വയനാട്ടിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ സജീവമായി പുരോഗമിക്കുകയാണ്. സംസ്ഥാനത്തിന് അകത്തുനിന്നും പുറത്തുനിന്നും ധാരാളം പേര്‍ സഹായമെത്തിക്കുന്നുണ്ട്. വിവിധ രാഷ്ട്രീയ - സന്നദ്ധ സംഘടനകളും രംഗത്തുണ്ട്. ഇതിനിടെയാണ് ബിജെപിയുടെ സന്നദ്ധസംഘടനയായ സേവാഭാരതി വയനാട്ടിലേക്കുള്ള ദുരിതാശ്വാസ സാമഗ്രികള്‍ക്കൊപ്പം മരം കടത്തിയെന്ന ആരോപണം സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ഇതുസംബന്ധിച്ച ഒരു പത്രവാര്‍ത്ത സഹിതമാണ് പ്രചാരണം.
Fact-check:
പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും പത്രവാര്‍ത്ത പഴയതാണെന്നും ന്യൂസ്മീറ്റര്‍ അന്വേഷണത്തില്‍ വ്യക്തമായി.
പത്രവാര്‍ത്തയില്‍ ഉപയോഗിച്ച ഫോണ്ടില്‍നിന്ന് ഇത് ദേശാഭിമാനി പത്രമാണെന്ന സൂചന ലഭിച്ചു. ഗുജറാത്തില്‍നിന്ന് വന്ന വാഹനമാണെന്നും കാസര്‍കോട് നീലേശ്വരത്താണ് വാഹനം പിടികൂടിയതെന്നും പത്രവാര്‍ത്തയില്‍ കാണാം. വയനാട് മുണ്ടക്കൈ ദുരന്തത്തില്‍ കേരളത്തിന് പുറത്തുനിന്ന് അവശ്യസാമഗ്രികള്‍ എത്തിക്കേണ്ട സാഹചര്യം ഇല്ലെന്നുതന്നെ പറയാം. മാത്രവുമല്ല, വാര്‍ത്തയുടെ രണ്ടാമത്തെ വാചകത്തില്‍ ‘കേരളത്തിലെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക്’ എന്ന പ്രയോഗവും വാര്‍ത്ത പഴയതാകാമെന്നതിന്റെ സൂചനയായി. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ 2018 ഓഗസ്റ്റ് 31ന് ഒരു എക്സ് അക്കൗണ്ടില്‍നിന്ന് ഇതേ ചിത്രം പങ്കുവെച്ചതായി കണ്ടെത്തി. വെള്ളപ്പൊക്ക ദുരിതാശ്വാസ സാമഗ്രികളുടെ കൂടെ സേവാഭാരതി തേക്ക് മരങ്ങള്‍ കടത്തിയെന്നും ഇവ പൊലീസ് പിടികൂടിയെന്നും വിവരണവും നല്‍കിയിട്ടുണ്ട്.
ഗുജറാത്തില്‍ നിന്നും ദുരിതാശ്വാസ സംഭരണ കേന്ദ്രത്തിലെത്തിക്കുവാന്‍ കൊണ്ട് വന്ന അരി, വസ്ത്രങ്ങള്‍, എന്നിവ കയറ്റിയ ലോറിയിലാണ് തേക്ക് മരകട്ടില, വാതിലുകള്‍ എന്നിവ ഉള്‍പ്പെടെയുള്ള മര ഉരുപ്പടികള്‍ കടത്തിയlതെന്ന് കൈരളി റിപ്പോര്‍ട്ട് ചെയ്യുന്നു. സംഘപരിവാര്‍ നേതൃത്വത്തിലുള്ള മാവുങ്കാലിലെ സംഭരണ കേന്ദ്രത്തിലിറക്കാനാണ് ഉരുപ്പടികള്‍ കടത്തിയതെന്നും നീലേശ്വരം ഓര്‍ച്ചയിലെ ഫര്‍ണ്ണിച്ചര്‍ കടയില്‍ മര ഉരുപ്പടികള്‍ ഇറക്കുന്നത് കണ്ട നാട്ടുകാരാണ് മരം കടത്ത് പൊലീസിന്റെ ശ്രദ്ധയില്‍പ്പെടുത്തിയെതെന്നും വാര്‍ത്തയിലുണ്ട്. നീലേശ്വരം സിഐ ഉണ്ണികൃഷ്‌ണന്റെ നേതൃത്വത്തിലെത്തിയ പൊലീസ് സംഘം ലോറി കസ്റ്റഡിയിലെടുത്ത് ഹോസ്ദൂര്‍ഗ് തഹസില്‍ദാര്‍ക്ക് കൈമാറിയെന്നും വാര്‍ത്തയില്‍ പറയുന്നു.
പത്രവാര്‍ത്തയിലും കൈരളി ഓണ്‍ലൈന്‍ വാര്‍ത്തയിലും നല്‍കിയിരിക്കുന്നത് ഒരേ വാഹനത്തിന്റെ ചിത്രമാണെന്ന് കാണാം. സമൂഹമാധ്യമങ്ങളിലും പലരും ഈ ചിത്രമടക്കം സംഭവം 2018 ഓഗസ്റ്റ് 29-30 തിയതികളില്‍ പങ്കുവെച്ചതായി കാണാം. ഇതോടെ സംഭവം നടന്നത് 2018-ലാണെന്ന് വ്യക്തമായി.
Conclusion:
വയനാട്ടിലെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് അവശ്യസാധനങ്ങളെത്തിക്കുന്നതിനിടെ സേവാഭാരതി വാഹനത്തില്‍ മരംകടത്തിയെന്ന പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണ്. പ്രചരിക്കുന്ന പത്രവാര്‍ത്ത 2018-ലേതാണെന്നും പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കിടെയായിരുന്നു ഈ സംഭവമെന്നും ന്യൂസ്മീറ്റര്‍ അന്വേഷണത്തില്‍ വ്യക്തമായി.