മേല്‍പ്പാലത്തില്‍നിന്ന് താഴേക്ക് വെള്ളം തെറിപ്പിക്കുന്നത് കൊച്ചി മെട്രോയോ? ദൃശ്യങ്ങള്‍ എവിടെനിന്നെന്നറിയാം
കൊച്ചി എംജി റോഡില്‍നിന്നുള്ള കാഴ്ചയെന്ന അടിക്കുറിപ്പോടെ പ്രചരിക്കുന്ന ദൃശ്യങ്ങള്‍ സൂക്ഷ്മമായി പരിശോധിച്ചാല്‍ ഓവര്‍ബ്രിഡ്ജിലൂടെ കടന്നുപോകുന്നത് ഒരു ബസ്സാണെന്ന് വ്യക്തമാകും.
By - HABEEB RAHMAN YP | Published on 11 Oct 2022 12:49 AM ISTപാലത്തിലൂടെ കുതിച്ചുപായുന്ന ട്രെയിന്‍ താഴെ ഗതാഗതക്കുരുക്കില്‍ ഇഴഞ്ഞുനീങ്ങുന്ന വാഹനങ്ങളിലേക്ക് വെള്ളം തെറിപ്പിച്ചാലോ? ഇത്തരം അവകാശവാദത്തോടെ ഒരു വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. "ഫ്ലൈറ്റിൽ നിന്ന് താഴേക്ക് പതിച്ച കണ്ണീർ തടാകത്തിലൂടെ കൊച്ചി മെട്രോ കുതിച്ചു പായുന്നു; എം ജി റോഡിൽ നിന്നുള്ള കാഴ്ച" എന്ന അടിക്കുറിപ്പോടെ പ്രചരിക്കുന്ന ദൃശ്യങ്ങളില്‍ പശ്ചാത്തലസംഗീതവും അവസാനം എഡിറ്റ് ചെയ്ത ദൃശ്യങ്ങളും ചേര്‍ത്തിട്ടുണ്ട്. Shaheer Shaheers എന്ന ഫെയ്സ്ബുക്ക് അക്കൗണ്ടില്‍നിന്ന് പങ്കുവെച്ച വീഡിയോ നിരവധിപേര്‍ പങ്കുവെച്ചിട്ടുമുണ്ട്.
Fact-check:
വസ്തുതാ പരിശോധനയുടെ ആദ്യഘട്ടത്തില്‍ മേല്‍പ്പാലത്തിലൂടെ ഓടുന്നത് ട്രെയിനല്ലെന്നും ബസ്സാണെന്നും സ്ഥിരീകരിക്കാനായി. വീഡിയോ സൂക്ഷമമായി നിരീക്ഷിച്ചാല്‍തന്നെ ഇത് വ്യക്തമാകും. കീഫ്രെയിമുകള്‍ വേര്‍തിരിച്ച് സൂം ചെയ്തതോടെ ഇത് സ്ഥിരീകരിക്കാനായി. ഇതിനെ സാധൂകരിക്കുന്ന കമന്‍റുകളും പോസ്റ്റിനുതാഴെ പലരും പങ്കുവെച്ചതായി കണ്ടു.
ദൃശ്യങ്ങള്‍ക്ക് വ്യക്തത കുറവായതിനാലും ഇത് കൊച്ചി മെട്രോയുടെ സിംഗിള്‍ കോച്ച് ആണെന്ന മറുവാദം ഉയര്‍ന്നേക്കാമെന്ന സാഹചര്യത്തിലും കൂടുതല്‍ സ്ഥിരീകരണം തേടി. രണ്ടാമതായി പരിശോധിച്ചത് കോച്ചിന്‍റെ നിറമായിരുന്നു. കൊച്ചി മെട്രോയ്ക്ക് ഏകീകൃത നിറമുണ്ടെന്നും ഇത് പച്ച കലര്‍ന്ന നീല (Aquamarine) നിറമാണെന്നും വിവിധ മാധ്യമവാര്‍ത്തകളില്‍നിന്ന് വ്യക്തമായി. കൊച്ചി മെട്രോയുടെ ചിത്രങ്ങളും ഇത് സാധൂകരിക്കുന്നു.
ഇതോടെ മേല്‍പ്പാലത്തിലൂടെ ഓടുന്നത് കൊച്ചി മെട്രോ ട്രെയിനോ സിംഗിള്‍ കോച്ചോ അല്ലെന്ന് വ്യക്തമായി.
വസ്തുതാ പരിശോധനയുടെ രണ്ടാംഘട്ടത്തില്‍ പോസ്റ്റില്‍ സൂചിപ്പിച്ച എംജി റോഡില്‍നിന്നുള്ള ദൃശ്യം എന്ന ഭാഗത്തില്‍ വ്യക്തത വരുത്താന്‍ ശ്രമിച്ചു. ദൃശ്യങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിച്ചു. വീഡിയോയുടെ ദൈര്‍ഘ്യം കേവലം ഏഴ് സെക്കന്‍റ് മാത്രമാണ്. തുടര്‍ന്നുള്ള ഭാഗങ്ങള്‍ ചിത്രങ്ങളും മറ്റ് ദൃശ്യങ്ങളും ചേര്‍ത്ത് ആക്ഷേപഹാസ്യ രൂപേണ തയ്യാറാക്കിയതാണ്.
