നവകേരളസദസ്സിനെതിരെ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ വിവിധയിടങ്ങളില്‍ പ്രതിഷേധം വ്യാപകമാണ്. ആലപ്പുഴയില്‍ ഇത്തരത്തില്‍ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥരിലൊരാള്‍ ആക്രമിച്ചത് വലിയ വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് ഈ ചിത്രത്തിനൊപ്പം മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥരിലൊരാള്‍ വാഹനവ്യൂഹത്തില്‍നിന്ന് റോഡില്‍ വീണുകിടക്കുന്ന ചിത്രം ചേര്‍ത്ത് സമൂഹമാധ്യമങ്ങളില്‍ പ്രചരണം.
‘ഇപ്പോൾ ദൈവം കണക്കുകൾ ഒന്നും ബാക്കി വെക്കാറില്ല സ്പോട്ടിൽ കൊടുക്കും’ എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. വിടി ബല്‍റാം ഉള്‍പ്പെടെ നിരവധി പേര്‍ ഈ ചിത്രം വിവിധ അടിക്കുറിപ്പുകളോടെ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്.
Fact-check:
വര്‍ഷങ്ങള്‍ പഴക്കമുള്ള ചിത്രമാണ് നവകേരളസദസ്സുമായി ബന്ധപ്പെടുത്തി പ്രചരിക്കുന്നതെന്ന് ന്യൂസ്മീറ്റര്‍ അന്വേഷണത്തില്‍ വ്യക്തമായി.
മുഖ്യമന്ത്രിയുടെ വാഹനവും സുരക്ഷാ വാഹനവും ഉള്‍പ്പെടെ കറുത്ത നിറത്തിലേക്ക് മാറിയതായി നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. ചിത്രത്തില്‍ കാണുന്ന രണ്ട് സുരക്ഷാ അകമ്പടി വാഹനങ്ങളും അതിന് മുന്നില്‍ കാണുന്ന വാഹനവും വെളുത്തനിറത്തിലാണെന്നത് ചിത്രം പഴയതാകാമെന്ന ആദ്യസൂചനയായി.തുടര്‍ന്ന് ഇതുമായി ബന്ധപ്പെട്ട മാധ്യമ റിപ്പോര്‍ട്ടുകള്‍ പരിശോധിച്ചു. മുഖ്യമന്ത്രിയുടെ വാഹനവും അകമ്പടി വാഹനങ്ങളും മാറ്റുന്നത് സംബന്ധിച്ച് വിവിധ മാധ്യമറിപ്പോര്‍ട്ടുകള്‍ ലഭിച്ചു. അകമ്പടി വാഹനവ്യൂഹത്തിലേക്ക് കറുപ്പ് നിറത്തിലുള്ള നാല് ഇന്നോവ ക്രിസ്റ്റ വാഹനങ്ങള്‍ എത്തുന്നു എന്ന് മാതൃഭൂമി ഓണ്‍ലൈനില്‍ 2021 ഡിസംബറില്‍ റിപ്പോര്‍ട്ട് ചെയ്തതായി കാണാം.
വാഹനങ്ങളുടെ വിശദാംശങ്ങളടങ്ങിയ വിശദമായ റിപ്പോര്‍ട്ട് ഏഷ്യാനെറ്റ് ന്യൂസിന്റെ ഓണ്‍ലൈന്‍ പോര്‍ട്ടലിലും പ്രസിദ്ധീകരിച്ചതായി കാണാം. മുന്‍ ഡിജിപി ലോക്നാഥ് ബെഹറയുടെ ശിപാര്‍ശ പ്രകാരം വാഹനവ്യൂഹത്തിലെ കാലപ്പഴക്കം ചെന്ന രണ്ട് ക്രിസ്റ്റ വാഹനങ്ങള്‍ ഒഴിവാക്കുന്നതിനെക്കുറിച്ചും റിപ്പോര്‍ട്ടില്‍ പറയുന്നു. കെഎല്‍ 01 സിഡി 4764, കെഎല്‍ 01 സിഡി 4857 എന്നീ റജിസ്ട്രേഷന്‍ നമ്പറുകളുള്ള വാഹനങ്ങള്‍ എസ്കോര്‍ട്ട്, പൈലറ്റ് ഡ്യൂട്ടികളില്‍നിന്ന് ഒഴിവാക്കുന്നത് സംബന്ധിച്ചാണ് റിപ്പോര്‍ട്ട്. പ്രചരിക്കുന്ന ചിത്രത്തിലുള്ളത് ഈ രണ്ട് വാഹനങ്ങളാണെന്നും വ്യക്തമാണ്.
