം എഡിറ്റ് ചെയ്തതാണോ എന്നും പരിശോധിച്ചു. എന്നാല്‍ AI ടൂളുകളോ ഡീഫ് ഫെയ്ക് സങ്കേതങ്ങളോ ചിത്രത്തില്‍ ഉപയോഗിച്ചിട്ടില്ലെന്നാണ് മനസ്സിലാക്കാനായത്.
ഇതോടെ ചിത്രം യഥാര്‍ത്ഥമായേക്കാമെന്ന സൂചന ലഭിച്ചു. തുടര്‍ന്ന് വിഴിഞ്ഞം പോര്‍ട്ട് PRO മഹേഷ് ഗുപ്തനുമായി ഫോണില്‍ സംസാരിച്ചു. അദ്ദേഹത്തിന്റെ പ്രതികരണം:
“ചിത്രം എഡിറ്റ് ചെയ്ത് നിര്‍മിച്ചതൊന്നുമല്ല. അത് ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പത്തെ ചിത്രമാണ്. ഇത്തരമൊരു പൂജ നടന്നിരുന്നു. ഇത് മാത്രമല്ല, മറ്റ് മതാചാരപ്രകാരമുള്ള ആരാധനകളും നടത്താറുണ്ട്.”
അതേസമയം പൂജ നടന്നത് എന്നാണെന്നതടക്കം മറ്റ് വിവരങ്ങള്‍ പങ്കുവെയ്ക്കാന്‍ അദ്ദേഹം തയ്യാറായില്ല.
തുടര്‍ന്ന് മറ്റുചില മാധ്യമപ്രവര്‍ത്തകരുമായി വിഷയത്തെക്കുറിച്ച് സംസാരിച്ചതോടെ ഈ ചടങ്ങിന്റെ മറ്റൊരു ചിത്രവും ലഭ്യമായി.
ഇതോടെ പ്രചരിക്കുന്ന ചിത്രം യഥാര്‍ത്ഥമാണെന്നും ട്രയല്‍റണ്‍ ഉദ്ഘാടന ദിവസമല്ല, മറ്റൊരു ദിവസം ഈ പൂജ നടത്തിയിരുന്നുവെന്നും വ്യക്തമായി. അതേസമയം തുറമുഖത്തിന്റെ നടത്തിപ്പ് 2075 വരെ അദാനി ഗ്രൂപ്പിനാണ്. 2034 മുതലാണ് ലാഭവിഹിതം പോലും കേരളത്തിന് ലഭിച്ചുതുടങ്ങുക. ഈ സാഹചര്യത്തില്‍ തുറമുഖത്തിലെ ചടങ്ങുകള്‍ അദാനി ഗ്രൂപ്പിന്റെ മേല്‍നോട്ടത്തിലും നിര്‍ദേശപ്രകാരവുമാണ് നടക്കുകയെന്നും വ്യക്തം.
Conclusion:
വിഴിഞ്ഞം തുറമുഖത്ത് ട്രയല്‍ റണ്‍ ഉദ്ഘാടനദിവസം ഹൈന്ദവാചാര പ്രകാരം പൂജ നടത്തിയെന്ന അവകാശവാദത്തോടെ പ്രചരിക്കുന്ന ചിത്രം തെറ്റിദ്ധരിപ്പിക്കുന്നതാണ്. ഉദ്ഘാടനത്തിന് മുന്‍പ് മറ്റൊരു ദിവസമാണ് പൂജ നടന്നത്. എന്നാല്‍ ചിത്രം എഡിറ്റ് ചെയ്തതാണെന്ന അവകാശവാദങ്ങള്‍ അടിസ്ഥാനരഹിതമാണ്.