കൊച്ചി എംജി റോഡിന്‍റെ നിലവിലെ ദൃശ്യങ്ങള്‍ ശേഖരിച്ച് പ്രചരിക്കുന്ന ദൃശ്യങ്ങളുമായി താരതമ്യം ചെയ്തു. രണ്ടും വ്യത്യസ്ത സ്ഥലങ്ങളാണെന്നതിന്‍റെ സൂചനകള്‍ ലഭിച്ചു.
മേല്‍പ്പാലത്തിന്‍റെ കൈവരികള്‍ ഉള്‍പ്പെടെ പ്രകടമായ വ്യത്യാസങ്ങള്‍ ചിത്രങ്ങള്‍ താരതമ്യം ചെയ്താല്‍ വ്യക്തമാകും. ഇതോടെ ദൃശ്യങ്ങള്‍ കൊച്ചിയിലേതല്ലെന്നും വ്യക്തമായി.
ദൃശ്യങ്ങളുടെ യഥാര്‍ഥ സ്ഥലം കണ്ടെത്താന്‍ ശ്രമങ്ങള്‍ തുടര്‍ന്നു. വീഡിയോ ചില സോഫ്റ്റ്വെയറുകളുടെ സഹായത്തോടെ സൂക്ഷമമായി നിരീക്ഷിച്ചു. ഓടുന്ന ബസ്സിനെക്കുറിച്ച് കൂടുതല്‍ വ്യക്തത ലഭിച്ചു.
ഒന്നിലധികം കമ്പാര്‍ട്ടുമെന്‍റുകളുള്ള വെസ്റ്റിബ്യൂള്‍ ബസ്സാണ് ദൃശ്യങ്ങളിലേതെന്ന് മനസ്സിലായി. വെസ്റ്റിബ്യൂള്‍ ബസ്സുകള്‍ കേരളത്തില്‍ വ്യാപകമായി നിരത്തിലില്ല. നേരത്തെ തിരുവനന്തപുരത്ത് KSRTC യുടെ ഒരു ബസ്സ് മാത്രമാണ് ഉണ്ടായിരുന്നത്. പിന്നീട് ഈയിടെയാണ് കൊച്ചിയില്‍ വെസ്റ്റിബ്യൂള്‍ ബസ് സര്‍വീസ് ആരംഭിച്ചത്. എന്നാല്‍ ഇതിന്‍റെ നിറം നീലയും വെള്ളയുമാണ്.
തുടര്‍ന്ന് ദൃശ്യങ്ങളിലെ ബസ്സ് സൂക്ഷമമായി നിരീക്ഷിച്ചതോടെ ബസ്സിനു മുന്നില്‍ VEDA എന്ന ലേബല്‍ കണ്ടെത്തി. ഇത് അടിസ്ഥാനമാക്കി അന്വേഷിച്ചതോടെ വേദ ട്രാന്‍സിറ്റ് സൊലൂഷന്‍സിന്‍റെ സമാനമായ ബസ്സുകളുടെ ചിത്രങ്ങള്‍ ലഭിച്ചു.
ഇത് പാക്കിസ്ഥാനിലെ ലാഹോര്‍ ആസ്ഥാനമായ കമ്പനിയാണെന്നും പാക്കിസ്ഥാനിലെ പ്രധാന നഗരങ്ങളില്‍ സര്‍വീസ് നടത്തുന്നുണ്ടെന്നും സൂചന ലഭിച്ചു. ഇതോടെ ദൃശ്യങ്ങള്‍ക്ക് കൊച്ചി മെട്രോയുമായോ കൊച്ചി നഗരവുമായോ യാതൊരു ബന്ധവുമില്ലെന്ന് വ്യക്തമായി.
കൊച്ചി മെട്രോ മേല്‍പ്പാലത്തില്‍നിന്ന് താഴേക്ക് വെള്ളം തെറിപ്പിക്കുന്നതെന്ന അടിക്കുറിപ്പോടെ പ്രചരിക്കുന്ന ദൃശ്യങ്ങള്‍ക്ക് കൊച്ചി മെട്രോയുമായി യാതൊരു ബന്ധവുമില്ലെന്ന് ന്യൂസ്മീറ്റര്‍ അന്വേഷണത്തില്‍ വ്യക്തമായി. ദൃശ്യങ്ങളിലുള്ളത് വെസ്റ്റിബ്യൂള്‍ ബസ്സാണ്. എംജി റോഡില്‍നിന്നുള്ള ദൃശ്യങ്ങള്‍ എന്ന അടിക്കുറിപ്പോടെ പങ്കുവെക്കുന്ന ദൃശ്യങ്ങള്‍ കൊച്ചിയില്‍നിന്നുള്ളതല്ല. ദൃശ്യങ്ങളിലെ ബസ് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ ഇത് പാക്കിസ്ഥാനില്‍നിന്നുള്ള ദൃശ്യങ്ങളാകാമെന്ന സൂചനയാണ് ലഭിച്ചത്.