പുതിയ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ 2022 ജനുവരിയിലാണ് മുഖ്യമന്ത്രിയ്ക്ക് പുതിയ ഔദ്യോഗികവാഹനം ലഭിക്കുന്നത്. ഇതുമായി ബന്ധപ്പെട്ടും മാധ്യമവാര്‍ത്തകള്‍ ലഭിച്ചു. ഇതിന് പിന്നാലെ ഏപ്രിലില്‍ വാഹനവ്യൂഹത്തിലെ മറ്റ് രണ്ട് കാറുകള്‍കൂടി എത്തിയതോടെ ഇവയുടെ ദൃശ്യങ്ങളും മാധ്യമങ്ങളില്‍ വന്നിരുന്നു.
ഈ വര്‍ഷം ഫെബ്രുവരിയില്‍ മാതൃഭൂമി ഓണ്‍ലൈനില്‍ പ്രസിദ്ധീകരിച്ച ചിത്രങ്ങളിലും മുഖ്യമന്ത്രിയുടെ സുരക്ഷാ വാഹനവ്യൂഹത്തിലെ എസ്കോര്‍ട്ട്, പൈലറ്റ് വാഹനങ്ങളും മുഖ്യമന്ത്രിയുടെ വാഹനവും കാണാം.
കൂടാതെ നവകേരളസദസ്സിനെതിരെ ആലപ്പുഴയില്‍ നടന്ന യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധത്തിനിടെ സുരക്ഷാ ഉദ്യോഗസ്ഥന്‍ പ്രതിഷേധക്കാരെ ആക്രമിക്കുന്നതുമായി ബന്ധപ്പെട്ട് മാധ്യമവാര്‍ത്തകളില്‍ നല്കിയ ദൃശ്യങ്ങളിലും കാണുന്നത് ഈ കറുത്ത വാഹനങ്ങളാണെന്ന് വ്യക്തം.
ഇതോടെ പ്രചരിക്കുന്ന ചിത്രം 2021 നും മുന്‍പുള്ളതാണെന്ന് വ്യക്തമായി. തുടര്‍ന്ന് ഇതിന്റെ വിശദാംശങ്ങള്‍ക്കായി മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥരിലൊരാളെ ഫോണില്‍ ബന്ധപ്പെട്ടു. പ്രചരിക്കുന്ന ചിത്രം ശ്രദ്ധയില്‍ പെട്ടിരുന്നുവെന്നും അതിന് അഞ്ചുവര്‍ഷത്തിലധികം പഴക്കമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
Conclusion:
മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥരിലൊരാള്‍ അകമ്പടി വാഹനവ്യൂഹത്തില്‍നിന്ന് റോഡില്‍ വീഴുന്ന ചിത്രം പഴയതാണ്. 2022 ല്‍ അകമ്പടിവാഹനങ്ങള്‍ ഉള്‍പ്പെടെ കറുപ്പ് നിറത്തിലേക്ക് മാറിയിരുന്നു. നവേകരളസദസ്സിനെതിരെ നടന്ന പ്രതിഷേധങ്ങള്‍ക്ക് മുന്‍പുള്ള ചിത്രമാണ് പുതിയതെന്ന തരത്തില്‍ പ്രചരിക്കുന്നതെന്ന് ന്യൂസ്മീറ്റര്‍ അന്വേഷണത്തില്‍ വ്യക്തമായി.