കാറുകള്‍ക്ക് ശേഷം സൗജന്യ ടിവിയും ഫ്രിഡ്ജും വാഷിങ് മെഷീനും; പങ്കുവെച്ച് ആയിരക്കണക്കിന് മലയാളികള്‍

സാംസങ്, എല്‍ജി തുടങ്ങിയ പ്രമുഖ ബ്രാന്‍ഡുകളുടെ ഗൃഹോപകരണങ്ങള്‍ സൗജന്യമായി നേടാമെന്ന വാഗ്ദാനത്തോടെ പ്രചരിക്കുന്ന സന്ദേശങ്ങള്‍ ആയിരക്കണക്കിന് പേരാണ് സമൂഹമാധ്യമങ്ങളില്‍ പങ്കിടുന്നത്.

By -  HABEEB RAHMAN YP |  Published on  18 April 2023 4:38 PM GMT
കാറുകള്‍ക്ക് ശേഷം സൗജന്യ ടിവിയും ഫ്രിഡ്ജും വാഷിങ് മെഷീനും; പങ്കുവെച്ച് ആയിരക്കണക്കിന് മലയാളികള്‍

സ്കോഡ, കിയ, ഹ്യുണ്ടായ്, ടൊയോട്ട, ബെന്‍സ് തുടങ്ങി പ്രമുഖ ബ്രാന്‍ഡുകളുടെ കാറുകള്‍ സൗജന്യമായി നല്‍കുന്നുവെന്ന അവകാശവാദത്തോടെ കഴിഞ്ഞ ജനുവരി മുതല്‍ നിരന്തരമായി സന്ദേശങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഒന്നിലേറെ തവണ ന്യൂസ്മീറ്റര്‍ വിശദമായ വസ്തുതാ പരിശോധന നടത്തുകയും പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു. പിന്നീട് പുതിയ പേജുകളില്‍ പുതിയ ബ്രാന്‍ഡ് നെയിം സഹിതം വീണ്ടും ഈ തട്ടിപ്പുകള്‍ തുടരുന്നതാണ് കണ്ടത്. ആയിരക്കണക്കിന് പേരാണ് ഇതെല്ലാം സത്യമെന്ന് തെറ്റിദ്ധരിച്ച് പോസ്റ്റുകള്‍ക്ക് കമന്‍റുകള്‍ രേഖപ്പെടുത്തുകയും സന്ദേശങ്ങള്‍ പങ്കിടുകയും ചെയ്തത്.

എന്നാല്‍ ഇപ്പോള്‍ കൂടുതല്‍ സാധാരണക്കാരെ ലക്ഷ്യമിടുന്ന തരത്തില്‍ ഗൃഹോപകരണ കമ്പനികളെ കേന്ദ്രീകരിച്ചാണ് പുതിയ തട്ടിപ്പ്. എല്‍ജി, സാംസങ് തുടങ്ങിയ ബ്രാന്‍ഡുകളുടെ ചെറിയ കേടുപാടുകള്‍ മാത്രമുള്ള ഗൃഹോപകരണങ്ങള്‍ സൗജന്യമായി നല്‍കുന്നുവെന്നാണ് അവകാശവാദം.


Samsung Fans എന്ന ഫെയ്സ്ബുക്ക് പേജില്‍ നിന്ന് 2023 ഏപ്രില്‍ 16ന് പങ്കുവെച്ച സന്ദേശത്തില്‍ സൗജന്യമായി ടെലിവിഷന്‍ നല്‍കുന്നുവെന്നാണ് അവകാശവാദം. സന്ദേശത്തിന് താഴെ കമന്‍റ് ചെയ്യാനും നല്‍കിയിരിക്കുന്ന ലിങ്കില്‍ വിവരങ്ങള്‍ നല്‍കാനും ആവശ്യപ്പെട്ടതായി കാണാം. ഇത് ശരിയാണെന്ന് ധരിച്ച് നിരവധി നാലായിരത്തോളം പേരാണ് ഇത്തരത്തില്‍ കമന്‍റുകള്‍ രേഖപ്പെടുത്തിയിരിക്കുന്നത്. രണ്ടായിരത്തോളം പേര്‍ ഈ സന്ദേശം പങ്കുവെച്ചതായും കാണാം.




