ഭാരത് ജോഡോ യാത്ര കേരളം വിട്ടതോടെ രാഹുല്‍ഗാന്ധി വേഷം മാറിയോ? പ്രചരിക്കുന്ന ചിത്രങ്ങളുടെ വസ്തുതയെന്ത്?
‘ഓം നമഃ ശിവായ’ എന്ന് ആലേഖനം ചെയ്ത കാവിയും വെള്ളയും നിറമുള്ള ഷാളും ചന്ദനക്കുറിയുമണിഞ്ഞ രാഹുല്‍ഗാന്ധിയുടെ ചിത്രമാണ് പ്രചരിക്കുന്നത്. ഭാരത് ജോഡോ യാത്ര കര്‍ണാടകയിലെത്തിയതോടെ രാഹുല്‍ഗാന്ധി വേഷം മാറിയെന്നാണ് അവകാശവാദം.
By - HABEEB RAHMAN YP | Published on 1 Oct 2022 2:24 PM GMTഭാരത് ജോഡോ യാത്ര കേരളം വിട്ടതോടെ രാഹുല്‍ ഗാന്ധി വേഷം മാറിയെന്ന അവകാശവാദവുമായി ചിത്രസഹിതം സമൂഹമാധ്യമങ്ങളില്‍ വ്യാജ പ്രചരണം. 'വേഷങ്ങള്‍ ജന്മങ്ങള്‍, വേഷം മാറാന്‍ നിമിഷങ്ങള്‍, കര്‍ണാടക' എന്ന അടിക്കുറിപ്പോടെ ഇടത് സൈബര്‍ അക്കൗണ്ടുകളില്‍നിന്നാണ് പ്രചരണം. ഓം നമഃ ശിവായ' എന്ന് ആലേഖനം ചെയ്ത കാവിയും വെള്ളയും നിറമുള്ള ഷാളും ചന്ദനക്കുറിയുമണിഞ്ഞ രാഹുല്‍ഗാന്ധിയെ ചിത്രത്തില്‍ കാണാം. ഒന്നര ലക്ഷത്തിലധികം പേര്‍ പിന്തുടരുന്ന Pinarayi Vijayan for Kerala എന്ന ഫെയ്സ്ബുക്ക് പേജില്‍നിന്ന് പങ്കുവെച്ച ചിത്രം ഇതിനകം മുന്നൂറിലധികം പേര്‍ പങ്കുവെച്ചിട്ടുണ്ട്.
ജോസഫ് അലക്സ് എന്ന അക്കൗണ്ടില്‍നിന്നും പോരാളി ഷാജി ഒഫീഷ്യല്‍ എന്ന ഫെയ്സ്ബുക്ക് പേജിലും ഇതേ ചിത്രം പങ്കുവെച്ചതായി കാണാം.
Fact-check:
ചിത്രം മറ്റേതെങ്കിലും സാഹചര്യത്തില്‍ എടുത്തതാകാമെന്നതിന്‍റെ സൂചനകള്‍ പ്രഥമദൃഷ്ട്യാ ലഭിച്ചു. കേരളത്തിലുടനീളം ഭാരത് ജോഡോ യാത്രയില്‍ മാസ്ക് ധരിക്കാതിരുന്ന രാഹുല്‍ ഗാന്ധിയുടെ മാസ്ക് ധരിച്ച ചിത്രം പഴയതാകാമെന്നതിന്‍റെ ആദ്യ സൂചനയായി.
വസ്തുതാ പരിശോധനയുടെ ആദ്യഘട്ടത്തില്‍ ചിത്രം റിവേഴ്സ് ഇമേജ് സെര്‍ച്ചിലൂടെ പരിശോധിച്ചു. ഉത്തര്‍ പ്രദേശ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് 2022 മാര്‍ച്ചില്‍ പ്രചരണത്തിനെത്തിയ രാഹുല്‍ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും കാശി വിശ്വനാഥ ക്ഷേത്രം സന്ദര്‍ശിച്ച വാര്‍ത്ത വിവിധ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതായി കണ്ടെത്തി. NDTV മാര്‍ച്ച് നാലിന് റിപ്പോര്‍ട്ട് ചെയ്ത വാര്‍ത്തയില്‍ ഇതേ ഫോട്ടോ നല്‍കിയിട്ടുണ്ട്.
തെരഞ്ഞെടുപ്പ് പ്രചരണത്തിന്‍റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദിയും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധിയും ഉത്തര്‍പ്രദേശ് സന്ദര്‍ശിച്ച വാര്‍ത്തയും അവരുടെ പ്രസ്താവനകളും റിപ്പോര്‍ട്ടില്‍ കാണാം. ചിത്രം ഉത്തര്‍പ്രദേശ് കോണ്‍ഗ്രസിന്‍റെ ട്വിറ്ററില്‍ പങ്കുവെച്ചതാണെന്നും NDTV അടിക്കുറിപ്പായി ചേര്‍ത്തിട്ടുണ്ട്.