Fact-check:

ഇന്‍റര്‍നെറ്റ് ഉപയോക്താക്കളുടെ അറിവില്ലായ്മ മുതലെടുത്ത് ചൂഷണം ചെയ്യുകയും വ്യക്തിഗത വിവരങ്ങള്‍ ശേഖരിക്കുകയും സാമ്പത്തിക തട്ടിപ്പ് ഉള്‍പ്പെടെ നടത്തുകയും ചെയ്യുന്ന സംഘങ്ങള്‍ വ്യാപകമാണ്. ഇതിനെതിരെ നിരവധി തവണ സൈബര്‍ വിദഗ്ധരും പൊലീസും മുന്നറിയിപ്പ് നല്‍കിയതുമാണ്.

വസ്തുതാ പരിശോധനയുടെ ആദ്യഘട്ടത്തില്‍ നല്‍കിയിരിക്കുന്ന സന്ദേശത്തിന്‍റെ ഉള്ളടക്കം, ഘടനാപരമായ തെറ്റുകള്‍ തുടങ്ങിയവ തന്നെ സന്ദേശം വ്യാജമാണെന്നതിന്‍റെ വ്യക്തമായ സൂചനകള്‍ നല്‍കി. തുടര്‍ന്ന് സന്ദേശം പ്രചരിക്കുന്ന പേജിന്‍റെ വിശദാംശങ്ങള്‍ പരിശോധിച്ചു.


Samsung Fans എന്ന ഈ പേജ് വെരിഫൈഡ് അല്ലെന്ന് മാത്രമല്ല, 2023 ഏപ്രില്‍ 3ന് Mercedes Benz Kerala എന്ന പേരില്‍ ആരംഭിച്ച പേജ് 2023 ഏപ്രില്‍ 16ന് Samsung Fans എന്ന് പേര് മാറ്റി പുതിയ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുകയായിരുന്നുവെന്നും വ്യക്തമായി. ഇതില്‍നിന്നുതന്നെ പേജും സന്ദേശവും വ്യാജമാണെന്ന് ഉറപ്പിക്കാം.

സന്ദേശത്തിനൊപ്പം നല്കിയിരിക്കുന്ന ലിങ്ക് സുരക്ഷാ മുന്‍കരുതലുകള്‍ എടുത്ത ശേഷം ഞങ്ങള്‍ പരിശോധിച്ചു. ഇത് മുന്‍പ് വാഹനകമ്പനികളുടെ പേരില്‍ നിര്‍മിച്ചതിന് സമാനമായ ബ്ലോഗ് ആണെന്നും വ്യക്തമായി. ബ്ലോഗ് URL ല്‍ പോലുമുള്ള വലിയ അക്ഷരത്തെറ്റുകള്‍ ഒറ്റനോട്ടത്തില്‍ ഇവയെ തിരിച്ചറിയാന്‍ സഹായിക്കുന്നു.


ഉപയോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്ന വിധത്തിലുള്ള സന്ദേശമാണ് ബ്ലോഗില്‍ നല്‍കിയിരിക്കുന്നത്. ഡിജിറ്റല്‍ സാക്ഷരതയില്ലാത്ത സാധാരണക്കാര്‍ ഇത് സത്യമെന്ന് ധരിച്ച് വ്യക്തിഗത വിവരങ്ങള്‍ ഉള്‍പ്പെടെ പങ്കുവെയ്ക്കാനും സാധ്യതയേറെയാണ്.




നല്‍‌കിയിരിക്കുന്ന രജിസ്ട്രേഷന്‍ ലിങ്ക് ഒരു സ്പാം ലിങ്കാണ്. ഇതില്‍ ക്ലിക്ക് ചെയ്യുന്നതോടെ മറ്റൊരു വെബ്സൈറ്റിലേക്കാണ് പോവുക. Research On Mobile (ROM) എന്ന ഈ വെബ്സൈറ്റ് വിവിധ തലങ്ങളിലെ ഓണ്‍ലൈന്‍ വിവരശേഖരണത്തിനായി ഉപയോഗിക്കുന്ന സംവിധാനമാണെന്ന് പ്രാഥമിക പരിശോധനയില്‍ മനസ്സിലാക്കാനായി.




ഏതാനും ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുകയും സര്‍വേയില്‍ പങ്കെടുക്കുകയും ചെയ്താല്‍ സമ്മാനം നേടാമെന്ന സന്ദേശത്തോടെ ഒരു വിന്‍ഡോ കാണാം. തുടരുന്നതോടെ അവരുടെ Terms & Conditions, Privacy Policy എന്നിവ നാം അംഗീകരിക്കുന്നതായി കണക്കാക്കുമെന്ന് പ്രത്യേകം പരാമര്‍ശിച്ചിട്ടുണ്ട്.

ഞങ്ങള്‍ ഈ Terms & Conditions, Privacy Policy എന്നിവ വിശദമായി പരിശോധിച്ചു.


ഉപയോഗിക്കുന്ന ഡിവൈസിലെ വിവിധ വിവരങ്ങള്‍ ശേഖരിക്കപ്പെടുമെന്നും ഇത്തരിത്തിലുള്ള വിവരങ്ങള്‍ ഗവേഷണാവശ്യങ്ങള്‍ക്കായി ഉപയോഗിക്കപ്പെടുമെന്നും ഇതില്‍ വ്യക്തമാക്കുന്നു. തുടരുന്നത് സുരക്ഷിതമല്ലാത്തതിനാലും ഇതൊരു സ്പാം ആണെന്ന് ബോധ്യപ്പെട്ടതിനാലും വസ്തുതാ പരിശോധന ഇവിടെ അവസാനിപ്പിക്കുന്നു.

ഇത്തരത്തില്‍ പ്രചരിക്കുന്ന ലിങ്കുകളില്‍ പ്രതികരിക്കുന്നതിന്‍റെ അപകടങ്ങളെക്കുറിച്ച് കേരള പൊലീസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.


നിങ്ങള്‍ക്ക് ചെയ്യാനാവുന്നത്:

ഇത്തരം പേജുകളിലൂടെ സന്ദേശങ്ങള്‍ വ്യാപിക്കുന്നത് തടയാന്‍ ഫെയ്സ്ബുക്ക് ഉപയോക്താക്കള്‍ക്കും ചിലത് ചെയ്യാനുണ്ട്. Spam ഉള്‍പ്പെടെ ഫെയ്സ്ബുക്കിന്‍റെ മാര്‍ഗരേഖ ലംഘിക്കുന്ന പേജുകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ ഓരോ ഉപയോക്താവിനുമാകും. ഇതിനായി പേജിന്‍റെ Transparency ഓപ്ഷന്‍ ഓപ്പണ്‍ ചെയ്ത ശേഷം Find support or Report Page എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യാം. ഇതിന് ശേഷം വരുന്ന വിന്‍ഡോയില്‍ കാരണം തെരഞ്ഞെടുത്ത് റിപ്പോര്‍ട്ട് ചെയ്യുന്നതോടെ പ്രക്രിയ പൂര്‍ത്തിയാവും. ഇത്തരത്തില്‍ കൂടുതല്‍ പേര്‍ ചെയ്യുന്നതോടെ ഫെയ്സ്ബുക്ക് ഇത്തരം പേജുകളെ റദ്ദാക്കും.


Conclusion:

ഗൃഹോപകരണങ്ങള്‍ സൗജന്യമായി നല്‍കുന്നുവെന്ന അവകാശവാദത്തോടെ വിവിധ കമ്പനികളുടെ പേരില്‍ പ്രചരിക്കുന്ന സന്ദേശങ്ങള്‍ വ്യാജമാണെന്ന് ന്യൂസ്മീറ്റര്‍ അന്വേഷണത്തില്‍ വ്യക്തമായി. ഇവ വ്യക്തിഗത വിവരങ്ങള്‍ ശേഖരിക്കുന്നതിനും അതുവഴി സാമ്പത്തിക തട്ടിപ്പുകള്‍ക്കും ലക്ഷ്യമിട്ടുള്ളതാണ്.

Claim Review:Samsung gives free home appliances through lucky draw
Claimed By:Social Media Users
Claim Reviewed By:NewsMeter
Claim Source:Facebook
Claim Fact Check:False
Next Story