ഇന്ത്യന്‍ എക്സ്പ്രസിന്‍റെ വെബ്സൈറ്റില്‍നിന്നും ഇതേ ദിവസം പ്രധാനമന്ത്രിയുടെയും രാഹുല്‍ഗാന്ധിയുടെയും തെരഞ്ഞെടുപ്പ് പ്രചരണത്തെക്കുറിച്ച് വാര്‍ത്ത ലഭിച്ചു. ഇതേ ചിത്രത്തിന് വിശദമായ അടിക്കുറിപ്പ് നല്‍കിയതും കാണാം.
കൂടാതെ വിവിധ കോണ്‍ഗ്രസ് ട്വിറ്റര്‍ ഹാന്‍ഡിലുകളില്‍നിന്നും ഇതേ ചിത്രം 2022 മാര്‍ച്ച് നാലിന് പങ്കുവെച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് പ്രചരണവുമായി ബന്ധപ്പെട്ട് ഉത്തര്‍പ്രദേശിലെത്തിയ രാഹുല്‍ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും കാശി വിശ്വനാഥ ക്ഷേത്രം സന്ദര്‍ശിച്ചതായാണ് അടിക്കുറിപ്പുകള്‍.
ഇതോടെ ചിത്രത്തിന് ഭാരത് ജോഡോ യാത്രയുമായി ബന്ധമില്ലെന്ന് വ്യക്തമായി.
വസ്തുതാ പരിശോധയുടെ രണ്ടാം ഘട്ടത്തില്‍ കേരളം വിട്ട് കര്‍ണാടകയിലെത്തിയ ഭാരത് ജോഡോ യാത്രയുടെ ദൃശ്യങ്ങള്‍ ന്യൂസ്മീറ്റര്‍ പരിശോധിച്ചു. കര്‍ണാടക കോണ്‍ഗ്രസ് ഒക്ടോബര്‍ ഒന്നിന് ട്വിറ്ററില്‍ പങ്കുവെച്ച തത്സമയ ദൃശ്യങ്ങളില്‍ ഭാരത് ജോഡോ യാത്ര കര്‍ണാടകയിലെ കലാലെ ഗേറ്റിലൂടെ കടന്നുപോകുന്നതായി പരാമര്‍ശിച്ചിട്ടുണ്ട്. ഇതില്‍ ടീഷര്‍ട്ടും പാന്‍റ്സും ധരിച്ച രാഹുല്‍ ഗാന്ധിയെ കാണാം. ഇതേ അക്കൗണ്ടില്‍നിന്ന് പങ്കുവെച്ച മറ്റു ദൃശ്യങ്ങളിലും രാഹുല്‍ ഗാന്ധിയുടെ വേഷം വ്യക്തമാണ്.
കീവേഡ് സെര്‍ച്ചില്‍ ഭാരത് ജോഡോ യാത്ര കര്‍ണാടകയില്‍ പ്രവേശിച്ചതിന് ശേഷമുള്ള വേറെയും ചിത്രങ്ങള്‍ ലഭിച്ചു. ഇവയിലും രാഹുല്‍ ഗാന്ധി ധരിച്ചിരിക്കുന്നത് പാന്‍റ്സും ടീഷര്‍ട്ടുമാണെന്ന് വ്യക്തം.
ഇതോടെ പ്രചരിക്കുന്ന അവകാശവാദം തെറ്റാണെന്ന് വ്യക്തമായി.
Conclusion:
ഭാരത് ജോഡോ യാത്ര കേരളം വിട്ട് കര്‍ണാടകയില്‍ പ്രവേശിച്ചതോടെ രാഹുല്‍ ഗാന്ധി വേഷം മാറിയെന്ന അവകാശവാദത്തോടെ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്ന ചിത്രം പഴയതാണ്. ഓം നമഃ ശിവായ എന്ന് ആലേഖനം ചെയ്ത ഷാളും ചന്ദനക്കുറിയും അണിഞ്ഞ് രാഹുല്‍ഗാന്ധി നടന്നുവരുന്ന ചിത്രം 2022 മാര്‍ച്ച് 4ന് ഉത്തര്‍പ്രദേശില്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിനെത്തിയ അദ്ദേഹം പ്രിയങ്ക ഗാന്ധിയ്ക്കൊപ്പം കാശി വിശ്വനാഥ ക്ഷേത്രം സന്ദര്‍ശിച്ച സമയത്തെ ചിത്രമാണ്.